TopTop
Begin typing your search above and press return to search.

അയോധ്യ കഴിഞ്ഞ് ശബരിമലയിലെത്തുമ്പോള്‍, ബിജെപിയ്ക്കും കോണ്‍ഗ്രസിനും മുന്‍ നിലപാട് തുടരാന്‍ കഴിയുമോ

അയോധ്യ കഴിഞ്ഞ് ശബരിമലയിലെത്തുമ്പോള്‍, ബിജെപിയ്ക്കും കോണ്‍ഗ്രസിനും മുന്‍ നിലപാട് തുടരാന്‍ കഴിയുമോ

കേരളത്തെ പ്രക്ഷുബ്ദമാക്കിയ കഴിഞ്ഞ മണ്ഡലകാലത്തിന്റെ തനിയാവര്‍ത്തനത്തിലേക്ക് സംസ്ഥാനം വീണ്ടും നീങ്ങുമോ എന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ശബരിമല വിധിയെ കാത്തിരിക്കുന്നത്. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ സ്ത്രീ പ്രവേശന വിധിയെ കേരള സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയ നീക്കമായി വളര്‍ത്തിയെടുത്ത യുഡിഎഫിനും ബിജെപിയ്ക്കും വര്‍ഷം ഒന്നു കഴിയുമ്പോള്‍ അതേ നിലപാട് ആവര്‍ത്തിക്കാന്‍ കഴിയുമോ? ശബരിമല വിധി വിശ്വാസ പ്രശ്‌നത്തിനപ്പുറം സ്ത്രീ നീതിയുടെയുടെയും നവോത്ഥാനത്തിന്റെയും പ്രശ്‌നമാക്കി ഉയര്‍ത്തിയെടുത്ത സിപിഎം അതേ നിലപാട് തുടരുമോ? ഭരണഘടന ബഞ്ചിന്റെ വിധിയ്‌ക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 ഹര്‍ജികളില്‍ നാളെ സുപ്രീം കോടതി എടുക്കുന്ന സമീപനത്തെ ആശ്രയിച്ചിരിക്കുമിത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28 ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ച ബഞ്ച് നാലിനെതിരെ ഒന്നിന്റെ ഭൂരിപക്ഷത്തിലാണ് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം ശബരിമലയില്‍ പ്രവേശിക്കാമെന്ന നിലപാട് കൈകൊണ്ടത്. ഇത്തവണ റിവ്യു ഹര്‍ജികള്‍ പരിഗണിച്ച ബഞ്ചില്‍ പുതുതായുള്ളത് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയ് മാത്രമാണ്. ബാക്കിയെല്ലാവരും നേരത്തെ വിധി പറഞ്ഞ ബഞ്ചിലെ അംഗങ്ങള്‍ തന്നെ. ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയാണ് അന്ന് വ്യത്യസ്ത അഭിപ്രായം പുലര്‍ത്തിയത്. അതേ നിലപാട് അവര്‍ തുടരുകയും രഞ്ജന്‍ ഗഗോയ് യോജിക്കുകയും ചെയ്താലും പുന പരിശോധന ഹര്‍ജി പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല. എന്നാല്‍ വിശ്വാസത്തിന് അയോധ്യ വിധിയില്‍ വന്ന പ്രാമുഖ്യം പരിഗണിക്കപ്പെടേണ്ടതാണെന്ന് മറ്റ് ജഡ്ജിമാര്‍ക്ക് തോന്നിയാല്‍ മറിച്ചാകും സ്ഥിതി. ഈ ഹര്‍ജികള്‍ അത്തരമൊരു സാഹചര്യത്തില്‍ വിശാല ബഞ്ചിന് കൈമാറാനുള്ള സാധ്യതയും തള്ളികളയാന്‍ പറ്റില്ല. എന്നാല്‍ സുപ്രീം കോടതി മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്നതാണ് കേരളത്തെ സംബന്ധിച്ച് തല്‍ക്കാലത്തേക്ക് ഏറ്റവും പ്രധാനം. രണ്ട് ദിവസം മുമ്പ് അയോധ്യ വിധി പ്രഖ്യാപിക്കുന്നതിനും അതിനുശേഷവും ബിജെപിയും സംഘ്പരിവാറും പറഞ്ഞത് സുപ്രീം കോടതി വിധി അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ്. എല്ലാവരും സുപ്രീം കോടതി വിധി അംഗീകരിക്കണമെന്നായിരുന്നു പ്രധാനമന്ത്രി മുതല്‍ താഴോട്ട് എല്ലാ ബിജെപി നേതാക്കളും ആവര്‍ത്തിച്ചത്. ഈ പ്രസ്തവനകള്‍ നിലനില്‍ക്കുമ്പോഴാണ് ശബരിമല വിധി വീണ്ടും വരുന്നത്. അതും പുന പരിശോധന ഹര്‍ജി. മുന്‍ വിധി സുപ്രീം കോടതി ആവര്‍ത്തിക്കുകയാണെങ്കില്‍ അയോധ്യകേസില്‍ എടുത്ത നിലപാട് ബിജെപി ആവര്‍ത്തിക്കുമോ എന്നതാണ് ചോദ്യം. സുപ്രീം കോടതി വിധി അനുസരിക്കണമെന്ന നിലപാട് പാർട്ടി അനുയായികളോട് ആഹ്വാനം ചെയ്യുമോ എന്നതാണ് ചോദ്യം. അതോ അയോധ്യയിലെ നിലപാട് ശബരിമലയില്‍ കൈയൊഴിഞ്ഞ് നാമജപകലാപങ്ങള്‍ക്ക് തയ്യാറാകാന്‍ ബിജെപിയ്ക്ക് സാധിക്കുമോ എന്നതാണ ചോദ്യം. അത്തരമൊരു സാഹചര്യമുണ്ടായാല്‍ കോടതി വിധികളെ സംബന്ധിച്ച് ബിജെപി സ്വീകരിക്കുന്ന ഇരട്ടത്താപ്പാവും വെളിച്ചത്തുവരിക. അതു കൊണ്ട് തന്നെ വിധി സ്ത്രീ പ്രവേശനത്തിന അനുകൂലമാണെങ്കില്‍ സംസ്ഥാന ബിജെപിയെ അത് ഒരു പ്രതിസന്ധിയിലെത്തിക്കുമെന്ന കാര്യം ഉറപ്പാണ്. സുപ്രീം കോടതി വിധി സ്ത്രീ പ്രവേശനത്തിന് വീണ്ടും അനുകൂലമായാല്‍ പിന്നെ അത് തടയാനുള്ള ഏക പോംവഴി ബിജെപി സര്‍ക്കാര്‍ നിയമം കൊണ്ടുവരിക എന്നതാണ്. ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാട് ഇതുവരെ വ്യക്തമായിരുന്നില്ല. നിയമം കൊണ്ടുവരാനായിരുന്നുവെങ്കില്‍ ബിജെപി സര്‍ക്കാരിന് ഇതിന് മുന്നെ ആകാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രസ്താവനകളാണ് ബിജെപി നേതാക്കൾ നടത്തിയത്. നിയമം കൊണ്ടുവരാനുള്ള സാധ്യത അവശേഷിക്കെ അത് ചെയ്യാതെ സുപ്രീം കോടതിവിധിക്കെതിരെ നടത്തുന്ന പ്രക്ഷോഭം രാഷ്ട്രീയമായി ബിജെപിയ്ക്ക് തിരിച്ചടിയാകാനുളള സാധ്യത നേതാക്കള്‍ക്ക് തള്ളി കളയാന്‍ കഴിയില്ല. ഇത്രയൊക്കെ പ്രക്ഷോഭങ്ങളും 'സുവര്‍ണാവസര'ങ്ങളുമുണ്ടായിട്ടും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും ബിജെപിയ്ക്ക് ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കൂടി ഓര്‍ക്കുമ്പോഴാണ് പാര്‍ട്ടി അകപ്പെട്ടിരിക്കുന്ന അവസ്ഥയുടെ തീവ്രത ബോധ്യപ്പെടുക കോണ്‍ഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ചരിത്ര വിജയത്തിന് കാരണം ശബരിമലയാണെന്നാണ നിരവധി വിലയിരുത്തലുകളില്‍ ചൂണ്ടികാട്ടിയിരുന്നത്. എന്നാല്‍ ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പോടെ ആ ആത്മവിശ്വാസം യുഡിഎഫിന് ഇല്ലാതായി. സുപ്രീം കോടതി വിധി സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയാണെങ്കില്‍ അതിനെതിരായ കലാപത്തില്‍ എന്‍എസ്എസ്സിന്റെ സഖ്യകക്ഷിയാകാന്‍ ഇനിയും കോണ്‍ഗ്രസ് തയ്യാറാകുമോ എന്നതാണ് പ്രശ്‌നം. വട്ടിയുര്‍കാവില്‍ എന്‍എസ്എസ്സിന്റെ പരസ്യപിന്തുണ തിരിച്ചടിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്ന സാഹചര്യം കൂടിയാണ് ഇപ്പോളുളളത്. അതുകൊണ്ട് തന്നെ ശബരിമലയെന്ന വിഷയത്തെ ആളികത്തിച്ചുകൊണ്ടുള്ള സമീപനം കോണ്‍ഗ്രസ് ഇനി സ്വീകരിക്കാന്‍ തയ്യാറാകുമോ എന്നത് കണ്ടറിയേണ്ടതാണ്.ശബരിമലയിലും സാമുദായിക സംഘടനകളെയും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയം ഗുണം ചെയ്യില്ലെന്ന നിലപാട് കോൺഗ്രസിലെ ചില നേതാക്കളെങ്കിലും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് നിലപാടിന്റെ അടിസ്ഥാനത്തിലെങ്കിലും സിപിഎമ്മാണ് കൂടുതല്‍ സുരക്ഷിത മണ്ഡലത്തിലുള്ളത്. വിധി എന്തായാലും നടപ്പിലാക്കുമെന്നായിരുന്നു നേരത്തെയും മുഖ്യമന്ത്രിയും ഭരണമുന്നണിയും പറഞ്ഞത്. എന്നാല്‍ അതോടൊപ്പം നവോത്ഥാനത്തിന്റെയും സ്ത്രീ നീതിയുടെയും വിഷയമായി ഉയര്‍ത്തികൊണ്ടുവരികയാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ ചെയ്തത്. സുപ്രീം കോടതി വിധി സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചാലും ഇല്ലെങ്കിലും സിപിഎമ്മിന് പ്രത്യക്ഷത്തില്‍ പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ല. ഏത് വിധിയും നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ അത് ചെയ്യുമെന്ന് ആവര്‍ത്തിച്ചാല്‍ മാത്രം മതി. അതേസമയം കഴിഞ്ഞ ലോക്‌സഭ തിരിച്ചടിയുടെ പാശ്ചാത്തലത്തില്‍ നവോത്ഥാന നിലപാടുകള്‍ ഇതോടൊപ്പം പാര്‍ട്ടിയും മുഖ്യമന്ത്രിയും മുന്നോട്ട് വെയ്ക്കുമോ എന്നതാണ് പ്രധാനം. കഴിഞ്ഞ കുറച്ചുകാലത്തെ സിപിഎം സമീപനം പരിശോധിച്ചാൽ അതിന് സാധ്യതയില്ല. എന്തായാലും ഒരു വര്‍ഷം മുമ്പ് ശബരിമല വിഷയത്തില്‍ എടുത്ത നിലപാടുകള്‍ അതേ തീവ്രതയിലും ആര്‍ജ്ജവത്തിലും ആവര്‍ത്തിക്കാന്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകാനുളള സാധ്യത വിരളമാണ്. അത് ഏത് രീതിയില്‍ വിവിധ പാര്‍ട്ടികളുടെ വരും ദിവസങ്ങളിലെ പ്രതികരണങ്ങളില്‍ കാണുമെന്നത് കണ്ടറിയേണ്ടതാണ്.


Next Story

Related Stories