TopTop
Begin typing your search above and press return to search.

കൊറോണാനന്തര കാലം മടക്കയാത്രയുടേതാകുമോ? കേരളത്തെ കാത്തിരിക്കുന്ന ഗള്‍ഫ് പ്രതിസന്ധി- ജിനു സക്കറിയ ഉമ്മന്‍ സംസാരിക്കുന്നു

കൊറോണാനന്തര കാലം മടക്കയാത്രയുടേതാകുമോ? കേരളത്തെ കാത്തിരിക്കുന്ന ഗള്‍ഫ് പ്രതിസന്ധി- ജിനു സക്കറിയ ഉമ്മന്‍ സംസാരിക്കുന്നു

ഗള്‍ഫില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. നിരവധി മലയാളികള്‍ ഐസൊലേഷനിലോ, ക്വാരന്‍റയിനിലോ ആണ്. തൊഴിലും താമസ സ്ഥലവും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ലോക് ഡൗണ്‍ നീട്ടാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് തീരുമാനിക്കുന്ന പക്ഷം നാട്ടിലേക്കു തിരിച്ചുവരാനുള്ള സാധ്യതയും അടയുകയാണ്. അതേസമയം സ്വന്തം രാജ്യത്തേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകാത്ത രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരികുമെന്ന് യു എ ഇ പ്രഖ്യാപിച്ചു കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്ക്കരണവും ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. കോറോണാനന്തര കാലം റിവേഴ്സ് മിഗ്രേഷന്റെ കാലമാവാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുകയാണ് മൈഗ്രേഷന്‍ സ്റ്റഡീസില്‍ വിദഗ്ദനായ ജിനു സക്കറിയ ഉമ്മന്‍കുവൈറ്റിലെ ഇന്നലത്തെ കണക്ക് പ്രകാരം 80 പേര്‍ക്ക് പരിശോധനാ ഫലം പോസിറ്റീവായതില്‍ 45 പേര്‍ ഇന്ത്യക്കാരാണ്. രോഗബാധിതരായ 1234 പേരില്‍ 679-ഉും ഇന്ത്യക്കാരാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന, മിനി കേരള എന്നറിയപ്പെടുന്ന അബ്ബാസിയ ഉള്‍പ്പെടുന്ന ജലീബ് അല്‍ ഷുവൈക്ക്, മഹബുള്ള എന്നീ സ്ഥലങ്ങള്‍ പരിപൂര്‍ണമായി ക്വാറന്റൈന്‍ ചെയ്ത് കഴിഞ്ഞു. ഈ സ്ഥലങ്ങളിലാണ് മലയാളികള്‍ ഏറെയും താമസിക്കുന്നതും. ദുബായില്‍ നൈഫ്, ഗോള്‍ഡ്‌സൂക്ക് എന്നിവിടങ്ങളില്‍ മലയാളികള്‍ കൂടുതലും കച്ചവടക്കാരാണ്. അല്‍ റാസില്‍ ഉള്‍പ്പെടുന്ന ഇവിടം മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്. പാക്കിസ്ഥാനികളും മലയാളികളുമാണ് അവിടെ കൂടുതലുമുള്ളത്. 'ഹാര്‍ട് ഓഫ് മാര്‍ക്കറ്റ്' എന്ന് പറയുന്ന ആ സ്ഥലവും പൂര്‍ണമായും ക്വാറന്റൈനില്‍ ആയി. രാത്രിയില്‍ കിടക്കാന്‍ മാത്രം വന്ന് പോവുന്ന 'ബെഡ് സ്‌പേസുകള്‍' ആണ് അവിടെ കൂടുതലുള്ളത്. താമസ സ്ഥലങ്ങളും മാര്‍ക്കറ്റും എല്ലാം വളരെ കണ്‍ജസ്റ്റഡ് ആയിരിക്കും. ഖത്തറില്‍ തെക്കന്‍ മേഖലയിലെ ഇന്‍ഡസ്ട്രിയയില്‍ ഏരിയയും അടച്ചിട്ടുണ്ട്. അവിടെ ഏറെയും തൊഴിലാളികളാണ് ഇതിനിടയില്‍ പെട്ട് പോയിരിക്കുന്നത്.

അടിസ്ഥാന സൗകര്യമില്ലായ്മ പ്രശ്‌നം

ഗള്‍ഫ് രാജ്യങ്ങള്‍ ഇവാക്വേഷന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് മൈഗ്രന്റ്‌സിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളില്ലാത്തത് കൊണ്ടാണ്. സ്വദേശികളായവര്‍ക്ക് തന്നെ നല്‍കാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ അവര്‍ക്കില്ല. വേണ്ടത്ര ആശുപത്രികളോ, കിടക്കകളോ തുടങ്ങി ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യം വളരെ പരിമിതമാണ്. കുവൈറ്റിലും ദുബായിലും എല്ലാ അതാണ് അവസ്ഥ. എന്തിന് അമേരിക്കക്ക് പോലും അത് സാധിക്കുന്നില്ല. മറ്റൊരു പ്രധാന പ്രശ്‌നം സെല്‍ഫ് ഐസലേഷനോ ക്വാറന്റൈനോ പറ്റിയ സൗകര്യം ഗള്‍ഫിലില്ല. ഇന്ത്യക്കാരോ മലയാളികളോ ഭൂരിഭാഗവും തൊഴിലാളികളാണ്. അവര്‍ താമസിക്കുന്നത് ലേബര്‍ ക്യാമ്പുകളോ അല്ലെങ്കില്‍ ഒമ്പതോ പത്തോ പേര്‍ ഒരുമിച്ച് താമസിക്കുന്ന ഫ്‌ലാറ്റുകളിലോ ആണ്. ബാത്‌റൂമും മറ്റ് സൗകര്യങ്ങളും ഷെയറിങ്ങാണ്. അവിടെ ഒരാള്‍ക്ക് രോഗം പിടിപെട്ടാല്‍ പരിമിതമായ സൗകര്യങ്ങള്‍ കൊണ്ടും സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടും ആ ആളെ ക്വാറന്റൈന്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ കുറവാണ്. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഇത്രയും പേര്‍ക്കുള്ള ഭക്ഷണവും മരുന്നു മറ്റ് ആവശ്യങ്ങളും എത്തിച്ച് നല്‍കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയില്ല. എന്നാൽ ഇത്രയും കാലം രാജ്യത്തിന് വേണ്ടി പണിയെടുത്തവരെ പറഞ്ഞുവിടുക എന്നത് മനുഷ്യത്വ രഹിതവും ഇന്റർനാഷണൽ കൺവെൻഷന് എതിരുമാണ്. യു എ ഇ ചെയ്യുന്നത് തെറ്റാണ്.

ഇവാക്വേഷന്‍ പ്രായോഗികമോ?

തങ്ങളുടെ പൌരന്മാരെ തിരികെ കൊണ്ടുവരാന്‍ ഫിലിപ്പൈന്‍സ് മുന്‍കയ്യെടുക്കുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ലോകം മുഴുവന്‍ ഏതാണ്ട് ലോക്ക് ഡൗണ്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ഇത് എത്രത്തോളം നടക്കും എന്ന കാര്യത്തില്‍ സംശയമാണ്. ഏതാണ്ട് എണ്‍പത് ലക്ഷത്തിനടുത്ത് ഇന്ത്യക്കാരും 21 ലക്ഷം മലയാളികളും ഗള്‍ഫ് രാജ്യങ്ങളിലുണ്ട് എന്നാണ് കണക്ക്. ഇന്ത്യക്കാരെ, മലയാളികളെ സംബന്ധിച്ച് മൂന്നാല് പ്രശ്‌നങ്ങളാണുള്ളത്. വിസിറ്റിങ് വിസയില്‍ ജോലിക്കായി എത്തിയവര്‍, വിസ കാലാവധി കഴിയുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തവര്‍, വേണ്ടത്ര ഡോക്യുമെന്റ്‌സ് ഇല്ലാത്തവര്‍- ഇവര്‍ക്കൊന്നും ഇന്‍ഷൂറന്‍സ് പരിരക്ഷയില്ല. കൊവിഡോ മറ്റെന്തെങ്കിലും അസുഖങ്ങളോ വന്നാല്‍ മതിയായ രേഖകളും ഐഡന്റിറ്റി കാര്‍ഡുകളും ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് ചികിത്സ ലഭ്യമാവാന്‍ വഴികളില്ല. അതിനാല്‍ തന്നെ ഇത്തരക്കാരെ നാട്ടിലെത്തിക്കാനുള്ള കാര്യങ്ങള്‍ക്ക് അടിയന്തിരമായി നടപടികള്‍ സ്വീകരിക്കേണ്ടതാണ്. സ്ത്രീ തൊഴിലാളികള്‍ ധാരാളമുണ്ട്. രോഗികളായവരുണ്ട്. മക്കളുടെ അടുത്ത് പോയ അച്ഛനമ്മമാര്‍ ഉണ്ട്. റസ്റ്ററന്റുകളിലും ഷോപ്പുകളിലും ജോലി ചെയ്തിരുന്നവര്‍- ലോക്ക് ഡൗണ്‍ വന്നതോടെ അവര്‍ക്ക് തൊഴിലില്ലാതാവുകയും വരുമാനമില്ലാതാവുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാരെ നാട്ടിലെത്തിക്കാന്‍ മുന്‍കൈയെടുക്കുന്നത് ഉചിതമാവും.

പ്രായോഗികമായി ചെയ്യാവുന്നത്

മെഡിക്കല്‍ സഹായം നല്‍കുക എന്നത് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. പക്ഷെ ചെയ്യാവുന്ന മറ്റൊരു കാര്യം ഇന്ത്യന്‍ എംബസി ഇന്ത്യക്കാരായുള്ളവരുടെ ഡാറ്റ കളക്ട് ചെയ്യുകയും രോഗം ബാധിച്ചവരെയും ഐസൊലേഷനില്‍ കഴിയുന്നവരെയുമെല്ലാം ട്രാക്ക് ചെയ്യുകയും ചെയ്യുക എന്നതാണ്. ലീഗല്‍ ആയും ഇല്ലീഗല്‍ ആയും അവിടെ കഴിയുന്നവരെ ആദ്യം ട്രാക്ക് ചെയ്യുകയും രോഗം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള ക്വാറന്റൈന്‍ ഫസിലിറ്റിയും ഐസൊലേഷന്‍ വാര്‍ഡുകളും നല്‍കുക എന്നത് ഇന്ത്യന്‍ എംബസി അടിയന്തിരമായി ഇടപെട്ട് ചെയ്യേണ്ടതാണ്. ഇന്ത്യന്‍ സ്‌കൂളുകള്‍ ഏറ്റെടുത്ത് അവിടെ ക്വാറന്റൈന്‍ ഫസിലിറ്റി ഒരുക്കണം. എംബസി, കേരള പ്രവാസി അസോസിയേഷനുകളുമായി സഹകരിച്ച് ഈ കാര്യങ്ങള്‍ നടപ്പാക്കുവാന്‍ ശ്രമിക്കണം. ജീവിത ശൈലീ രോഗങ്ങള്‍ ബാധിച്ചവരാണ് ഒട്ടേറെ പേരും. ഗള്‍ഫ് രാജ്യങ്ങളില്‍ മരുന്നിന് വലിയ വില കൊടുക്കേണ്ടി വരുന്നതിനാല്‍ രണ്ടും മൂന്നും മാസത്തെ മരുന്ന് നാട്ടില്‍ നിന്നെത്തിക്കാറാണ് പതിവ്. മരുന്നുകള്‍ കഴിഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. അത് എത്തിച്ച് നല്‍കാനുള്ള സംവിധാനങ്ങള്‍ അടിയന്തിരമായി ചെയ്യേണ്ടതാണ്.

മറ്റു രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളും

അമേരിക്ക, കാനഡ, യുകെ, അല്ലെങ്കില്‍ ഇറ്റലിയോ മറ്റ് കിഴക്കന്‍ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ പ്രധാന പ്രശ്‌നം എന്ന് പറയുന്നത് അവിടുത്തെ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് എന്നിവര്‍ക്ക് രോഗം പിടിപെടുന്നു എന്നതാണ്. അമേരിക്കയില്‍ ഇതിനകം മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ മരിച്ചു. ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നം എന്ന് പറഞ്ഞാല്‍ അവിടെ പഠിക്കാന്‍ പോയിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അവിടെ യൂണിവേഴ്‌സിറ്റികളും മെഡിക്കല്‍ കളേജുകളും അടച്ചതിനാല്‍ ഹോസ്റ്റലുകളില്‍ വളരെ പ്രയാസത്തോടെ കഴിയുകയാണ്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20തോ മുപ്പതോ മണിക്കൂര്‍ വര്‍ക്ക് ചെയ്യാനുള്ള സ്റ്റഡി കം വര്‍ക്ക് വിസയിലാണ് പോയിരിക്കുന്നത്. അമേരിക്കയില്‍ ജെ1 വിസയില്‍ പോയിരിക്കുന്ന കുട്ടികള്‍ ലോക്ക് ഡൗണ്‍ ആയതോടെ ജോലിക്ക് പോവാനാവാത്തതിനാല്‍ നില പരുങ്ങലിലാണ്. മല്‍ഗോവയില്‍ ഏറ്റവും പ്രസിദ്ധമായ യുഎസ്എസ്എംഎസ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഏകദേശം കുടുങ്ങിക്കിടക്കുന്ന 600 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 400 പേരും കേരളക്കാരാണ്. ഈ കുട്ടികളെ ലോക്ക്ഡൗണിന് ശേഷം തിരികെ എത്തിക്കുവാനും അവര്‍ എടുത്തിരിക്കുന്ന വിദ്യഭ്യാസ വായ്പയില്‍ ഇളവ് കൊടുക്കുവാനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കേണ്ടതാണ്. അമേരിക്ക, യൂറോപ്പ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ പൗരത്വ അവകാശവും ഉള്ളതിനാല്‍ അവരുടെ സുരക്ഷിതത്വം താരതമ്യേന മെച്ചമാണ്.

കുവൈറ്റില്‍ നിന്നുള്ള ഇവാക്വേഷന്‍

മുമ്പ് കുവൈറ്റ്- ഇറാഖ് യുദ്ധം കഴിഞ്ഞ് കുവൈറ്റില്‍ നിന്ന് നടത്തിയ ഇവാക്വേഷനാണ് ഇതിന് മുമ്പ് എടുത്ത് പറയാവുന്ന ഏറ്റവും വലിയ ഇവാക്വേഷന്‍. അതിന് അന്ന് നേതൃത്വം നല്‍കിയത് മലയാളി വ്യവസായികളായിരുന്നു.ജോണ്‍ മാത്യു, ടൊയോട്ട സണ്ണി അങ്ങനെ നിരവധി പേരായിരുന്നു അതിന്റെ നേതൃനിരയിലുണ്ടായിരുന്നത്. എണ്‍പതിനായിരം മലയാളികളെ അവിടെ നിന്ന് നാട്ടിലേക്കയച്ചു. അത് ആ സമയത്തെ വലിയ ക്രൈസിസ് ആയിരുന്നു. തിരിച്ചെത്തിയവരെ അവരവരുടെ കുടുംബങ്ങള്‍ പോലും അത്ര സന്തോഷത്തോടെയല്ല സ്വീകരിച്ചത്. പലരും അക്കമഡേറ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. പ്രത്യേകിച്ച് കുവൈറ്റില്‍ ജോലി ചെയ്യുന്നവര്‍ അന്ന് സമ്പന്നരായിരുന്നു. അവിടെ നിന്ന് ജോലിയില്ലാതെ മടങ്ങിയത് സൃഷ്ടിച്ചത് ചെറിയ പ്രശ്‌നങ്ങളായിരുന്നില്ല.

പോസ്റ്റ് കൊറോണ കാലത്ത് സാമ്പത്തിക സാഹചര്യം

അത്തരമൊരു സാഹചര്യമുണ്ടായാല്‍ റിവേഴ്‌സ് മൈഗ്രേഷന്‍ നടക്കുമെന്നാണ് കരുതുന്നത്. നമ്മുടെ നാട്ടിലെ വലിയ ഒരു വിഭാഗം തൊഴിലാളികള്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ അവരെ റീപ്ലേസ് ചെയ്യുകയായിരുന്നു 25 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍. ഗള്‍ഫ് ഡ്രീമിന്റെ സാക്ഷാത്കാരത്തിനായി പോയവരാണ് ഭൂരിപക്ഷം പേരും. പ്രവാസി തൊഴിലാളികള്‍ക്ക് ഗള്‍ഫില്‍ ലഭിക്കുന്ന ശമ്പളവും ഇവിടെ ലഭിക്കുന്ന വേതനവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഏതാണ്ട് തുല്യമാണ്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥയില്‍ ഉയര്‍ന്ന ചൂടിലും കൃത്യമായി ഭക്ഷണം പോലും ലഭിക്കാതെ പലരും കിഡ്‌നി, കരള്‍ രോഗങ്ങള്‍ വന്നതായി സിഡിഎസിന്റെ കേരള മൈഗ്രേഷന്‍ സര്‍വേയില്‍ കാണുന്നുണ്ട്. കൊറോണക്ക് ശേഷമുള്ള കാലഘട്ടത്തില്‍ ഉണ്ടാവുമെന്ന് പ്രവചിക്കപ്പെടുന്ന സാമ്പത്തിക മാന്ദ്യമുണ്ടായാല്‍ അനേകം പേര്‍ക്ക് ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ ഗള്‍ഫില്‍ നിന്ന് റിവേഴ്‌സ് മൈഗ്രേഷന്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഈ അവസരത്തില്‍ തിരിച്ചെത്തുന്ന റിട്ടേണ്‍ മൈഗ്രന്റ്‌സിനെ അക്കമഡേറ്റ് ചെയ്യാനുള്ള റീഹാബിലിറ്റേഷന്‍ പ്രോജക്ടിനെക്കുറിച്ച് കേരള സര്‍ക്കാര്‍ ചിന്തിക്കേണ്ടതായി വരും. കൂടാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്കും കുറയാന്‍ സാധ്യതയുണ്ട്


Next Story

Related Stories