TopTop
Begin typing your search above and press return to search.

കുമ്പളങ്ങി നൈറ്റ്സിലെ നായകന്‍, ലൂസിഫറിലെ പ്രതിനായകന്‍; ഋഷി കപൂര്‍ അവശേഷിപ്പിച്ച ബോബിമാര്‍ ഒരു വികാരമാണ്

കുമ്പളങ്ങി നൈറ്റ്സിലെ നായകന്‍, ലൂസിഫറിലെ പ്രതിനായകന്‍; ഋഷി കപൂര്‍ അവശേഷിപ്പിച്ച ബോബിമാര്‍ ഒരു വികാരമാണ്

ഇന്ത്യൻ സിനിമയ്ക്ക് നഷ്ടങ്ങളുടെ ദിവസമാണ് കടന്നുപോയത്. 28ന് ലോകസിനിമയിലെ ഇന്ത്യൻ മുഖം ഇർഫാൻ ഖാനും തൊട്ടടുത്ത ദിവസം റൊമാന്റിക് ഹീറോ ഋഷി കപൂറും. 1953ൽ ജനിച്ച റിഷി കപൂർ തന്റെ 67-ാം വയസ്സിലാണ് മരിച്ചതെങ്കിൽ 1967ൽ ജനിച്ച ഇർഫാൻ തന്റെ 53-ാം വയസ്സിലാണ് മരിച്ചതെന്ന സാമ്യം യാദൃശ്ചികമെങ്കിലും ഇരുവർക്കുമിടയിലുണ്ട്. എന്തായാലും ഇർഫാന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്നും സിനിമാ ലോകം ഉണരുന്നതിന് മുമ്പാണ് ഋഷി കപൂറും മൺമറയുന്നത്. എഴുപതുകളിൽ ധർമ്മേന്ദ്ര, അമിതാഭ് ബച്ചൻ തുടങ്ങിയ ക്ഷുഭിത യൗവ്വനങ്ങളുടെ പ്രതിനിധികൾ ഉയർന്നു വന്നപ്പോൾ കാണികളുടെ മൃദുല വികാരങ്ങളെ ഉണർത്തുന്ന ചുമതലയായിരുന്നു ഏതാണ്ട് അതേകാലത്തുതന്നെ കളത്തിലിറങ്ങിയ ഋഷി കപൂറിന്റേത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രിയങ്കരമായ പാട്ടുകൾക്കൊപ്പമല്ലാതെ ഋഷി കപൂർ എന്ന പേരും ആ മുഖവും സിനിമാ പ്രേമികൾക്ക് ഓർക്കാൻ കഴിയില്ല. തൊണ്ണൂറുകളിൽ ദൂരദർശനിലെ രംഗോലിയാണ് ഈ ഗാനങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. ഹേമ മാലിനിയുടെ അവതരണത്തോടൊപ്പം പ്രിയപ്പെട്ട മറ്റ് ചില മുഖങ്ങളും കാണാനും കേട്ടുകേട്ട് പരിചിതമായ ഗാനങ്ങൾ വീണ്ടും കേൾക്കാനും അവർ ഞായറാഴ്ച ഏഴ് മണിയാകാൻ കാത്തിരുന്നു. അതീവ ദുഃഖത്തോടെയാണ് ഓരോ രംഗോലി പ്രഭാതങ്ങളും ആരംഭിച്ചിരുന്നത്. "ഓ ദുനിയാ കേ രഖ് വാലേ" എന്ന് റാഫി ആരംഭിക്കും. ഒന്നു രണ്ട് ബ്ലാക്ക് ആൻഡ് വൈറ്റുകൾക്ക് ശേഷം ഒരു ദേശീയോദ്ഗ്രഥനം ഉണ്ടാകും. ഇതിന് ശേഷം ദേവാനന്ദ് കാലഘട്ടത്തിലേക്ക് കടക്കും. "കാഞ്ചീരേ, കാഞ്ചീരേ", "ഫൂലോം കി രംഗ് സെ ദിൽ കി കസം സെ", "ദമ്മര ദം" എന്നിങ്ങനെ പോകും ആ സെക്ഷൻ. അതിന് ശേഷം ഷർമ്മിള ടാഗോർ വരുന്ന ട്രെയിനിനൊപ്പം കാറിൽ പായുന്ന രാജേഷ് ഖന്നയ്ക്ക് വേണ്ടി കിഷോർ ദാ പാടും "മേരേ സപ്നോം കി റാണി കഭി ആയേഗി തൂ.." പിന്നെ "രൂപ് തെരാ മസ്താനാ", "ഓ മേരേ ദിൽ കെ ചെൻ..", "പ്യാർ ദിവാനാ ഹോതാ ഹേ.." കിഷോർ ദായുടെ പെരുക്കമായിരിക്കും പിന്നീടങ്ങോട്. അതിന് ശേഷമാകും ശശി കപൂറും ഋഷി കപൂറും വരിക. ബോബിയിലെ പാട്ട് എന്തായാലും ഉറപ്പ്. "ഹം തും എക് കമരേ മേം ബന്ദ് ഹോ" എന്ന് ഋഷി കപൂർ കണ്ണിറുക്കി കൊണ്ട് പാടും. പതിവായി കാണുന്നവർക്ക് അടുത്ത പാട്ടേതെന്ന് പോലും കൃത്യമായി പറയാൻ സാധിക്കുമെങ്കിലും ആ മുഖങ്ങൾക്കും പാട്ടുകൾക്കുമായി അവർ ഓരോ ഞായറാഴ്ചയേയും കാത്തിരുന്നു. അതിലൊരു മുഖമായിരുന്നു ഋഷി കപൂറിന്റേത്.1973ൽ പുറത്തിറങ്ങിയ രാജ് കപൂർ ചിത്രം ബോബിയാണ് ഋഷി കപൂറിനെ ആരാധകരുടെ പ്രിയപ്പെട്ട ബോബിയാക്കി തീർത്തത്. അദ്ദേഹത്തോടൊപ്പം ഡിംപിൾ കപാഡിയയും തകർത്തഭിനയിച്ച ചിത്രം. ബോളിവുഡിന്റെ ആ ചോക്ലേറ്റ് ഹീറോയാണ് വിടപറഞ്ഞിരിക്കുന്നത്. 70കളിൽ യുവത്വത്തിന്റെ ആഘോഷങ്ങൾക്ക് തിരി കൊളുത്തുകയാണ് യഥാർത്ഥത്തിൽ ഋഷി കപൂർ ചെയ്തത്. അത് ബോളിവുഡിനെയും പിന്നീടുള്ള തലമുറകളെയും ഇളക്കി മറിച്ചു. ഋഷി കപൂർ-ഡിംമ്പിൾ കപാഡിയ ജോഡികൾ ബി ടൗണിനെ ത്രസിപ്പിച്ചു. "ഹം തും ഏക് കമരേ മേം ബന്ദ് ഹോ"യെ കൂടാതെ "മേ ശായർ തോ നഹീ" തുടങ്ങിയ പാട്ടുകളും ശൈലേന്ദ്രയുടെ ശബ്ദത്തിൽ ബോബിയിലൂടെ ഹരം കൊള്ളിപ്പിച്ചു. ഈ സിനിമയും പാട്ടും കേരളത്തിലടക്കം ആണും പെണ്ണുമായി നിരവധി ബോബിമാരെ ജനിപ്പിച്ചു. ബോബി എന്ന പേരില്‍ നിരവധി കുഞ്ഞുങ്ങള്‍ പള്ളിക്കൂടങ്ങളില്‍ പ്രെസെന്‍റ് സര്‍ പറഞ്ഞു. ഏറ്റവും ഒടുവില്‍ കുമ്പളങ്ങി നൈറ്റ്സിലെ നായകനായും ലൂസിഫറിലെ പ്രതിനായകനായും നമ്മള്‍ ബോബിയെ കണ്ടു. 1970ൽ പിതാവ് രാജ് കപൂർ സംവിധാനം ചെയ്ത മേരാ നാം ജോക്കറിലൂടെയായിരുന്നു ഋഷി കപൂറിന്റെ സിനിമ അരങ്ങേറ്റം. ഇതിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. ബോബിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നായക വേഷം. അഭിനയ മികവിനൊപ്പം സൗകുമാര്യ ഭാവവും അദ്ദേഹത്തെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി. കൗമാരത്തിന്റെ പ്രതീകമായി സ്മരിക്കപ്പെടുന്ന അമേരിക്കൻ നടൻ ജെയിംസ് ബെയ്റോൺ ഡീനുമായാണ് നടൻ അനിൽ കപൂർ അദ്ദേഹത്തെ ഉപമിക്കുന്നത്. ഇന്നലെ രാത്രി അനിൽ കപൂർ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. "ഋഷി കപൂറിനെ ഞാൻ ജെയിംസ് എന്ന് വിളിക്കാൻ കാരണം ജെയിംസ് ഡീനിനെപ്പോലെ സുന്ദരനായി അദ്ദേഹമല്ലാതെ മറ്റൊരാൾ ഇല്ലായിരുന്നു എന്നതിനാലാണ്. അദ്ദേഹവും ആ വിളി ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹം എനിക്ക് എന്നും ജെയിംസ് ആയിരിക്കും". കണ്ണുകളിൽ കുസൃതിയും ചുണ്ടുകളിൽ വശ്യമായ പുഞ്ചിരിയും ഒളിപ്പിച്ചിരുന്ന ചിന്തുവിനെയാണ് അമിതാഭ് ബച്ചൻ ഓർമ്മിക്കുന്നത്. ഋഷി കപൂറിനെക്കുറിച്ച് തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് ബിഗ് ബി രാജ് കപൂറിന്റെ വീട്ടിൽ വച്ചുണ്ടായ ആ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് പറയുന്നത്. ബോബിയിൽ അഭിനയിക്കാനുള്ള പരിശീലനത്തിലായിരുന്നു ഋഷി കപൂർ അന്ന്. മുത്തശ്ശൻ പൃഥ്വിരാജ് കപൂറിന് സമാനമായ നടത്തമാണ് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ബിഗ് ബി പറയുന്നു. മറ്റാരിലും ആ ഗാംഭീര്യ നടത്തം കാണാനായിട്ടില്ല. ചുണ്ടുകളുടെ ചലനമാണ് ബച്ചൻ ഋഷി കപൂറിൽ കാണുന്ന മറ്റൊരു പ്രത്യേകത. പാട്ടുപാടി അഭിനയിക്കുമ്പോൾ പോലും ചുണ്ടുകളുടെ ചലനം സ്വാഭാവികമാക്കാൻ ജീനിയസുകൾക്ക് മാത്രമേ കഴിയൂ.ഷാരൂഖ് ഖാൻ ആദ്യമായി അഭിനയിച്ചത് ഋഷി കപൂറിനൊപ്പമായിരുന്നു. 1992 ലെ ദീവാനയിൽ. "എന്നെ ക്യാമറയിൽ എങ്ങനെ കാണുന്നു. എനിക്ക് കഴിയുണ്ടോ എന്നൊക്കെയുള്ള ഭയമുണ്ടായിരുന്നു അന്ന്. എന്നാൽ പരാജയപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നില്ല. കാരണം പരാജയപ്പെട്ടാലും എനിക്കറിയാവുന്നതിൽ ഏറ്റവും മഹാനായ നടന് മുന്നിലാണ് ഞാൻ പരാജയപ്പെടുന്നത്" അന്നത്തെ അനുഭവത്തെക്കുറിച്ച് ഷാരൂഖ് ട്വീറ്റ് ചെയ്തു. ആദ്യ ദിവസം ഋഷി കപൂർ ഷാരൂഖിനോട് പറഞ്ഞ വാക്കുകളാണ് അദ്ദേഹത്തെ ഇന്നത്തെ എസ് ആർ കെ ആക്കിത്തീർത്തത്. "എനിക്കരികിൽ കസേരയിട്ട് വന്നിരുന്ന അദ്ദേഹം പറഞ്ഞത് നിങ്ങൾക്ക് എന്തൊരു എനർജിയാണ് എന്നാണ്. അന്ന് ഞാനൊരു നടനാണെന്ന് എനിക്ക് തന്നെ തോന്നി". എസ് ആർ കെ തന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു.കപൂർ കുടുംബത്തിലെ ഓരോരുത്തരും സിനിമാ നടന്മാരാകാനാണ് ജനിക്കുന്നത് തന്നെ. ഋഷി രാജ് കപൂർ എന്ന ഋഷി കപൂറിന്റെ മുത്തശ്ശൻ പൃഥിരാജ് കപൂർ ഹിന്ദി സിനിമയുടെ നിശബ്ദ കാലഘട്ടത്തിൽ നായകനായ വ്യക്തിയാണ്. നാടകങ്ങളിലൂടെ സിനിമയിലെത്തി. പിതാവ് രാജ് കപൂർ ഇന്ത്യൻ സിനിമയിലെ വിഖ്യാത സംവിധായകരിൽ ഒരാളും നടനും ആയിരുന്നു. നടന്മാരായ ഷമ്മി കപൂറും ശശി കപൂറും രാജ് കപൂറിന്റെ സഹോദരന്മാരായിരുന്നു. ഋഷി കപൂറിന്റെ സഹോദരന്മാരായ രൺധീർ കപൂറും രാജീവ് കപൂറും ചലച്ചിത്ര നടനായിരുന്നു. അവർക്ക് ശേഷമുള്ള തലമുറയും പാരമ്പര്യം വീട്ടില്ല. രൺധീർ കപൂറിന്റെ മക്കളായ കരീനയും കരിഷ്മയും ബോളിവുഡിലെ മുൻനിര നായികമാരായി. ഋഷി കപൂറിന്റെ മകൻ രൺബീർ കപൂർ ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. തനിക്കൊപ്പം ഏതാനും ചിത്രങ്ങളിൽ നായികയായ നീതു സിംഗിനെയാണ് ഋഷി വിവാഹം കഴിച്ചത്.സിനിമയിലും പുറത്തുമായി നിരവധി കാമുകിമാരുണ്ടായിരുന്നു ഋഷിക്ക്. ഖേൽ ഖേൽ മേം, അമർ അക്ബർ അന്തോണി എന്നീ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച നീതുവുമായി അടുത്ത സൗഹൃദവും. ഓരോ പ്രണയം തകരുമ്പോഴും നീതുവിന്റെ തോളിൽ കിടന്ന് കരയും എന്നിട്ട് അടുത്ത പ്രണയത്തിലേക്ക് നടന്നു നീങ്ങുകയും ചെയ്യും. ബരൂദ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഋഷി നീതുവിനോടുള്ള തന്റെ പ്രണയം തിരിച്ചറിയുന്നത്. എന്നാൽ "നമുക്ക് പ്രണയിക്കാം, എന്നാൽ ഞാൻ നിന്നെ വിവാഹം കഴിക്കില്ല." എന്നായിരുന്നു ഋഷിയുടെ നിബന്ധന. നീതുവിനും അത് സമ്മതമായിരുന്നു. പക്ഷെ ഋഷിയുടെ സഹോദരിയുടെ വിവാഹത്തിന് നീതു എത്തിയതോടെ ഇവരുടെ പ്രണയം വീട്ടുകാർ പിടികൂടി. നീതു തന്റെ കാമുകിയാണെന്ന് കുടുംബാം​ഗങ്ങൾ മനസ്സിലാക്കിയതോടെ ഋഷി അവരോട് വിവാഹാഭ്യർഥന നടത്തി. അങ്ങനെ നീതുവും ഋഷിയും 1980 ൽ വിവാഹിതരായി. ബോബി എന്ന സിനിമ രാജ് കപൂർ സംവിധാനം ചെയ്തത് ഋഷി കപൂറിനെ നായകനായി കൊണ്ടുവരാനായിരുന്നു എന്നാണ് പ്രചരിച്ചിരുന്നത്. എന്നാൽ ഇത് സത്യമല്ലെന്ന് 2012ൽ നൽകിയ ഒരു അഭിമുഖത്തിൽ ഋഷി കപൂർ തന്നെ പറഞ്ഞിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ മേരാ നാം ജോക്കറിൽ നിന്നുണ്ടായ കടം വീട്ടാനാണ് ബോബി ചെയ്തത്. രാജേഷ് ഖന്നയെ നായകനാക്കി കൗമാര പ്രണയം പറയുന്ന ഒരു സിനിമയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ അതിനുള്ള പണം കൊടുക്കാനില്ലാത്തതിനാൽ തന്നെ നായകനാക്കുകയായിരുന്നു. ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആകുകയും ബോളീവുഡിന് അതുല്യനായ ഒരു പ്രണയ നായകനെ സംഭാവന ചെയ്യുകയും ചെയ്തെന്നത് ചരിത്രം.ഇനിയും വലിച്ചു നീട്ടുന്നില്ല, പ്രീയപ്പെട്ട പ്രണയ നായകാ നിങ്ങൾ ഞങ്ങളുടെ മനസിലെ തിരശ്ശീലയിൽ എന്നെന്നും തിളങ്ങിക്കൊണ്ടേയിരിക്കും. പ്രണയം ബാക്കിയാക്കി നിങ്ങൾ പോകുമ്പോൾ, ഞങ്ങൾക്ക് ഓർമ്മിക്കാൻ വശ്യമായ ആ പുഞ്ചിരി മാത്രം മതി.


Next Story

Related Stories