TopTop
Begin typing your search above and press return to search.

അതുകൊണ്ടാണ് 'തുമ്പ' എന്ന കടൽത്തീര ഗ്രാമത്തിലെ ഒരു പള്ളിയിലേക്ക് വിക്രം സാരാഭായ് എന്ന ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞന് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനായത്

അതുകൊണ്ടാണ് തുമ്പ എന്ന കടൽത്തീര ഗ്രാമത്തിലെ ഒരു പള്ളിയിലേക്ക് വിക്രം സാരാഭായ് എന്ന ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞന് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനായത്

സയൻ്റിഫിക് ടെമ്പർ (Scientific temper) എന്ന് ആദ്യമായി ഭാഷയിൽ പ്രയോഗിച്ചത് മുൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ്. ഇന്ത്യയെ കണ്ടെത്തൽ എന്ന അദ്ദേഹത്തിൻ്റെ ഏറെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ .നാമതിനെ ശാസത്രാവബോധം എന്ന പദം കൊണ്ടാണ് മലയാളീകരിക്കാൻ ശ്രമിച്ചത്.

രണ്ടാം ലോകമഹായുദ്ധവും തീഷ്ണമായ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളും സങ്കീർണ്ണമാക്കിത്തീർത്ത ഒരു സാമൂഹിക സാഹചര്യത്തിൽ രാഷ്ട്രത്തിൻ്റെ പുനർനിർമാണവും അതിജീവനവും നെഹ്റുവിനെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയായിരുന്നു. ഇത്തരം സാഹചര്യങ്ങളെ ധൈര്യപൂർവം അഭിമുഖീകരിക്കുന്നതിന് ശാസ്ത്രത്തെ ഒപ്പം നിർത്തുകയെന്നതായിരുന്നു അദ്ദേഹത്തിൻ്റെ നയം. രാജ്യത്തെ ശാസ്ത്രജ്ഞൻമാരുടെ ചുമതലകളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് നെഹ്രു ഈയവസരത്തിൽ പൂർണബോധവാനായിരുന്നു. നാട്ടിലെ സാധാരക്കാരായ ജനങ്ങളിലേക്ക് ശാസ്ത്രീയമായ അറിവുകളും വീക്ഷണവും പകർന്നു നൽകേണ്ടത് ശാസ്ത്രജ്ഞരുടെ പ്രഥമ കർത്തവ്യമായി നെഹ്റു കരുതി. എല്ലാ രാജ്യത്തിലേയും ജനങ്ങളുടെ ക്ഷേമത്തിനും ഉയർച്ചയ്ക്കും ശാസ്ത്രത്തിൻ്റെ പ്രയോഗം വിവിധ മേഖലകളിൽ അത്യാവശ്യമാണ്.

എന്നാൽ സയന്റിഫിക് ടെമ്പര്‍ എന്നത് ശാസത്രത്തിൻ്റെ പ്രയോഗ തലത്തിനുമപ്പുറമായിട്ടാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അത് പുതിയ അറിവിലേക്കും ധാരണകളിലേക്കുമുള്ള അന്വേഷണമാണ്; പരീക്ഷിച്ചു നോക്കാതെയോ പ്രയോഗിച്ചു നോക്കാതെയോ എന്തും സ്വീകരിക്കുന്നതിനുള്ള വിമുഖതയാണ്, പുതിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ പഴയ വിശ്വാസത്തെ തിരസ്ക്കരിക്കുന്നതിനുള്ള സന്നദ്ധതയാണ്, മുൻ ധാരണയേക്കാൾ മുന്നിൽ വെളിവാകുന്ന വസ്തുതകളെ അംഗീകരിക്കലും ആശ്രയിക്കലുമാണ്. ഇത് നമ്മുടെ ജീവിതത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനുളള മാർഗം കൂടിയാണ്. അതുകൊണ്ട് സയന്റിഫിക് ടെമ്പര്‍ അഥവാ ശാസ്ത്രാവബോധം നെഹ്റുവിനെ സംബന്ധിച്ച് ഒരു ചിന്താപ്രക്രിയയാ'ണ്; ഒരു പ്രയോഗവഴിയാണ്, സർവോപരി ഒരു ജീവിത ശൈലിയാണ്.

നാം ജീവിക്കുന്നത് ശാസ്ത്രത്തിൻ്റെ യുഗത്തിലാണെങ്കിലും ഭൂരിഭാഗം ജനങ്ങളും ശാസ്ത്രീയമായ ജിവിതവീക്ഷണമുള്ളവരല്ല. പ്രത്യേകിച്ചും നിരവധി പുരാണ കഥകൾക്കും മിത്തുകൾക്കും വിശ്വാസങ്ങൾക്കും ഇടയിൽ ജീവിക്കുന്ന ഭാരതീയർ. അവർ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം തേടാൻ മിത്തുകളേയും വിശ്വാസങ്ങളെയും ആചാരങ്ങളേയും ആശ്രയിച്ചേക്കാം. അതീന്ദ്രിയവും അമാനുഷികവുമായ ശക്തികളിൽ അഭയം തേടാം. ഓരോരുത്തരും പിറന്നു വീഴുന്ന മതപരമോ സാമുദായികമോ ആയ പരിസരത്തു നിന്നു മാത്രം ചുറ്റുമുള്ളവയെ നോക്കിക്കാണാം.ഇത്തരം പ്രവണതകളും സാഹചര്യങ്ങളും മനുഷ്യനിൽ അവൻ്റെ കഴിവുകളിലുള്ള ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും അന്വേഷണാത്മകതയേയും സർഗാത്മകതയേയും ക്ഷയിപ്പിക്കുമെന്നും ഒരു രാഷ്ട്രത്തിൻ്റെ പ്രധാനമന്ത്രി എന്ന നിലയിൽ നെഹ്റു ആശങ്കപ്പെട്ടിരുന്നു. ഇതിന് ശാസ്ത്രജ്ഞൻമാർ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന നിലപാടിലായിരുന്നു അദ്ദേഹം.

ആ നിലപാടിനൊപ്പം ദേശീയ തലത്തിൽ വ്യക്തമായ കർമപരിപാടികളുമുണ്ടായി. 1947 ജനുവരിയിൽ രൂപം കൊണ്ട നെഹ്റു തന്നെ പ്രഥമ പ്രസിഡന്റായിരുന്ന Association of Scientific Workers of India (ASWI) എന്ന സംഘടനയെ ഇതിനായി സജ്ജീകരിക്കാനും ശാക്തീകരിക്കുവാനും നെഹ്റുവിന് കഴിഞ്ഞു. ഇത് ഇന്ത്യൻ ശാസ്ത്ര രംഗത്തുണ്ടാക്കിയ ഉണർവ് നിസ്സാരമല്ല. അതുകൊണ്ടാണ് 1963-ൽ വളരെ അവികസിതമായ 'തുമ്പ' എന്ന കേരളീയ കടൽത്തീര ഗ്രാമത്തിലെ ഒരു പള്ളിയിലേക്ക് ബിഷപ്പിനെ കാണാൻ വിക്രം സാരാഭായ് എന്ന ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ ആത്മവിശ്വാസത്തോടെ കടന്നു ചെന്നത്. ഭാരതത്തിൻ്റെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയിൽ പള്ളിയും പള്ളി നിൽക്കുന്ന സ്ഥലവും വിട്ടുതരണമെന്ന് ആവശ്യപ്പെടുന്നത്. അന്നാരും അതിനോട് പ്രതിഷേധ സ്വരമുയർത്തിയിട്ടില്ല. ഞായറാഴ്ച്ചയിലെ പ്രാർത്ഥന കഴിഞ്ഞ് ഇടവകക്കാരുമായി ആലോചിച്ച് പളളിയും സ്ഥലവും വാനശാസ്ത്ര ഗവേഷണത്തിനായ് ഒഴിഞ്ഞു കൊടുക്കുന്നു എന്ന ബിഷപ്പിൻ്റെ തീരുമാനം, നമ്മുടെ ശാസ്ത്രവും ശാസത്ര ഗവേഷണവുമാണ് അനന്തമായ ആകാശനീലിമയിലേക്ക് തടസ്സങ്ങളില്ലാതെ കുതിച്ചുയരേണ്ടത് എന്ന കാഴ്ച്ചപ്പാടുണ്ടായതു കൊണ്ടാണ്. 1963-ൽ തുമ്പയിൽ നിന്നും ആദ്യത്തെ റോക്കറ്റ് കുതിച്ചുയർന്നു.ശാസ്ത്ര പര്യവേഷണങ്ങളിലെ മുന്നേറ്റങ്ങൾക്കൊപ്പം തന്നെ പൊതുജനങ്ങളെ ശാസ്ത്രാഭിമുഖ്യമുള്ളവരും ശാസ്ത്രാവബോധമുള്ളവരുമാക്കിത്തിരക്കാൻ ASWI യ്ക്കു ശേഷവും സജീവമായ ശ്രമങ്ങളുണ്ടായി. ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായ സതിഷ് ധവാൻ്റെ നേതൃത്വത്തിൽ സൊസൈറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് സയൻ്റിഫിക് ടെമ്പർ എന്ന സംഘടന 1964ൽ രൂപം കൊണ്ടു. നെഹ്റു വിഭാവനം ചെയ്ത വിധം ശാസ്ത്രാവബോധം സാമാന്യ ജനത്തിനിടയിലേക്ക് പ്രസരിപ്പിക്കുക എന്നതിനൊപ്പം ശാസ്ത്രജ്ഞൻമാരെയും അവബോധമുള്ളവരാക്കുക എന്നതായിരുന്നു ലക്ഷ്യം.

ശാസ്ത്രജ്ഞാനമുളളതു കൊണ്ടു മാത്രം ശാസ്ത്രാവബോധമുണ്ടാകണമെന്നില്ല എന്ന തിരിച്ചറിവു നൽകുന്ന ധാരാളം സംഭവ വികാസങ്ങൾ പുതിയ ഇന്ത്യൻ സാഹചര്യത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഭരണാധികാരികളും നെഹ്റുവിനെ പോലെയാകണമെന്നില്ല. വിഖ്യാത സിനിമാ സംവിധായകൻ മഖ്മൽബഫിൻ്റെ ദി പ്രസിഡന്റ് എന്ന സിനിമ ആരംഭിക്കുന്നതിങ്ങനെയാണ്: രാജ്യത്തിൻ്റെ ഭരണാധികാരിയായ പ്രസിഡന്റ് തൻ്റെ വസതിയുടെ മട്ടുപ്പാവിൽ പേരക്കുട്ടിയോടൊപ്പം സമയം ചെലവഴിക്കുകയാണ്. വൈദ്യുതി വിളക്കുകളിൽ കുളിച്ചു നിൽക്കുന്ന നഗരത്തിൻ്റെ ദൃശ്യം കാണുമ്പോൾ തൻ്റെ അധികാരം എത്രത്തോളം വിപുലമാണെന്ന് പേരക്കുട്ടിയെ ബോധ്യപ്പെടുത്താൻ തൻ്റെ വസതിയിലേതൊഴികെ മറ്റെല്ലാ ദീപങ്ങളും അണയട്ടെ എന്നയാൾ ഫോണിലൂടെ നിർദേശം നൽകുന്നു. ഉടൻ തന്നെ വിളക്കുകളെല്ലാം കെട്ട് നഗരം ഇരുട്ടിലാകുന്നു. എല്ലാ ദീപങ്ങളും വീണ്ടും തെളിയട്ടെ എന്ന് പറഞ്ഞപ്പോൾ നഗരം പഴയതുപോലെ വെളിച്ചത്തിൽ കുളിക്കുകയും ചെയ്യുന്നു. തുടർന്ന് തൻ്റെ കൊച്ചുമോനാണ് ഇനി തനിക്കു വേണ്ടി ആജ്ഞാപിക്കുകയെന്നും നിർദേശം അനുസരിക്കണമെന്നും അയാൾ പറയുന്നു, കൊച്ചുമോൻ്റെ നിർദേശമനുസരിച്ചുള്ള ലൈറ്റണക്കൽ - കൊളുത്തൽ കളിയാണ് പിന്നീട് നടക്കുന്നത്. പക്ഷേ പിന്നീടുള്ള നിർദേശങ്ങൾക്കനുസരിച്ച് വെളിച്ചം തെളിയുകയോ അണയുകയോ ചെയ്യുന്നില്ല. പ്രസിഡന്റിൻ്റെ നിർദേശങ്ങൾ അവഗണിക്കപ്പെടുന്നു. നഗരത്തിൽ നിന്നും ബോംബു സ്ഫോടനത്തിൻ്റെ മിന്നലുകള്‍ അയാൾക്കു കാണാനാകുന്നു. അധികാരത്തിൻ്റെ ഉന്മാദത്തിനപ്പുറം ജനതയുടെ നിലനിൽപ്പിനെ ബാധിക്കുന്ന വലിയ യാഥാർത്ഥ്യങ്ങൾ പുറത്തുണ്ടെന്നും അതിലൊന്ന് യുദ്ധമാണെന്നും അതിന് ജനങ്ങളുടെ ജീവിതത്തിലെ എല്ലാ വിളക്കുകകളേയും എന്നെന്നേക്കുമായി അണയ്ക്കാൻ കഴിയുമെന്നും യുദ്ധം തൻ്റെ നഗരാതിർത്തിയിലെത്തിയിരിക്കുന്നുവെന്നും ഈയൊരു സന്ദർഭത്തിൽ അയാൾ തിരിച്ചറിയുന്നു.

ജനം ഇത്തരത്തിലുള്ള പല നിർദ്ദേശങ്ങളും സന്ദേശങ്ങളും ശിരസാവഹിക്കുന്നത് അത് അധികാര കേന്ദ്രത്തിൽ നിന്നും പുറപ്പെടുന്നതുകൊണ്ടാണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രസിൻ്റെ ട്വിറ്റർ പ്രയോഗമായ 'Covfefe' ഇത്തരത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ഒരു പ്രയോഗമാണ്. മൂന്നു വർഷം മുമ്പാണ് ട്രമ്പിൻ്റെ വിരലുകൾ ട്വിറ്ററിൽ Despite the constant negative press covfefe എന്ന് ടൈപ്പ് ചെയ്തത്. Covfefe-യുടെ അർത്ഥം ആലോചിച്ച് അമേരിക്കൻ പണ്ഡിതരും ബുദ്ധിജീവികളും സൈന്യാധിപരും തലപുകച്ചു. Coverage എന്നതിനു പകരം താൻ തെറ്റായി covfefe എന്നാണ് ടൈപ്പു ചെയ്തതെന്നു തിരിച്ചറിഞ്ഞ ട്രമ്പ് ട്വീറ്റ് പിൻവലിച്ചു. പക്ഷേ അപ്പോഴേക്കും പറ്റിയ കൈയബദ്ധത്തിന് ലോകം പല അർത്ഥങ്ങൾ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അധികാരികളുടെ അബദ്ധങ്ങൾക്കു് അർത്ഥവും ശാസ്ത്രവും ചമയ്ക്കുവാനാണ് പണ്ഡിതന്മാർ മത്സരിക്കുന്നത്. തനിക്കു പറ്റിയ തെറ്റ് ട്രമ്പ് ഒരിക്കലും അംഗീകരിക്കുകയോ തിരുത്തുകയോ ചെയ്തിട്ടില്ല, കാരണം അധികാരികൾക്കു തെറ്റുപറ്റാറില്ല.

1955-ലെ ദേശീയ ശാസ്ത്ര കോൺഗ്രസിനെ അഭിമുഖീകരിച്ചു കൊണ്ടുള്ള നെഹ്റുവിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. "ഞാനെപ്പോഴും എൻ്റെ തെറ്റുകൾ അംഗീകരിക്കാറുണ്ട്. തിരുത്താൻ ശ്രമിക്കാറുമുണ്ട്. കാരണം അങ്ങനെ ചെയ്യുന്നത് നാം പറയുന്ന ശാസ്ത്രീയ സമീപനത്തിലേക്ക് നമ്മെ നയിക്കുന്നതാണ്. ഞാനൊരു ശാസ്ത്രകാരനല്ലെങ്കിലും ശാസ്ത്രാവബോധമുള്ള ഒരാളാകാൻ അതു സഹായിക്കും''. ചിന്തയിലും പ്രവൃത്തിയിലും അടിമുടി ശാസ്ത്രീയ സമീപനം പുലർത്തുന്ന ഒരു സമൂഹത്തെയാണ് നെഹ്റു കണ്ടെത്താൻ ശ്രമിച്ചത്. മഖ്ബൽമഫിൻ്റെ വിളക്കണയ്ക്കാൻ ആവശ്യപ്പെടുന്ന പ്രസിഡന്റിന് മുന്നിൽ യുദ്ധം എല്ലാ വിളക്കുകളും അണയ്ക്കുന്നുണ്ട്.

ഇന്ന് രാഷ്ട്രങ്ങൾക്ക് യുദ്ധം ചെയ്യേണ്ടി വരുന്നത് പ്രകൃതിദുരന്തങ്ങളോടും മഹാമാരികളോടും കൂടിയാണ്. ശാസ്ത്രീയമായ നിലപാടുകളും സമീപനങ്ങളും സ്വീകരിച്ചതിൻ്റെ ഫലമായാണ് മനഷ്യരാശി ഇതുവരേയും ഇത്തരം പ്രതിസന്ധികളെ അതിജീവിച്ചിട്ടുള്ളത്. സമൂഹമൊന്നാകെ ശാസ്ത്രത്തിൻ്റെ ആയുധമണിയുക എന്ന നെഹ്റുവിയൻ ചിന്തകൾക്കും നയപരിപാടികൾക്കും രാഷ്ടീയവും സാമൂഹികവുമായ അംഗീകാരം കിട്ടിയതുകൊണ്ടാണ് നമ്മുടെ ഭരണഘടനയിൽ പൗരന്മാരുടെ മൗലിക കർത്തവ്യങ്ങളുടെ പട്ടികയിൽ നാൽപ്പത്തിരണ്ടാമത്തെ ഭേദഗതിയോടെ ആർട്ടിക്കിൾ 51 A ഇങ്ങനെ വ്യക്തമാക്കുന്നത്, "It shall be the duty of every citizen of India to develop a scientific temper, humanism and the spirit of enquiry and reform".

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories