TopTop
Begin typing your search above and press return to search.

റിയ ചക്രബര്‍ത്തി കടന്നുപോകുന്ന അവസ്ഥയായിരുന്നു 19 വര്‍ഷം മുമ്പ് എന്റേതും; പക്ഷേ അന്ന് സോഷ്യല്‍ മീഡിയയോ റിപ്പബ്ലിക് ടിവിയോ ഒന്നും ഉണ്ടായിരുന്നില്ല- ഒരു അനുഭവക്കുറിപ്പ്‌

റിയ ചക്രബര്‍ത്തി കടന്നുപോകുന്ന അവസ്ഥയായിരുന്നു 19 വര്‍ഷം മുമ്പ് എന്റേതും; പക്ഷേ അന്ന് സോഷ്യല്‍ മീഡിയയോ റിപ്പബ്ലിക് ടിവിയോ ഒന്നും ഉണ്ടായിരുന്നില്ല- ഒരു അനുഭവക്കുറിപ്പ്‌

ഇന്ന് രാജ്യത്തെ പല സ്ത്രീകളും ദിവസേന കടന്നു പോകുന്ന പ്രശ്നങ്ങളിലൂടെ ഞാന്‍ കടന്നു പോകുമ്പോള്‍ എനിക്ക് ഇരുപത് വയസ്സാണ്. പക്ഷേ ഞാന്‍ ഇതിനു മുന്‍പ് കേട്ടിട്ടേ ഉണ്ടായിരുന്നില്ലാത്ത (വാസ്തവത്തില്‍ സുശാന്ത് സിംഗ് രാജ്പുത്തിനെയും എനിക്കറിയുമായിരുന്നില്ല) റിയ ചക്രബര്‍ത്തിയുടെ മേല്‍ നടക്കുന്ന മാധ്യമ വിചാരണ ഞാന്‍ ഉണ്ടാക്കി വെച്ചിരുന്ന മനക്കോട്ടകളെ മുഴുവന്‍ തകര്‍ത്തു കളഞ്ഞു. കഴിഞ്ഞ 19 വര്‍ഷങ്ങളായി ഓരോ ദിവസവും ഞാന്‍ എനിക്ക് ചുറ്റും നിര്‍മിച്ചു വെച്ചിരുന്ന ഒരു കോട്ടയായിരുന്നു അത്.

1998ല്‍, ഒരു ആഗ്രഹത്തിന്റെ പുറത്ത്, ഞാന്‍ കൊല്‍ക്കത്തയില്‍ വെച്ചു നടന്ന ഒരു സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കയും വിജയിക്കുകയും ചെയ്തു. ആറു മാസത്തിനുള്ളില്‍ ഞാന്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കപ്പെട്ട മറ്റൊരു മത്സരത്തില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടു. അതിന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത്ര അഭിവൃദ്ധി പ്രാപിച്ചിട്ടില്ലായിരുന്ന എന്‍റെ മോഡലിംഗ് കരിയര്‍ പൊടുന്നനെ നിന്നു പോയി. എനിക്ക് ഗ്ലാമര്‍ ലോകം തീരെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാര്‍ എടുക്കണമെന്നുമുള്ള കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ ഒഴിവായി.

അതിനു ശേഷം കോളേജില്‍ ചേരുകയും സുഹൃത്തുകള്‍ക്കൊപ്പം പുറത്തു പോകുകയും, ഫിലിം ഫെസ്റ്റിവലുകള്‍ക്കെല്ലാം പങ്കെടുക്കുകയും, കയ്യില്‍ പണം ഉള്ളപ്പോള്‍ അടുത്തുള്ള പബ്ബുകളില്‍ പോയി ആഘോഷിക്കുകയും എല്ലാം ചെയ്യുന്ന ഒരു ചെറുപ്പക്കാരിയായ സ്ത്രീയായി ജീവിതം തള്ളി നീക്കുകയായിരുന്നു. 2001ല്‍ ഒരു ദിവസം വൈകുന്നേരം വീട്ടില്‍ എത്തിയപ്പോഴാണ് എന്‍റെ വീട്ടുകാരെയും ജോലിക്കാരെയും പോലീസ് അറസ്റ്റ്‌ ചെയ്യുകയ്യും വീടാകെ പരിശോധിക്കുകയും ചെയ്തു എന്ന് മനസ്സിലാകുന്നത്. ഞാന്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോകുകയും, അവര്‍ അവിടെ നിന്നും ഞങ്ങളെ സിഐഡി ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോവുകയും, ഖാദിം എന്ന സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടറെ തട്ടിക്കൊണ്ടു പോയ വിഷയത്തില്‍ ചോദ്യം ചെയ്യുകയും (അദ്ദേഹത്തിന്‍റെ മോചനത്തിനായി ആവശ്യപ്പെട്ട മോചനദ്രവ്യം 9/11 ഫണ്ടിംഗിലേക്ക് പോയി എന്ന് ആരോപിക്കപ്പെടുന്നു) ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയക്കുകയും ഉണ്ടായി. രാവിലെ മൂന്ന് മണിക്കാണ് ചോദ്യം ചെയ്യലിന് ശേഷം വീട്ടില്‍ എത്തിയത്. ആളുമാറി ഞങ്ങളെ അറസ്റ്റ്‌ ചെയ്തതാകാം എന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. അതോടെ പ്രശ്നം അവസാനിക്കുമെന്നും ഞങ്ങള്‍ കരുതി.

എന്നാൽ അത് ഒരു തുടക്കം മാത്രമായിരുന്നു. നഗരത്തിലെ ചില പ്രാദേശിക പത്രങ്ങൾ (അല്ല, ടാബ്ലോയിഡുകൾ) ഞങ്ങളെക്കുറിച്ച് (ഞാനും എന്‍റെ അമ്മയും), കേസില്‍ സംശയിക്കുന്നവരായത് കൊണ്ട് തലക്കെട്ടുകൾ മെനഞ്ഞുണ്ടാക്കി. അത് പിന്നീട് ഞങ്ങള്‍ വേശ്യകൾ ആണെന്നും ലൈംഗിക റാക്കറ്റുകൾ നടത്തുന്നവരാണെന്നുമുള്ള ആരോപണങ്ങളിലേക്ക് മാറി. ഒരിക്കൽ ഞാൻ ഒരു മോഡലായിരുന്നു എന്ന വസ്തുത ഈ ആരോപണങ്ങൾക്കെല്ലാം ആക്കം കൂട്ടി. ഞാനൊരു മോഡല്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന എന്‍റെ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അവര്‍ മുന്‍ പേജുകളില്‍ തന്നെ അച്ചടിച്ചു. എന്നാല്‍ ഒരു മുന്‍നിര പത്രവും - ആനന്ദബസാര്‍ പത്രിക, ടെലഗ്രാഫ്, ബര്‍ത്തമാന്‍, സ്റ്റേറ്റ്സ്മാന്‍ തുടങ്ങിയ ഒന്നും അത് അച്ചടിക്കാന്‍ തയാറായില്ല. ഒരു പത്രമൊഴികെ, ആളുകള്‍ അതിനെ തമാശയായി 'ഇന്ത്യയുടെ ടോയ്‌ലറ്റ് പേപ്പർ' എന്ന് വിളിക്കുന്നു (അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല). നീണ്ടു പോയ മാധ്യമ വിചാരണക്കൊടുവില്‍ സിഐഡി ഇൻസ്പെക്ടർ ജനറൽ പാർത്ത ഭട്ടാചാർജി ഒരു പത്രസമ്മേളനം നടത്തുകയും ഈ കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.

ഖാദിമിന്‍റെ എംഡിയെ ഞങ്ങളുടെ വീട്ടിൽ ഒളിപ്പിക്കാൻ ഞങ്ങൾ (ഞാനും എന്‍റെ അമ്മയും) കൂട്ട് നിന്നുവെന്നും പറഞ്ഞ് ആരോ അജ്ഞാത കത്തുകൾ അയച്ചിരുന്നതായി ഞങ്ങള്‍ പറഞ്ഞറിഞ്ഞു. വിവാഹമോചിതയും വിജയകരമായ ഒരു സംരംഭകയുമായ എന്‍റെ അമ്മയെ എന്‍റെ ബയോളജിക്കല്‍ ഫാദര്‍ പല തരത്തിലുള്ള കേസുകളില്‍ - ഞങ്ങൾ താമസിച്ചിരുന്ന വീടിനു മുകളിലുള്ള തര്‍ക്കം തുടങ്ങി മറ്റു പല കേസുകളും - ചുമത്തി പീഡിപ്പിച്ചിരുന്നു. ഞങ്ങളെപ്പോലുള്ള 'അധാർമികരാ'യ സ്ത്രീകളെ മാന്യമായ അയൽ‌പ്രദേശങ്ങളിൽ‌ തുടരാൻ‌ അനുവദിക്കണമോ അതോ ബലം പ്രയോഗിച്ച് പുറത്തിറക്കേണമോ എന്നാവശ്യപ്പെട്ടു കൊണ്ട് എന്‍റെ പിതാമഹനും മുത്തശ്ശിയും ലോക്കൽ കൗൺസിലറുടെ അടുക്കലേക്ക്‌ പോയിരുന്നു എന്ന് ഞാൻ‌ പിന്നീടറിഞ്ഞു. ഒരു കാര്യം ഞാന്‍ പറയട്ടെ, ഞങ്ങൾ ശാന്തരായ സ്ത്രീകളായിരുന്നില്ല. എന്‍റെ അമ്മ അവരുടെ പങ്കാളിക്കൊപ്പം (ഇപ്പോള്‍ അവരുടെ ഭര്‍ത്താവ്) പരസ്യമായി താമസിക്കുകയായിരുന്നു. ഞാനാകെട്ടെ എന്‍റെ തന്‍റേടിയായ സ്വഭാവത്തിന്‍റെ പേരില്‍ - 'അനുചിതമായ' വസ്ത്രങ്ങൾ ധരിക്കുക, സിഗരറ്റ് വലിക്കുക, ആൺകുട്ടികളുമായി ഹാംഗ് ഔട്ട് ചെയ്യുക - അറിയപ്പെട്ടിരുന്നു.

പിന്നീട് നടന്നതൊക്കെ ഒരു പേടിസ്വപ്നമായിരുന്നു: എല്ലാ നേരം കെട്ട നേരത്തും ഞങ്ങളുടെ ലാൻഡ്‌ലൈനിൽ (മൊബൈൽ ഫോണുകൾ ആ സമയത്ത് ചുരുക്കമായിരുന്നു) അജ്ഞാതമായ കോളുകള്‍. ആളുകൾ ഞങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ പറയുകയും അപവാദം പറഞ്ഞു പരത്തുകയും ചെയ്യുക; എന്‍റെ ഒരു സുഹൃത്തിന്‍റെ അമ്മ ഒരു വാർത്താ ക്ലിപ്പിംഗ് ഫോട്ടോകോപ്പി ചെയ്ത് അയൽക്കാർക്കിടയിൽ വിതരണം ചെയ്തു, സ്കൂളിൽ നിന്നുള്ള ഒരു 'ഉത്തമസുഹൃത്ത്' ഞാന്‍ എന്‍റെ ചിലവുകള്‍ക്കായി ലൈംഗിക ജോലികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നുള്ള തലക്കെട്ടില്‍ ആ വാര്‍ത്ത പ്രചരിപ്പിച്ചു (ഞങ്ങളുടെ സ്കൂൾ കാലത്ത് ഞങ്ങൾ അടുത്തിടപഴകിയതും കൊൽക്കത്തയിലെ ഒരു 'അറിയപ്പെടുന്ന' കുടുംബത്തിൽ നിന്നുള്ളയാളാണെന്നതും അവളുടെ വാക്കുകൾക്ക് വിശ്വാസ്യത നൽകി). കൂടാതെ മറ്റു പലതും; ഞാൻ അവയൊന്നും കണക്കിലെടുക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. എല്ലാ പത്രങ്ങൾക്കെതിരെയും ഞങ്ങൾ മാനനഷ്ടക്കേസ് ഫയൽ ചെയ്തു, കോടതികളില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒന്‍പതു വര്‍ഷങ്ങള്‍ ആയിരിക്കുന്നു.

പക്ഷേ ഞാന്‍ അതില്‍ നിന്നൊക്കെ രക്ഷപ്പെട്ടതിന്‍റെ പ്രധാന കാരണം അന്ന് സോഷ്യൽ മീഡിയയും റിപ്പബ്ലിക് ചാനലും ഒന്നും ഇല്ലായിരുന്നു എന്നുള്ളതാണ്. വാസ്തവത്തിൽ ടിവി ചാനലുകള്‍ ഒന്നും എന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇന്നത്തേത് പോലെ മീമുകളോ, നിങ്ങളുടെ പേര് വിളിച്ചു കൂവുന്ന ചാനല്‍ അവതാരകന്‍മാരോ, സോഷ്യല്‍നെറ്റ് വര്‍ക്കുകളോ, ഹാഷ് ടാഗുകളോ, വാട്ട്‌സ് ആപ്പ് ഫോര്‍വേഡുകളോ ഒന്നും അന്നുണ്ടായിരുന്നില്ല. ഞാൻ അതിനോടകം ഒരു ഫെമിനിസ്റ്റായി മാറിയതും ഞാന്‍ രക്ഷപ്പെടുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായിരുന്നു; കോളേജിലെ ആദ്യ വര്‍ഷം ഞാന്‍ ദി സെക്കന്‍ഡ് സെക്സ് എന്ന പുസ്തകം (പ്രശസ്ത ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയുമായ സിമോണ്‍ ദെ ബുവേ യുടെ വിഖ്യാതമായ പുസ്തകം) നിരവധി തവണ വായിച്ചിരുന്നു (കൂടുതല്‍ ഒന്നും മനസ്സില്‍ ആയിരുന്നില്ല) പക്ഷേ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളെ സ്ത്രീവിരുദ്ധതയുടെ അടയാളമായും പുരുഷാധിപത്യപരമായ അച്ചടക്കം സ്ത്രീകളെ അഭ്യസിപ്പിക്കുനതിനുള്ള (കുടുംബം മുതല്‍ സ്റ്റേറ്റ് വരെ നടത്തുന്ന) ശ്രമങ്ങള്‍ ആയും വായിക്കാന്‍ സാധിച്ചു.

ഞാന്‍ ഓടിപ്പോയില്ല. ഞങ്ങള്‍ താമസിച്ചു കൊണ്ടിരുന്ന വീട്ടില്‍ തന്നെ പിന്നെയും ഒരു പത്തു വര്‍ഷം കൂടി താമസിച്ചു.

എന്‍റെ അമ്മ വീണ്ടും വിവാഹിതയായി, എം എ ചെയ്യുന്നതിന് വേണ്ടി ഞാന്‍ മുംബൈയിലേക്ക് പോകുകയും എന്നാല്‍ ഡോക്ടറല്‍ പഠനത്തിനായി തിരകെ കൊല്‍ക്കത്തയിലേക്ക് വരുകയും അവിടെ ഒരു സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ചേരുകയും ചെയ്തു. അതിനു ശേഷം അവിടുത്തെ വുമണ്‍ സ്റ്റഡി സെന്‍ററില്‍ അഞ്ചു വര്‍ഷത്തിനു മുകളില്‍ പഠിപ്പിക്കുകയും ചെയ്തു. പിന്നെയും മോശമായ കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരുന്നു. ഇന്നും ഞാന്‍ പലരും അടക്കം പറയുന്നത് കേള്‍ക്കാറുണ്ട്; ഇത് ആ പെണ്‍കുട്ടി തന്നെയല്ലേ എന്ന അര്‍ത്ഥത്തില്‍.

ഞാന്‍ എന്‍റെ ഇരുപതുകളും, മുപ്പതുകളുടെ നല്ലൊരു ഭാഗവും ഡിപ്രഷന്‍, കുറ്റബോധം, നാണക്കേട്‌, സ്വയം ബഹുമാനമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുമായി പോരാടിക്കൊണ്ടിരുന്നു. പക്ഷേ ആ സമയം ഞാന്‍ ബംഗാളിലെ ഗ്രാമ പ്രദേശത്തെ കര്‍ഷക തൊഴിലാളികളുടെ ട്രേഡ് യൂണിയനുമായി ചേര്‍ന്ന് ജോലി ചെയ്തിരുന്നു. അവിടുത്തെ ജനങ്ങളുടെ കൂടെ, ഭൂമി കയ്യേറ്റത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിലും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളിലും ഞാന്‍ പങ്കു ചേര്‍ന്നിരുന്നു. പക്ഷേ, മാധ്യമങ്ങള്‍ എപ്പോഴൊക്കെ അവിടെയെത്തിയോ അപ്പോഴൊക്കെ ഞാന്‍ അവിടെ നിന്നും ഓടി ഒളിച്ചു.

ഗ്രാമീണ തൊഴിലാളിവർഗം, ദലിതര്‍, മുസ്ലീം സ്ത്രീകൾ തുടങ്ങിയവരോടൊത്തുള്ള പ്രവര്‍ത്തനം എന്നെ ജാതി, വര്‍ഗം മുതലായവയില്‍ ഞങ്ങള്‍ സ്വരൂപിച്ച സാമൂഹികവും സാംസ്കാരികവുമായ മൂലധനത്തെ കുറിച്ച് ആത്മപരിശോധന നടത്താന്‍ സഹായിച്ചു. ആ സാംസ്കാരിക മൂലധനം എന്നെയും എന്‍റെ അമ്മയുടെയുമൊക്കെ ജാതി അല്ലെങ്കില്‍ വര്‍ഗ മഹിമ മുകളില്‍ പറഞ്ഞ മനുഷ്യര്‍ക്ക് നേരിടേണ്ടി വരുന്നതു പോലെ പോലീസുകാരുടെ തോന്നിയത് പോലെയുള്ള അറസ്റ്റില്‍ നിന്നും മറ്റു അക്രമങ്ങളില്‍ നിന്നുമൊക്കെ രക്ഷിച്ചു നിര്‍ത്തുകയും സമൂഹത്തിലെ നിരവധി ഉന്നതരായ മനുഷ്യരുടെ സഹായ സഹകരണങ്ങള്‍ക്ക് ഞങ്ങളെ അര്‍ഹരാക്കുകയും ചെയ്തിരുന്നു എന്ന് മനസ്സിലാക്കുന്നതിന് സഹായിച്ചു. അടുത്ത കാലത്തായി, ഒരു ഗവേഷണ പ്രോജക്റ്റിനായി, സോണി സോരിയുമായി അഭിമുഖം നടത്താൻ ഞാൻ ഛത്തീസ്ഗഡിലേക്കും, ഇറോം ഷര്‍മിളയെ കണ്ടു മുട്ടുന്നതിനായി മണിപ്പൂരിലേക്കും പോയി: ഇവര്‍ രണ്ടു പേരും ഭരണകൂട ഭീകരതയും വ്യക്തിഹത്യകളും മാധ്യമ വിചാരണകളും ഒക്കെ നേരിടുകയും, എന്നിട്ടും നീതിക്കായുള്ള പോരാട്ടത്തില്‍ ധൈര്യത്തോടെ നില കൊണ്ടവരുമാണ്.

'സ്ലട്ട് ഷേമിംഗ്' മുതലായ വ്യക്തിഹത്യകളെ നേരിടുന്നതിനും, വളരെയധികം സ്ത്രീവിരുദ്ധമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിലനിന്ന് പോകുന്നതിനും താന്‍ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചുള്ള സോരിയുടെ വിവരണം എന്നെ അത്ഭുതപ്പെടുത്തി. അവര്‍ എന്‍റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു: "എന്‍റെ ഭര്‍ത്താവ് എന്നോട് പറഞ്ഞു, 'നീ എന്തിനാണ് ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പറയുന്നത്, ആളുകള്‍ എന്നെ കളിയാക്കുകയാണ്, എനിക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കുന്നില്ല. നിനക്ക് വേണമെങ്കില്‍ മറ്റ് അതിക്രമങ്ങളെ കുറിച്ച് പറഞ്ഞോളൂ, ലൈംഗിക അതിക്രമത്തിനെ കുറിച്ച് സംസാരിക്കണ്ട'. ഞാന്‍ എനിക്ക് വിവാഹ മോചനം വേണമെന്ന് അയാളോട് ആവശ്യപ്പെട്ടു. കാരണം ഞാന്‍ എന്‍റെ പോരാട്ടം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നത് അഭിമാനത്തിനെയും നാണക്കേടിനെ കുറിച്ചുമാണ്. ഞാന്‍ അത് രണ്ടിലും വിശ്വസിച്ചിരുന്നില്ല".

അതെന്നെ വല്ലാതെ സ്പര്‍ശിച്ചിരുന്നു. ഞാന്‍ ഒരു നിശബ്ധതയിലേക്ക് ആണ്ടു പോവുകയായിരുന്നു. ഞാന്‍ ആളുകളെയും സാമൂഹിക ബന്ധങ്ങളെയും ഒക്കെ ഒഴിവാക്കി ഒരു ഏകാന്തവും അസാധാരണവുമായ ജീവിതം ജീവിച്ചു. സാറ അഹമ്മദ് പറയുന്നത് പോലെ നാണക്കേട്‌ ഒരു തീക്ഷ്ണമായ അനുഭവമാണ്. അത് ഒരാളെ അയാളിലേക്ക് തന്നെ ചുരുക്കുന്നു. നമുക്ക് നമ്മളില്‍ നിന്ന് തന്നെ ഒളിച്ചോടാന്‍ തോന്നുന്നത് പോലെയാണ് അത്. സോണി സോരി എന്നോട് പറഞ്ഞ ഒരു കാര്യം, നിശബ്ദത നമ്മളെ സംരക്ഷിക്കുകയില്ല; നിശബ്ദത ആണ്‍കോയ്മയെ വളരാന്‍ അനുവദിക്കുകയേ ഉള്ളൂ എന്നാണ്.

സോണി സോരി

ചില വസ്തുതകള്‍: ഞങ്ങള്‍ സമര്‍പ്പിച്ച മാനനഷ്ട കേസുകള്‍ പിന്നെയും ഒന്‍പതു വര്‍ഷക്കാലത്തോളം നീണ്ടു നിന്നു. അന്നുണ്ടായിരുന്ന രണ്ടു ടാബ്ലോയിഡുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. രേഖകള്‍ 'നഷ്ടപ്പെട്ടു' എന്ന കാരണത്താല്‍ വര്‍ഷങ്ങളോളം കേസ് കേള്‍ക്കുന്നത് നീട്ടി വെയ്ക്കപ്പെട്ടു. ഞാന്‍ എന്‍റെ അച്ഛനെ ഒരുപാടു വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടി. അദ്ദേഹത്തിനപ്പോള്‍ അമിതമായ മദ്യപാനം കാരണം ഓര്‍മ്മക്കുറവ് ബാധിച്ചിരുന്നു. പഴയ കാര്യങ്ങള്‍ പലതും അദ്ദേഹത്തിന് ഓര്‍മയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ അവസാന കാലത്ത് അദ്ദേഹത്തെ ശുശ്രൂഷിച്ചത് ഞാനായിരുന്നു; അതിനു കാരണം ഞാന്‍ എല്ലാം മറന്നതല്ല, ഞാന്‍ എല്ലാം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. അസ്വസ്ഥതപ്പെടുത്തുന്ന ഓർമ്മകളിൽ നിന്നും പേടിസ്വപ്നങ്ങളിൽ നിന്നും ഞാൻ സ്വാതന്ത്ര്യം തേടി. എന്തിനു പറയുന്നു, എനിക്കതൊന്നും ലഭിച്ചില്ല.

എന്തിനാണ് ഇക്കാര്യങ്ങളൊക്കെ പറയാന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും പേന എടുത്തത്? ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഞാനൊരു ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയിരുന്നു. അതില്‍ നിറയെ റിയ ചക്രബര്‍ത്തിയുടെ പേരിലുള്ള ഹാഷ് ടാഗുകളാണ് ഇപ്പോള്‍ എനിക്ക് കാണാന്‍ സാധിക്കുന്നത്. (ഞാന്‍ ടിവി കാണാറില്ല. സ്വന്തമായി ടിവിയുമില്ല). ഈ രാജ്യത്ത് ഒരു സ്ത്രീയും സുരക്ഷിതയല്ല എന്നുള്ള തിരിച്ചറിവും കൂടിയാകാം എന്നെ ഇത് എഴുതാന്‍ പ്രേരിപ്പിച്ച മറ്റൊരു ഘടകം.

ഇന്നലെ ഞാന്‍ ഉറക്കമെഴുന്നേല്‍ക്കുന്നത് ഒരു നടിയെ ബംഗളുരുവില്‍ എല്ലാവരും ചേര്‍ന്ന് 'അച്ചടക്കം പഠിപ്പിക്കാന്‍' ശ്രമിക്കുന്നത് കണ്ടു കൊണ്ടായിരുന്നു. 'സദാചാര'ത്തിനു ചേരാത്ത അവരുടെ വേഷമായിരുന്നു ആളുകള്‍ക്ക് പ്രശ്നം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് അന്വേഷണവുമായി അവളുടെ പേര് ബന്ധിപ്പിച്ച് അവളെ ഒരു പാഠം പഠിപ്പിക്കുമെന്ന് ചില പുരുഷന്മാർ ആക്രോശിക്കുന്നത് കേള്‍ക്കാം. സ്ത്രീകളുടെ വിശ്വാസ്യതയെ തകര്‍ക്കുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണം; ഇത്തരം ഭീഷണികള്‍ അവരെ കൂടുതല്‍ ദുര്‍ബലരാക്കുകയും തങ്ങള്‍ക്കു വേണ്ടി സംസാരിക്കാനുള്ള അവരുടെ അവകാശത്തെ പോലും അവരില്‍ നിന്നും തട്ടിയെടുക്കുകയും ചെയ്യുന്നു.

നമ്മുടെ രാജ്യത്ത് (അല്ലെങ്കില്‍ ലോകത്ത് തന്നെ) സദാചാര നീതിബോധവും, ആള്‍ക്കൂട്ട മര്‍ദ്ദനവും അത്ര പുതിയ കാര്യമൊന്നുമല്ല. പലപ്പോഴും അതൊരു കുറ്റമായി കണ്ട് ശിക്ഷിക്കപ്പെടാറുമില്ല. പലപ്പോഴും കിംവദന്തികളാണ് പൊതു വികാരത്തെ ആളിക്കത്തിക്കുന്നത്, ഇത് സദാചാര നീതിബോധത്തിലേക്കും അത് വഴി കൊലപാതകത്തിലേക്കുമെല്ലാം വഴി തെളിക്കുന്നു. പലപ്പോഴും ആള്‍ക്കൂട്ടത്തിന്‍റെ ഈ നീതി ബോധം സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, മുസ്ലിങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരെയാണ് കൂടുതലും മോശമായി ബാധിക്കാറുള്ളത്. ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ മിക്കപ്പോഴും നടക്കുന്നത് യാദൃശ്ചികമായിട്ടല്ല, മറിച്ച് ഒരു അധികാരശ്രേണിക്കോ, സമൂഹത്തിലെ മാമൂലുകള്‍ക്കോ, കീഴ്വഴക്കങ്ങള്‍ക്കോ നേരെ ഏല്‍ക്കുന്ന ഒരു വെല്ലുവിളിയുടെ പ്രതികരണമായിട്ടാണ് സംഭവിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗോരക്ഷാ സേനകളുടെ ആള്‍ക്കാര്‍ രാജ്യത്തെ മുസ്ലിങ്ങളെ വേട്ടയാടുന്നത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. വാട്ട്സ് ആപ്പ് പോലെയുള്ള സമൂഹ മാധ്യമങ്ങളുടെ ലഭ്യതയാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനുള്ള മറ്റൊരു കാരണം എന്നുള്ള നിരീക്ഷണവുമുണ്ട്.

സാങ്കേതിക വിദ്യയെ കുറ്റം പറയുക എന്ന് വെച്ചാല്‍ സാമൂഹികമായി നടക്കുന്ന അക്രമത്തിനെതിരെ കണ്ണടയ്ക്കുക എന്നാകും. പലപ്പോഴും ഇത്തരം അക്രമങ്ങള്‍ ന്യായീകരിക്കപ്പെടുന്നുമുണ്ട്. രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നു എന്ന് ചിലര്‍ കരുതുന്ന ഒരു സാങ്കല്പിക ഭീഷണിയില്‍ നിന്നും - അതൊന്നുകില്‍ സാമ്പ്രദായികമായ ലിംഗ നിയമങ്ങളോട് കൂറ് പുലര്‍ത്താത്ത ഒരു സ്ത്രീയാകാം, അല്ലെങ്കില്‍ ഒരു പുണ്യ സ്ഥലത്തെ അശുദ്ധിപ്പെടുത്തുന്നു എന്ന് ചിലര്‍ കരുതുന്ന ഒരു ദളിതനാകാം. സാമൂഹിക പ്രവര്‍ത്തകര്‍, വിമതര്‍, അക്കാദമിക്കുകള്‍ എന്നിവരെ വേട്ടയാടുന്നതിന് സ്റ്റേറ്റ് പൊതുവേ സ്വീകരിച്ചു വരുന്ന ചില രീതികളുണ്ട് - അയാളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുകയും പൂർണ്ണമായി നശിപ്പിക്കുകയും ചെയ്യുക. സുധാ ഭരദ്വാജിനെതിരെ റിപ്പബ്ലിക് ടിവി നടത്തിയ അപകീർത്തികരമായ പ്രചാരണം അവരെ തടവില്‍ ആകുന്നതിനു വരെ കാരണമായി. റിയ ചക്രവർത്തിയുടെ മാധ്യമ വിചാരണ നിലവിലെ രാഷ്‌ട്രീയ വ്യവസ്ഥിതിയുടെയും കാഴ്ചക്കാരുടെയും അഭിലാഷ പൂര്‍ത്തികരണത്തിന്‍റെ ഉദാഹരണം കൂടിയാണ്. ഈ രാജ്യത്ത് ഒരു സ്ത്രീയും സുരക്ഷിതരല്ലെന്നും റിയ ചക്രബര്‍ത്തിയുടെ വിചാരണ നമ്മോട് പറയുന്നു, അവര്‍ ഒരു പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാട് പ്രകടിപ്പിക്കുകയോ എന്തിനോടെങ്കിലും വിയോജിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. അവരുടെ രാഷ്ട്രീയ വീക്ഷണങ്ങൾ എന്താണെന്ന് പോലും നമുക്കറിയില്ല. പുരുഷാധിപത്യ മാനദണ്ഡത്തിന് ചേരാത്ത വിധത്തിൽ ജീവിക്കാനും സ്നേഹിക്കാനുമുള്ള തീരുമാനം നടത്തിയ ഒരു സ്ത്രീയായിരുന്നു അവൾ.

എന്നിട്ടും, സിബിഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക്സ് ക്രൈം ബ്യൂറോ എന്നിവരുടെ അന്വേഷണം അവര്‍ നേരിട്ട് കൊണ്ടിരിക്കുന്നു. ഇപ്പോഴും തെളിവുകള്‍ ഒന്നും തന്നെ അവര്‍ക്കെതിരെ കണ്ടെത്തിയിട്ടില്ല, പക്ഷേ എന്നിട്ടും അവര്‍ അവളെ അറസ്റ്റ്‌ ചെയ്തു. അവളുടെ മാധ്യമ വിചാരണ (എന്‍റേതും) നമ്മുടെ സമൂഹത്തിലെ മധ്യവർഗത്തിന്‍റെ ഒരു വിചാരണയാണ്. കാരണം അവരുടെ ജീവിതത്തിന്, അവരുടെ ഏറ്റവും പുതിയ ആമസോൺ പര്‍ച്ചേസിനപ്പുറം ചില അർത്ഥങ്ങള്‍ വേണമല്ലോ.

(ദി പ്രിന്റുമായുള്ള കണ്ടന്റ് ഷെയറിംഗ് പാര്‍ട്ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎംഎസ് ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


പാഞ്ചാലി റേയ്

പാഞ്ചാലി റേയ്

ന്യൂഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷക

Next Story

Related Stories