TopTop
Begin typing your search above and press return to search.

പരാജയങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങള്‍

പരാജയങ്ങളില്‍ നിന്നും പഠിച്ച പാഠങ്ങള്‍

മലയാള ചലച്ചിത്ര രംഗത്തെ അതികായന്‍ കുഞ്ചാക്കോയുടെ ജീവിത കഥ 'സംവിധാനം കുഞ്ചാക്കോ', അനുഭവകഥകളിലൂടെ അനുപമമായ ജീവിത സഞ്ചാരം തുടരുകയാണ്. കുട്ടനാട് പുളിങ്കുന്നു ദേശത്ത് മാളിയംപുരയ്ക്കല്‍ മാണിചാക്കോയുടെയും ഏലിയാമ്മയുടെയും മൂത്തപുത്രനായി ജനിച്ച് മലയാള സിനിമയുടെ പ്രിയനായ കുഞ്ചാക്കോയുടെ ജീവിതം സംഘര്‍ഷ തീഷ്ണമായിരുന്നു.അതാവട്ടെ മലയാള സിനിമയുടെ കൂടി ചരിത്രത്തിലെ സുപ്രധാന ഏടായി തീരുകയും ചെയ്തു. പ്രതിഭയും സംരംഭകത്വവും ഒടുങ്ങാത്ത അന്വേഷണ തൃഷ്ണയും നിറഞ്ഞ ആ ജീവിതം തലമുറകള്‍ക്കു പ്രചോദനമാണ്. ആ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചാരം നടത്തുകയുമാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. ജോസി ജോസഫ്. ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം.അനുഭവകഥകളിലൂടെ ഒരു ജീവിത സഞ്ചാരം, ദേശത്തിന്റെ വേരുകള്‍, കുടുംബത്തിന്റെ ആരുഢങ്ങള്‍, കാലമാം വെള്ളിത്തിരശ്ശീല, പുസ്തകങ്ങള്‍ പറയുന്നത് , ആലപ്പി വിന്‍സെന്റും കുഞ്ചാക്കോയും; നായകനും പ്രതിനായകനുമാകുമ്പോള്‍, ഉദയാ പിക്‌ചേഴ്‌സിന്റെ തുടക്കം; ക്ലൈമാക്‌സും ആന്റിക്ലൈമാക്‌സും , ഉദയചിത്രങ്ങള്‍; സിനിമയുടെ മായികത, പിന്നെ സംവിധായകനാകാനുള്ള തയ്യാറെടുപ്പുകളും

ഉദയാ സ്റ്റുഡിയോയില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു കുഞ്ചാക്കോയുടെ ലക്ഷ്യം. അതിനാവശ്യമായ സന്നാഹങ്ങളൊക്കെ അദ്ദേഹം ഒരുക്കി. അക്കാലത്ത് മദ്രാസില്‍ മാത്രമേ സിനിമകള്‍ക്കു സംഗീതം നല്‍കുന്ന ഓര്‍ക്കസ്ട്രാ പാര്‍ട്ടി ഉണ്ടായിരുന്നുള്ളു. തമിഴ് കലാകാരന്മാരായിരുന്നു അവരില്‍ ഭൂരിപക്ഷം. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സംഗീത കലാകാരന്മാരെയാണ് കുഞ്ചാക്കോ ഉദയാ സ്റ്റുഡിയോയിലെ സംഗീത വിഭാഗത്തില്‍ നിയമിച്ചത്. ബി.എ. ചിദംബരനാഥിനെയാണ് തന്റെ സംഗീത സംവിധായകനായി കുഞ്ചാക്കോ കണ്ടെത്തിയത്.


(ബി.എ. ചിദംബരനാഥ്)

ഉദയാ സ്റ്റുഡിയോയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ 'വെള്ളിനക്ഷത്ര'ത്തിന് ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് അഭയദേവ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ഉദയാ സ്റ്റുഡിയോയില്‍ ബി.എ. ചിദംബരനാഥ് അഭയദേവിന്റെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് കേട്ടിരിക്കുന്ന കുഞ്ചാക്കോയെ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്: ' പാട്ട് ട്യൂണ്‍ ചെയ്യുന്നത് കേള്‍ക്കാനും പിന്നണിക്കാരെക്കൊണ്ട് പാടിക്കുന്നത് കേള്‍ക്കാനും അവരുടെ അടുക്കലായി ഇട്ട ഒരു കസേരയില്‍ കുഞ്ചാക്കോയും വന്നിരിക്കും. കൈയില്‍ ഒരു ടിന്‍ പ്ലെയേഴ്‌സ് സിഗററ്റുമുണ്ടായിരിക്കും. സിഗററ്റ് വലിച്ച് പാട്ടുകേട്ട് കുഞ്ചാക്കോ അങ്ങനെയിരിക്കും. '

നിശ്ചലവും നിസ്സംഗവുമായ ഒരു ഇരുപ്പായിരുന്നില്ല അതെന്ന് കാലം തെളിയിച്ചു. കലാസാഹിത്യ സരണികളില്‍ നിന്ന് വഴിമാറി നടക്കേണ്ടിയിരുന്ന അക്കാലത്ത് ക്രിസ്ത്യാനികള്‍ക്ക്, പുരാതന ക്രൈസ്തവ കുടുംബത്തില്‍, യാഥാസ്ഥിതികമായ പ്രാര്‍ത്ഥനാ വഴക്കങ്ങള്‍ക്ക് വിധേയപ്പെട്ട് ജീവിച്ച കുഞ്ചാക്കോയില്‍ ഒരു നിഷേധിയുടെ കുതറിമാറല്‍ ഉണ്ടായിരുന്നുവെന്ന് ഇന്ന് ജീവിച്ചിരിക്കുന്ന പല ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. ഈ സാക്ഷ്യങ്ങള്‍ കുഞ്ചാക്കോയുടെ മൂല്യച്യുതിയുടെ തെളിവുകളായിട്ടല്ല എടുക്കേണ്ടത്. മലയാള ചലച്ചിത്ര വ്യവസായത്തില്‍ സ്വയം നിര്‍മ്മിച്ച വിശിഷ്ട സിംഹാസനത്തില്‍ ഉപവിഷ്ടനാകാനുള്ള രൂപപ്പെടലിന്റെ ഈറ്റുനോവുകളായിട്ട് മാത്രമേ കാലത്തിന് അവയെ അടയാളപ്പെടുത്താന്‍ കഴിയൂ. കുഞ്ചാക്കോ തനിക്കപരിചിതമായിരുന്ന സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചു, ഫ്യൂഡല്‍ മൂല്യബോധങ്ങളുടെ അവശിഷ്ടങ്ങള്‍ ചിലപ്പോഴെല്ലാം അവയുടെ നിറം കെടുത്തുന്നുണ്ടെങ്കിലും.

മലയാള സിനിമാഗാന ചരിത്രത്തില്‍ വസന്തം പോലെയോ, നിലാച്ചന്തം പോലെയോ, പൂത്തുലഞ്ഞ ഉദയാ സിനിമകളിലെ ഗാനങ്ങള്‍ മാത്രം മതിയല്ലോ ഇതിനൊരു സാക്ഷ്യപത്രമായി? പഴയകാല മലയാള ചലച്ചിത്ര ഗാനങ്ങള്‍ സുവര്‍ണ്ണ, പുരുഷ മേധാവിത്വത്തിന്റെ കാമനാപതാകകളാണെന്ന് അവയുടെ ഉള്ളടക്കം വെച്ചുകൊണ്ടുള്ള വിമര്‍ശനം ആദരവോടെ ഓര്‍മ്മിക്കുന്നു. എന്നാല്‍, അടിച്ചമര്‍ത്തപ്പെട്ട ഫോക് ഗാനങ്ങളുടെയും സംഗീതത്തിന്റേയും തളംകെട്ടലില്‍ നിന്നൊരു കുതിച്ചുചാട്ടമായി, കേരളീയ പൊതുമണ്ഡലം ഏറ്റെടുത്ത ജനപ്രീയ സംഗീതമായി, ഈ ഗാനശാഖയെ വിലയിരുത്തുന്നവരുമുണ്ട്. സാധാരണ ജനങ്ങള്‍ക്ക് ഏറ്റുപാടാനും കുതിച്ചുചാടാനും ഭാവതരളിതരാകാനുമൊക്കെ ഈ ചലച്ചിത്ര ഗാനസംഗീതം സഹായിച്ചു എന്നത് വിസ്മരിക്കപ്പെടേണ്ടതല്ല.

കുട്ടനാട് രാമകൃഷ്ണപിള്ള കഥയെഴുതി എഫ്.ജെ.എച്ച് ബെയ്‌സ് സംവിധാനം ചെയ്ത് അഭയദേവ്-ബി.എ. ചിംദബരനാഥ് ടീം ഗാനങ്ങളൊരുത്തി , പുതുമുഖങ്ങള്‍ അഭിനയിച്ച 'വെള്ളിനക്ഷത്ര'ത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1949 ജനുവരി 14ന് 'മാതൃഭൂമി ദിനപ്പത്ര'ത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലെ ഒരു ഭാഗം കാണുക: ' ധനസമ്പാദന ദുരയും ധനപ്രതാപമദവും കൊണ്ട് മനുഷ്യരല്ലാതായിത്തീര്‍ന്നിട്ടുള്ള കഥാപാത്രങ്ങളും മര്‍ദ്ദിതരും ചൂഷിതരുമായിട്ടും മനുഷ്യത്വം അവശേഷിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് 'വെള്ളിനക്ഷത്ര'ത്തിന്റെ ജീവനാഡിയായി നിലകൊള്ളുന്നത്. 'വെള്ളിനക്ഷത്ര'ത്തിന്റെ മഹനീയ ഉദ്ഘാടനകര്‍മ്മം പ്രധാനമന്ത്രി ശ്രീ. ടി.കെ. നാരായണപിള്ള 1124 മകരം ഒന്നാം തീയതി ആറുമണിക്ക് തിരുവനന്തപുരം ചിത്രായില്‍ നിര്‍വ്വഹിക്കും.' (മലയാള സിനിമ പിന്നിട്ട വഴികള്‍-എം.ജയരാജ്) തന്റെ സിനിയുടെ പ്രമേയം ഉള്‍ക്കൊള്ളുന്ന നവോത്ഥാനമൂല്യങ്ങളെക്കുറിച്ചും ആ സിനിമയുടെ കാണികളെക്കുറിച്ചും എല്ലാം കുഞ്ചാക്കോയ്ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്ന് ഈ പരസ്യം തെളിയിക്കുന്നുണ്ട്. സിനിമ എന്ന വ്യാവസായിക ഉല്‍പ്പന്നത്തിന്റെ വിപണനത്തെക്കുറിച്ചും അതിന് ഉപയോഗ്യമായ പരസ്യതന്ത്രങ്ങളെക്കുറിച്ചുമെല്ലാം സ്വയാര്‍ജ്ജിതമായ അറിവുകളുടെ വെളിച്ചത്തിലും തെളിച്ചത്തിലുമാണ് കുഞ്ചാക്കോ ആദ്യം മുതലേ ചുവടുവെയ്ക്കുന്നത്.

'വെള്ളിനക്ഷത്ര'ത്തിനുവേണ്ടി അഭയദേവ് എഴുതിയ ഒരു ഗാനത്തിലെ വരികള്‍ ഇങ്ങനെ:

' ആശാഹീനം ശോകദം നിയതം

സ്വാര്‍ത്ഥതയാലേ നിഖിലം ലോകം

യാതനയാര്‍ന്നിടും സോദരന്മാര്‍ തന്‍

വേദനകാണ്മാന്‍ കനിവില്ലേതും''

യാതന അനുഭവിക്കുന്ന സഹോദരന്മാരുടെ വേദന കാണുവാന്‍ കനിവില്ലാത്ത സ്വാര്‍ത്ഥ ലോകം, പക്ഷെ, 'വെള്ളിനക്ഷത്ര'ത്തെ ബോക്‌സോഫീസില്‍ പരാജയപ്പെടുത്തിക്കളഞ്ഞു.

'മലയാള സിനിമ പിന്നിട്ട വഴികളില്‍' എം. ജയരാജ് എഴുതുന്നു: '' അവതരണത്തിലോ, ആഖ്യാനത്തിലോ യാതൊരു പുതുമയും അവകാശപ്പെടാനില്ലാതിരുന്ന ഈ സിനിമ ഒരു വിജയമായിരുന്നില്ല. എങ്കിലും നിര്‍മ്മാതാവും സംവിധായകനും ഉദയാ സ്റ്റുഡിയോയുടെ അധിപനുമായി മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച കുഞ്ചാക്കോയുടെ വിജയഗാഥ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.'

പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കുക. വിജയിക്കുന്ന സംരംഭകത്വത്തിന്റെ മുഖലക്ഷണം തന്നെയാണത്. തോല്‍വികള്‍ അടിച്ചേല്‍പ്പിക്കുന്ന ജീവിതത്തില്‍ നിന്നു തന്നെയാണ് ആ പാഠങ്ങള്‍ പഠിക്കേണ്ടതും. അങ്ങനെ ആയിരുന്നുവോ കുഞ്ചാക്കോയുടെ രൂപപ്പെടല്‍? അക്കാലത്തും ഇക്കാലത്തും വ്യവസായ സംരംഭകരോടുള്ള സമീപനത്തില്‍ മലയാളികള്‍ നിഷേധാത്മക നിലപാടാണ് പുലര്‍ത്തുന്നത്. ദുഷ്പ്രഭുത്വത്തിന്റേയും ഫ്യൂഡല്‍ വ്യവസ്ഥിതിയുടേയും പിന്‍തുടര്‍ച്ചയായി ആണ് കേരളത്തില്‍ വ്യവസായ സംരംഭങ്ങള്‍ നിലവില്‍ വന്നത് എന്നതുകൊണ്ടായിരിക്കാം പൊതുസമൂഹം ഇത്തരത്തില്‍ എതിര്‍നില സ്വീകരിച്ചത്. ഉദയാ സ്റ്റുഡിയയോയുടെ പ്രാരംഭ ചരിത്രം വിശദാംശങ്ങളോടെ ചിത്രീകരിക്കുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണനും ഈ ' മലയാളി സ്വഭാവ'ത്തിന്റെ പ്രതിനിധിയാണ്. വളരെ രൂക്ഷമായ വിമര്‍ശനത്തിന്റെ ഭാഷയും പ്രകടനവുമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഈ വിമര്‍ശനങ്ങള്‍ക്കിടയിലൂടെത്തന്നെയാണ് കുഞ്ചാക്കോയുടെ ദീര്‍ഘദര്‍ശിത്വവും സൂക്ഷ്മബുദ്ധിയുമൊക്കെ ഇതള്‍വിരിയുന്നതും!

ചേലങ്ങാട്ട് ഗോപാലകൃ്ഷണന്‍ എഴുതുന്നു: ' അടുത്തത് കുഞ്ചാക്കോയുടെ പ്രായോഗിക ബുദ്ധി നമ്പര്‍ ത്രീ! 'വെള്ളിനക്ഷത്ര'ത്തോടൊപ്പം ശബരിമല തീര്‍ത്ഥയാത്രയുടെ ദൃശ്യങ്ങളും ചേര്‍ക്കണമെന്ന് കുഞ്ചാക്കോ നിര്‍ദ്ദേശിച്ചു. എന്നാലേ, ''ഹിന്ദുക്കളായ കാണികളുടെ പത്തുകാശ് പെട്ടിയില്‍ വീഴുകയുള്ളു'' എന്നതാണ് കുഞ്ചാക്കോയുടെ ബുദ്ധി. ഇതിനായി ബെയ്‌സിനേയും വിന്‍സെന്റിനേയും ക്യമറാമാന്‍ ശിവറാം സിങ്ങിനേയും ഏതാനും അനുയായികളേയും കൂട്ടി 16-1-48ല്‍ ശബരിമലയിലേക്കയച്ചു. ഇവര്‍ രണ്ടു ദിവസംകൊണ്ട് വണ്ടിപ്പെരിയാര്‍ മുതല്‍ പമ്പവരെയും ശബരിമല സന്നിധാനത്തിന്റേയും അവിടെ തടിച്ചുകൂടി തീര്‍ത്ഥാടകരുടേയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് തിരിച്ചു പോന്നു. '


(കെ.വി. കോശി(ഫോട്ടോ കടപ്പാട് രതീഷ്))

ഇത്രയുമൊക്കെ മുന്നൊരുക്കങ്ങള്‍ പുലര്‍ത്തിയിട്ടും 'വെള്ളിനക്ഷത്രം' തീയറ്ററുകളില്‍ ജനങ്ങളെ ആകര്‍ഷിച്ചില്ല. പിന്നീട് നാം കാണുന്നത്, കുഞ്ചാക്കോയുടെ ഔചിത്യപൂര്‍ണ്ണമായ പ്രായോഗിക ബുദ്ധിയാണ്. ഉദയാ സ്റ്റുഡിയോയിലുണ്ടായിരുന്ന സാങ്കേതിക വിദഗ്ദ്ധരെയെല്ലാം പുറത്താക്കി കുഞ്ചാക്കോ ഒരു പുതിയ ടീമിനെ വാര്‍ത്തെടുത്തു. ഉദയാ സ്റ്റുഡിയോയുടെ കേസുകളില്‍ കുഞ്ചാക്കോയുടെ വക്കീലായിരുന്നു കെ.വി. കോശി. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര വിതരണ കമ്പനി ' ഫിലിംകോ' (ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് കമ്പനി) സ്ഥാപിച്ച ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം. സിനിമ തല്പരനായിരുന്ന കെ.വി. കോശിയും കുഞ്ചാക്കോയും തമ്മില്‍ ഒരു ദൃഢസൗഹൃദം ഇതിനിടയില്‍ ഉടലെടുത്തിരുന്നു. ഉദയാ സ്റ്റുഡിയോയുടെ അടുത്ത ചിത്രം നിര്‍മ്മിക്കുന്നതിന് മുന്‍പെ തന്നെ ഒരു ബിസിനസ്സ് പ്ലാന്‍ കുഞ്ചാക്കോ തയ്യാറാക്കി. ഉദയാ സ്റ്റുഡിയോ സ്വന്തം പേരില്‍ നിലനിര്‍ത്തിക്കൊണ്ടു കെ ആന്റ് കെ എന്ന പേരില്‍ പുതിയൊരു പ്രൊഡക്ഷന്‍ കമ്പനി രൂപീകരിക്കുക. ഈ ആശയം

കെ.വി. കോശി അംഗീകരിച്ചതോടെ മലയാള സിനിമ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച കെ.ആന്റ് കെ പ്രൊഡക്ഷന്‍സിന് തുടക്കമായി.


(കുഞ്ചാക്കോയും കെ.വി.കോശിയും (ഫോട്ടോ കടപ്പാട് രതീഷ്))

ഇവിടെ ഉദയാ സ്റ്റുഡിയോയുടെ ചരിത്രത്തില്‍ നിന്ന് അല്പം വഴിമാറി കുഞ്ചാക്കോയുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ചിലത് പറയേണ്ടിയിരിക്കുന്നു. വിവാഹജീവിതം വേണ്ടെന്ന് വെച്ചിരുന്ന കുഞ്ചാക്കോയുടെ ജീവിതത്തിലേക്ക് പുളിങ്കുന്നില്‍നിന്നു തന്നെയുള്ള കൊച്ചുപാലത്തിങ്കല്‍ കുടുംബത്തില്‍ നിന്ന് അന്നമ്മ കടന്നുവരുമ്പോള്‍, അക്കാലത്തെ നിയമ ബിരുദമായ ബി എല്‍ പാസായിരുന്നു. കേരള ചരിത്രത്തിലെ ഒരു ഇതിഹാസ കഥാപാത്രമായി വളര്‍ന്ന കെ. ആര്‍. ഗൗരിയമ്മയായിരുന്നു അന്നമ്മയുടെ ആത്മമിത്രം എന്നത് അന്നമ്മയുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ഘടകമാണ്. ജീവിതത്തോട് പുരോഗമനപരവും തുറന്നതുമായ ഒരു സമീപനം വച്ചുപുലര്‍ത്തുവാന്‍ തന്റെ പരന്ന വായനയും അന്നമ്മയെ സഹായിച്ചിരുന്നു. ഉദയാ സ്റ്റുഡിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന അന്നമ്മ കുഞ്ചാക്കോ വീട്ടമ്മയായി ഒതുങ്ങിക്കഴിയണമെന്നല്ല തീരുമാനിച്ചത്. ചിത്രനിര്‍മ്മാണത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ മുതല്‍തന്നെ പ്രഗത്ഭരായ പുരുഷകലാകാരന്മാരോടൊപ്പം തന്റെ ചിന്തകള്‍ പങ്കുവെച്ച് അവര്‍ ഒപ്പം നിന്നു. കുഞ്ചാക്കോയുടെ പിന്നീടങ്ങോട്ടുള്ള ജീവിതവിജയത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച് അന്നമ്മ കുഞ്ചാക്കോയും ഒപ്പമുണ്ടായിരുന്നു.

കെ ആന്റ് കെ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അന്നമ്മ കുഞ്ചാക്കോ ആണ് സ്ത്രീകളെ കരയിക്കുന്ന നല്ല തങ്കാള്‍ കഥ തെരഞ്ഞെടുത്താലോ എന്ന് നിര്‍ദ്ദേശിക്കുന്നത്. നാത്തൂന്‍പോര് മുഖ്യമായി വരുന്ന അക്കഥ കാണികള്‍ക്ക് പ്രിയങ്കരമാകുമെന്ന് എല്ലാവരും സമ്മതിച്ചു.

(അടുത്തഭാഗം: മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ്)


പ്രഫ. ജോസി ജോസഫ്

പ്രഫ. ജോസി ജോസഫ്

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും. മാധ്യമ പഠന വിഭാഗം വകുപ്പ് അധ്യക്ഷന്‍, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍, ചങ്ങനാശ്ശേരി.

Next Story

Related Stories