TopTop
Begin typing your search above and press return to search.

പഴയ പ്രതീകങ്ങളൊന്നും മായുന്നില്ല, മതഘടനയ്ക്കു വെളിയില്‍ അവ ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടേയിരിക്കുന്നു

പഴയ പ്രതീകങ്ങളൊന്നും മായുന്നില്ല, മതഘടനയ്ക്കു വെളിയില്‍ അവ ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടേയിരിക്കുന്നു

പുറത്ത് ക്രിസ്മസ് കരോളിന്‍റെ കൊട്ട് കേള്‍ക്കുന്നു... പിറവിയുടെ ഉത്സവം. കുട്ടിക്കാലത്തെ ഒരു പ്രധാന ആഘോഷമായിരുന്നു ക്രിസ്മസ്. അഞ്ചുവയസുള്ളപ്പോള്‍ അച്ഛന്‍ വാങ്ങിത്തന്ന വെള്ളനക്ഷത്രമാണ് ആദ്യത്തെ ഓര്‍മ്മ. അന്ന് ഇന്നത്തെപ്പോലെ ബഹുവര്‍ണ്ണ നക്ഷത്രദീപങ്ങളില്ല.

ഒരു ക്രിസ്മസ് കാലത്താണ് അമ്മ എനിക്ക് യേശുവിന്‍റെ കഥ പറഞ്ഞുതന്നത്. കഥയുടെ അന്ത്യം എന്നെ കരയിച്ചു. അവസാനനിമിഷമെങ്കിലും യേശു കുരിശില്‍ നിന്ന് ചാടിയിറങ്ങിവന്ന് തന്നെ ഉപദ്രവിച്ചവരെയെല്ലാം കുരിശുപിഴുതെടുത്ത് അടിച്ചോടിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. അതുണ്ടായില്ല. യേശു ഉയിര്‍ത്തെഴുന്നേറ്റ കഥയാകട്ടെ, എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി അമ്മ തല്കാലം തട്ടിക്കൂട്ടിയതാണെന്ന് വിശ്വസിക്കുകയും ചെയ്തു.

പിന്നീട് അമ്മവീട്ടില്‍ താമസമായപ്പോള്‍, ക്രിസ്ത്യാനികളായ അയല്‍ക്കാര്‍ ഇല്ലിയും സുതാര്യമായ വര്‍ണ്ണക്കടലാസും ചേര്‍ത്തുകെട്ടിയും ഒട്ടിച്ചും വലിയ നക്ഷത്രവും പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാക്കുന്നതു കാണാന്‍ പോകുമായിരുന്നു. പരീക്ഷ കഴിഞ്ഞ് സ്കൂളടച്ചപ്പോള്‍ ചിറ്റയും മകള്‍ ലക്ഷ്മിയും വന്നു. ലക്ഷ്മിയും ഞാനും കൂടെ ചാവടിയുടെ മുന്നിലെ ചെറിമരം ബലൂണുകളും വര്‍ണ്ണക്കടലാസും കൊണ്ട് ക്രിസ്മസ്ട്രീയായി അലങ്കരിച്ചു. ആലിപ്പഴം പൊഴിയുന്ന ഒരു അന്തരീക്ഷം വേണമെന്നുതോന്നിയപ്പോള്‍ ഞങ്ങള്‍ പൊടിമണ്ണ് പറപ്പിച്ച് മഞ്ഞിന്‍റെ പ്രതീതി സൃഷ്ടിച്ചു. രണ്ട് കവളന്‍മടലെടുത്ത് ചാക്കുചരടു ചേര്‍ത്തുകെട്ടി റെയിന്‍ഡിയറിന്‍റെ തെന്നുവണ്ടിയുണ്ടാക്കി ''ജിങ്കിള്‍ബല്‍സ് ജിങ്കിള്‍ബല്‍സ് അങ്കിള്‍ സാന്‍റാക്ലോസ്'' എന്ന് പാടിക്കൊണ്ട് ഞങ്ങള്‍ മഞ്ഞിലൂടെ തെന്നിത്തെന്നിപ്പാഞ്ഞു നടന്നു...

അന്ന് രാത്രി അപ്പൂപ്പന്‍ ഞങ്ങളുടെ ക്രിസ്മസ് ട്രീ കണ്ട് അഭിനന്ദിച്ചു. ''അടുത്തവര്‍ഷമാട്ടെ നമുക്ക് കളര്‍ബള്‍ബ് മാലയായി തൂക്കണം'' അപ്പൂപ്പന്‍ പറഞ്ഞതു കേട്ട് ഞങ്ങള്‍ സന്തോഷിച്ച് കുന്തംമറിഞ്ഞു. പക്ഷേ പിന്നീട് എല്ലാവര്‍ഷവും ഇത് ആവര്‍ത്തിച്ചതേയുള്ളു... അപ്പൂപ്പനെ പഴയ വാഗ്ദാനം ഓര്‍മ്മിപ്പിക്കാന്‍ ഒരു ഡിസംബറിലും ഞങ്ങള്‍ മറന്നിട്ടില്ല, അപ്പോഴൊക്കെ ''അടുത്തവര്‍ഷമാട്ടെ മക്കളേ...'' എന്ന് പറയാന്‍ അപ്പൂപ്പനും മടിച്ചില്ല.

സ്കൂള്‍പ്രായത്തില്‍ അയല്‍വീട്ടില്‍ നിന്ന് ബെെബിള്‍ കടംവാങ്ങി വായിക്കാറുണ്ടായിരുന്നു... ഉല്‍പത്തിയും പുറപ്പാടും ഉത്തമഗീതവും സങ്കീര്‍ത്തനങ്ങളും വെളിപാടുകളുമൊക്കെ മറ്റൊരു മായികലോകത്തെത്തിച്ചു. ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ സുവിശേഷകര് വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അവര്‍ക്കുചുറ്റും ഓടിക്കൂടും. ചുവപ്പും നീലയും പുറംചട്ടയും നേര്‍ത്തൊട്ടിയ തൂവെള്ളത്താളുകളുമുള്ള പുതിയ നിയമത്തിന്‍റെ ചെറിയ പതിപ്പുകള്‍ എനിക്ക് കിട്ടിയത് അവരില്‍നിന്നാണ്. യേശുവിന്‍റെ അദ്ഭുതങ്ങള്‍ ചിത്രകഥാരൂപത്തിലും അവര്‍ വിതരണം ചെയ്തിരുന്നു. ചെറിയ പ്രായത്തിലേ വായിച്ച ബെെബിള്‍ എന്‍റെ എഴുത്തിനേയും സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധകന്യ, പ്രണയത്തെക്കുറിച്ചുള്ള മൂന്നു വിചാരങ്ങള്‍, ദുഃഖശനി എന്നീ കവിതകളൊന്നും അല്ലെങ്കില്‍ എഴുതുമായിരുന്നില്ലെന്നു തോന്നുന്നു.

ഏതുകാലത്ത് വായിച്ചാലും പുതുമയുള്ളതാണ് ബെെബിളിന്‍റെ രചനാരീതി. കവിതപോലെ ധ്വനിസാന്ദ്രമാണ് അതിലെ ചെറിയ ചെറിയ വചനങ്ങള്‍. ''കണ്ണിനുപകരം കണ്ണ്'' എന്ന പഴയ നിയമത്തെ മറികടന്ന് ''ഒരു കരണത്തടിക്കുന്നവന് മറ്റേ കവിളും കാണിച്ചു കൊടുക്കണമെന്ന്'' പറയുന്നതാണ് യേശുവിന്‍റെ പുതിയ നിയമം. ക്രിസ്റ്റൊഫര്‍ മാര്‍ലോ മുതല്‍ ഗാന്ധി വരെ അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടു. ''നിന്നെപ്പോലെ നിന്‍റെ അയല്‍കാരനേയും സ്നേഹിക്കണം'' എന്ന് ഹൃദയം കൊണ്ടറിഞ്ഞ റഷ്യയിലാണ്, യേശുതുല്യനായൊരു കഥാപാത്രത്തെ സ്വപ്നം കണ്ടലഞ്ഞ ദസ്തയോവ്സ്കിയുടെ റഷ്യയിലാണ്, കമ്യൂണിസം വേരുപിടിച്ചത്.

ഇങ്ങനെ മതഘടനയ്ക്ക് പുറത്ത് ദരിദ്രകോടിയുടെ ആത്മാവിലേക്ക് പടരാന്‍ ക്രിസ്തുദര്‍ശനത്തിന് കഴിഞ്ഞിട്ടുണ്ട്. യേശുവിന്‍റെ ശിഷ്യന്‍മാര്‍ പാമരന്‍മാരും ദരിദ്രരുമായിരുന്നു. അദ്ധ്വാനിക്കുന്നവരും ഭാരംചുമക്കുന്നവരും വേശ്യകളും കുഷ്ഠരോഗികളും അദ്ദേഹത്തെ പിന്തുടര്‍ന്നു. ആ ശിഷ്യപരമ്പരയുടെ പിന്‍ഗാമികളിലൂടെ കരുണയുടെ കരങ്ങളാല്‍ ദെെവം ലോകത്തെ ആശ്ലേഷിച്ചു.

ചരിത്രത്തിലെല്ലായിടത്തും മതം എന്നാല്‍ അധികാര സ്ഥാപനത്തിനും അധികാര വ്യാപനത്തിനുമുള്ള ഉപകരണം എന്നുമാത്രമാണ് അര്‍ത്ഥം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ജീവിതഭാരം പകുത്തുവയ്ക്കാനുള്ള അവസാനത്തെ അത്താണിയാണത്, എങ്കിലും ഏത് മതത്തില്‍ വിശ്വസിക്കണം ഏത് തള്ളിക്കളയണം എന്നൊക്കെ തീരുമാനിക്കുന്നത് ദെെവംതമ്പുരാനല്ല; മതത്തെ ചെങ്കോലിന്‍റെ പിടിയാക്കാന്‍ കെല്പുള്ള ഏകാധിപതികളാണ് എക്കാലത്തും അവതാരങ്ങള്‍ക്ക് വഴിതെളിച്ചിട്ടുള്ളത്.

ഇറാഖ്/മെസപ്പട്ടോമിയ/ബാബിലോണിയ/പേര്‍ഷ്യ- മധ്യേഷ്യയില്‍ ആഗോളവിശ്വാസഘടനയുടെ അച്ചുതണ്ട് ഉറപ്പിച്ചിട്ടുള്ള ലോകത്തിന്‍റെ കേന്ദ്രം. ഇസ്രയേല്‍- ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ മൂന്നു ഭൂഖണ്ഡങ്ങളുടെ ഹൃദയം. മധ്യേഷ്യയെ ജയിക്കുന്നവര്‍ ലോകം ഭരിക്കുന്നു. അബ്രഹാമിന്‍റെ സന്തതികളില്‍ നിന്ന് പലകാലത്ത് വേര്‍പിരിഞ്ഞ് പുറപ്പെട്ടവരുടെ തത്ത്വസംഹിതകള്‍- ബ്രാഹ്മണ, യഹൂദ, ക്രിസ്ത്യന്‍, ഇസ്ലാം എന്നിങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുന്നു.

യഹൂദരുടെ ഏകാധിപത്യ-പുരുഷാധിപത്യ ശക്തികേന്ദ്രീകരണത്തിനെതിരെ അവര്‍ക്കിടയില്‍നിന്നുതന്നെ ഉയര്‍ന്നുവന്ന യുവശബ്ദമായിരുന്നു യേശുവിന്‍റേത്. യേശുവിന്‍റെ ജനനം നസ്രേത്തിലായിരുന്നു, ബത്ലഹേമിലല്ല.. യേശുവിനെ കുരിശേറ്റിയത് റോമിന്‍റെ അധികാരകേന്ദ്രമായിരുന്നു, യഹൂദരല്ല.. പിന്നീട് യേശുവിനെ കുരിശില്‍ തറച്ചവര്‍ തന്നെ അദ്ദേഹത്തിന്‍റെ അവകാശികളായി. യഹൂദ ദേവാലയം കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ത്തുകളഞ്ഞു.

കോണ്‍സ്റ്റാന്‍റെെന്‍ ചക്രവര്‍ത്തി യഹൂദജനതയെ തള്ളിക്കളഞ്ഞു. പക്ഷേ അവരുടെ ഏകാധിപത്യ/പുരുഷാധിപത്യ മൂല്യങ്ങളെ അദ്ദേഹം സ്വീകരിച്ചു. ബഹുദെെവാരാധകരായ പാഗനുകളുടെ ജനാധിപത്യശെെലിയെ നിരാകരിക്കാന്‍ കോണ്‍സ്റ്റാന്‍ കണ്ടെത്തിയ ഒരേയൊരു മാര്‍ഗ്ഗം.

എന്നാല്‍ പാഗന്‍ മിത്തുകളെ അയാള്‍ കെെവിട്ടില്ല. സൂര്യദേവനായ റായുടെ ആരാധകനായിരുന്ന കോണ്‍സ്റ്റാന്‍റെെന്‍ റായുടെ ജന്മനക്ഷത്രമായ ഡിസംബര്‍ 25 ക്രിസ്തുവിന്‍റെ പിറന്നാളായി പരിവര്‍ത്തിപ്പിച്ചു. സൂര്യദിനമായ ഞായര്‍ വിശുദ്ധ ദിവസമായി പ്രഖ്യാപിച്ചു. ഐസിസ്, ഇഷ്താര്‍, ഹാതോര്‍, ഡെമിറ്റര്‍ എന്നീ ദേവികളുടെ സത്ത ചോരാതെ കന്യാമറിയത്തെ പ്രതിഷ്ഠിച്ചു. ഇഷ്താര്‍ ദേവിയുടെ ഉല്‍സവത്തെ ഈസ്റ്ററാക്കി നിലനിര്‍ത്തി. പക്ഷേ ഈ ദേവതകളുടെ കോവിലുകള്‍ തകര്‍ക്കുകയും അവിടങ്ങളിലെ പൂജാരിണികളെ മന്ത്രവാദക്കുറ്റം ചുമത്തി ചുട്ടെരിക്കുകയും ചെയ്തു. സ്ത്രെെണ പുരോഹിത/വെെജ്ഞാനിക സങ്കല്പത്തെ ഇല്ലാതാക്കി, പകരം യേശു എന്താണോ എതിര്‍ത്തത് അതേ യഹൂദ മാതൃകയില്‍ പുരുഷകേന്ദ്രീകൃതമായ പുരോഹിതവര്‍ഗ്ഗത്തെ സൃഷ്ടിച്ചു.

യഹൂദ പൗരോഹിത്യ മാതൃകയില്‍ പാഗന്‍ കല്‍ക്കഷണങ്ങള്‍ ചേര്‍ത്തുവച്ച് രൂപപ്പെടുത്തിയ ക്രിസ്തുമതം ശക്തമായ നേതൃത്വം കൊടുത്ത് യൂറോപ്പിനെ ആശയപരമായി ഏകീകരിച്ചു. സാമ്രാജ്യത്വ വ്യാപനകാലത്ത് അത് മാര്‍പാപ്പയുടെ രൂപത്തില്‍ വന്ന് മറ്റ് മൂന്നു വന്‍കരകളേയും യൂറോപ്പിനുവേണ്ടി വെട്ടിമുറിച്ചു. ആ നാടുകളിലെ പലപല ക്രിസ്തുമതങ്ങളെ യൂറോപ്പ് റദ്ദ് ചെയ്തു.

കേരളത്തിലും അത് സംഭവിച്ചു. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരേ കേരളത്തിന്‍റെ മണ്ണിലുണ്ടായ ആദ്യചെറുത്തുനില്പുകളിലൊന്ന് ഇവിടുത്തെ നസ്രാണികളുടേതായിരുന്നു. സംശയാലുവായ തോമയുടെ പിന്‍ഗാമികള്‍ വിശ്വാസവഴിയില്‍ പക്ഷേ തോല്പിക്കപ്പെട്ടു, അവര്‍ എന്നെന്നേക്കുമായി പിന്‍വാങ്ങി. തോമയുടെ സുവിശേഷം അങ്ങനെ അപ്രത്യക്ഷമായി. പൗരസ്ത്യക്രിസ്തുമതം നാമാവശേഷമായി.

പാശ്ചാത്യസഭ എന്നും ശാസ്ത്രത്തിന് എതിര് നിന്നു. ഗലീലിയോയും ബ്രൂണോയും ഹെെപ്പേഷ്യയും മറ്റനേകം പേരും കത്തോലിക്കാമതത്തിന്‍റെ ഇരകളായി. പക്ഷേ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകളഞ്ഞു, ഫാദര്‍ ഗ്രിഗര്‍ മെന്‍ഡല്‍.

നന്മതിന്മയുടെ അറിവിന്‍റെ കനി തിന്നാല്‍ നീ മരിക്കുമെന്ന് ദെെവം മനുഷ്യനോടുപറഞ്ഞു. മരത്തില്‍ ചാത്തന്‍ എന്നൊരു സര്‍പ്പം ചുറ്റിക്കിടന്നിരുന്നു. അത് ഹവ്വയെ പ്രലോഭിപ്പിച്ചു. അനുസരണക്കേടു കാണിച്ച സ്ത്രീയും അവളുടെ കൂട്ടുകാരനും ഏദന്‍തോട്ടത്തില്‍ നിന്ന് പുറത്തായി. അനേകവര്‍ഷങ്ങള്‍ക്കുശേഷം ഗ്രിഗര്‍ മെന്‍ഡല്‍ എന്ന അവിവാഹിതനായ ആദം തന്‍റെ തോട്ടത്തില്‍ പയറുചെടികള്‍ നട്ടുവളര്‍ത്തി. കമ്പില്‍ ചുറ്റിവളരുന്ന പയറുവള്ളികളുടെ രൂപത്തില്‍ ചാത്തനെന്ന സര്‍പ്പം വീണ്ടും ഒരിക്കല്‍ക്കൂടി നാവുനീട്ടി. ജീവന്‍റെ വൃക്ഷത്തിലെ കനി തിന്നാനുള്ള പ്രലോഭനം. അങ്ങനെ കന്യകന്‍ പിതാവായി, ജനെറ്റിക്സിന്‍റെ പിതാവ്.

പിന്നീട് DNAയ്ക്ക് ഒരു രൂപഘടന വേണമെന്നു ചിന്തിച്ചപ്പോള്‍ ആ നല്ലവനായ സര്‍പ്പത്തെ ശാസ്ത്രലോകം മറന്നില്ല. ഡോക്ടര്‍മാരുടെ ചിഹ്നവും അതുതന്നെയാണ്. കവികളുടേയും കലാകാരരുടേയും ജിജ്ഞാസുക്കളുടേയും സൃഷ്ടിയുടെ ഈശ്വരരഹസ്യം ആത്മാവിലാവാഹിക്കാന്‍ ആഗ്രഹിക്കുന്ന സകലരുടേയും ചിഹ്നം അതാണ്.. അനശ്വരതയുടെ ചിഹ്നം.

ആനന്ദലഹരിയുടെമകുടം ചൂടി നിന്ന് തിളങ്ങുന്നവര്‍.. ഇല്യൂമിനാറ്റി. അതൊരു കുടവിരിച്ചു നില്‍ക്കുന്ന ചുവന്ന കൂണാണ്. അമാനിറ്റ മസ്കാരിയ. ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ.. അതുതന്നെയല്ലേ ചുവപ്പില്‍ വെളുപ്പു തൂകിയ ആഹ്ലാദങ്ങളുടെ ക്രിസ്മസ് പാപ്പ? പഴയ പ്രതീകങ്ങളൊന്നും മായുന്നില്ല, മതഘടനയ്ക്കു വെളിയില്‍ അവ ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടേയിരിക്കുന്നു. ക്രൂശിതനായ ക്രിസ്തു ചിറകുവിരിച്ച ഫീനിക്സ് പക്ഷിയായി സൂര്യനിലേക്ക് കുതിക്കുന്നു. ഇരുട്ടില്‍ കറപിടിച്ച ലോകത്തിന്‍റെ പാപം അവന്‍റെ കരുണയില്‍ അലിഞ്ഞലിഞ്ഞില്ലാതാകുന്നു...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories