TopTop
Begin typing your search above and press return to search.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് പിറക്കുന്നു

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് പിറക്കുന്നു

മലയാള ചലച്ചിത്ര രംഗത്തെ അതികായന്‍ കുഞ്ചാക്കോയുടെ ജീവിത കഥ 'സംവിധാനം കുഞ്ചാക്കോ', അനുഭവകഥകളിലൂടെ അനുപമമായ ജീവിത സഞ്ചാരം തുടരുകയാണ്. കുട്ടനാട് പുളിങ്കുന്നു ദേശത്ത് മാളിയംപുരയ്ക്കല്‍ മാണിചാക്കോയുടെയും ഏലിയാമ്മയുടെയും മൂത്തപുത്രനായി ജനിച്ച് മലയാള സിനിമയുടെ പ്രിയനായ കുഞ്ചാക്കോയുടെ ജീവിതം സംഘര്‍ഷ തീഷ്ണമായിരുന്നു.അതാവട്ടെ മലയാള സിനിമയുടെ കൂടി ചരിത്രത്തിലെ സുപ്രധാന ഏടായി തീരുകയും ചെയ്തു. പ്രതിഭയും സംരംഭകത്വവും ഒടുങ്ങാത്ത അന്വേഷണ തൃഷ്ണയും നിറഞ്ഞ ആ ജീവിതം തലമുറകള്‍ക്കു പ്രചോദനമാണ്. ആ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചാരം നടത്തുകയുമാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. ജോസി ജോസഫ്. ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം.


കെ ആന്‍ഡ് കെ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് ഉദയാ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച ' നല്ല തങ്ക' സംവിധാനം ചെയ്തത് പി.വി. കൃഷ്ണയ്യരായിരുന്നു. അഭയദേവ് രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് വി. ദക്ഷണാമൂര്‍ത്തിയും. കര്‍ണ്ണാടക സംഗീതധാരയില്‍ നിന്ന് അനശ്വര ചലച്ചിത്ര ഗാനങ്ങള്‍ സൃഷ്ടിച്ച ദക്ഷിണാമൂര്‍ത്തിയുടെ അരങ്ങേറ്റം 'നല്ല തങ്ക'യായിലായിരുന്നു. അഗസ്റ്റിന്‍ ജോസഫ്, വൈക്കം മണി, മുതുകുളം രാഘവന്‍ പിള്ള, എസ്.പി. പിള്ള, മിസ് കുമാരി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. അതിശയോക്തികള്‍ നിറഞ്ഞ അക്കാലത്തെ തമിഴ് സിനിമാശൈലിയുള്ളതായിരുന്നു 'നല്ല തങ്ക'യുടെ കഥ. അക്കഥയെ ഒരു ഹിറ്റാക്കി മാറ്റുന്നതില്‍ കെ.വി.കോശിയുടെ സംഭാവന എടുത്തുപറയേണ്ടതാണ്.

'ഫിലിംകോ' എന്ന ചലച്ചിത്ര വിതരണ സ്ഥാപനത്തിന്റെ ഉടമസ്ഥനായിരുന്ന കെ.വി.കോശി, 1939 ല്‍ ' സിനിമ' എന്ന പേരില്‍ ഒരു ചലച്ചിത്ര ദൈവവാരിക ആരംഭിച്ചിരുന്നു. കേരള ഫിലിം ചേംബര്‍ ഒഫ് കോമേഴ്‌സ് സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും അദ്ദേഹമാണ്. ലഭ്യമായ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍, ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയില്‍ കെ.വി.കോശി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പാട്ടും നൃത്തവും സ്റ്റണ്ടും കണ്ണീരും ചിരിയുമെല്ലാം ചേരുംപടി ചേര്‍ത്ത ഒരു 'ഫോര്‍മുല' ചിത്രം തന്നെയായിരുന്നു 'നല്ല തങ്ക'. നാത്തൂന്‍ പോരാണ് ഈ ഫോര്‍മുലയെ വിജയകരമാക്കിയ പ്രമേയ പശ്ചാത്തലം. സിനിമയെ തീയറ്ററില്‍ സാമ്പത്തിക വിജയമാക്കുന്നതില്‍ കാലാകാലങ്ങളില്‍ ഇത്തരത്തിലുള്ള ഫോര്‍മുലകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍, ജനപ്രിയ സിനിമയ്ക്ക് എതിരെയുള്ള ഒരു പ്രധാന ആരോപണം തന്നെ ഈ ഫോര്‍മുലയില്‍ അധിഷ്ഠിതമായ നിര്‍മ്മാണമാണ്.

ജാതിമത, വര്‍ഗ്ഗങ്ങളൊന്നും കൂടാതെ ജനസമൂഹം ഒന്നിച്ചുകൂടുന്ന പൊതുമണ്ഡലം എന്ന നിലയില്‍ ഇക്കാലമായപ്പോഴേക്കും സിനിമ തീയറ്റര്‍ കേരളത്തില്‍ മാറിക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിന്റേയും വിനോദത്തിന്റേയും ഈ പൊതു മണ്ഡലം രൂപപ്പെടുത്തുന്നതില്‍ ജനപ്രീയ സിനിമകള്‍ക്ക് നിര്‍ണ്ണായക പങ്കാണുള്ളത്. ' പൊതുമണ്ഡലവും മലയാളഭാവനയും -മാധ്യമം, സിനിമ, സാഹിത്യം' എന്ന ഗ്രന്ഥത്തില്‍ ഷാജി ജേക്കബ് എഴുതുന്നു. ''കേരളത്തിലും സിനിമ തീയറ്ററുകള്‍ കേന്ദ്രീകരിച്ച് സൃഷ്ടിക്കപ്പെട്ട കാഴ്ച സംസ്‌ക്കാരം നവോത്ഥാനാധുനികതയുടെ സാമൂഹിക സമവാക്യങ്ങള്‍ക്ക് അനുകൂലവും പൂരകവുമായിരുന്നുവെന്ന് കരുതാം...സിനിമ എക്കാലത്തും ഒരു സാമൂഹക ജനപ്രീയ സംസ്‌ക്കാരമായാണ് ലോകത്തെവിടേയുമെന്ന പോലെ കേരളത്തിലും നിലനിന്നിട്ടുള്ളത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് 1950-1995 കാലത്ത് ഇവിടെയുണ്ടായിരുന്ന തീയറ്ററുകളുടെ എണ്ണവും അവയിലെ വന്‍ പ്രേക്ഷക സാന്നിധ്യവും.''

നവോത്ഥാനത്തിനുശേഷം രൂപപ്പെട്ട പൊതു മണ്ഡലത്തിന്റെ ഉള്ളടക്കങ്ങളെ ജനപ്രീയസിനിമകള്‍ ഗുണാത്മകമായി സ്വാധീനിച്ചു എന്ന നിലയില്‍ ഈ വസ്തുതയെ നമുക്ക് സമീപിക്കാം എന്നു തോന്നുന്നു. ഇത്തരത്തിലുള്ള ഫോര്‍മുല സിനിമകളോട് ചലച്ചിത്ര നിരൂപകരെല്ലാം തന്നെ വളരെ കര്‍ക്കശനിലപാടുകളാണ് സ്വീകരിച്ചിരുന്നത്. അതിലവരെ കുറ്റം പറയാന്‍ കഴിയില്ലെങ്കിലും ജനപ്രിയ സിനിമയുടെ ഇത്തരത്തിലുള്ള ധനാത്മകമായ വശങ്ങളെ പാടെ വിസ്മരിക്കുന്നതും ശരിയല്ലല്ലോ. മാത്രമല്ല, ഇന്ത്യയില്‍ എല്ലായിടത്തും പ്രാരംഭകാല സിനിമകള്‍ എല്ലാം തന്നെ പുണ്യപുരാണ കഥകളെ ആശ്രയിച്ചിരുന്നപ്പോള്‍ മലയാള സിനിമ സാമൂഹിക കഥകള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. സിനിമ ഒരു കലയെന്ന നിലയില്‍ രൂപപ്പെടുന്നതിന് മുന്‍പെ ഒരു ജനപ്രീയ കലയായിരുന്നുവെന്ന യാഥാര്‍ത്ഥ്യവും ഇവിടെ ഓര്‍മ്മിക്കാം.

(ഉദയാ സ്റ്റുഡിയോ പ്രാരംഭകാലം ഫോട്ടോ കടപ്പാട് രതീഷ് )

ഉദയാ സ്റ്റുഡിയോയുടെ ലാഭകരമായ നടത്തിപ്പിനെക്കുറിച്ചും കുഞ്ചാക്കോയ്ക്ക് ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. 'മലയാള സിനിമ ചരിത്രം വിചിത്രം' എന്ന ഗ്രന്ഥത്തില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതുന്നത് നോക്കുക:' നല്ല തങ്കയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്നപ്പോഴാണ് സ്വാമി നാരായണന്‍ 'ശശിധരന്‍' എന്ന തന്റെ ചലച്ചിത്രത്തിന്റെ നിര്‍മ്മാണക്കാര്യത്തിനായി കുഞ്ചാക്കോയെ സമീപിച്ചത്. നല്ല തങ്കയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ടാകട്ടെ 'ശശിധര'ന്റെ ഷൂട്ടിംഗ് എന്നൊന്നും കുഞ്ചാക്കോ പറഞ്ഞില്ല. ശശിധരന്റെ ഷൂട്ടിംഗും ഒന്നിച്ച് നടക്കട്ടെ എന്ന് കുഞ്ചാക്കോ തീരുമാനിച്ചു. അതു കാരണം രണ്ട് ഷിഫ്റ്റ് ആയിട്ടാണ് അന്ന് 'നല്ല തങ്ക'യുടേയും 'ശശിധര'ന്റേയും ഷൂട്ടിംഗ് നടന്നത്. '' തന്റെ ബിസിനസ് നടത്തിപ്പിനെക്കുറിച്ച് കൃത്യമായ ധാരണകള്‍ കുഞ്ചാക്കോ പടിപടിയായി രൂപപ്പെടുത്തി എന്ന് സാരം.

'നല്ല തങ്ക'യുടെ വിജയത്തിനുശേഷം കെ. ആന്‍ഡ് കെ. പ്രോഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രമായിരുന്നു 'ജീവിതനൗക'. ആസ്വാദക പ്രീതി നേടിയ ഗാനങ്ങള്‍ 'നല്ല തങ്ക'യുടെ വിജയത്തിന് അടിത്തറയൊരുക്കി എന്ന് തിരിച്ചറിഞ്ഞ കുഞ്ചാക്കോയും കോശിയും 'ജീവിതനൗക'യിലെ ഗാനങ്ങളുടെ ചുമതല അഭയദേവിനേയും ദക്ഷിണാമൂര്‍ത്തിയേയും തന്നെ ഏല്‍പ്പിച്ചു. കെ. വേമ്പു ആയിരുന്നു സംവിധായകന്‍. ഒരു ബംഗാളികഥയില്‍ നിന്ന് കെ.വി. കോശിയുടെ മകന്‍ ജോര്‍ജ്ജ് രൂപപ്പെടുത്തിയതാണ് കഥ. മുതുകുളം രാഘവന്‍പിള്ള തിരക്കഥ രചിച്ചു.

പത്രമാധ്യമങ്ങളിലൂടെ വ്യത്യസ്തങ്ങളും ആകര്‍ഷകങ്ങളുമായ പരസ്യങ്ങള്‍ നല്ല രീതിയില്‍ ചെയ്തതിനുശേഷമാണ് 'ജീവിതനൗക' റിലീസ് ചെയ്തത്. മലയാള സിനിമാചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച ഈ ചിത്രം 1951 മാര്‍ച്ച് 15-ാം തീയതിയാണ് പ്രദര്‍ശനമാരംഭിച്ചത്. 'ജീവിതനൗക'യുടെ ചില റിക്കാര്‍ഡുകള്‍ കാണുക: മലയാളത്തില്‍ ഒരേ സമയം അന്‍പതു തീയറ്ററുകളിലായുള്ള പ്രദര്‍ശനം, മിക്ക തീയറ്ററുകളിലും നൂറ് ദിവസങ്ങള്‍ക്കുമേല്‍ പ്രദര്‍ശനം, മലയാളത്തിനു പുറമെ തമിഴിലും പതിപ്പിറക്കിയ ആദ്യ ചിത്രം , അതുവരെ നിര്‍മ്മിച്ചിട്ടുള്ള മലയാളം ചിത്രങ്ങളുടെ കളക്ഷന്‍ റിക്കാഡ് ഭേദിച്ച ചിത്രം. 'ജീവിത നൗക'യുടെ അസാധാരണായ ഈ വിജയത്തെ വിലയിരുത്തിക്കൊണ്ട് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതുന്നു: '' അതുവരെ ഇറങ്ങിയിട്ടുള്ള മലയാള ചലച്ചിത്രങ്ങളിലെ സ്വപ്‌നസമാനമായ കഥകളില്‍ നിന്നിറങ്ങിവന്ന് സാധാരണക്കാരുടെ കഥ പറയുകയും പച്ച മനുഷ്യരെപ്പോലെ സംസാരിക്കുകയും വേഷഭൂഷാദികള്‍ ധരിക്കുകയും കേരളീയ സംസ്‌ക്കാരത്തെ പൊട്ടും പൊടിയും ചേര്‍ത്ത് ചാലിച്ചവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണീ ചിത്രം ഇത്രകണ്ട് വിജയിച്ചത്. ഇത്തരം കഥയുള്ള ചിത്രങ്ങള്‍ വിജയിക്കുമെന്ന ഒരു ഗുണപാഠവും ഈ ചിത്രം നല്‍കി. '

ഡോ. ടി. അനിതകുമാരി സമാഹരിച്ച 'സിനിമ-ആസ്വാദനത്തിന്റെ ചരിത്രവഴികള്‍ 1930-1960' എന്ന ഗ്രന്ഥത്തില്‍, സിനിക്കിന്റെ 'ജീവിതനൗക'യെക്കുറിച്ചുള്ള ചലച്ചിത്ര നിരൂപണം ചേര്‍ത്തിട്ടുണ്ട്. കഥയിലേയും ആഖ്യാനത്തിലേയും പിഴവുകളെ യുക്തിഭദ്രമായി വിമര്‍ശിക്കുന്ന നിരൂപകനെയാണ് നമുക്കതില്‍ കാണാന്‍ കഴിയുക:' ഇത്തരം ന്യൂനതകള്‍ ഈ ചിത്രത്തില്‍ ഉടനീളം കാണാം. ഇവ ചെറിയ കുറ്റങ്ങളല്ലേ എന്നു കരുതി കണടയ്ക്കാന്‍ വയ്യ. എന്തെന്നാല്‍ ഇത്തരം ചെറിയ ന്യുനതകള്‍ ചിത്രത്തിന്റെ ഒട്ടാകെയുള്ള ഭംഗിയെ എത്രമാത്രം നശിപ്പിക്കുമെന്നോ? ....കേരളത്തിലെ പ്രത്യേകതകള്‍, സവിശേഷച്ചടങ്ങുകള്‍, ആചാര മര്യാദകള്‍ എന്നിവ ചിത്രീകരിച്ചു കേരളത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക-ഒരു മലയാള ചിത്രം നിര്‍മ്മിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് അത്. ഏതായാലും 'പ്രസന്ന'യിലെപ്പോലെ ' സ്റ്റാര്‍വാല്യു' മാത്രം പരിഗണിച്ചു ശരിയ്ക്കു മലയാളം പറയാന്‍ വയ്യാത്ത തമിഴന്മാരെ പിടിച്ചുകൊണ്ടുവന്നു ഭാഷുടെ കഴുത്തിനു കത്തിവെയ്ക്കാന്‍ കെ. ആന്‍ഡ് കെ. പ്രൊഡക്ഷന്‍സ് ശ്രമിച്ചില്ലെന്നെങ്കിലും തല്‍ക്കാലം സമാധാനിക്കുക.'' സിനിക് തന്റെ ലേഖനം ഉപസംഹരിക്കുന്നത് ഇങ്ങനെ: '' ഏതായാലും നമ്മുടെ ചിത്രങ്ങളില്‍ മലയാളത്തിന്റെ മനോഹാരിത പ്രതിഫലിക്കട്ടെ; അവയിലൂടെ മലയാളികളുടെ മഹനീയ സംസ്‌ക്കാരം ഒഴുകട്ടെ എന്നാലേ ചലച്ചിത്ര രംഗത്തില്‍ കേരളത്തിന്റെ സംരംഭങ്ങള്‍ തികച്ചും വിജയിക്കൂവെന്ന് മലയാള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവരെല്ലാം ഓര്‍ത്താല്‍ ഉത്തമം.''

തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു 'ജീവിതനൗക'യിലെ നായകകഥാപാത്രത്തിന് ജീവന്‍ നല്‍കിയത്. എന്തുകൊണ്ടായിരിക്കാം ഈ വേഷത്തിലേക്ക് തിക്കുറിശ്ശിയെ പരിഗണിച്ചത്.? ഉത്തരം പ്രേംനസീറിന്റെ 'എന്റെ ജീവിതം' എന്ന ആത്മകഥയിലുണ്ട്. അതിങ്ങനെ: ''സ്ത്രീ'യുടെ(തിക്കുറിശ്ശിയുടെ നാടകം) ജൈത്രയാത്രയുടെ സമയമാണിത്. മലയാള നാടകവേദിയില്‍ ഒരു നവീനാധ്യായം എഴുതിച്ചേര്‍ത്ത നാടകം. പല പുതുമകളും ആ നാടകത്തിനുണ്ടായിരുന്നുവെന്നതാണ്് സത്യം. അതുവരെയുണ്ടായിരുന്ന എല്ലാ പ്രഫഷണല്‍ നാടകസങ്കല്പങ്ങളേയും പൊളിച്ചെറിഞ്ഞു സ്ത്രീ.' കേരളത്തിലൂടനീളം ഹിറ്റായി മാറിയ ഒരു നാടകത്തേയും അതിലെ നാടകനടനേയും കുഞ്ചാക്കോ സഗൗരവം പരിഗണിച്ചുവെന്നര്‍ത്ഥം. 'ജീവിതനൗക'യിലെ തിക്കുറിശ്ശിയുടെ അഭിനയത്തെ സിനിക് കഠിനമായി വിമര്‍ശിക്കുന്നുണ്ടെങ്കിലും, 'സ്ത്രീ' നാടകം സൃഷ്ടിച്ച പ്രഭാവലയം ചലച്ചിത്രതാരമായുള്ള തിക്കുറിശ്ശിയുടെ പരിണാമത്തെ സഹായിച്ചുവെന്ന് കാണാം. താന്‍ നിര്‍മ്മിക്കുന്ന സിനിമയെ ജനപ്രിയമാക്കാന്‍ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ചെല്ലാം കുഞ്ചാക്കോ ഗൃഹപാഠം ചെയ്തിരുന്നുവെന്നു വേണം നാം മനസ്സിലാക്കുവാന്‍. ഈ തുടക്കകാലത്ത് കെ.വി. കോശിയുടെ പിന്തുണ കുഞ്ചാക്കോയ്ക്ക് ഉപകാരപ്രദമായിത്തീര്‍ന്നുവെന്നും മനസ്സിലാക്കാം.

'ജീവിതനൗക'യുടെ അഭൂതപൂര്‍വ്വമായ വിജയത്തോടെ കെ. ആന്‍ഡ് കെ. പ്രൊഡക്ഷന്‍സ് കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് മൂന്നാമത്തെ ചിത്രമായ ' വിശപ്പിന്റെ വിളി' യുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. 'നല്ല തങ്ക'യുടേയും 'ജീവിതനൗക'യുടേയും വിജയഫോര്‍മുലകള്‍ പരസ്യങ്ങളിലും കഥാഖ്യാനത്തിലും എല്ലാം പൊതുവെ പിന്തുടരുകയാണ് ഈ ചിത്രത്തിലും. പക്ഷെ, ' വിശപ്പിന്റെ വിളി' മലയാള സിനിമ ചരിത്രത്തില്‍ സ്ഥാനം നേടിയത് പ്രേംനസീറിന്റെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ് എന്ന നിലയിലാണ്.

(പ്രേംനസീര്‍)

ഉദയാ സ്റ്റുഡിയോയില്‍ എത്തിയ അബ്ദുള്‍ഖാദറിനെ ആദ്യനോട്ടത്തില്‍ തന്നെ കുഞ്ചാക്കോയ്ക്ക് ഇഷ്ടപ്പെട്ടു. നായികയായ കുമാരി തങ്കവുമായി ഒരു പ്രേമരംഗം അഭിനയിച്ചുകാണിക്കുവാന്‍ ആവശ്യപ്പെട്ടു. അത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുകഴിഞ്ഞപ്പോള്‍ മേക്കപ്പ് ടെസ്റ്റ് നടത്തി. റിസല്‍ട്ട് കണ്ടപ്പോള്‍ എല്ലാവര്‍ക്കും തൃപ്തിയായി. തുടര്‍ന്നുള്ള രംഗം പ്രേംനസീറിന്റെ വാക്കുകളില്‍ തന്നെ വായിക്കാം. 'എന്റെ ജീവിതം' എന്ന ആത്മകഥയില്‍ അദ്ദേഹം എഴുതുന്നു:

'' ഏറെ കാര്യങ്ങള്‍ സംസാരിച്ചശേഷം ചാക്കോച്ചന്‍ (കുഞ്ചാക്കോ) ചോദിച്ചു: '' ഈ ചിത്രത്തലഭിനയിക്കാന്‍ അബ്ദുള്‍ഖാദറിന് എന്തു പ്രതിഫലം വേണം?...' അയ്യായിരം ഉറുപ്പിക തരാം' എന്റെ മൗനം കണ്ടിട്ടാകണം ചാക്കോച്ചന്‍ വീണ്ടും പറഞ്ഞു. അപ്പോഴും എനിയ്‌ക്കൊന്നും പറയാനുണ്ടായിരുന്നില്ല. എങ്കിലും ഞാന്‍ അന്തംവിട്ട് ചോദിച്ചു: ' അയ്യായിരമോ? ' ഇത്രയും രൂപ പ്രതിഫലം തരുമോ എന്ന അത്ഭുതത്തിലാണ് ചോദിച്ചത്. പക്ഷെ ചാക്കോച്ചന്‍ കരുതി അതു പോരാത്തതുകൊണ്ടാണിങ്ങനെ ചോദിച്ചതെന്ന്. ' ശരി ഏഴായിരം ഉറുപ്പിക പ്രതിഫലം. ആയിരം അഡ്വാന്‍സ്.' ചാക്കോച്ചന്‍ വീണ്ടും പറഞ്ഞു.

മതിമറന്നവനെപ്പോലെ ഞാനിരുന്നു. എല്ലാം സ്വപ്‌നമാണെന്നുപോലും ഞാന്‍ ചിന്തിച്ചുപോയി. ഇതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ലല്ലോ?''

(അടുത്തലക്കം: ഉദയായിലെ താരോദയങ്ങള്‍)


പ്രഫ. ജോസി ജോസഫ്

പ്രഫ. ജോസി ജോസഫ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും. മാധ്യമ പഠന വിഭാഗം വകുപ്പ് അധ്യക്ഷന്‍, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍, ചങ്ങനാശ്ശേരി.

Next Story

Related Stories