TopTop
Begin typing your search above and press return to search.

കൊട്ടാരതുല്യമായ ആരാധനാലയങ്ങൾക്ക് പൊടിക്കുന്ന ലക്ഷങ്ങള്‍ക്കൊണ്ട് ഉത്തരേന്ത്യയില്‍ എത്ര സ്കൂള്‍ പണിയാമെന്ന് കേരള മുസ്ലീങ്ങള്‍ ആലോചിക്കണം; അത് ഫാഷിസ്റ്റ്‌ വിരുദ്ധ പോരാട്ടത്തെയും സഹായിക്കും

കൊട്ടാരതുല്യമായ ആരാധനാലയങ്ങൾക്ക് പൊടിക്കുന്ന ലക്ഷങ്ങള്‍ക്കൊണ്ട് ഉത്തരേന്ത്യയില്‍ എത്ര സ്കൂള്‍ പണിയാമെന്ന് കേരള മുസ്ലീങ്ങള്‍ ആലോചിക്കണം; അത് ഫാഷിസ്റ്റ്‌ വിരുദ്ധ പോരാട്ടത്തെയും സഹായിക്കും

വർഗീയത കത്തിയാളിയ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ രാഷ്ട്രമാണ് ഇന്ത്യ. രാജ്യം പിളർന്ന് മുസ്ലിം മതമൗലികവാദികളുടെ കരങ്ങളാൽ ഒരു ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുത്തപ്പോഴും ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി തുടരാൻ തീരുമാനിക്കുകയായിരുന്നു ഇന്ത്യ. നെഹ്റു-ഗാന്ധി-അംബേദ്ക്കർ ത്രയങ്ങളുടെ അചഞ്ചലമായ നായകത്വം രാഷ്ട്രത്തിൻ്റെ നേതൃസിരാകേന്ദ്രങ്ങളിൽ ഉറച്ച സാന്നിധ്യമായത് കൊണ്ട് രാഷ്ട്രം ഈ വിശേഷണങ്ങൾക്ക് അർഹമായിത്തീർന്നു.

ഏഴ് നൂറ്റാണ്ടുകൾക്കിപ്പുറം ഇന്ന്, ഇന്ത്യ അനുദിനം വർഗീയവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമാണ്. ആറര പതിറ്റാണ്ടുകാലം രാജ്യം ഭരിച്ച കോൺഗ്രസിൻ്റെ കൊള്ളരുതായ്മയിൽ രാജ്യത്തിൻ്റെ ജനാധിപത്യ മുഖം കൂടുതൽ വികലമാവുകയായിരുന്നു. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹാരമില്ലാതെ തുടർന്നു. അന്ധവിശ്വാസ അനാചാരങ്ങൾ സാമൂഹികമായ ജീർണ്ണതകൾക്ക് ആക്കം കൂട്ടി. ഈയൊരു സാമൂഹിക പശ്ചാത്തലത്തിലാണ് ഹിന്ദുത്വ രാഷ്ട്രീയം വർഗീയതയുടെ വിത്തുകൾ വിതച്ചത്. അധികാര മണ്ഡലങ്ങളിൽ കോൺഗ്രസ് കൊണ്ടുനടന്നിരുന്ന വർഗീയത ഹിന്ദുത്വ രാഷ്ട്രീയ കാലത്ത് ജനകീയ ഇടങ്ങളിലേക്ക് പടർന്നു. സാമാന്യ ജനത്തിൻ്റെ മനസ്സുകളിൽ അത് വിഷം കലർത്തിക്കൊണ്ടിരിക്കുന്നു. അതിന് ഹിന്ദുത്വ തീവ്രവാദികളെ ഏറ്റവുമധികം സഹായിച്ചത് ഇന്ത്യയിലെ മാധ്യമങ്ങളായിരുന്നു. ഇപ്പോഴും മാധ്യമങ്ങൾ സ്ഥിരോത്സാഹത്തോടെ ആ ദൗത്യം തുടരുന്നു.

കൊറോണ സന്ദർഭങ്ങളെ പോലും എങ്ങനെ വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാം എന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ കിണഞ്ഞു ശ്രമിച്ചു. തബ്ലീഗ് കൊറോണ എന്ന പുതിയ വൈറസുകളെ പടച്ചുവിട്ടു. കാവി രാഷ്ട്രീയ തലവന്മാർ സാമൂഹിക മാധ്യമങ്ങളിൽ പ്രൊപ്പഗണ്ട നിർവഹിച്ചു. കൊറോണ ജിഹാദെന്ന പുതിയ ഇനം കൂടി ഇന്ത്യൻ മുസ്ലിമിൻ്റെ ബാധ്യതയായി മാറി. ജിയോ പിറവിക്കു ശേഷം ഏറെക്കുറെ ഇൻ്റർനെറ്റുവത്ക്കരിക്കപ്പെട്ട ഇന്ത്യൻ ഗ്രാമങ്ങളിൽ ഇന്ന് ഹിന്ദു സാമാന്യം നിരന്തരം മുസ്ലിം വിരുദ്ധമായി ബ്രൈൻവാഷ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. വർഗീയത കേട്ടുകേൾവിപോലുമില്ലാത്ത ഓരോ ഇന്ത്യൻ ഗ്രാമങ്ങളിലും "മുസ്ലിംകളാണ് കൊറോണ പടർത്തുന്നത്, മുസ്ലിംകൾ രാജ്യത്തെ നശിപ്പിക്കാനിറങ്ങിയവർ, ചാരപ്പണിയെടുക്കുന്നവർ, മത രാഷ്ട്രം സ്ഥാപിക്കാൻ ഗൂഢയത്നം നടത്തുന്നവർ, പാക്കിസ്ഥാൻ അനുഭാവികൾ...." എന്നിങ്ങനെയുള്ള പ്രചരണങ്ങൾ ഓരോ ഹിന്ദുവിൻ്റെയും ഹൃദയസ്പന്ദനമായി മാറുകയാണ്.

ഹിന്ദു ഭൂരിപക്ഷം ഭീകരമാം വിധം വർഗീയവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ നിരക്ഷരരായ ഇന്ത്യയിലെ മുസ്ലിം സാമാന്യം, പ്രത്യേകിച്ച് ഉത്തരേന്ത്യൻ മേഖലകളിലെ മുസ്ലിംകൾ, സ്വതന്ത്ര്യാനന്തരം തങ്ങൾ അനുഭവിച്ച് വരുന്ന അപരവത്ക്കരണം കൂടുതൽ രൂക്ഷമായി അഭിമുഖീകരിക്കുകയാണ്. കാലങ്ങളായി രാജ്യത്തിൻ്റെ പൊതു രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ മുസ്ലിം അന്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. അതിൻ്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു സച്ചാർ കമ്മീഷൻ റിപ്പോർട്ട്. ഇന്ത്യയിലെ മുസ്‌ലിം ജീവിതം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന ഞെട്ടിക്കുന്ന വിവരമായിരുന്നു ജസ്റ്റിസ് രജീന്ദർ സച്ചാര്‍ അധ്യക്ഷനായ ഏഴംഗ കമ്മീഷന്‍ ഇരുപത് മാസത്തെ പഠനത്തിനു ശേഷം 2006 നവംബര്‍ മുപ്പതിന് ലോക്‌സഭയിൽ സമർപ്പിച്ച 403 പേജുകളുള്ള റിപ്പോര്‍ട്ടിൽ വിളിച്ചു പറഞ്ഞത്.

കൊറോണയെന്ന മഹാമാരിയുടെ മുമ്പിലും ഹിന്ദുത്വ തീവ്രവാദികളുടെ വർഗീയ ജൽപനങ്ങൾക്ക് എളുപ്പം ഇരയാകേണ്ടി വരുന്ന ഇന്ത്യൻ മുസ്ലിംകളുടെ ഈയൊരു നിസ്സഹായാവസ്ഥക്ക് ഇന്ത്യയിലെ മുസ്ലിം സമുദായം ഒന്നടങ്കം ഉത്തരവാദിയാണെന്ന കാര്യവും കാണാതിരുന്നു കൂടാ. ആ ഉത്തരവാദിത്തം നിറവേറ്റാതെ ഇന്ത്യൻ മുസ്ലിമിന് തങ്ങളുടെ ജീർണ്ണാവസ്ഥ മറികടക്കാനാവില്ല. അസാധാരണമായ സാമൂഹിക അവബോധം പുലർത്തേണ്ട സമയമായിരുന്നു കൊറോണ സാഹചര്യം. ആരോഗ്യപരമായി പാലിക്കേണ്ട മുൻകരുതലുകളും നിഷ്ടകളും വലിയൊരു ഉത്തരവാദിത്തത്തോടെ കൊണ്ടു നടക്കേണ്ട സന്ദർഭമായിരുന്നു അത്. പക്ഷേ തങ്ങളുടെ വിദ്യാഭ്യാസമില്ലായ്മ കാരണം ഉത്തരേന്ത്യൻ മുസ്ലിമിന് ഇത്തരം സന്ദർഭങ്ങളിൽ കാര്യഗൗരവത്തോടെ പെരുമാറാൻ കഴിഞ്ഞില്ല എന്നതു പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. ഇവിടെയാണ് ഇന്ത്യയിലെ മുസ്ലിംകൾ ഒന്നടങ്കം ഗൗരവത്തോടെ മനസ്സിലാക്കേണ്ടത്; കാലങ്ങളായി തങ്ങൾ അനുഭവിക്കുന്ന സാമൂഹിക ജീർണ്ണതയുടെ ആണിക്കല്ല് തങ്ങളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്. വിദ്യാഭാസ പുരോഗതിക്ക് ശ്രമിക്കാത്ത കാലത്തോളം, രാജ്യത്ത് ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ഉത്തരേന്ത്യൻ മുസ്ലിമിന് അവർ ഇന്ന് നേരിടുന്ന സാമൂഹിക, രാഷ്ട്രീയ വെല്ലുവിളികളിൽ നിന്ന് രക്ഷപ്പെടാനാകില്ല.

മുസ്ലിംകളും വിദ്യാഭ്യാസവും

ദലിത്- ആദിവാസി വിഭാഗങ്ങളേക്കാളും ജീർണ്ണമാണ് ഉത്തരേന്ത്യൻ മുസ്ലിം സാമാന്യത്തിൻ്റെ സാമൂഹികാവസ്ഥയെന്നു സച്ചാർ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. സമൂഹത്തില്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന സാമ്പത്തിക അസമത്വം, സാമൂഹിക അരക്ഷിതാവസ്ഥ, സ്വാതന്ത്ര്യാനന്തരം മുസ്ലിംകള്‍ അനുഭവിച്ച അപരവത്കരണം എന്നിവയെല്ലാം അതിൽ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന രജീന്ദർ സച്ചാര്‍ വ്യക്തമായി വരച്ച് കാണിക്കുന്നു. സിവില്‍ സര്‍വ്വീസ്, സൈന്യം, പോലീസ്, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ മുസ്ലിംകള്‍ ജനസംഖ്യാനുപാധികമായി എത്രത്തോളം പിന്നിലാണെന്ന് അദ്ദേഹം കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നുണ്ട്.

ഉത്തരേന്ത്യൻ മുസ്ലിംകളിൽ നാല് ശതമാനം മാത്രമേ മദ്രസ വിദ്യാഭ്യാസത്തിന് പോലും പോകുന്നുള്ളൂവെന്നും മുസ്‌ലിം ഗ്രാമങ്ങളില്‍ പ്രാഥമിക സര്‍ക്കാര്‍ വിദ്യാലയങ്ങൾ പോലുമില്ലെന്ന സച്ചാർ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളായിരുന്നു. 6-14 വയസ്സ് പ്രായത്തിലുള്ള 25 ശതമാനം മുസ്‌ലിം കുട്ടികള്‍ ഒന്നുകില്‍ സ്‌കൂളില്‍ പോകുന്നില്ല, അല്ലെങ്കില്‍ വഴിക്കുവെച്ച് പഠനം നിര്‍ത്തുന്നു. രാജ്യത്തെ പ്രമുഖ കോളേജുകളില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് തലത്തില്‍ 25-ല്‍ ഒന്നും പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തില്‍ 50-ല്‍ ഒന്നും മാത്രമേ മുസ്‌ലിം വിദ്യാര്‍ഥികളുള്ളൂ. മുസ്ലിംകളെ വോട്ട് ബാങ്ക് മാത്രമായി കൊണ്ടാടുകയും വർഗീയ പ്രീണനം ആരോപിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ അമ്പരപ്പിക്കുന്ന ഇത്തരം യാഥാർത്ഥ്യങ്ങളാണ് സച്ചാർ കമ്മീഷൻ വെളിപ്പെടുത്തിയത്.

ഐഎഎസ് തലത്തില്‍ മൂന്നുശതമാനം മാത്രമാണത്രേ മുസ്‌ലിം പ്രാതിനിധ്യം. ഐഎഫ്എസ് തലത്തില്‍ 1.8 ശതമാനവും ഐപിഎസ് തലത്തില്‍ നാല് ശതമാനവും. 2016-ലെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഐഎഎസ് തലത്തില്‍ ഇത് 3.32 ആണ്. ഐപിഎസില്‍ 3.19 ശതമാനവും. സംസ്ഥാന സര്‍വീസില്‍നിന്ന് പ്രമോഷന്‍ ലഭിച്ച് ഐപിഎസ് ലഭിച്ചവരുടെ എണ്ണം സച്ചാര്‍ റിപ്പോര്‍ട്ടില്‍ 7.63 ശതമാനം ഉണ്ടായിരുന്നത് 2016 ല്‍ 3.82 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2013 ലെ ഒരു കണക്കു പ്രകാരം രാജ്യത്തെ പോലീസ് സേനയിലെ മുസ്ലിം പ്രാതിനിധ്യം 7.63 ശതമാനത്തില്‍ നിന്ന് 6.27 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ മതാടിസ്ഥാനത്തിലുള്ള പോലീസിന്റെ കണക്കുകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുമില്ല.

ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയില്‍ സച്ചാർ റിപ്പോർട്ട് പ്രകാരം 4.5 ശതമാനം മാത്രമായിരുന്നു മുസ്‌ലിംകൾ; അതില്‍ 97.5 ശതമാനവും ഏറ്റവും താഴേത്തട്ടിലെ ജോലികളില്‍. എല്ലാ രംഗങ്ങളിലും പട്ടികജാതി, പട്ടിക വര്‍ഗത്തിന്റെ അവസ്ഥയെക്കാള്‍ പരിതാപകരമാണ് മുസ്ലിമിൻ്റെ അവസ്ഥയെന്നു സച്ചാർ കമ്മീഷൻ റിപ്പോർട്ട് അടിവരയിട്ട് പറയുന്നു.

ഉത്തരേന്ത്യൻ മുസ്ലിം യുവാക്കളില്‍ അധികവും ബീഡിതെറുപ്പ്, റിക്ഷാ ഡ്രൈവര്‍ തുടങ്ങിയ താഴ്ന്ന വരുമാനമുള്ള ജോലികള്‍ ചെയ്യുന്നവരാണ്. ദിവസ വേതനം കൊണ്ട് നാൾ കഴിയുന്നവരാണ്. പലർക്കും കൃഷി പ്രധാന ഉപജീവന മാർഗമാണ്. മുഖ്യധാരാ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിന്ന് തീർത്തും ഒറ്റപ്പെട്ട് കഴിയുന്നു. ചിലർ മാത്രം മദ്രസകളിൽ നിന്ന് നേടുന്ന മത വിദ്യാഭ്യാസവും പ്രാഥമിക ഭൗതിക വിദ്യാഭ്യാസവും മാത്രമാണ് വിദ്യാഭ്യാസപരമായ ഏക സമ്പാദ്യം. തലമുറകളായി പൊതു ലോകവീക്ഷണമോ ലോകവിവരമോ ഇല്ലാത്തവരായി വളരുന്നു. സംഘടിത മേഖലകളിലെ തൊഴിൽ എന്താണെന്നു പോലുമറിയില്ല. ജീവിത മാർഗങ്ങൾ ചിന്തിക്കാൻ പോലും പ്രാപ്തിയില്ലാത്തവരായി വളരുന്ന ഒരു കൂട്ടം മനുഷ്യർ; ഇതാണ് ഉത്തരേന്ത്യൻ മുസ്ലിം ജനത.

വിദ്യാഭാസപരമായ പിന്നോക്കാവസ്ഥയാണ് ആത്യന്തികമായി ഇന്ത്യൻ മുസ്ലിമിൻ്റെ സാമൂഹിക ജീർണ്ണാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നത്. നിരക്ഷരത കേവലം അക്ഷരാജ്ഞത മാത്രമല്ല, സാമൂഹിക അരക്ഷിതാവസ്ഥ കൂടിയാണ്. സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ രാഷ്ട്രീയ പ്രാതിനിധ്യക്കുറവിൻ്റെ മാത്രം പ്രശ്നമല്ലെന്നാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്. രാഷ്ട്രീയ പ്രതിനിധ്യത്തിന് അതിൽ ചെറിയ പങ്കേയുള്ളൂ. മുസ്ലീം സ്വത്വവാദത്തിലൂന്നുന്ന രാഷ്ട്രീയമല്ല ഭൂഷണമെന്നും അത് ചിലപ്പോൾ ആത്മാഹത്യാപരം തന്നെയായിരിക്കുമെന്നും മനസ്സിലാക്കേണ്ടതുണ്ട്. മുസ്ലിംകൾ അനുഭവിക്കുന്ന പരമപ്രധാനമായ പ്രശ്നം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ തന്നെയാണ്. അത് മതവിദ്യാഭ്യാസത്തിൻ്റെതല്ല, മറിച്ച് ഭൗതിക വിദ്യാഭ്യാസത്തിൻ്റെതാണ്.

ജനങ്ങൾ മത-ജാതി ബ്ലോക്കുകളിൽ വിഭജിതമായ എല്ലാ സമൂഹങ്ങളിലും ഓരോ വിഭാഗങ്ങളെയും സാമൂഹികമായി പരിഷ്കരിക്കാനും പുരോഗമന പാതയിലേക്ക് നയിക്കാനും ചരിത്രത്തിൽ ഇന്നേ വരെ മുന്നോട്ടു വന്നിട്ടുള്ളത് അതാത് വിഭാഗങ്ങളിൽ നിന്നുള്ള നവീകരണ ചിന്തകരോ സാമൂഹിക പരിഷ്കർത്താക്കളോ ആണ്. ഈയൊരു കാര്യത്തിൽ ഏറ്റവും വലിയ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് ഉത്തരേന്ത്യൻ മുസ്ലിംകൾ.

ന്യൂനപക്ഷമെന്ന നിലയിലും വിശ്വാസപരമായ രീതിശാസ്ത്രങ്ങളിലും മുസ്ലിംകളോട് ചേർന്ന് നിൽക്കുന്നവരാണ് ഇന്ത്യയിലെ ക്രിസ്ത്യാനികൾ. പക്ഷേ വിദ്യാഭ്യാസപരമായ ഉന്നതിയിൽ മുസ്ലിംകളും ക്രിസ്ത്യാനികളും അജഗജാന്തരം വേറിട്ടു നിൽക്കുന്നു. മേഘാലയ ഉൾപ്പടെയുള്ള നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളെ പോലും ഭൗതിക വിദ്യാഭ്യാസം നൽകി മുഖ്യധാരയിലേക്ക് ചേർത്ത് നിർത്താൻ ക്രിസ്ത്യൻ മിഷനറിമാർക്കും പുരോഹിത വിഭാഗത്തിനും കഴിഞ്ഞിട്ടുണ്ട്. പക്ഷേ തങ്ങളുടെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും ചരിത്രവുമുറങ്ങുന്ന മണ്ണിൽ മുസ്ലിംകൾക്ക് ഇപ്പോഴും അന്യരെപ്പോലെ തുടരേണ്ടി വരുന്നുവെങ്കിൽ അത് ഇന്നേവരെ അവരുടെ സാമൂഹിക നേതൃത്വം കൈയാളുന്ന മത പുരോഹിത നേത്യത്വത്തിൻ്റെ കൊള്ളരുതായ്മയും കഴിവുകേടും കൊണ്ട് മാത്രമാണ്.

കേരളത്തിൽ മുസ്ലിംകൾ ആപേക്ഷികമായി വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും പ്രാതിനിധ്യക്കുറവും അനുഭവിക്കുന്നുണ്ടെങ്കിലും കേരള മുസ്ലിംകളുടെ ജീവിതനിലവാരം ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളേക്കാൾ വലിയൊരളവിൽ മെച്ചപ്പെട്ടതു തന്നെയാണ്. കേരളത്തിൻ്റെ പൊതുവായ പുരോഗമന മുന്നേറ്റത്തിന് അനുസൃതമായി പ്രവർത്തിക്കാൻ കേരളത്തിലെ മുസ്ലിം നേതൃത്വം കാണിച്ച എളിയ ശ്രമമാണ് ഇതിനു ഏറെക്കുറെ കാരണമായത്. ആദ്യ കാലങ്ങളിൽ ഭൗതിക വിദ്യാഭ്യാസത്തിനു പ്രഥമ സ്ഥാനം നൽകാതിരുന്ന മുസ്ലിം സാമാന്യം ഇന്ന് അതിനായി ശ്രമിക്കുന്നുണ്ട്. ഗൾഫ് കുടിയേറ്റം പോലുള്ള പുറംലോകവുമായുള്ള ഇടപെടലും ഇത്തരം ലോകബോധം വളരാൻ കാരണമായിട്ടുണ്ട്.

കാലങ്ങളായി ഉത്തരേന്ത്യൻ മുസ്ലിംകളുടെ സാമൂഹിക നേതൃത്വം കൈയാളുന്നത് മുല്ല - മൗലാന പേരുകളിലറിയപ്പെടുന്ന മത പൗരോഹിത്യ നേതൃത്വമാണ്. പരസ്പരം കലഹിക്കുന്ന ആവാന്തര വിഭാഗങ്ങളായി നിലകൊള്ളുന്ന ഈ മതനേതൃത്വങ്ങൾ യാഥാസ്ഥിതിക പിന്തിരിപ്പൻ ലോകബോധം പങ്കുവെക്കുന്നു എന്നു മാത്രമല്ല തങ്ങളുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി ജനങ്ങളെ കരുവാക്കിത്തീർക്കുകയും ചെയ്യുന്നു. അതിൽ രാഷ്ട്രീയ നിക്ഷിപ്ത താത്പര്യക്കാരുമുണ്ട്. ഈയൊരു അത്യന്തം ക്ലേശകരമായ സാമൂഹികാവസ്ഥയാണ് ഉത്തരേന്ത്യൻ മുസ്ലിംകളെ ഇത്രത്തോളം പിറകോട്ട് വലിച്ചത്. പുരോഹിത ഭടുക്കളായ മുല്ല -മൗലാനമാർ തങ്ങളുടെ സമുദായത്തിൻ്റെ ഭൗതിക പുരോഗതിക്കായി കാര്യമായി ഒന്നും ചെയ്യുന്നില്ല. സർക്കാർ അംഗീകൃത മദ്രസകൾ പോലും പ്രാഥമിക ഭൗതിക വിദ്യാഭ്യാസം നൽകുന്നു എന്നതിലുപരിയായി സമൂഹത്തിൻ്റെ ബൗദ്ധികമായ പരിവർത്തനങ്ങൾക്കൊന്നും നിദാനമായിട്ടില്ല. ( മദ്രസാ പൂർവ്വ വിദ്യാർത്ഥികളായ ചിലർ സിവിൽ സർവീസ് നേടിയെടുക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്).

മാതൃഭാഷയും ഇംഗ്ലീഷ് വിദ്യാഭ്യാസവും പരിപോഷിപ്പിക്കുന്ന സ്കൂളുകളാണ് വിദ്യാഭ്യാസ പിന്നേക്കാവസ്ഥ അനുഭവിക്കുന്ന മുസ്ലിം മേഖലകളിൽ കൊണ്ടുവരേണ്ടത്. തങ്ങളുടെ സർക്കാറുകളുടെ മേൽ ഒരു സമ്മർദ്ദ ശക്തിയായി പ്രവർത്തിക്കാൻ ആർജ്ജവമുള്ള സമൂഹത്തിനേ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കൂ. സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന മുല്ല - മൗലാനമാർ അതിനൊട്ടു മുതിരുകയോ, അവർക്ക് സാധിക്കുകയോ ഇല്ല. മുസ്ലിംകളിൽ നാല് ശതമാനം മാത്രമേ മദ്രസ വിദ്യാഭ്യാസത്തിന് പോലും പോകുന്നുള്ളൂവെന്നും പ്രാഥമിക സര്‍ക്കാര്‍ വിദ്യാലയങ്ങൾ പോലും മുസ്‌ലിം ഗ്രാമങ്ങൾക്ക് അന്യമാണെന്നും വെളിപ്പെടുത്തിയ സച്ചാർ റിപ്പോർട്ട് ഏതെങ്കിലും മൗലാനമാർ മനസ്സിലാക്കിയിട്ടുണ്ടാകുമോ? വർഗീയത പടർന്നു കൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ പരിതസ്ഥിതിയിൽ വർഗീയതയോട് രാഷ്ട്രീയമായി ഏറ്റുമുട്ടാൻ പോലും മുസ്ലിംകൾക്ക് കെൽപ്പില്ലാതെ വരുന്നത് അടിസ്ഥാന ലോകബോധം വളർത്തുന്ന വിദ്യാഭ്യാസത്തിൻ്റെ അഭാവം കൊണ്ടു മാത്രമാണ്.

ക്രിസ്തീയ മിഷനറി മാതൃകയ്ക്ക് സമാനമായി കേരളത്തിൽ നിന്നുള്ള മുസ്ലിം മത സാമുദായിക നേതൃത്വം ഉത്തരേന്ത്യൻ നാടുകളിൽ മത-ഭൗതിക വിദ്യാഭ്യാസപരമായ ചലനങ്ങൾക്ക് അടുത്ത കാലങ്ങളിലായി ചില ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. പക്ഷേ അത്തരം മുന്നേറ്റങ്ങളെ പോലും കായികമായി വെല്ലുവിളിച്ചുകൊണ്ട് ആ നാടുകളിലെ മുല്ല - മൗലാനമാർ രംഗത്തു വരുന്നു എന്നത് ഏറെ ഖേദകരമാണ്. ഭൗതിക വിദ്യാഭ്യാസത്തിനു പ്രഥമ സ്ഥാനം നൽകി പ്രവർത്തിക്കുന്ന മുസ്ലിം സംഘടനകളാണ് ഇവിടങ്ങളിലേക്ക് കൂടുതലായി കടന്നു വരേണ്ടത്.

കേരളത്തിലെ മുസ്ലിംകളുടെ ഭൗതിക വിദ്യാദ്യാസത്തിനായി പ്രവർത്തിക്കുന്ന പല സംഘടനകളും സാമൂഹിക നേതൃത്വങ്ങളും ഉത്തരേന്ത്യയിലെ തങ്ങളുടെ മുസ്ലിം സഹോദരങ്ങളെ സംബന്ധിച്ച് ബോധവാരാകുന്നില്ല. ആത്മാർത്ഥതയും അർപ്പണബോധവും അതിനാവശ്യമാണ്. ആർത്തിയും ലാഭക്കൊതിയും മാത്രം ലാക്കാക്കുന്ന വിദ്യാഭ്യാസ കൊള്ളക്കാർക്ക് അതിനു കഴിയണമെന്നില്ല. ഗൾഫ് കുടിയേറ്റം കനിഞ്ഞ സാമ്പത്തിക അഭിവൃദ്ധി ഉത്തരേന്ത്യൻ മുസ്ലിം സമൂഹത്തിൻ്റെ ഭൗതിക വിദ്യാഭ്യാസപരമായ പുരോഗതിക്കായി വിനിയോഗിക്കാൻ കേരള മുസ്ലിം നേതൃത്വങ്ങൾക്ക് ശ്രമിക്കാം. ഗ്രാമങ്ങൾ തോറും കൊട്ടാര സദൃശ്യമായ രണ്ടും മൂന്നും ആരാധനാലയങ്ങൾ പണിത് ആഢംബര ക്രീഡകൾക്കായി പൊടിക്കുന്ന ലക്ഷങ്ങൾ കൊണ്ട് ഉത്തരേന്ത്യൻ നാടുകളിൽ നാളേക്കു വേണ്ടി ധാരാളം സ്കൂളുകൾ വിത്തിടാൻ ശ്രമിക്കുകയാണെങ്കിൽ ഫാഷിസ്റ്റുവിരുദ്ധ പോരാട്ടത്തിൽ മുസ്ലിംകൾക്ക് ചെലവഴിക്കാവുന്ന ഏറ്റവും വലിയ ഊർജ്ജം അതു തന്നെയായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories