TopTop
Begin typing your search above and press return to search.

വിഭവ സമാഹരണം മരീചികയാവുന്ന ബജറ്റുകള്‍; ബാലഗോപാലിന്റെ ബജറ്റ് നേരിടുന്ന പ്രധാന വിമര്‍ശനം

വിഭവ സമാഹരണം മരീചികയാവുന്ന ബജറ്റുകള്‍; ബാലഗോപാലിന്റെ ബജറ്റ് നേരിടുന്ന പ്രധാന വിമര്‍ശനം

കാലിയാവുന്ന ഖജനാവിനെ കവിത കൊണ്ട് മറികടക്കുന്ന പ്രലോഭനങ്ങള്‍ ഉപേക്ഷിച്ചതായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ബജറ്റ് പ്രസംഗത്തിലെ ആശ്വാസകരമായ കാര്യം. മുന്‍ ധനമന്ത്രി തോമസ് ഐസക് ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ ചില ടിപ്പണികള്‍ ചേര്‍ത്തതൊഴിച്ചാല്‍ ബാലഗോപാല്‍ കൂടുതലായി ഒന്നും ചെയ്തിട്ടില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോള്‍ കൂടുതലായി ചെയ്യാനും ഒന്നുമില്ല. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഇടതു ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോ എന്നായിരുന്നു ഐസക്കിന്റെ ബജറ്റിനെ കുറിച്ചുള്ള പ്രധാന വിമര്‍ശനം. വിജ്ഞാന വ്യവസായത്തിന്റെ കേന്ദ്രമാക്കി കേരളത്തെ പരിവര്‍ത്തനപ്പെടുത്തുമെന്ന വാഗ്ദാനങ്ങളും, കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള ഉത്തേജക പാക്കേജുകളുമെല്ലാം ചേര്‍ന്ന പ്രസ്തുത ബജറ്റിലെ നിര്‍ദ്ദേശങ്ങളെല്ലാം നടപ്പിലാക്കുമെന്ന് ബാലഗോപാല്‍ തന്റെ പ്രസംഗത്തില്‍ ആവര്‍ത്തിക്കുന്നു.

പ്രഖ്യാപനങ്ങളുടെ ധാരാളിത്തം കൊണ്ട് ശ്രദ്ധേയമായ ഐസക്കിന്റെ ബജറ്റിന് എതിരായ പ്രധാന വിമര്‍ശനം പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതായിരുന്നു. കടം വാങ്ങലായിരുന്നു മുന്‍ ധനമന്ത്രിയുടെ ഒറ്റമൂലി. ബാലഗോപലിന്റെ ബജറ്റ് നേരിടുന്ന പ്രധാന വിമര്‍ശനവും അതു തന്നെയാവുന്നു. ബജറ്റില്‍ പറയുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള വിഭവ സമാഹരണത്തിനായി കടം വാങ്ങുന്നതിനപ്പുറമുള്ള ആശയങ്ങളൊന്നും തുടര്‍ഭരണത്തിന്റെ ആദ്യ ബഡ്ജറ്റിലും കാണാനാവില്ല. ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന സൂചനയും അതു തന്നെയാകുന്നു..

സര്‍ക്കാര്‍ കടം പാപമാണെന്ന വാദം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പോലും കൈയൊഴിഞ്ഞ കാലമായതിനാല്‍ ധനക്കമ്മിയെക്കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ ഇപ്പോള്‍ ഒരു പരിധിക്കപ്പുറം ആരും ഗൗരവത്തില്‍ എടുക്കാറില്ല. ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം സുപ്രധാനമാണെന്ന അഭിപ്രായവും ഐഎംഎഫ് ഇപ്പോള്‍ പുലര്‍ത്തുന്നു. കോവിഡ് മഹാമാരി സാമ്പത്തിക മേഖലയാകെ നിശ്ചലമാക്കിയ സാഹചര്യത്തില്‍ കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് കടം വാങ്ങുകയല്ലാതെ നിവര്‍ത്തിയില്ല. പഴയ കടം കൊടുത്തു തീര്‍ക്കാന്‍ വേണ്ടി കടം വാങ്ങുന്ന സ്ഥിതി പോലും സംസ്ഥാനം അഭിമുഖീകരിക്കേണ്ടി വന്നാല്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ കേരളത്തിന് എത്രകാലം ഇങ്ങനെ തുടരാനാവും. അധികകാലം തുടരാനാവില്ലെന്നു വ്യക്തമായതിനാല്‍ ധനമന്ത്രിയുടെ മാത്രമല്ല കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ മൊത്തം ശ്രദ്ധയും ഈ വിഷയം ആവശ്യപ്പെടുന്നു.

വിഭവ സമാഹരണം എന്ന കടമ്പ മറികടക്കുന്നതാണ് കേരളത്തിലെ മാത്രമല്ല കേന്ദ്രത്തിലെയും, മറ്റുള്ള സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാര്‍ നേരിടുന്ന വെല്ലുവിളി. തനതായ വിഭവ സമാഹരണ ശേഷിയും, വരുമാനവും ഇല്ലാതാവുന്ന സാഹചര്യം ബഡ്ജറ്റിലൂടെ മാത്രം മറികടക്കാന്‍ പറ്റുന്നതല്ല. രാഷ്ട്രീയമായ തീരുമാനത്തിന്റെയും, മുന്നൊരുക്കത്തിന്റെയും ഭാഗമായാണ് അങ്ങനെയുള്ള സാഹചര്യങ്ങളെ മറികടക്കാനുള്ള പദ്ധതികള്‍ രൂപപ്പെടുക. കേരള രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തില്‍ അങ്ങനെയുള്ള തിരിച്ചറിവുകള്‍ ഒന്നും തന്നെയില്ല. ചരുക്കു-സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള അവസരങ്ങള്‍ പരിമിതമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാലും നിലവിലുള്ള പരിമതിമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തനതായ നികുതി വരുമാനം എത്രത്തോളം വര്‍ദ്ധിപ്പിക്കാനുകുമെന്ന വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ വീക്ഷണം എന്താണെന്ന തുറന്ന സംവാദം നടക്കേണ്ടിയിരിക്കുന്നു. ബഡ്ജറ്റ് ദിവസം നടത്തുന്ന കക്ഷിരാഷ്ട്രീയ പ്രേരിതമായ അഭിപ്രായങ്ങളല്ലാതെ മൂര്‍ത്തമായ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയനേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാറില്ല. സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്ഥിരം ഉയര്‍ന്നു വരുന്ന ഒരു വിഷയമാണ് നികുതി പിരിവിലെ കാര്യക്ഷമത. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതി പിരിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. ബോധപൂര്‍വ്വം നടത്തുന്ന നികുതി വെട്ടിപ്പിന്റെ മറ്റൊരു പേരാണ് കാര്യക്ഷമതയുടെ അഭാവമെന്ന വസ്തുതയും എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അര്‍ഹതപ്പെട്ട നികുതി പിരിച്ചെടുക്കുമെന്ന രാഷ്ട്രീയമായ തീരുമാനവും അത് നടപ്പിലാക്കാനുള്ള നിശ്ചയ ദാര്‍ഢ്യവുമാണ് ഇക്കാര്യത്തില്‍ ആവശ്യം.

സംസ്ഥാനത്തിന്റെ തനതായ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുളള മേഖലകള്‍ ഏതെല്ലാമാണെന്ന കാര്യത്തിലും തിരിച്ചറിവ് അനിവാര്യമാണ്. വിദ്യാഭ്യാസം, ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകള്‍ അധിക വരുമാനം കൈവരിക്കുന്നതിന് അനുയോജ്യമാണെന്ന വീക്ഷണം പുലര്‍ത്തുന്നവര്‍ നിരവധിയാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം എന്താണ്? വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം എത്രത്തോളം പ്രായോഗികമാണ്? അത്തരമൊരു സമ്പ്രദായം ഏര്‍പ്പെടുത്തുന്ന പക്ഷം അതില്‍ നിന്നും ലഭിക്കാവുന്ന വരുമാനം എത്രയാവും? ദീര്‍ഘകാല പാട്ടത്തിന് നല്‍കിയിട്ടുള്ള തോട്ടം മേഖലയില്‍ നിന്നുള്ള വരുമാനം ഉയര്‍ത്തുന്നതിനുള്ള സാധ്യതകള്‍ എത്രയാണ്? തോട്ടം മേഖലയില്‍ അല്ലാതെ തന്നെ സര്‍ക്കാര്‍ ഭൂമി ദീര്‍ഘകാലമായി തുച്ഛമായ നിരക്കില്‍ കൈവശം വച്ചനുഭവിക്കുന്ന വ്യക്തികളിലും, സ്ഥാപനങ്ങളിലും നിന്ന് അധിക വരുമാനം ഈടാക്കാന്‍ കഴിയുമോ? ഇത്തരം വിഷയങ്ങള്‍ ബജറ്റ് തയ്യാറാക്കുന്ന സമയം ധനമന്ത്രി അഭിമുഖീകരിക്കുന്ന സാങ്കേതിക വിഷയം മാത്രമായി ചുരുക്കാനാവില്ല. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ നയരൂപീകരണത്തില്‍ സജീവ ചര്‍ച്ചയാവേണ്ട വിഷയങ്ങളാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളും, മദ്യവുമടക്കം ജിഎസ്ടി-യുടെ പരിധിയില്‍ കൊണ്ടു വരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ തനതായ വിഭവ സമാഹരണം ബജറ്റിലെ ധനകമ്മിയുടെ വിഷയം മാത്രമല്ലാതാകുന്നു. ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്തയെ പാടേ നിരാകരിക്കുന്ന തരത്തില്‍ സംസ്ഥാനങ്ങളുടെ പരിമിതമായ ധനകാര്യ അവകാശങ്ങള്‍ പോലും ഇല്ലാതാക്കുന്ന സാമ്പത്തികക്രമം ഇന്ത്യയില്‍ വേരൂന്നിക്കഴിഞ്ഞു. ധനകാര്യ മേഖലയിലെ കേന്ദ്രീകരണ പ്രക്രിയയുടെ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു ജിഎസ്ടി. സ്വന്തമായി നികുതി പിരിക്കാനുള്ള അവകാശം കേന്ദ്രത്തിന് തീറെഴുതിയതോടെ സംസ്ഥാനങ്ങള്‍ കെണിയില്‍ അകപ്പെടുകയായിരുന്നു. വില്‍പ്പന നികുതിക്കു പകരം മൂല്യവര്‍ദ്ധിത നികുതി സമ്പ്രദായം നടപ്പിലാക്കിയപ്പോള്‍ സംസ്ഥാനങ്ങളുടെ താല്‍പ്പര്യം വേണ്ട നിലയില്‍ സംരക്ഷിക്കപ്പെട്ടില്ലെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ജിഎസ്ടി നടപ്പിലാക്കുന്നത്. ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്തയെ പുനസ്ഥാപിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുവാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. ജിഎസ്ടി-യെ കുറിച്ചുള്ള ബാലഗോപാലിന്റെ നീരീക്ഷണങ്ങള്‍ അചിനുള്ള സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നതൊഴിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയെ തട്ടിയുണര്‍ത്തുന്ന കാര്യമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ലെന്നു പറയേണ്ടി വരും.


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories