TopTop
Begin typing your search above and press return to search.

ഈ ജനാധിപത്യം എന്ന് പറഞ്ഞാൽ വേറൊരു ചുക്കും അല്ല! ഒരു പുല്ലും നീ ഒന്നും ശരിയാക്കണ്ട

ഈ ജനാധിപത്യം എന്ന് പറഞ്ഞാൽ വേറൊരു ചുക്കും അല്ല! ഒരു പുല്ലും നീ ഒന്നും ശരിയാക്കണ്ട

ചിലർ എന്നോട് ചോദിക്കാറുണ്ട് - നീ എന്തുട്ടാ ഇങ്ങനെ? നിനക്ക് ഒന്നിലും വിശ്വാസം ഇല്ലേ? പ്രത്യയശാസ്ത്രങ്ങളിൽ ഒന്നും? മതങ്ങൾക്ക് മനുഷ്യരാശിയെ രക്ഷിക്കാൻ പറ്റില്ലേ? പ്ലാനുകൾക്ക് പറ്റില്ലേ? മാർക്സിസം ഉഗ്രൻ പ്ലാൻ അല്ലെ? സീ - ജനാധിപത്യം - അതിനും ചില പ്രത്യയ ശാസ്ത്ര പിൻബലം വേണമല്ലോ. ചില ഐഡിയോളജി. ചില മാനവ രാശി രക്ഷാ അതി ബ്രഹത് പദ്ധതികൾ? ആവോ - ഞാൻ ഒരു പാവം വൈദ്യൻ ആണ്. പൊളി ടെക്നിക് ഒന്നും പഠിച്ചിട്ടില്ല. ച്വാർ ആണ് തിന്നണത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പൊളിറ്റിക്കൽ സയൻസോ ചരിത്രമോ പഠിച്ചിട്ടില്ല. ഇടക്ക് ഇടക്ക് ലണ്ടനിൽ പോകും - അത്ര തന്നെ. പിന്നെ കുറെ ഏറെ വായിച്ചിട്ടുണ്ട്. പലരും വായിക്കും തോറും ഒന്നിലും ഒരു ആശയും ഇല്ലാത്തവർ ആയി മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചരിത്രം വായിക്കുമ്പോൾ പ്രത്യേകിച്ചും. എന്നാൽ ഞാൻ അങ്ങനെ അല്ല എന്ന് ഘോരഘോരം ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടെ.

അത്ഭുതം എന്ന് പറയട്ടെ, നമ്മൾ മനിഷമ്മാര് എങ്ങനെയോ പുരോഗമിക്കുന്നുണ്ട് ! അത് എന്തുകൊണ്ട് അത്ഭുതം ആകുന്നു? ഞാൻ വ്യക്തമാക്കാം. നമ്മൾ ചില ആൾക്കുരങ്ങു ജാതി ജീവികൾ കല്ല് കൊണ്ട് വെട്ടു കത്തികൾ ഉണ്ടാക്കി, തീയും കാഞ്ഞു നടന്നു തുടങ്ങിയിട്ട് പത്തിരുപത് ലക്ഷം കൊല്ലങ്ങൾ ആയി - ഇന്നത്തെ നമ്മൾ അന്നത്തെ ഈ നമ്മളെ വിളിച്ചിരുന്നത് ഹോമോ ഏറെക്ടസ് എന്നാണ്. ഹോമോ സാപിയൻസ് എന്ന നമ്മൾ നമ്മളായിട്ട് രണ്ടു ലക്ഷം വർഷങ്ങൾ ആയി. കൂട്ടങ്ങൾ ആയി ഇര തേടി നടക്കുന്ന ഒരു ജീവി. ഈ ജീവി, അതും ഇതും തെണ്ടിത്തിന്നു ജീവിച്ചു. അങ്ങോട്ടും ഇങ്ങോട്ടും അടി കൂടി. പലപ്പോഴും കൂട്ടക്കൊലകൾ നടത്തി. രമിച്ചു. കുട്ടികളെ ഉണ്ടാക്കി. എങ്ങനെയോ ജീവിച്ചു. ഒരൊറ്റ അപകടം - ഒരൊറ്റ മുറിവ് - തീർന്നു. വലിയ മുറിവുകൾ പഴുക്കും, അണുക്കൾ ചറപറാ മാർച്ച് ചെയ്തു രക്തത്തിൽ കയറും. ഡിം - അവൻ അല്ലെങ്കിൽ അവൾ ചത്തു. പിന്നെ പകർച്ച വ്യാധികൾ ഉണ്ട്. വയറിളക്കം, പനി, ന്യൂമോണിയ ഒക്കെ ഉണ്ടാക്കുന്ന മഹാമാരികൾ! വന്നാൽ പടർന്നു പിടിക്കും. കൂട്ടത്തിൽ ഉള്ള ഒട്ടു മിക്കതും ചാവും. ചിലത് ജീവിക്കും. കൊടുങ്കാറ്റ് വന്നാൽ, അഗ്നിപർവതം പൊട്ടിയാൽ, പ്രളയം വന്നാൽ, ഹിമപാതം എത്തിയാൽ - ഘുദാ ഗവാ. മിക്കതും വെന്തും, മുങ്ങിയും തണുത്തും ഒന്നൊന്നായും കൂട്ടമായും ചത്ത് മണ്ണോട് ചേരും. പിന്നെ പട്ടിണി. മിക്കപ്പോഴും പട്ടിണി തന്നെ. ഇങ്ങനെ ഒക്കെ ആയിരുന്ന മനുഷമ്മാര്, ദിനോസറിനെ പോലെയോ, ഡോഡോ പക്ഷിയെ പോലെയോ, മാമോത്ത്, ടാസ്മാനിയൻ ടൈഗർ, രഞ്ജി പണിക്കർ തെറി പറയൽ സിനിമ, ഗുമസ്തൻ വലിക്കുന്ന പങ്കകൾ, ഓടിന്റെ മോളിലെ ആന്റിനകൾ, ഇത്തരം ജീവികളെ പ്പോലെ, ഈ ഭൂമി ഉണ്ടായ ശേഷം ഉണ്ടായ തൊണ്ണൂറ്റി ഒൻപത് ശതമാനം ജീവികളെയും പോലെ, ജീവിത രീതികളിൽ വലിയ മാറ്റം ഒന്നും വരുത്താൻ സാധിക്കാതെ, ഇനി വരാൻ സാധ്യത ഇല്ലാത്ത രീതിയിൽ കാല യവനികക്കുള്ളിൽ മറയേണ്ടതായിരുന്നു. പക്ഷെ - അതുണ്ടായില്ല! ഞാൻ ആരാണ് എന്ന ചെറു ബോധം ഏതോ ഒരജ്ഞാത ശക്തി മൂലമോ, ആകസ്മികമായോ കിട്ടിയ ഈ ജന്തുക്കൾ, പെറ്റു പെരുകി, പ്രശ്നങ്ങൾ ഉണ്ടാക്കി. പക്ഷെ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഓരോന്നായി തന്നെത്താൻ പരിഹരിച്ചു. ഇന്ന് , ഉണ്ണാൻ തീറ്റയുണ്ട് , ഉടുക്കാൻ തുണി ഉണ്ട് . വേണം എന്ന് വിചാരിച്ചാൽ സമാധാനവും ഉണ്ട് ; ഉണ്ടാക്കാം. എന്നാലും, നമുക്ക് രക്ഷിക്കാൻ പ്ലാൻ വേണ്ടേ? ഇനിയുമിനിയും രക്ഷിക്കണ്ടേ? എല്ലാം ശരിയാക്കണ്ടേ? ഫോർമുല എന്റെ കൈയിൽ ഉണ്ട് എന്ന് പറഞ്ഞു കുറെ ഏറെ ആളുകൾ നടപ്പുണ്ടല്ലോ. അവരെ ഒക്കെ നമുക്ക് സപ്പോര്‍ട്ട് ചെയ്യണ്ടേ? ഇപ്പൊ തന്നെ നോക്ക് - ഛത്തീസ്ഗറിൽ ഒക്കെ മാവോ വാദികൾ എന്ന് പറയുന്ന കുറെ കൂട്ടർ കൊല്ലും കൊലയും നടത്തുന്നുണ്ട്. ആരായിരുന്നു, ഈ മാവോ? അതിനു മുൻപ് ഹിറ്റ്ലറെ പറ്റി പറയാം. വെറും ഈ ഇരുപതാം നൂറ്റാണ്ടു തന്നെ എടുക്കാം. ജർമനിയിലെ ജനങ്ങളെ എല്ലാം ഞാൻ രക്ഷിക്കും എന്നും പറഞ്ഞു പതിനൊന്നു മീശയും ആയി ഒരു 'മഹാ ........ ൻ' , ഉദയം ചെയ്തു . പുള്ളി പറഞ്ഞത് ഇത്രയേ ഉള്ളു: -ജര്‍മ്മന്‍കാര്‍ ആര്യന്മാർ - ലോകത്തിലെ ഏറ്റവും മിടുക്കർ.

- ജര്‍മ്മന്‍കാരുടെ സംസ്കാരം അടിപൊളി സംസ്കാരം. - നമ്മുടെ കൂടെ ഉള്ള ജൂതർ തെണ്ടികൾ. ഊള സംസ്കാരം. - നമ്മൾ ആണ് വലിയവർ എന്നത് ലോകത്തിനു കാണിച്ചു കൊടുക്കണം. അതിന് എന്തൊക്കെ ചെയ്യണം? -ജൂതന്മാരെ കൊല്ലണം. ആദ്യം അവരെ സർക്കാർ ജോലിന്നു പറഞ്ഞു വിട്ടു. രണ്ടാമത് . ജൂതന്മാരെ ജര്‍മ്മന്‍കാര്‍ കല്യാണം കഴിക്കുന്നത് വിലക്കി. മിക്സിങ് കൊള്ളൂല്ല. ഒരു തരാം ജിഹാദ് ആണത്. -അവർ നമ്മളെ ഒറ്റു കൊടുക്കും . അവർക്ക് റേഷൻ നിഷേധിച്ചു. വസ്തുവകകൾ കണ്ടു കെട്ടി. കഴുത്തിൽ 'ജൂതന്" എന്നെഴുതി കെട്ടിത്തൂക്കി. അപ്പോഴേക്കും യുദ്ധം തുടങ്ങി. നമ്മൾ ഇത്ര വലിയവർ ആണേൽ ബാക്കി എല്ലാരേം നമുക്ക് ഭരിക്കണം. അതിനിടക്ക് , അറുപത് ലക്ഷം ജൂതമാരെ കൂട്ടത്തോടെ, പീഡിപ്പിച്ചു കൊന്നു. യുദ്ധത്തിൽ പിന്നെയും ലക്ഷങ്ങൾ മരിച്ചു . അവസാനം, തോൽക്കും എന്നായപ്പോ സ്വയം വെടി വച്ച് ചത്തു . യുദ്ധം ഒണ്ടായതോണ്ട് തോറ്റത് കൊണ്ട്, പെട്ടന്ന് ചത്ത് കിട്ടി. ഇനി മാവോ - 1949 ൽ ചൈനയിൽ അധികാരം പിടിച്ചെടുത്തു. ഞാൻ ഇപ്പൊ എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞോണ്ട് നടന്നു. എല്ലാ കൃഷി ഭൂമികളും പിടിച്ചെടുത്തു. എല്ലാ വ്യവസായങ്ങളും സ്റ്റേറ്റിന്റെ ആക്കി. ശത്രുക്കളെ ഒക്കെ കൂട്ടത്തോടെ കൊന്നൊടുക്കി. ടീച്ചർമാർ, എഴുത്തുകാർ, ശാസ്ത്രജ്ഞർ, മാനേജർമാർ, അങ്ങനെ വിവരം ഉള്ളവരെ ഒക്കെ അങ്ങേര് കൊന്നു. ശത ലക്ഷങ്ങൾ കൊല്ലപ്പെട്ടു. ഇങ്ങേരുടെ ബുദ്ധിശൂന്യന്യായങ്ങൾ കാരണം, ഭീകര ക്ഷാമം വന്നു. ഹിറ്റ്ലര്‍ കൊന്നതിന്റെ അനേകമടങ്ങ് ആളുകൾ ചത്ത് - പട്ടിണി കെടന്നു ചത്തു. ആഹാ എന്ത് നല്ല പ്രത്യയ ശാസ്ത്രം. എന്തായാലും, 1976 ൽ, അങ്ങേര്, നീണ്ട പത്തു മുപ്പത് വർഷത്തെ ഭരണത്തിന്റെ ഒടുവിൽ ഒരു നല്ല കാര്യം ചെയ്തു - ഇഹലോകവാസം വേണ്ട എന്ന് വച്ചു. ദിവംഗതൻ ആയി. മർ ഗയ. ഹി ഡൈഡ്. മരിച്ചു. ഇതേ സമയം, സോവിയറ്റ് യൂണിയനിൽ സ്റ്റാലിൻ ഇതേ പോലത്തെ അതിമനോഹരവും, സുന്ദര തന്തുലിതവും മധുര മനോജ്ഞവും , ആയ പരിപാടികൾ നടത്തുകയായിരുന്നു. ഇതിലൊക്കെ ഒരു ഇരുപത് ലക്ഷം ആളുകൾ എങ്കിലും ചത്ത് തുലഞ്ഞു എന്ന് കണക്കാക്കപ്പെടുന്നു. പിന്നെയും ഉണ്ടല്ലോ - പോള്‍പോര്‍ട്ട്. നിക്കോളാസ് കാഷ്യസ്കു, തുടങ്ങി കിം ജോംഗ് ഉന്നില്‍ എത്തിനിൽക്കുന്ന കമ്മ്യൂണിസ്റ്റ് പ്ലാൻ ആണെന്ന് പറയപ്പെടുന്ന പ്ലാനുകളുടെ ചരിത്ര ചണ്ടികൾ. ഇതിൽ മനുഷ്യത്വവും, സോഷ്യലിസവും, ജനാധിപത്യവും, ജനഹിതവും എത്ര? പൊടി പോലുമില്ല കണ്ടുപിടിക്കാൻ. പിന്നെ മത പ്ലാനുകൾ ഉണ്ടല്ലോ - മിഡിൽ ഏജസിൽ ക്രിസ്ത്യാനി ദൈവം ഇപ്പൊ എല്ലാം ശരി ആക്കിത്തരും എന്ന് പറഞ്ഞു കുറെ കത്തോലിക്കാ പോപ്പുമാർ ഭീകര തേർവാഴ്ച നടത്തി. കുരിശുയുദ്ധങ്ങളിൽ ആയിരങ്ങൾ ചത്തു. ചത്തവർക്ക് സ്വർഗത്തിലേക്ക് ഫ്രീ പാസ് കൊടുത്തു. ഇൻക്വിസിഷൻ എന്ന് പറഞ്ഞു, സാദാ മനുഷ്യരെ ജീവനോടെ പിച്ചിക്കീറി കൊന്നു. യുവതികളെ രണ്ടായി വലിച്ചു കീറി. ആളുകളെ ജീവനോടെ ദഹിപ്പിച്ചു. ഇതിനെതിരെ വന്ന പ്രൊട്ടസ്റ്റന്റ് പ്ലാനുകാർ , ഇതൊക്കെ തന്നെ ചെയ്തു. എന്നിട്ട്, പാർട്ടി - സോറി - മത സൂക്തങ്ങൾ ഉറക്കെ ചൊല്ലി. പരസ്പരം രക്തഹാരം അണിയിച്ചു. പിന്നെ അനേക ഇസ്ലാം പ്ലാനുകൾ ഉണ്ടായി വന്നു. അബു ബെക്കർ അൽ ബാഗ്ദാദീന്റെ ഐസിസ് മിഡിൽ ഈസ്റ്റിന്റെ ഹൃദയഭാഗത്തെ വലിയ ഒരു പ്രദേശം കോഞ്ഞാട്ട ആക്കി ക്കൊടുത്തു. അങ്ങനെ പറഞ്ഞാൽ തീരില്ല. അദ്ദേഹവും മരിച്ച്, മാനവരാശിക്ക് വലിയ ഒരുപകാരം ചെയ്തിട്ടും സംഭവം നിന്നിട്ടില്ല എന്ന് തോന്നുന്നു. ഇന്നത്തെ പത്രത്തിൽ തന്നെ, നമ്മുടെ കൊച്ചു കേരളത്തിൽ നിന്ന് ഐസിസിൽ ചേരാൻ പോയ ഒരു യുവാവിനെ അഫ്ഘാൻകാർ തിരിച്ചു പ്ലെയ്നില്‍ കേറ്റി വിട്ടു എന്ന് വാർത്ത ഉണ്ട്. എന്തിനു - നമുക്ക് ഒരു പാഠം ആണ് സിയ ഉൾ ഹഖ് എന്ന പാക്കിസ്താന്‍ ഏകാധിപതി. അങ്ങേരുടെ സമയം വരെ പാകിസ്ഥാൻ സാമ്പത്തിക, ജന സൗകര്യ കാര്യങ്ങളിൽ ഒക്കെത്തന്നെ നമ്മോടു കിട പിടിച്ചോണ്ട് ഇരുന്നതാണ്. പെട്ടന്ന് ആളോളെ കൂടെ നിർത്താൻ തീവ്ര ഇസ്ലാമികത കൊണ്ട് വന്നു. ഈ പ്ലാനുകൾക്ക് ജനങ്ങളെ ആകർഷിക്കാൻ വലിയ ശക്തി ഉണ്ട്. അവനവന്റെ അപ്പനമ്മൂമ്മമാർ കൊണ്ട് നടന്ന പ്ലാൻ ആകുമ്പോൾ പൊതുജനം ഏറ്റ് പിടിക്കാൻ സാധ്യത കൂടും. സ്വന്തം കസേരയ്യും ഉറപ്പിക്കാം. ആഹാ - എന്ത് നല്ല പ്ലാൻ. ഫലമോ, ലോകത്തുള്ള സകല ടെററിസ്റ്റ് ഉടായിപ്പന്മാരും അവിടെ ചേക്കേറി. നിയമ വാഴ്ച അറബിക്കടലിൽ . വ്യാവസായം, കൃഷി, ബിസിനസ് ഒക്കെ നടക്കുന്നത് ഈ നിയമവാഴ്ചയുടെ ഉറപ്പിന്മേൽ ആണ്. അങ്ങനെ പാക്കിസ്താന്‍ ഒരു വഴിക്കായി. പ്ലാനുകൾ ഇനിയും കാണും. ഇത് കൊണ്ടൊക്കെ ആണ് മനുഷ്യരാശിയുടെ കഴിവിൽ വിശ്വാസം ഉണ്ടായിട്ടും ഈയുള്ള മഹാ പാപിക്ക് ഒരു കോപ്പിലെ പ്ലാനിലും - ങേഹേ - വിശ്വാസം ഇല്ല. എയ്ൻസ്റ്റീനിന്റെയും സ്പിനോസയുടെയും വേദാന്തിയുടെയും ദൈവമോ? അതറിയില്ല. അങ്ങനെ എന്തെങ്കിലും കൊണ്ടാണോ മാനവ പുരോഗതി ഉണ്ടാകുന്നത്? അറിയില്ല. അങ്ങനെ വിചാരിക്കാൻ ഒരു സുഖം. എന്തൊക്കെ ആയാലും, അതും ഈ പതിനഞ്ചാം നൂറ്റാണ്ടിലെ താളിയോലയിൽ ഉള്ള പ്ലാനും, പ്രതിമാ പേര് മാറ്റൽ പ്ലാനുകളും, അഖിലലോക ഏകപാർട്ടി ഏകാധിപത്യ രക്ഷാ പ്ലാനുകളും തമ്മിൽ ഒരു ബന്ധവും ഇല്ല. അപ്പൊ ജനാധിപത്യമോ? സീ... ആകെ മൊത്തം ടോട്ടൽ ആയി നോക്കുമ്പോ, മനുഷ്യൻ അത്ഭുതകരമായ പുരോഗതി ചിന്താരീതികളിൽ പോലും കൈവരിച്ചു എന്ന് തോന്നൽ ഉണ്ടെങ്കിലും, ദിനം നടക്കുന്ന കാര്യങ്ങളെ പറ്റി എനിക്ക് ഒരു തേങ്ങയും വിശ്വാസം ഇല്ല. ആ കാര്യത്തിൽ ഡാർക് സീൻ ആണ്. യുക്തിയോടെ മനുഷ്യർ ചിന്തിക്കും എന്ന് പോലും എനിക്ക് വിശ്വാസം ഇല്ല. കാരണം നമ്മുടെ ഗർഭം. സോറി, ബുദ്ധി, അങ്ങനല്ല. ഏതൊക്കെയാണ് നുണകൾ , ഏതൊക്കെയാണ് സത്യം, എന്തൊക്കെയാണ് കഴിഞ്ഞ അഞ്ചു വർഷത്തെ സാമ്പത്തിക ക്ഷേമകാര്യ കണക്കുകൾ, ഇതൊക്കെ പഠിച്ച് പി എച്ച് ഡി എടുത്തിട്ടാണോ മനുഷ്യൻ വോട്ട് ചെയ്യുന്നത്? എന്താണ് നിങ്ങടെ വിചാരം? കുന്തമാണ് , കുന്തം. ആത്യന്തികം ആയി പറഞ്ഞാൽ, ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോ സർക്കാരിനെയും നേതാക്കന്മാരെയും മാറ്റി, വേറൊരു നേതൃത്വത്തെ പ്രതിഷ്ഠിക്കാൻ ഉള്ള ഒരു സ്വാതന്ത്ര്യം മാത്രമാണ് ജനാധിപത്യം. അതുകൊണ്ട് തന്നെ, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, ഇലക്ഷൻ കമ്മീഷൻ, കോടതികൾ, ഭരണഘടനാ എന്നീ കുണാണ്ടറി ഒക്കെ തന്നെ, സ്റ്റേറ്റ് അഥവാ രാജ്യത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനോടൊപ്പം, മാറി മാറി വരുന്ന നേതാക്കന്മാരെയും അവരുടെ ഫോർമുല, പ്ലാനുകൾ ഇങ്ങനത്തെ എടുക്കണ്ടാച്ചരക്കുകളെയും കൂടെക്കൂടെ മാറ്റാൻ ഉള്ള ഒരു വെറും ഉടായിപ്പ് സംഭവം ആണ്! അല്ലാതെ ഈ ജനാധിപത്യം എന്ന് പറഞ്ഞാൽ വേറൊരു ചുക്കും അല്ല! ഇതൊക്കെ കൊണ്ട് തന്നെ, ആരും ഇപ്പൊ ഒരു പുല്ലും ശരിയാക്കി തരേണ്ട. കാലാ കാലങ്ങളിൽ ഉള്ള ജനങ്ങളുടെ ആവശ്യങ്ങൾ വ്യവസ്ഥിതിയുടെ ഉള്ളിൽ നിന്നുകൊണ്ട് പതിയെ ശരിയാവാൻ സമ്മതിച്ചാൽ മതി. എന്തൊക്കെ എങ്ങനെ ഒക്കെ ശരി ആക്കണം എന്ന് നിങ്ങക്കറിയാമേലെങ്കി നിങ്ങ ഞങ്ങളോട് ചോദിക്ക് എന്താണ് ശരിയാക്കണ്ടതെന്ന്. അപ്പൊ ഞങ്ങ പറഞ്ഞു തരാം. അല്ലാതെ എന്തൊക്കെ ശരി ആക്കണം എന്ന് എഴുതി ഞങ്ങക്കടെ തൊള്ളേൽ കുത്തി കേറ്റണ്ട. അല്ല പിന്നെ... (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories