TopTop
Begin typing your search above and press return to search.

സാലറി മാറ്റിവെക്കല്‍ ഓര്‍ഡിനന്‍സ് സര്‍ക്കാരിന്റെ വജ്രായുധമോ? രണ്ടു വട്ടം ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കിയ ഗവര്‍ണ്ണര്‍ എന്തു നിലപാട് സ്വീകരിക്കും?

സാലറി മാറ്റിവെക്കല്‍ ഓര്‍ഡിനന്‍സ് സര്‍ക്കാരിന്റെ വജ്രായുധമോ? രണ്ടു വട്ടം ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കിയ ഗവര്‍ണ്ണര്‍ എന്തു നിലപാട് സ്വീകരിക്കും?

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസത്തേക്ക് മാറ്റിവെക്കാൻ ലക്ഷ്യമിട്ടു സർക്കാർ ഇറക്കിയ ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തതിനെ തുടർന്നുണ്ടായ സാഹചര്യം മറികടക്കാൻ സർക്കാരിനു മുൻപിൽ രണ്ടേ രണ്ടു വഴികളെ ഉണ്ടായിരുന്നുള്ളു: ഒന്നുകിൽ അപ്പീല്‍ പോവുക. അല്ലെങ്കിൽ ഓർഡിനൻസ് കൊണ്ടുവരിക. ആദ്യത്തെ നടപടിക്ക് കാലതാമസം ഉണ്ടാകും എന്നതുകൊണ്ട് തന്നെ രണ്ടാമത്തെ വഴിയാണ് സർക്കാർ തിരഞ്ഞെടുത്തിട്ടുള്ളത്. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഓർഡിനൻസ് എന്നതിനാൽ നടപടി തികച്ചും നിയമപരം ആണെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ആകുമെന്നും സർക്കാർ കരുതുന്നു. ഇനിയിപ്പോൾ അറിയേണ്ടത് ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുമോ എന്നതു മാത്രമാണ്. നിലവിലെ സാഹചര്യത്തിൽ ഗവർണർ ഓർഡിനൻസ് തിരിച്ചയക്കില്ല എന്നു തന്നെയാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. പോരെങ്കിൽ അടുത്തകാലത്തായി ഗവർണറും സർക്കാരും തമ്മിൽ രമ്യതയിലാണുതാനും. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച ഗവർണർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം വട്ടവും സംഭാവന നല്കിയിരിക്കുകയുമാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ഗവർണർ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ഒരു നിലപാട് സ്വീകരിക്കുമെന്ന് കരുതുക വയ്യ. പ്രത്യേകിച്ചും സർക്കാർ ഓർഡിൻസ് കൊണ്ടുവരുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാവുമ്പോൾ. നിയമ വിദഗ്‌ധരുടെ അഭിപ്രായവും ഇത് തന്നെയാണ്. ശമ്പളം പിടിച്ചുവെക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചവർക്കും അവരെ പ്രത്യക്ഷത്തിലും പരോക്ഷമായും അനുകൂലിച്ചവർക്കും ഏറെ ആഹ്ലാദം പകരുന്നതായിരുന്നു പ്രസ്തുത ഉത്തരവ് രണ്ടു മാസത്തേക്ക് മരവിപ്പിച്ച കോടതിയുടെ നടപടിയും കോടതി നടത്തിയ നിരീക്ഷണങ്ങളും. ശമ്പളം ഔദാര്യമല്ലെന്നും അവകാശം ആണെന്നുമായിരുന്നു സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കോടതി ഇന്നലെ നടത്തിയ നിരീക്ഷണം. പിടിച്ചുവെക്കുന്ന ശമ്പളം എപ്പോൾ കൊടുക്കുമെന്നതു സംബന്ധിച്ചു സർക്കാരിന്റെ ഉത്തരവിൽ ഒന്നും പറയുന്നില്ലെന്നതായിരുന്നു കോടതി ചൂണ്ടിക്കാണിച്ച ഒരു ന്യൂനത. ദുരന്തം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകളിൽ ദുരന്തകാലത്തു ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാനുള്ള അധികാരം സർക്കാരിനു നൽകുന്നില്ല എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടു ഓർഡിനൻസ് വരുന്നതോടുകൂടി ഇവയൊക്കെ മറികടക്കാൻ സർക്കാരിനു കഴിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ടു തന്നെ ഓർഡിനൻസ് പ്രാബല്യത്തിൽ വരുന്നതോടുകൂടി ഹര്‍ജിക്കാര്‍ക്കും അവരെ പിന്തുണക്കുന്നവർക്കും ഇന്നലെ ലഭിച്ച വിജയം താൽക്കാലികം മാത്രമായി പരിണമിക്കും എന്ന കാര്യത്തിൽ തര്‍ക്കമില്ല. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രവർത്തനങ്ങൾ ലോകമെമ്പാടും പ്രകീർത്തിക്കപ്പെടുന്ന വേളയിൽ തന്നെയാണ് കേവലം ആറു ദിവസത്തെ വീതം വേതനം അഞ്ചുമാസത്തേക്കു തല്ക്കാലം പിടിച്ചുവച്ചു പിന്നീട് നൽകുമെന്ന സർക്കാർ ഉത്തരവ് ഒരു വിഭാഗം ആളുകൾ വലിയ വിവാദം ആക്കി മാറ്റിയത്. ഒരു മാസത്തിലേറെയായി വെറുതെ വീട്ടിൽ ഇരുന്നു ശമ്പളം വാങ്ങുന്നവരും മാനേജ്മെന്റ് സ്കൂളുകളിലും കോളേജുകളിലും ജോലിചെയ്യുന്നതിനുള്ള കൂലി സർക്കാരിൽ നിന്നും എണ്ണിവാങ്ങുന്നവരുമൊക്കെയാണ് പ്രതിഷേധവുമായി രംഗത്തുവന്നതും സർക്കാർ ഉത്തരവിന്റെ കോപ്പി കത്തിച്ചു ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്തു ഹീറോ ചമഞ്ഞതുമൊക്കെ എന്നതു പൊതുസമൂഹത്തെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ഇത്തരം ചെയ്തികളിലൂടെ അമ്പരിപ്പിക്കുക തന്നെ ചെയ്തു. ഇതൊക്കെ കണ്ടു കൊറോണയെക്കാൾ എത്ര വലിയ വൈറസ് നമുക്കിടയിൽ തന്നെയുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചുപോയെങ്കിൽ അതിനവരെ കുറ്റം പറയാനാവില്ല. വിവാദം കൊഴുപ്പിക്കുന്നതിൽ കേരളത്തിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു എന്നതിൽ നിന്നും വിഷയം എത്രമേൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരുന്നു എന്നതും പകൽ പോലെ വ്യക്തമായിരുന്നു.

സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുകയും അതുവഴി അത് നിയമം ആയി മാറുകയും ചെയ്‌താൽ സർക്കാർ നേരത്തെ പറഞ്ഞിരുന്ന ആറു ദിവസം വീതമുള്ള അഞ്ചു മാസത്തെ ശമ്പളം എന്നതു ശമ്പളത്തിന്റെ 25 ശതമാനം എന്നായി മാറിയേക്കാം എന്നതു ഇന്നലെ കോടതിയുടെ സ്റ്റേ വന്നപ്പോൾ ആഹ്ലാദിച്ചവരെ വീണ്ടും അസ്വസ്ഥരാക്കാൻ പോന്ന ഒന്ന് തന്നെയാണ്. കോടതി മുഖേന ഓർഡിനൻസ് മരവിപ്പിക്കുക എന്നതു എളുപ്പമല്ല എന്നതിനാൽ വരുന്നത് സഹിക്കുകയേ ഇനി നിവർത്തിയുണ്ടാകൂ എന്നിടത്തേക്കാണ് കാര്യങ്ങൾ പോകുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories