TopTop
Begin typing your search above and press return to search.

വൃദ്ധരുടെ നാടായ കേരളം റിവേഴ്സ് ക്വാറൻ്റൈനിൽപ്പെട്ടുപോയവരെ പരിഗണിച്ചില്ലെങ്കിൽ മറ്റാരുണ്ട് അവരെ ഓർക്കാൻ

വൃദ്ധരുടെ നാടായ കേരളം റിവേഴ്സ് ക്വാറൻ്റൈനിൽപ്പെട്ടുപോയവരെ പരിഗണിച്ചില്ലെങ്കിൽ മറ്റാരുണ്ട് അവരെ ഓർക്കാൻ

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍, ഹോം കോറന്റൈന്‍, റിവേഴ്‌സ് കോറന്റൈന്‍... മനുഷ്യന്‍മാര്‍ക്ക് പറയാന്‍ ഏറെ പണിയുള്ള ഈ ക്വാറന്റൈനുകളില്‍ അവസാനത്തേത് വലിയ പാരയായിരിക്കുകയാണ് ഈ നാട്ടിലെ അമ്മൂമ്മ / അപ്പൂപ്പന്‍മാര്‍ക്ക്. കോവിഡ് ഭീതി അകറ്റാന്‍ രോഗബാധാസാധ്യയേറെയുള്ളവര്‍ - 10 വയസിനുതാഴെയും 60 വയസിനു മുകളിലുമുള്ളവര്‍ - വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുന്നതാണ് റിവേഴ്‌സ് ക്വാറന്റൈന്‍. അങ്ങനെ സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ തൊഴിലുറപ്പുകാര്‍ ആദ്യം 60-നു മുകളിലുള്ളവരുടെ പേരു വെട്ടി. പിന്നെ അതു തിരുത്തി 65-നു മുകളിലാക്കി. അതോടെ കൈക്കോട്ടും മമ്മട്ടിയുമെടുത്ത് തൊഴിലുറപ്പിനു പോയിരുന്നവരില്‍ നാലു ലക്ഷത്തോളം പേര്‍ വെറുതെ വീട്ടിലിരിപ്പായി. അറിയാമല്ലോ, തൊഴിലുറപ്പിനു പുറപ്പെടുന്നതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.

'തൊഴിലിരിപ്പ്, തൊഴിലുഴപ്പ്' എന്നെല്ലാം ചിലര്‍ അപഖ്യാതി പറഞ്ഞ തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തില്‍ അംഗങ്ങളായവര്‍ 16.54 ലക്ഷമാണ്. ഇവരില്‍ 60 നു മുകളിലുള്ളത് നാലുലക്ഷത്തില്‍പ്പരം. കൃത്യമായി പറഞ്ഞാല്‍ 4,03,965. ഇക്കൂട്ടരിലെ 90 ശതമാനവും 65 വയസിനു മുകളിലുള്ളവരാണ്. അക്കണ്ട ജനമെല്ലാം ഇപ്പോള്‍ റിവേഴ്‌സ് ക്വാറന്റൈന്‍ എന്ന സര്‍ക്കാല്‍ സംരക്ഷണ പദ്ധതി തീര്‍ത്ത കുരുക്കില്‍ പെട്ടിരിക്കുന്നു. പണിയില്ലാത്തതുകൊണ്ടു തന്നെ കയ്യില്‍ കാശുമില്ല. ഈ കാശില്ലായ്മയെ സാധാരണ സാമ്പത്തിക ഞെരുക്കം, ഫിനാന്‍ഷ്യല്‍ ക്രൈസിസ് തുടങ്ങിയ പത്രവാര്‍ത്താപദങ്ങളുടെ ഗണത്തിലൊന്നും പെടുത്തരുത്. അതിനെക്കാളൊക്കെ പാവത്തം ആ കാശില്ലായ്മക്കുണ്ട്.

നമ്മുടെ വീടുകളിലെ ബഹുഭൂരിപക്ഷം വൃദ്ധരുടെയും സ്ഥിതി അത്രയൊന്നും ഗുണമുള്ളതല്ല.

മുത്തച്ഛനും മുത്തശ്ശിയും എന്ന സ്ഥാനമുണ്ട്. പക്ഷേ വീട്ടില്‍ വലിയ വിലയൊന്നും കിട്ടാതിരിക്കുക, പേരക്കുട്ടികള്‍ പോലും മൈന്റ് ചെയ്യാതിരിക്കുക, ഒന്നു മിണ്ടീം പറഞ്ഞും ഇരിക്കാന്‍ കാര്യമായാരും ഇല്ലാതിരിക്കുക, ആളുള്ള വീടാണെങ്കില്‍ 'ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ' എന്ന ശാസന നിരന്തരം കേള്‍ക്കേണ്ടിവരിക, ഭര്‍ത്താവ്/ഭാര്യ മരിച്ച് വീട്ടില്‍ ഒറ്റയായിപ്പോവുക, കൈയ്യില്‍ നയാപൈസയില്ലാതാവുക, ഇനിയെന്തിനാ പൈസ എന്ന ലളിതവല്‍ക്കരണം നടത്തി ആരുമൊന്നും കൊടുക്കാതിരിക്കുക, മരുന്നിനു പോലും വകയില്ലാതാവുക, മുറുക്കാന്‍ വാങ്ങാനോ ആണുങ്ങളാണെങ്കില്‍ വല്ലപ്പോഴും ഒന്നു ചിറിനനയ്ക്കാനോ വഴിയില്ലാതിരിക്കുക, എല്ലാറ്റിനുമപ്പുറം എന്നെയെന്തിനാ ഇങ്ങനെ ഇട്ടിരിക്കുന്നത് എന്ന ചിന്ത വളരുക. വല്ലാത്തൊരവസ്ഥയാണിത്. അതിനൊക്കെയുള്ള ഒറ്റമൂലിയായിരുന്നു കുറെപ്പേര്‍ക്ക് ഈ തൊഴിലുറപ്പ് പദ്ധതി. ഏറെക്കാലത്തിനു ശേഷമുള്ള സംഘടിത സന്തോഷം. വല്ലാതെ തടിക്കുപിടിക്കും വിധമൊന്നും വേണ്ട. തരക്കാരെ കണ്ടും തമാശപറഞ്ഞും ഒന്നിച്ചു ഭക്ഷണം കഴിച്ചും പഴയ പരദൂഷണങ്ങള്‍ പൊടിതട്ടിയെടുത്തും അങ്ങനെയങ്ങനെ വൈകുന്നേരമാക്കുക.100 പണിയാണ് വാഗ്ദാനം. പകുതി കിട്ടിയാല്‍ പോലും വലിയ കാര്യം. 271 രൂപയാണ് ഇപ്പോള്‍ കൂലിയായി കിട്ടുന്നത്. 20 രൂപ കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. അതു കിട്ടിത്തുടങ്ങിയിട്ടില്ല, ഉടനെ കിട്ടും. സ്വന്തം കാര്യങ്ങളൊക്കെ നടക്കും. ഒപ്പം കുടുംബത്തിനു താങ്ങാവാം. ഇന്നാ ഞാന്‍ നയിച്ചുകൊണ്ടുവന്നതാണ് എന്ന ഭാവത്തില്‍ വീട്ടിലേക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കാം, മിട്ടായിവാങ്ങാനെന്നും പറഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും നല്‍കാം, ഒറ്റയ്ക്കാണെങ്കില്‍ ഭംഗിയായി വീട്ടുകാര്യങ്ങള്‍ നടത്താം, ഒരത്യാവശ്യമെന്നു പറഞ്ഞു പാഞ്ഞുവരുന്ന അയല്‍ക്കാരനെ സഹായിക്കാം, കുടുംബശ്രീക്കാരുടെ കുറിയില്‍ കൂടാം, വൈകീട്ട് അങ്ങാടീലിറങ്ങി ഒരു ചായകുടിക്കാം, ചായയ്ക്ക് കൂട്ടുകാരനെ/ കാരിയെ ക്ഷണിക്കാം. ആകപ്പാടെ വീട്ടിലും നാട്ടിലും ഒരു വെലയൊക്കെയുണ്ടായി എന്ന തോന്നല്‍. റിവേഴ്‌സ് ക്വാറന്റൈന്‍ ഒറ്റയടിക്ക് ഇല്ലാതാക്കിയത് ഇത്തരം സന്തോഷങ്ങളെയെല്ലാമാണ്.

ചെറുസന്തോഷങ്ങളാണെങ്കിലും അതില്ലാവുന്നത് ചെറിയ കാര്യമല്ല. വയസായവരുടെ പ്രശ്‌നങ്ങള്‍ കേരളം കുറെക്കൂടി ഗൌരവത്തോടെ കാണേണ്ടതുണ്ട്.

ദൈവത്തിന്റെ സ്വന്തം നാട് എന്നു മേനി പറയുമെങ്കിലും കേരളമിപ്പോള്‍ വൃദ്ധരുടെ നാടാണ്. ഒരു നാട്ടില്‍ വൃദ്ധ ജനസംഖ്യ 10 ശതമാനത്തിനു മേലേയാണെങ്കില്‍ അതിനെ വൃദ്ധരുടെ നാടെന്നു കൂട്ടാം. കേരളത്തിന് 5 വയസുള്ളപ്പോള്‍,1961ല്‍ കേരളത്തിലെ ജനസംഖ്യയില്‍ 5 ശതമാനം മാത്രമായിരുന്നു 60 വയസിനു മുകളിലുളളവര്‍. അഞ്ചുവര്‍ഷം മുന്‍പത്തെ കണക്കിലത് 13 ശമാനമായിരിക്കുന്നു. ഇപ്പോഴത് 20 ശതമാനത്തില്‍ എത്തിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. അഞ്ചിലൊന്നു പേര്‍ വൃദ്ധരാവുന്ന നാട്. വേണമെങ്കില്‍ ഈ നാട് ആരു ഭരിക്കണമെന്നൊക്കെ കൂളായി തീരുമാനിക്കാവുന്ന കൂട്ടര്‍. വൃദ്ധജനസംഖ്യ കേരളത്തിന്റെ വലിയ നേട്ടം തന്നെയാണ്. നമ്മുടെ ആരോഗ്യസുരക്ഷയും മികച്ച ജീവിത സാഹചര്യങ്ങളും ശുചിത്വവും എല്ലാം ഇതില്‍ ഘടകമാവുന്നുണ്ട്. ആയുര്‍ദൈര്‍ഘ്യവും കേരളീയര്‍ക്ക് കൂടുതലാവാന്‍ ഇതാണ് കാരണം. രാജ്യത്തെ ആയുര്‍ദൈര്‍ഘ്യം ശരാശരി 63.5 വയസാണെങ്കില്‍ കേരളത്തിലത് 74 ആണ്. നമ്മുടെ അമ്മൂമ്മമാര്‍ അപ്പൂപ്പന്‍മാരെക്കാല്‍ കൂടുതല്‍ കാലം ജീവിക്കുന്നുമുണ്ട്. കേരളത്തില്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 77.8 ഉം പുരുഷന്‍മാരുടേത് 72.5-ഉം ആണ്. കാര്യമിതൊക്കെയാണെങ്കിലും പണ്ടത്തെ കഥാപുസ്തങ്ങളിലെ ചിത്രങ്ങളിലേത് പോലെ വളഞ്ഞുകുത്തി വടിയുംപിടിച്ച് പോകുന്ന വൃദ്ധരെ നമ്മള്‍ എങ്ങും കാണുന്നില്ല. എല്ലാവരും പരിഷ്‌ക്കാരികളായതു മാത്രമല്ല കാരണം. ജരാനരകള്‍ പോലും മറച്ചുവച്ചും അവഗണിച്ചും യൌവ്വനയുക്തരുടെ മാനസികാവസ്ഥയിലേക്ക് മാറി ജീവിതത്തെ പുനര്‍നിര്‍മിക്കാന്‍ നമ്മുടെ വൃദ്ധജനങ്ങള്‍ക്കാവുന്നു എന്നതുകൊണ്ടു കൂടിയാണത്. അത്തരമൊരു ജീവിതത്തിന് സ്വന്തമായുള്ള വരുമാനം എന്നത് പരമപ്രധാനമാണ്. കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കുള്ള പ്രാധാന്യം വ്യക്തമാവുന്നത് ഇവിടെയാണ്. അതുകൊണ്ട് വൃദ്ധര്‍ക്കെല്ലാം പരസഹായമില്ലാതെ ജീവിക്കാനാവുന്ന സാമൂഹ്യ, സാമ്പത്തിക അന്തരീക്ഷമുള്ള ഒരു കിണാശ്ശേരിയാവണം നമ്മുടെ ലക്ഷ്യം. തൊഴിലെടുക്കാനാരോഗ്യമുള്ളവര്‍ക്കെല്ലാം അതിനവസരം ഉണ്ടാവുന്ന നാട്. ആരോഗ്യമില്ലാത്തവര്‍ക്ക് ജീവിക്കാനുള്ള പൈസ പെന്‍ഷനായി കിട്ടുന്ന നാട്. കോവിഡാനന്തരമായാലും നമുക്കതിനെക്കുറിച്ച് ഗാഢമായിതന്നെ തലപുകയ്ക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories