TopTop
Begin typing your search above and press return to search.

മുണ്ട് പൊക്കിക്കാണിച്ചും കസേര തല്ലിപ്പൊളിച്ചും ലംഘിക്കുന്ന ചട്ടങ്ങള്‍; ഒളിപ്പിച്ചും മറന്നും ശ്രീകോവിലിനെ പരിപാലിക്കുന്ന സാമാജികര്‍

മുണ്ട് പൊക്കിക്കാണിച്ചും കസേര തല്ലിപ്പൊളിച്ചും ലംഘിക്കുന്ന ചട്ടങ്ങള്‍; ഒളിപ്പിച്ചും മറന്നും ശ്രീകോവിലിനെ പരിപാലിക്കുന്ന സാമാജികര്‍

'പ്രാർത്ഥിക്കാൻ എല്ലാവര്‍ക്കും ഓരോ കാരണങ്ങൾ ഉണ്ട് 'എന്ന അഗര്‍ബത്തി പരസ്യം പോലെ അല്ലെങ്കിൽ 'എല്ലാവർക്കും എന്തെങ്കിലുമൊക്കെ ഒളിച്ചുവെക്കാനുണ്ട്' എന്ന സി വി ബാലകൃഷ്ണന്റെ കഥയുടെ ടൈറ്റിൽ പോലെയൊക്കെ തന്നെയാണ് പലപ്പോഴും നമ്മുടെ രാഷ്ട്രീയക്കാരുടെയും വാക്കും പ്രവർത്തിയും നിലപാടും. രാഷ്ട്രീയക്കാരുടെ കാര്യത്തിൽ പ്രാർത്ഥനയും ഒളിപ്പിച്ചുവെക്കലും മാത്രമല്ല സ്വയം ന്യായീകരണം എന്ന ഒരു വലിയ ഏർപ്പാട് കൂടിയുണ്ട്. സ്വയം ന്യായീകരിക്കുമ്പോൾ അവർ ചരിത്രം മറക്കാനും മറച്ചുവെക്കാനും പരമാവധി ജാഗരൂകരാവും. ഇങ്ങനെ ഒരു സിദ്ധി ഇല്ലാന്നുവെച്ചാൽ പിന്നെ രാഷ്ട്രീയക്കാരൻ ആവാൻ യോഗ്യനല്ലെന്നാണ് രാഷ്ട്രീയ ചരിത്രം പറഞ്ഞു തരുന്ന പ്രധാന പാഠങ്ങളിലൊന്ന്. കേരളത്തിന്റെയോ ഇന്ത്യയുടേയോ മാത്രമല്ല ലോകത്തിലെ തന്നെ എക്കാലത്തെയും രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതേയുള്ളു. രാഷ്ട്രീയക്കാരുടെ ഈ സിദ്ധിയെക്കുറിച്ചു ഇവിടെ ഇപ്പോൾ പറയേണ്ടി വന്നരിക്കുന്നതു കോൺഗ്രസ് എം എൽ എ ഷാഫി പറമ്പലിനെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നിയമസഭാ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കയറിയ നാല് യു ഡി എഫ് സാമാജികരെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ശാസിച്ച നടപടിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ നടത്തിയ പ്രതികരണങ്ങളുടെ വെളിച്ചത്തിലാണ്. നിയമസഭ ചട്ടത്തിലെ 303 ആം വകുപ്പനുസരിച്ചാണ് എം എൽ എമാരായ റോജി എം ജോൺ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, ഐ സി ബാലകൃഷ്ണൻ എന്നിവർക്കെതിരെയുള്ള സ്പീക്കറുടെ നടപടി. നിയമസഭ ചട്ടങ്ങൾ അനുസരിച്ചു സ്പീക്കർക്ക് വേണമെങ്കിൽ നാലുപേരെയും സസ്‌പെൻഡ് ചെയ്യാവുന്നതാണ്. എന്നിട്ടും സ്പീക്കർ ശ്രീരാമകൃഷ്ണൻ അതിനു മുതിരാതിരുന്നത് ഒരു പക്ഷെ തന്റെ കൂടി മുൻ കാല ചെയ്തിയെ ഓർത്തിട്ടാവാം എന്നിരിക്കെയാണ് നടപടിക്കെതിരെയുള്ള ചെന്നിത്തലയുടെയും കൂട്ടരുടെയും ആക്രോശം എന്നിടത്താണ്, പരിപാവനമായ ശ്രീകോവിൽ എന്നൊക്കെ പാടി പുകഴ്ത്തപ്പെടുന്ന നിയമ നിർമാണ സഭക്കുള്ളിൽ ഇന്നലെ നടന്ന സംഭവത്തെയും ഇന്നത്തെ അതിന്റെ തുടർച്ചയെയും കാണേണ്ടതെന്നു തോന്നുന്നു. ഡയസിൽ അതിക്രമിച്ചു കയറി മുദ്രാവാക്യം മുഴക്കിയ സാമാജികർക്കെതിരെ എന്തെങ്കിലും നടപടി എടുക്കുന്നതിനു മുൻപ് പ്രതിപക്ഷത്തോട് ആലോച്ചില്ല എന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോൾ, 2015 ൽ സമാനമായ ചട്ട ലംഘനം നടത്തിയ ഒരാൾക്ക് ഇപ്പോൾ ഇപ്പോൾ ഇങ്ങനെയൊരു നടപടി എടുക്കാൻ യോഗ്യതയില്ലെന്നാണ് ഷാഫി പറമ്പിൽ എം എൽ എ യുടെ വാദം. പ്രതിപക്ഷ നേതാവിനോടുകൂടി ആലോചിച്ചതിനു ശേഷം അച്ചടക്ക നടപടി എന്നത് പരിഗണിക്കപ്പെടേണ്ട വിഷയം തന്നെയാണെങ്കിലും ഇപ്പോൾ ഈ വാദം ഉന്നയിക്കുന്നവർ ഭരണപക്ഷത്തായിരുന്നപ്പോൾ പലപ്പോഴും അതൊന്നും ചെയ്തില്ലെന്ന് നിയസഭ രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. പ്രതിപക്ഷ നേതാവും കൂട്ടരും ഉന്നയിക്കുന്നത് 2015 മാർച്ചിൽ അന്നത്തെ ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ നിയമസഭയിൽ അരങ്ങേറിയ സംഭവങ്ങൾ മാത്രമാണ് എന്നിടത്താണ് അവരുടെ ആരോപണങ്ങളുടെ മുനയൊടിയുന്നത്. 2015 ലെ സംഭവവികാസങ്ങൾ കേരള നിയമസഭയുടെ ചരിത്രത്തിൽ സമാനതകൾ ഇല്ലാത്ത ഒന്നായിരുന്നു എന്ന് ഇപ്പോൾ ഭരണപക്ഷത്തിരിക്കുന്ന അന്നത്തെ പ്രതിപക്ഷത്തിനും സമ്മതിക്കേണ്ടി വരും. ബാർ കോഴക്കേസിൽ പ്രതികൂല കോടതി വിധി ഉണ്ടായിട്ടും മന്ത്രിസ്ഥാനം രാജിവെക്കാൻ തയ്യാറാവാതിരുന്ന കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ ധാർഷ്ട്ട്യം അതിരുവിട്ടപ്പോൾ നിയമ നിർമാണ സഭയിൽ അരങ്ങേറിയത് പേക്കൂത്തായിരുന്നു. സ്പീക്കറുടെ ഡയസിൽ പാഞ്ഞുകയറിയ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഇരിപ്പിടം ഉന്തിത്തള്ളി താഴെ ഇട്ടു. അവിടെ ഉണ്ടായിരുന്ന സകലമാന വസ്തുക്കളും തല്ലിപ്പൊളിച്ചു. അന്നത്തെ ആ ആക്രമണത്തിന്റെ മുൻനിരയിൽ ഇപ്പോഴത്തെ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മന്ത്രി ഇ പി ജയരാജനുമൊക്കെ ഉണ്ടായിരുന്നു. ആ സംഭവത്തിൽ ശാസന ആയിരുന്നില്ല സ്‌പെൻഷൻ ആയിരുന്നു നടപടി എന്നത് മറ്റൊരു കാര്യം. സസ്പെഷൻ കൂടാതെ ക്രിമിനൽ കേസും എടുത്തിരുന്നെങ്കിലും അധികം വൈകാതെ തന്നെ ഭരണ മാറ്റം സംഭവിച്ചതിനാൽ കേസ് പിൻവലിക്കപ്പെട്ടു. അന്ന് മാണിയെ ബജറ്റ്‌ അവതരിപ്പിക്കുന്നതിൽ നിന്നും തടയാൻ ശ്രമിച്ച പ്രതിപക്ഷ വനിതാ എം എൽ എമാരെ ഭരണപക്ഷത്തെ ചിലർ അപമാനിച്ചു എന്ന കേസ് അതിനു മുൻപേ തന്നെ എഴുതിത്തള്ളപ്പെട്ടിരുന്നു എന്നതും ഇപ്പോൾ ന്യായവാദങ്ങൾ നിരത്തുന്നവർ മറന്നുകൂടാ. കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ നിയമസഭകളിൽ സാമാജികർ അതിരുവിട്ടു പെരുമാറുന്നത് ഒരു പുതിയ സംഭവമൊന്നുമല്ല. തമിഴ്നാട്ടിൽ സഭയിൽ ഏക അംഗമായിപ്പോയ ജയലളിതയെ പിച്ചിയും മാന്തിയും ഡി എം കെ സാമാജികർ ഉപദ്രവിച്ചതും അടുത്ത തിരഞ്ഞെടുപ്പിന് ശേഷം കരുണാനിധിക്ക് സമാനമായ ദുരനുഭവം ഉണ്ടായതും ഒക്കെ ഈ അവസരത്തിൽ സ്മരിക്കേണ്ടാതാണെന്നു തോന്നുന്നു. കേരള നിയസഭയിൽ തന്നെ സാമാജികർ തമ്മിൽ കയ്യേറ്റം മാത്രമല്ല തുണിപൊക്കി കാണിക്കൽ വരെ ഉണ്ടായിട്ടുണ്ട്. 2005 ൽ അന്നത്തെ എസ് എഫ് ഐ നേതാവായിരുന്ന സിന്ധു ജോയ്‌ക്കു കാലിന്റെ ഉപ്പൂറ്റി നഷ്ടമായത് പോലീസിന്റെ ഗ്രെനേഡ് പ്രയോഗത്തിലായിരുന്നു. വിദ്യാർത്ഥികൾക്കെതിരെ പോലീസ് എറിഞ്ഞ പൊട്ടാത്ത ഗ്രെനേഡുകളില്‍ ഒന്നെന്നു പറഞ്ഞു അക്കാലത്തു യു ഡി എഫുമായി പിണങ്ങി എൽ ഡി എഫിനൊപ്പം ചേർന്ന ടി എം ജേക്കബ് സഭയിൽ എത്തിയതും ടിയാനെ സ്പീക്കറുടെ നിർദ്ദേശ പ്രകാരം പിടിച്ചു പുറത്താക്കിയതും ഒക്കെ അന്ന് സഭ നടപടികൾ റിപ്പോർട്ടു ചെയ്യാൻ അവിടെ ഉണ്ടായിരുന്ന എന്നെപ്പോലുള്ളവർ ഇന്നും ഓർക്കുന്ന കാര്യങ്ങൾ തന്നെ. പക്ഷെ എന്തുകൊണ്ടോ ഭരണ പക്ഷത്തുള്ളവർ പ്രതിപക്ഷത്താവുമ്പോൾ അവർ പണ്ട് ചെയ്ത കാര്യങ്ങളും സ്വീകരിച്ച നടപടികളും മറന്നുപോവുകയോ മറന്നതായി നടിക്കുകയോ ചെയ്യുന്നു. ഇത് മാറി മാറി കേരളം ഭരിക്കുന്ന രണ്ടു കൂട്ടർക്കും ഒരേപോലെ ബാധകം തന്നെ. ഇനിയിപ്പോൾ സ്പീക്കറുടെ ഡയസിൽ കയറാമോ നടുത്തളത്തിൽ ഇറങ്ങി പ്രതിക്ഷേധിക്കാമോ എന്നൊക്കെ ചോദിച്ചാൽ പ്രതിക്ഷേധം രേഖപ്പെടുത്താൻ മറ്റു മാർഗങ്ങൾ ഇല്ലെങ്കിൽ നിയമം ലംഘിക്കുന്ന അവസ്ഥ തീർച്ചയായും ഉണ്ടാകും എന്നേ പറയാനുള്ളു. നിയമസഭയിൽ ചട്ട ലംഘനങ്ങൾ ഉണ്ടാകാം എന്നതുകൊണ്ട് തന്നെയാണല്ലോ അതിനുള്ള നടപടികളും ചട്ടങ്ങളിൽ തന്നെ എടുത്തുപറഞ്ഞിരിക്കുന്നതും. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories