TopTop
Begin typing your search above and press return to search.

ശബരിമല ഫിക്സഡ് ഡെപ്പോസിറ്റ് അല്ല, കോണ്‍ഗ്രസ്സിനും ബിജെപിക്കും മുന്നറിയിപ്പ്; സിപിഎമ്മിന്റെ 'വിശ്വാസി കമ്യൂണിസ്റ്റ്' പരീക്ഷണത്തിന് തിരിച്ചടി

ശബരിമല ഫിക്സഡ് ഡെപ്പോസിറ്റ് അല്ല, കോണ്‍ഗ്രസ്സിനും ബിജെപിക്കും മുന്നറിയിപ്പ്; സിപിഎമ്മിന്റെ

വട്ടിയൂർക്കാവിലെയും കോന്നിയിലെയും അരൂരിലെയും അട്ടിമറി വിജയങ്ങൾ മാത്രമല്ല കേരളത്തിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപ തിരെഞ്ഞെടുപ്പ് ഫലത്തെ ശ്രദ്ധേയമാക്കുന്നത്. ശബരിമല വിഷയത്തെ ഒരു സ്ഥിര നിക്ഷേപം എന്ന നിലയിൽ കൊണ്ടുനടക്കുന്ന കോൺഗ്രസിനെയും ബി ജെ പി യെയും തിരുത്തുന്നതിനൊപ്പം ഈ തിരെഞ്ഞെടുപ്പ് വേളയിൽ വട്ടിയൂർക്കാവിൽ പരസ്യ പിന്തുണയുമായി രംഗത്ത് വന്ന എൻ എസ് എസ്സിനും കോന്നിയിൽ ബി ജെ പി സ്ഥാനാർഥിക്കു അനുകൂല നിലപാട് സ്വീകരിച്ച ഓർത്തോഡോക്സ് സഭയ്ക്ക് വോട്ടർമാർ നൽകിയ ശക്തമായ മുന്നറിയിപ്പ് എന്ന നിലയിൽ കൂടി വേണം ഈ രണ്ടു മണ്ഡലങ്ങളിലെ ഫലത്തെ വായിച്ചെടുക്കേണ്ടതെന്നു തോന്നുന്നു. മഞ്ചേശ്വരം മണ്ഡലത്തിനൊപ്പം ബി ജെ പി ഏറെ വിജയ പ്രതീക്ഷ വെച്ച് പുലർത്തിയ വട്ടിയൂർക്കാവിലും കോന്നിയിലും പാർട്ടി സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു എന്ന് മാത്രമല്ല ആ രണ്ടു മണ്ഡലങ്ങളിലും വോട്ടിൽ വലിയ ഇടിവ് സംഭവിച്ചു എന്നതും ഏറെ ശ്രദ്ധേയമായാണ്. വട്ടിയൂർക്കാവിലും കോന്നിയിലും അട്ടിമറി വിജയം നേടുമ്പോഴും സിറ്റിംഗ് മണ്ഡലമായിരുന്ന അരൂർ കൈവിട്ടുപോയി എന്നതും മഞ്ചേശ്വരത്തെ ഭാഷാ ന്യൂനപക്ഷ സ്ഥാനാർഥി പരീക്ഷണം പാളി എന്നതും സി പി എമ്മിനും തിരിച്ചടിയായി.

ഷാനിമോൾ ഉസ്മാൻ എന്ന സ്ഥാനാർത്ഥിയുടെ മികവ് അംഗീകരിക്കുമ്പോൾ തന്നെ അരൂരിലെ അവരുടെ അട്ടിമറി വിജയത്തിന് പിന്നിൽ സഹതാപ തരംഗവും ബി ജെ പി വോട്ടിലുണ്ടായ വൻ ഇടിവും കാണാതെ പോകാൻ ആവില്ല. വട്ടിയൂർക്കാവിൽ സി പി എം സ്ഥാനാർഥി വി കെ പ്രശാന്തിന്റെ 'മേയർ ബ്രോ' പ്രതിച്ഛായ എടുത്തു പറയേണ്ടായതാണെങ്കിലും സ്ഥാനാർഥി നിര്‍ണ്ണയത്തിലുണ്ടായ വീഴ്ച യു ഡി എഫിനും ബി ജെ പി ക്കും തിരിച്ചടി ആയി എന്നും കാണാതെ പോകാനാവില്ല. കുമ്മനത്തെ തഴഞ്ഞതിലുള്ള ആർ എസ് എസ് പ്രതിക്ഷേധം വട്ടിയൂർക്കാവിലെ ബി ജെ പി സ്ഥാനാർഥി എസ് സുരേഷിന്റെ കുറഞ്ഞ വോട്ടിലും പ്രതിഫലിക്കുന്നുണ്ട്. കോന്നിയിലെ വൻ പരാജയത്തിന് അടൂർ പ്രകാശും അദ്ദേഹം സ്ഥാനാർത്ഥിയായി അവതരിപ്പിച്ച റോബിൻ പീറ്ററും വിചാരണ ചെയ്യപ്പെടുമെങ്കിലും ഒരു പ്രതിപക്ഷം എന്ന നിലയിൽ യു ഡി എഫ് ഇപ്പോഴും വലിയ പരാജയം ആണെന്ന വസ്തുത മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ നന്നെന്നു തോന്നുന്നു. അഞ്ചിൽ അഞ്ചും എന്ന് പറഞ്ഞു തിരെഞ്ഞെടുപ്പ് പ്രചാരണ രംഗത്തുവന്ന അവരും തീർച്ചയായും യു ഡി എഫിന്റെ ഉരുക്കു കോട്ടകളെന്നു കരുതിപ്പോന്നിരുന്ന വട്ടിയൂർക്കാവും കോന്നിയും കൈവിട്ടു പോയതിനു മറുപടി പറയേണ്ടി വരും.

2006 ലെ അട്ടിമറി വിജയം ഒഴിച്ച് നിറുത്തിയാൽ 1987 ലെ തിരെഞ്ഞെടുപ്പ് മുതൽ എൽ ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലമാണ് മഞ്ചേശ്വരം എന്നതൊക്കെ ശരി തന്നെ. എന്നാൽ എം ശങ്കർ റൈ എന്ന മികച്ച സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിട്ടും 2006 ആവർത്തിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല വോട്ടിന്റെ എണ്ണത്തിൽ വളരെയേറെ പിന്നോട്ട് പോയി എന്നത് എൽ ഡി എഫിനെയും സി പി എമ്മിനെയും ഇരുത്തി ചിന്തിപ്പിക്കാൻ പോന്ന ഒരു വിഷയം തന്നെയാണ്. സി പി എമ്മും എൽ ഡി എഫും തീർച്ചയായും അവരുടേതായ വിലയിരുത്തലുകൾ നടത്തും. അതവർ ചെയ്യട്ടെ. പക്ഷെ സ്ഥാനാർഥി നിർണയ വേളയിൽ മണ്ഡലത്തിലെ മുസ്ലിം ലീഗ് അണികൾക്കിടയിൽ ഉണ്ടായ ഭിന്നിപ്പിനെ മറികടക്കാൻ ലീഗ് നേതൃത്വത്തിന് കഴിഞ്ഞു എന്നതിനപ്പുറം മുസ്ലിം വോട്ടുകളുടെ ഏകീകരണം സാധ്യമാക്കാൻ അവർക്കായി എന്നതാണ് അവരുടെ സ്ഥാനാർഥി എം സി ഖമറുദ്ധീന് വിജയം അനായാസമാക്കി മാറ്റിയത് എന്നത് കാണാതെ ഇരുന്നുകൂടാ. ഇത് പറയുമ്പോൾ എടുത്തു പറയേണ്ട ഒരു കാര്യം മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ പതിവിനു വിരുദ്ധമായി ഇക്കുറി ഖമറുദ്ധീന് ലഭിച്ചു എന്നതാണ്. ഇതിനെ കേവലം വർഗീയം എന്ന് വിലയിരുത്തുന്നത് ശരിയാണെന്നു തോന്നുന്നില്ല. എങ്കിലും കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പിൽ എന്നത് പോലെ തന്നെ മോദി വിരുദ്ധ വികാരം മണ്ഡലത്തിൽ സജീവമായിരുന്നുവെന്നും അത് ഖമറുദ്ധീന് അനുകൂലമായി എന്ന് പറയാതെ തരമില്ല. 2016 ലെ തിരെഞ്ഞെടുപ്പിൽ ബി ജെ പി യുടെ കെ സുരേന്ദ്രൻ കേവലം 89 വോട്ടിന്റെ വ്യത്യാസത്തിൽ മാത്രം പരാജയപ്പെട്ട മണ്ഡലത്തിൽ ബി ജെ പി ഇത്തവണ അട്ടിമറി വിജയം നേടിയേക്കാം എന്ന തോന്നലും മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിനു കാരണമായി എന്നും കരുതേണ്ടതുണ്ട്. കാന്തപുരം സുന്നി വിഭാഗത്തിന്റെ വോട്ടു എന്നതുപോലെ തന്നെ ഇത്തവണ ഐ എൻ എൽ വോട്ടിൽ നിന്നും നല്ലൊരു പങ്ക് ഖമറുദ്ധീന് അനുകൂലമായി പോൾ ചെയ്യപ്പെട്ടോ എന്ന സംശയവും ബലപ്പെട്ടിരിക്കുന്നു. ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കണമെങ്കിൽ വിശദമായ കണക്കുകൾ ലഭ്യമാകേണ്ടതായുണ്ട്.

അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ഒരു വിശകലനം പിന്നീട് ആവാം എന്നു കരുതുന്നു. എങ്കിലും ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഭാഷാ ന്യൂനപക്ഷ സ്ഥാനാർഥി പരീക്ഷണത്തിനെതിരെ മത ന്യൂന പക്ഷ ഏകീകരണം ഉണ്ടായി എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഇതോടപ്പം തന്നെ താൻ ഒരു വിശ്വാസി ആണെന്ന് കാണിക്കാൻ വേണ്ടി ശങ്കർ റൈ പത്രിക സമർപ്പണ വേള മുതൽ നടത്തിയ നീക്കങ്ങളും അദ്ദേഹത്തിന് തിരിച്ചടി ആയെന്നും തിരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ട്. ശബരിമലയിലെ വിശ്വാസ സംരക്ഷണം സംബന്ധിച്ച് ശങ്കർ റൈ നടത്തിയ പ്രതികരണവും അദ്ദേഹത്തിന് വിനയായി എന്ന് തന്നെ വേണം കാണാൻ. തിരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽ ശങ്കർ റൈ ബഹുദൂരം മുന്നിലായിരുന്നുവെങ്കിലും അവസാന ഘട്ടം എത്തുമ്പോഴേക്കും അദ്ദേഹം ബി ജെ പി യുടെ രവീശ തന്ത്രി കുണ്ടാറിനെ പോലെ തന്നെ മറ്റൊരു ഹിന്ദുമത വിശ്വാസി മാത്രം എന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയെടുക്കുന്നതിൽ യു ഡി എഫ് വിജയിച്ചു എന്ന സൂചനയും ആ മണ്ഡലത്തിലെ ഫലം നൽകുന്നുണ്ട്. സാക്ഷാൽ പൂജാരിയും ഒരു അമ്പലം കമ്മിറ്റി പ്രസിഡന്റും മത്സരിക്കുമ്പോൾ രണ്ടിൽ ആരെന്ന ചോദ്യത്തിന് മണ്ഡലത്തിലെ ഹിന്ദു വിശ്വാസികളായ വോട്ടർമാർ പൂജാരി എന്ന് മറുപടി നൽകിയെന്നും കരുതേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories