TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച രാജസ്ഥാന്‍ ഭരിക്കുന്നത് ആരാണെന്നറിയാമല്ലോ? സാലറി ചാലഞ്ചിനെതിരെ വാളെടുക്കുന്ന കോണ്‍ഗ്രസ്സുകാരെ ഓര്‍മ്മിപ്പിച്ചു എന്നേ ഉള്ളൂ

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച രാജസ്ഥാന്‍ ഭരിക്കുന്നത് ആരാണെന്നറിയാമല്ലോ? സാലറി ചാലഞ്ചിനെതിരെ വാളെടുക്കുന്ന കോണ്‍ഗ്രസ്സുകാരെ ഓര്‍മ്മിപ്പിച്ചു എന്നേ ഉള്ളൂ

കർഷകരുടെ പ്രധാന പണിയായുധങ്ങളിൽ ഒന്നാണ് കൈക്കോട്ട് അഥവാ തൂമ്പ. ഇതിനു ചിലയിടങ്ങളിൽ വായ്‌ക്കോട്ട് എന്നും വിളിപ്പേരുണ്ട്. മണ്ണിൽ കൊത്തിയ ശേഷം ഇളകിയ മണ്ണ് പിന്നോട്ടു വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഒരു പണി ആയുധം എന്ന നിലക്കാണ് വായ്‌ക്കോട്ട് എന്ന വിളിപ്പേര് ഉണ്ടായത് എന്നുവേണം കരുതാൻ. എല്ലാം ഇങ്ങോട്ടുമാത്രം എടുക്കുകയും ഒന്നും അങ്ങോട്ട് കൊടുക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യരെയും വായ്‌ക്കോട്ട് എന്നു വിളിച്ചു പരിഹസിക്കാറുണ്ട്. കൊറോണ എന്ന മഹാമാരിയെ തുടർന്ന് സംജാതമായിട്ടുള്ള സാഹചര്യത്തെ മറികടക്കാൻ വേണ്ടി സംസ്ഥാന സർക്കാർ ഒരു മാസത്തെ ശമ്പളം ചോദിച്ചതിന്റെ പേരിൽ ഉറഞ്ഞു തുള്ളുന്നവരും ഒരർത്ഥത്തിൽ വായ്‌ക്കോട്ടുകൾ തന്നെ. കൊറോണയുടെ പശ്ചാത്തലത്തിൽ ലോക് ഡൌൺ പ്രഖ്യാപിച്ചതോടെ കഷ്ടത്തിലായ ജനതക്കായി എല്ലാവിധ സഹായവും (സൗജന്യ ചികിത്സയും സൗജന്യ റേഷനും മുതൽ ധന സഹായം വരെ ഇതിൽ പെടും) എത്തിക്കാൻ സർക്കാർ പെടാപ്പാടു പെടുന്നതിനിടയിലാണ് സർക്കാരിൽ നിന്നും കിട്ടുന്നതൊക്കെ കൈനീട്ടി വാങ്ങുന്നതും ഒരു മാസത്തെ ശമ്പളം നൽകണമെന്ന സർക്കാരിന്റെ അഭ്യര്‍ത്ഥനയ്ക്കെതിരെയുള്ള ഉറഞ്ഞുതുള്ളലും. നമ്മുടെ ധന മന്ത്രി ഡോ. ടി എം തോമസ് ഐസക് നൽകുന്ന കണക്കനുസരിച്ചു ഇതിനകം 4200 കോടി രൂപ കേരള സർക്കാർ ക്ഷേമ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. 800 കോടി രൂപയുടെ സൗജന്യ റേഷൻ അരി, സൗജന്യ പലവ്യഞ്ജന കിറ്റ് എന്നിവയുടെ വിതരണം നടന്നു വരുന്നു. വിവിധ ക്ഷേമ നിധികളിൽ അംഗങ്ങളായ തൊഴിലാളികൾക്കായി 600 കോടി രൂപ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. ഇതിനും പുറമെ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന വായ്പയുടെ പലിശ ഇനത്തിൽ മാത്രം 500 കോടിയോളം രൂപ സർക്കാർ തന്നെ വഹിക്കേണ്ടിവരും. അതിനിടയിൽ കൊറോണ ചികിത്സയുമായി ബന്ധപ്പെട്ടു 600 കോടി രൂപ മെഡിക്കൽ സർവീസ് കോർപറേഷൻ ആവശ്യപ്പെട്ടിരിക്കുന്നു എന്നു മന്ത്രി പറയുന്നു. മന്ത്രിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ 2020 -21 വർഷത്തേക്ക് അവർക്കു അനുവദിച്ചിട്ടുള്ളത് 400 കോടി രൂപയാണെന്നിരിക്കെ 200 കോടി രൂപ കൂടി ഈ വര്‍ഷം അധികമായി മെഡിക്കൽ മേഖലയിൽ ചെലവഴിക്കേണ്ടിവരും.

കൊറോണ ബാധിതരുടെയും കൊറോണയുമായി ബന്ധപ്പെട്ടു ഐസൊലേഷനിൽ കഴിയുന്നവർക്കും വേണ്ടി പ്രതിദിനം 20,000 മുതൽ 25,000 രൂപ വരെ കേരള സർക്കാർ ചെലവഴിക്കുന്നുണ്ടെന്നു ഇക്കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. രോഗി ഐ സി യുവിലോ വെന്റിലേറ്ററിലോ ആണെങ്കിൽ പ്രതിദിന ചെലവ് 50,000 ലേറെ വരുമെന്നും പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ലഭ്യമായ കണക്കനുസരിച്ചു കേരളത്തിൽ ഇന്നലെ വരെയുള്ള കൊറോണ ബാധിതരുടെ എണ്ണം 314 ആണ്. ഇതിൽ 256 പേരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിനിടെ രണ്ടു പേർ മരിച്ചെങ്കിലും 56 പേർ രോഗ വിമുക്തരായി എന്നത് ഏറെ ആശ്വാസം പകരുന്നുണ്ട്. എന്നാൽ ഇപ്പോൾ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവർക്കുവേണ്ടി ചെലവഴിക്കേണ്ടിവരുന്ന തുക എത്രകണ്ട് ഭീമമാണെന്നു നേരത്തെ സൂചിപ്പിച്ച കണക്കിൽ നിന്നു തന്നെ വ്യക്തമാണ്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളായ മദ്യ വില്പനയും ലോട്ടറിയും ലോക് ഡൗണിനെ തുടർന്നു നിലച്ചിരിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് സാലറി ചാലഞ്ചുമായി സർക്കാർ മുന്നോട്ടു വന്നിരിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ചിനെ വെല്ലുവിളിക്കുകയായാണ് പലരും. പലരും എന്നു പറയുമ്പോൾ പ്രധാനമായും പ്രതിപക്ഷ പാർട്ടികളുടെ പോഷക സംഘടനകൾ തന്നെ. പ്രളയകാലത്തെ സാലറി ചലഞ്ചിന്റെ കാര്യത്തിലെന്നപോലെ ഇത്തവണയും കോടതിയെ സമീപിക്കും എന്നു സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനയായ സെറ്റോ ഭീഷണി മുഴക്കികഴിഞ്ഞു. സാലറി ചലഞ്ചുമായി സഹകരിക്കാമെന്നു തുടക്കത്തിൽ പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാടിൽ മാറ്റം വരുത്തിയിരിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മാത്രമല്ല ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സാലറി ചലഞ്ചിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. അപ്രതീക്ഷിതമായി കടന്നു വന്ന കൊറോണയുടെ പശ്ചാത്തലത്തിൽ സംജാതമായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ വേണ്ടി മാത്രമായാണ് സാലറി ചാലഞ്ചു എന്നത് കണ്ടില്ലെന്നു നടിക്കുന്ന നിലപാടാണ് ഇവരുടേത് എന്ന കാര്യത്തിൽ തര്‍ക്കമില്ല. ഇതിനു പിന്നിലെ രാഷ്ട്രീയവും പകൽ പോലെ വ്യക്തം. സാലറി ചാലഞ്ചു കേരളത്തിൽ വലിയ കോലാഹലം സൃഷ്ട്ടിക്കുന്ന വേളയിൽ തന്നെയാണ് ആന്ധ്ര, ഒഡിഷ, രാജസ്ഥാൻ, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങൾ കോവിഡിന്റെ പേരിൽ ശമ്പളം തന്നെ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ റാങ്ക് അനുസരിച്ചു 10 മുതൽ 100 ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കാനാണ് തീരുമാനം. മഹാരാഷ്ട്രയും ശമ്പളം വെട്ടിക്കുറക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം തല്ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. എന്നു വെച്ചാൽ പാടെ ഉപേക്ഷിച്ചിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും നടപ്പിലാക്കാം എന്നും സാരം. ജീവനക്കാരോട് ഒരു വാക്കുപോലും ചോദിക്കാതെ ശമ്പളം വെട്ടിക്കുറച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കോൺഗ്രസ് ഭരണം നടത്തുന്ന രാജസ്ഥാനും ഉണ്ടെന്നതും തീരുമാനം പെൻഡിങ്ങിൽ വെച്ചിരിക്കുന്ന മഹാരാഷ്ട്രയിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട മുന്നണിയാണ് ഭരണം നടത്തുന്നതെന്ന കാര്യവും കേരളത്തിലെ കോൺഗ്രസ് നേതൃത്വം അറിയാഞ്ഞിട്ടൊന്നുമാവില്ല കേരളത്തിലെ ഈ രാഷ്ട്രീയക്കളി.

കേരളത്തിലെ സാലറി ചലഞ്ചിനെതിരെ പ്രതിപക്ഷ പാർട്ടികളും അവരുടെ കീഴിലുള്ള സംഘടനകളും പ്രധാനമായി ഉന്നയിക്കുന്ന ആക്ഷേപം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സുതാര്യമല്ലെന്നും അതിൽ നിക്ഷേപിക്കുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ല എന്നുമാണ്. പ്രളയ കാലത്തും ഓഖി ഫണ്ടിന്റെ കാര്യത്തിലും ഇതേ ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഓഖി ദുരന്തത്തിൽ അകപ്പെട്ടവരെ കരകയറ്റാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കു 104 .24 കോടി രൂപ ഒഴുകിയെത്തിയെങ്കിലും ചെലവഴിച്ചത് വെറും 25 കോടി രൂപ മാത്രമാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. തുക വക മാറ്റി ചെലവഴിച്ചോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം എന്നും ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി. പ്രതിപക്ഷ നേതാവിന്റെ ഈ ആരോപണം കേരളത്തിലെ കോൺഗ്രസ് സാമാജികരും നേതാക്കളും മാത്രമല്ല ബി ജെ പി ക്കാരും ഏറ്റുപിടിക്കുകയുണ്ടായി. എന്നാൽ ഓഖി ഫണ്ട് സംബന്ധിച്ച കൃത്യമായ വരവു ചെലവ് കണക്കുകൾ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടി അമ്മയും നിരത്തിയതിനു ശേഷം ഇക്കാര്യത്തെ കുറിച്ച് വിമർശകർ പിന്നീട് ഒന്നും പറഞ്ഞു കണ്ടില്ലെന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

ദുരന്തങ്ങളിൽ പോലും രാഷ്ട്രീയം കുത്തി നിറക്കുന്നവർ ദയവായി ഒരു കാര്യം ഓർത്താൽ നന്ന്. രോഗങ്ങൾ വരുന്നത് രാഷ്ട്രീയം നോക്കിയല്ലെന്നും അവക്ക് ജാതി -മത വ്യതാസമോ പാവപ്പെട്ടവൻ പണക്കാരൻ എന്ന വേർതിരിവോ ഇല്ലെന്നും. എന്നാൽ അമ്മയെ തല്ലിയാലും രണ്ടുണ്ട് ന്യായം എന്നു ചിന്തിക്കുന്നവർ കൊറോണയല്ല ഇതിലും വലിയ വിപത്തു വന്നാലും മാറി ചിന്തിക്കുമെന്നു കരുതുക പ്രയാസം തന്നെ. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories