TopTop
Begin typing your search above and press return to search.

ജലീല്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്തുപറയണമെന്നാണ് മാധ്യമങ്ങള്‍ പ്രതീക്ഷിച്ചത്?

ജലീല്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്തുപറയണമെന്നാണ് മാധ്യമങ്ങള്‍ പ്രതീക്ഷിച്ചത്?


യു എ ഇ കോൺസുലേറ്റ് വഴി കേരളത്തിലെത്തിച്ച ഖുർആന്റെ മറവിലും സ്വർണക്കടത്തു നടന്നുവെന്നും ആയതിനാൽ കോൺസുലേറ്റിൽ നിന്നും ഖുർആൻ ഏറ്റുവാങ്ങിയ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭം ഇനിയും അവസാനിച്ചിട്ടില്ല. പത്തു ദിവസത്തിലേറെ പിന്നിട്ട പ്രക്ഷോഭം തുടരുകയാണെന്നു മാത്രമല്ല, കൂടുതൽ പ്രക്ഷുബ്ദമാക്കാനുള്ള മാർഗങ്ങൾ ആരായുന്നുമുണ്ട് യു ഡി എഫും ബി ജെ പി യും. കോവിഡ്-19 അതിന്റെ മാരക ശേഷി കൂടുതൽ പ്രകടമാക്കികൊണ്ടിരുക്കുന്ന വേളയിൽ തന്നെയാണ് പ്രോട്ടോക്കോളും തെരുവ് സമരങ്ങളും പ്രക്ഷോഭങ്ങളും വിലക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവുമൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഈ നീക്കങ്ങൾ. സംസ്ഥാനത്തു പ്രക്ഷോഭങ്ങളുടെ വേലിയേറ്റം തന്നെ പ്രകടമാകുന്ന തലസ്ഥാന നഗരി ഉൾപ്പെടുന്ന തിരുവനന്തപുരത്തു നിന്ന് തന്നെയാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നതും രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്നതും കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ ഇപ്പോൾ നടന്നുവരുന്ന പ്രക്ഷോഭങ്ങൾ വഹിക്കുന്ന പങ്കു വളരെ വലുതാണെന്ന വസ്തുതയിലേക്കു തന്നെയാണ് വിരൽ ചൂണ്ടുന്നതും. തലസ്ഥാനത്തു അസിസ്റ്റന്റ് കമ്മീഷണറടക്കം 20 ഉദ്യോഗസ്ഥർക്ക് ഇക്കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റിനു മുൻപിൽ നടന്ന പ്രക്ഷോഭങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടവരാണ് ഇവരെന്നും റിപ്പോർട്ടിലുണ്ട്. ഇതോടൊപ്പം തന്നെ കഴിഞ്ഞ ആഴ്ച സെക്രട്ടറിയേറ്റിനു മുൻപിൽ കെ എസ് യു സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്ത പലർക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. പ്രക്ഷോഭകർക്കും അവരെ നിയന്ത്രിക്കാൻ നിയുക്തരായ പോലീസ് ഉദ്യോഗസ്ഥർക്കും രോഗം ബാധിക്കുന്നുവെന്നത് അത്ര ശുഭകരമായ വാർത്തയല്ല. മന്ത്രി ജലീലിനെതിരായ ആരോപണങ്ങളെക്കുറിച്ചു കേന്ദ്ര ഏജൻസി അന്വേഷണം നടത്തിവരികയാണ്. മന്ത്രിയെ പ്രതി ചേർക്കാൻ പോന്ന തെളിവുകളൊന്നും ഇതേവരെ അന്വേഷണ ഏജൻസിക്കു ലഭിച്ചതായി വിവരമില്ല, പ്രതിപക്ഷവും മാധ്യമങ്ങളും സൃഷ്ട്ടിക്കുന്ന പുകമറയല്ലാതെ.
മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും കോവിഡ് വ്യാപനവും തുടരുന്നതിനിടയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ നടത്തിയ അഭിപ്രായ പ്രകടനവും അതിനെ നമ്മുടെ ചില വലതുപക്ഷ മാധ്യമങ്ങൾ എങ്ങനെ തമസ്കരിച്ചുവെന്നതും പ്രസക്തമാവുന്നത്. " It is the National Investigation Agency (NIA) which is probing the matter. They (NIA) can question anyone. None is above the law. We do not know why the minister was summoned for questioning or what he was asked. So let's patiently wait for the NIA to conclude their probe." അതായത് എൻ ഐ എ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ ഫലം വരുന്നതുവരെ ക്ഷമ കാണിക്കുകയാണ് വേണ്ടതെന്നും സാരം. എന്നാൽ മലയാള മനോരമയടക്കമുള്ള പല പത്രങ്ങളും ഇത് സംബന്ധിച്ച വാർത്ത തമസ്കരിക്കുകയാണുണ്ടായത്. ഗവർണറുടെ വാക്കുകൾക്ക് വിലയില്ലാഞ്ഞിട്ടല്ല ഇതെന്നും മറിച്ചു പ്രതിപക്ഷം ഇപ്പോൾ ആഘോഷമാക്കിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തെ തങ്ങളാൽ ആവുംവിധം പ്രോത്സാഹിപ്പിക്കുന്ന ഇക്കൂട്ടർ ജലീൽ വിഷയത്തിൽ ഗവർണറിൽ നിന്നും (മാർക്കുദാന വിഷയത്തിൽ ജലീലിനെതിരായ നിലപാട് സ്വീകരിച്ച ആൾ എന്ന നിലയിൽ ) മറ്റൊരു പ്രതികരണമാണ് ആഗ്രഹിച്ചിരുന്നതുകൊണ്ടു കൂടി തന്നെയാവുമെന്നത് ഏറെക്കുറെ വ്യക്തം.
ആരോപണ വിധേയനായ മന്ത്രി ജലീൽ രാജിവെച്ചു അന്വേഷണം നേരിടണമെന്നും അതാണ് രാഷ്ട്രീയ ധാർമികത എന്നുമാണ് പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ആവശ്യപ്പെടുന്നത്. ഇപ്പോൾ പറയുന്ന ഈ ധാർമികത മുൻപ് പലപ്പോഴും കാണിക്കാൻ വിസമ്മതിച്ചവരാണ് ആരോപണവും രാജി ആവശ്യവുമായി രംഗത്തുള്ളതെന്നത് അവരെ പിന്തുണക്കുന്ന മാധ്യമങ്ങൾക്കും അറിയാത്ത കാര്യമൊന്നുമല്ല. അന്വേഷണം നടക്കുമ്പോൾ അന്വേഷണ വിധേയനായ ആൾ രാജിവെക്കണമെന്ന് പറയുന്നത് അയാൾ അന്വേഷണത്തെ സ്വാധീനിച്ചേക്കാം എന്നതുകൊണ്ടാണ്. എന്നാലിവിടെയിപ്പോൾ ആരോപണ വിധേയനായ മന്ത്രിയോ അയാൾ അംഗമായ സർക്കാരോ നിയോഗിച്ച ഏതെങ്കിലും ഏജൻസി അല്ല അന്വേഷണം നടത്തുന്നത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ നിയോഗിച്ച അന്വേഷണ ഏജൻസികളാണ്. അവയെ കേരളത്തിലെ ഇടതുമുന്നണി സർക്കാരിനോ ആരോപണ വിധേയനായ മന്ത്രിക്കോ സ്വാധീനിക്കാനാവില്ല എന്നിരിക്കെ കുറ്റക്കാരനെന്നു ചുരുങ്ങിയ പക്ഷം അന്വേഷണ ഏജൻസിയെങ്കിലും കണ്ടെത്തുന്നതിനു മുൻപായി മന്ത്രി രാജിവെക്കണമെന്ന് ശഠിക്കുന്നിടത്താണ് രാജി ആവശ്യത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്. ഇതോടൊപ്പം തന്നെ കോവിഡ് കാലത്തു രോഗവ്യാപനം എളുപ്പമാക്കുന്ന പ്രക്ഷോഭങ്ങൾക്ക് വലതുപക്ഷ മാധ്യങ്ങൾ നൽകുന്ന അകമഴിഞ്ഞ പിന്തുണയും വിമർശന വിധേയമാകുന്നതും. പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ചിടത്തോളം ഇനി വരാനിരിക്കുന്നത് തിരെഞ്ഞെടുപ്പ് കാലമാണ്. അതുകൊണ്ടു തന്നെ ഭരിക്കുന്ന സർക്കാരിനെതിരെ കിട്ടാവുന്ന ഏത് അവസരവും അവർ ഉപയോഗപ്പെടുത്താൻ ശ്രമിക്കും. എന്നാൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ കുഴലൂത്തുകാരെന്ന ഒരൊറ്റ കാരണം കൊണ്ട് ഒരു നാടിനെയും ജങ്ങളെയും രോഗത്തിലേക്കും അതുവഴി മരണത്തിലേക്കും നയിക്കാൻ മാധ്യമങ്ങൾക്കു എന്ത് അവകാശമാണുള്ളത്? രാഷ്ട്രീയ ധാർമികത പുലമ്പുന്ന മാധ്യമങ്ങൾ എന്തുകൊണ്ടാണ് തങ്ങൾ ഉയർത്തിപ്പിടിക്കേണ്ട മാധ്യമ മൂല്യങ്ങളും ധർമവും മറന്നു പോകുന്നത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories