TopTop
Begin typing your search above and press return to search.

ബ്രിട്ടന്‍ പിഴിഞ്ഞെടുത്ത ഇന്ത്യ ശശി തരൂരിന്റെ 'ഇരുളടഞ്ഞ കാല'ത്തില്‍

ബ്രിട്ടന്‍ പിഴിഞ്ഞെടുത്ത ഇന്ത്യ ശശി തരൂരിന്റെ ഇരുളടഞ്ഞ കാലത്തില്‍

ശശിതരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏറെ സന്ദർഭോചിതമായി. അദ്ദേഹത്തിന്റെ An Era of Darkness - The British Empire in India എന്ന പുസ്തകത്തിന്റെ മലയാളവിവർത്തനം -' ഇരുളടഞ്ഞ കാലം - ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് 'എന്ന പേരിൽ ഡി സി ബുക്സ് 2017 ൽ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളനിയനന്തര ഇന്ത്യയിൽ നിന്നും തരൂരിനെപ്പോലൊരു അന്തർദേശീയ വ്യക്തിത്വം ബ്രിട്ടൺ ഇന്ത്യയോട് ചെയ്തത് കൊടുംകുറ്റവാളികൾ മാത്രം ചെയ്ത് വന്ന ഒന്നാണെന്ന് ചരിത്രപരമായ വിശദാംശങ്ങളോടെ സമർത്ഥിക്കുമ്പോൾ അതിന് വിശാലമായ മാനങ്ങൾ കൈവരുന്നുണ്ട്. ഇന്ത്യയിലെ ഇപ്പോഴത്തെ ജനാധിപത്യ ഭരണകാലത്തെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ട് മടുത്തതിനാൽ ചിലരെങ്കിലും ബ്രിട്ടൺ ഭരിച്ചിരുന്ന നാളുകൾ സുവർണകാലമായിരുന്നെന്ന് പറയുന്നുണ്ട്, ആലങ്കാരികാർത്ഥത്തിലെങ്കിലും.ഇപ്പോഴും നഷ്ടസ്വർഗ വിലാപങ്ങൾ ചിലയിടത്തെങ്കിലും അലയടിക്കുന്നു. ബ്രിട്ടീഷ് റെയിൽവേ നിർമാണ വൈദഗ്ധ്യമായും,പാലമായും പൂർവ്വാഭിമാന നിശ്വാസങ്ങളായും അത് ഇന്ത്യയിലുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്. അവരൊക്കെ തരൂരിന്റെ ഈ പുസ്തകമൊന്ന് മറിച്ചു നോക്കണം. വിശേഷിച്ചും , മുൻകാല ഇന്ത്യൻ ചരിത്ര നിർമാണ പ്രക്രിയയുടെ ഊടുവഴികളിലെല്ലാം പാശ്ചാത്യ വീക്ഷണത്തിന്റെ കൈമുദ്രകൾ വേണ്ടതിലുമധികം പതിഞ്ഞു കഴിഞ്ഞ സന്ദർഭത്തിൽ. ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തിന്റെ യഥാർത്ഥ മുഖത്തെ പൗരസ്ത്യദേശത്തു നിന്നുമൊരു എതിർ വായന നടത്തുന്ന പുസ്തമാണിതെന്ന് ലളിതമായി പറയാം.

ബ്രിട്ടീഷ് ഭരണത്തിന് മുൻപ് ലോക സമ്പദ് വ്യവസ്ഥയുടെ കാൽ ഭാഗത്തിലധികം കെവശം വച്ചിരുന്ന രാജ്യമായിരുന്നു നമ്മുടേത്. ബ്രിട്ടീഷ് ഭരണമവസാനിപ്പിച്ച് അവർ നാടുവിടുമ്പോഴേക്കും അത് കേവലം മൂന്ന് ശതമാനമായിക്കുറഞ്ഞു. (ബ്രിട്ടീഷ് പിഴിഞ്ഞെടുക്കൽ എന്ന് തരൂർ ) ലോകനാഗരികതയിൽ മറ്റേതിനോടും കിടപിടിക്കുന്ന സംസ്കാര -സാമൂഹ്യ പുരോഗതി ഉണ്ടായിരുന്ന ഇന്ത്യ, ബ്രിട്ടീഷ് റൂളിനു ശേഷം മതസ്പർധയുടെ അധ:പതിച്ച കാലത്തേക്ക് ചുരുണ്ടു. കർഷകരെ ഭൂരഹിതരാക്കാനും, അവരുടെ ധാന്യങ്ങൾ വിളവ് ചെയ്ത് വന്ന പാടങ്ങളിൽ, വ്യാവസായികാടിസ്ഥാനത്തിൽ വളർന്നു വന്ന മാഞ്ചസ്റ്ററിന്റെ യന്ത്ര ഭീമൻ മാരുടെ ഉദരങ്ങൾക്ക് നിറയാൻ മാത്രം പരുത്തി കൃഷിചെയ്യിച്ച് പട്ടിണിക്കിട്ടതും, കുപ്രസിദ്ധമായ മെക്കാളെ മിനുറ്റ്സിലൂടെ അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബ്രിട്ടീഷുകാരനും രക്തം കൊണ്ടും നിറം കൊണ്ടും ഇന്ത്യക്കാരനുമായി തുടരുന്ന അപരവത്കരണത്തിന് പൗരനെ നിരന്തരം അനുശീലിപ്പിച്ചെടുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കിയതെങ്ങനെയെന്നും വിശദീകരിക്കുന്നുണ്ട് 'ഇരുളടഞ്ഞ കാലം.'

പഴയ സാമ്രാജ്യത്വ രാജ്യങ്ങളിൽ നിലനില്ക്കുന്ന കൊളോണിയൽ പിൻതുടർച്ചക്കാരെ 'മിമിക് മെൻ' എന്നാണ് നിയാൽ ഫെർഗൂസൺ വിശേഷിപ്പിച്ചിരിക്കുന്നത്. വികസ്വര രാജ്യങ്ങളിൽ അവശേഷിപ്പിക്കപ്പെട്ട കൊളോണിയൽ അനുകർത്താക്കളായ വരേണ്യവർഗ്ഗക്കാരാണ് പുതിയ കമ്പോള മുതലാളിത്തത്തിന്റെ പ്രബലരായ ഉപകരണങ്ങളെന്ന് ഫെർഗൂസൺ നിരീക്ഷിക്കുന്നുണ്ട്. ഇരുണ്ട ഭൂഖണ്ഡമെന്ന് ആഫ്രിക്കയെ വിളിച്ചവർ, അറേബ്യൻ ശാസ്ത്രാത്ഭുതങ്ങൾ തിരിച്ചറിയാത്തവർ, യൂറോ കേന്ദ്രിത വീക്ഷണം മാത്രമുള്ളവർ ഇങ്ങനെയൊക്കെയുള്ള ജനതയുടെ ഭാഗത്തു നിന്നുള്ള ചരിത്ര കാഴ്ചയല്ല ; മറിച്ച് സാധാരണ ഇന്ത്യക്കാർക്ക് എന്തായിരുന്നു ബ്രിട്ടൺ എന്നാണ് തരൂർ അന്വേഷിച്ചത്.

ജ്ഞാനദീപ്തമായ കാലമെന്ന് തങ്ങളുടെ ഇന്ത്യൻ ഭരണകാലത്തെ ആത്മപ്രശംസ നടത്തിയ ബ്രിട്ടീഷ് രാജസേവകരുടെ പാദസേവകരായിത്തീർന്ന സ്വാതന്ത്ര്യാനന്തര ചരിത്ര പാഠപുസ്തകങ്ങളുടെ പിഴവ് എന്തായിരുന്നെന്ന് ഈ ഗ്രന്ഥമൊന്ന് മറിച്ച് നോക്കിയാൽ തിരിച്ചറിയാം. 'ബ്രൂട്ടിഷ് രാജ്' ( നികൃഷ്ടമായ ഭരണം) മാത്രമായിരുന്നു ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് രാജ് എന്ന് അദ്ദേഹമെഴുതുന്നു. (P. 252 )

ഈയവസരത്തിൽ ഇന്ത്യയിലെ പാഠപുസ്തകങ്ങളുടെ ആഖ്യാന രീതിയെ സംബന്ധിച്ചു കൂടി പറയേണ്ടതുണ്ട്. സ്കൂൾ കാലത്ത് പഠിച്ച ചരിത്ര പുസ്തകങ്ങളിൽ പൊതുവെയുള്ള പഠനസമ്പ്രദായം 'ബ്രിട്ടീഷ് ഭരണം: ഒരു ഗുണദോഷ വിചിന്തനം' എന്ന മട്ടിലുള്ളവയാണ്. അതായത് ദോഷഫലങ്ങൾ എത്രയാണോ അത്ര തന്നെ ഗുണഫലസൂചികകളും എന്ന് വായിക്കാൻ പ്രേരിപ്പിക്കും വിധം. (സ്കോർ തുല്യമാവാനാവണം ! ) ബ്രിട്ടീഷ് ഇന്ത്യയുടെ അനന്തരഫലങ്ങൾ എന്നാണ് എഴുതുക! പ്രത്യാഘാതങ്ങൾ എന്നല്ല. ഇത്തരത്തിലുള്ള പഠന ശൈലികളിലൂടെ ബ്രിട്ടീഷ് ഭരണകാലത്തെ തരക്കേടില്ലാത്ത ഭൂതകാലമായി സന്തുലനം ചെയ്യാനുള്ള അവബോധമണ്ഡലമായി പാഠപുസ്തകങ്ങൾ പോലും മാറുമ്പോഴാണ് തരൂരിന്റെ പുസ്തകം നാം ശരിയായി വായിക്കേണ്ടത്.

പൗരത്വ പ്രശ്നങ്ങൾക്ക് പോലും 'അമേരിക്കൻ മോഡൽ' നടപ്പാക്കുന്ന ഇന്ത്യൻ യാഥാസ്ഥിതിക ഭരണകൂട സ്രഷ്ടാക്കൾ സ്വതന്ത്രപൂർവ്വ ഇന്ത്യയിൽ എന്ത് നിലപാട് എടുത്തിരുന്നു എന്നതും , എക്കാലത്തേയും മർദ്ദന അധികാരസ്വരൂപങ്ങൾക്ക് ചരിത്രത്തിൽ എവിടെയായിരുന്നു സ്ഥാനമെന്നും അടയാളപ്പെടുത്തുന്നുണ്ട് 'ഇരുളടഞ്ഞ കാലം.'

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories