TopTop
Begin typing your search above and press return to search.

ലോക്ക്ഡൗണ്‍ കാലത്ത് ജീവിതം ഭാരം കുറഞ്ഞ് തൂവല്‍ പോലെയായി, പക്ഷേ ബ്രിട്ടോയെ എപ്പോഴും എനിക്ക് മിസ്സ് ചെയ്യുന്നു; സീനാ ഭാസ്കര്‍ പറയുന്നു

ലോക്ക്ഡൗണ്‍ കാലത്ത് ജീവിതം ഭാരം കുറഞ്ഞ് തൂവല്‍ പോലെയായി, പക്ഷേ ബ്രിട്ടോയെ എപ്പോഴും എനിക്ക് മിസ്സ് ചെയ്യുന്നു; സീനാ ഭാസ്കര്‍ പറയുന്നു

ലോക്ക്ഡൗണ്‍ കാലത്ത് മലയാളി എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ ജീവിക്കുന്നു? ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഈ പരമ്പരയില്‍ സീന ഭാസ്കര്‍ സംസാരിക്കുന്നു.

സത്യം പറഞ്ഞാല്‍, മനുഷ്യര്‍ ആഗ്രഹിക്കുന്ന, എന്നാല്‍ പുറത്തു പറയാന്‍ പറ്റാത്ത ഒരു വിശ്രമ ജീവിതമാണ് ഇപ്പോഴത്തേത്. ഇത്രയും കാലം അടഞ്ഞ് കിടന്നിട്ടും ഇവിടെ വേറെയൊന്നും സംഭവിച്ചിട്ടില്ലല്ലോ...

ഭക്ഷണം കഴിക്കാനില്ല എന്നൊക്കെ പറയുന്നു എന്നല്ലാതെ, ഭക്ഷണം കഴിക്കുന്നവര്‍ കൃത്യമായി കഴിക്കുന്നുണ്ട്. ഇല്ലാത്തവര്‍ അവരുടേതായ രീതിയില്‍ അവരും കഴിക്കുന്നുണ്ട്. പിന്നെ, ഇതില്‍ പട്ടിണി കിടക്കുന്ന ആളുകളുണ്ട്, ഇല്ലെന്ന് ഞാന്‍ പറയുന്നില്ല, അവരെ മറന്നു കൊണ്ടല്ല പറയുന്നത്. അതിലുപരിയായി പ്രകൃതി ഒരു റിഫൊമേഷന്‍ നടത്തുകയാണ്. ഇപ്പോള്‍ നമുക്ക് തന്നെ അറിയാം, ഡല്‍ഹിയിലെ വായു മലിനീകരണം ഇപ്പോള്‍ നോക്കിക്കഴിഞ്ഞാല്‍ നേര്‍ പകുതിയായി മാറിയിട്ടുണ്ടാവും. ഇത്രയും ദിവസം വാഹനങ്ങളും മറ്റും നിരത്തില്‍ ഇറങ്ങാത്തതിന്റെ ഭാഗമായിട്ട്. ഇതൊക്കെ നമുക്ക് സത്യമായി പറയാനും പങ്കുവെക്കാനുമുള്ളതാണ്.

നമുക്ക് വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ ഒരുപാട് അസ്വസ്ഥതകളുണ്ട്, ഇല്ലെന്നൊന്നും പറയുന്നില്ല. പുറത്തിറങ്ങാനുള്ള ഒരു വ്യഗ്രത.

പിന്നെ, ജീവിച്ചിരിക്കുമ്പോള്‍ മനുഷ്യന്റെ വിചാരം, ഭൂമിയെ താങ്ങി നിര്‍ത്തുന്നത് താനാണെന്നുള്ളതാണ്. പക്ഷെ, ഒരിക്കല്‍ നമ്മള്‍ അറിയും, അങ്ങനെയല്ല എന്ന്. പണ്ട് കാമ്പസില്‍ പഠിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്, അയ്യോ, ഞാനില്ലെങ്കില്‍ ഈ കോളേജ് എന്ന ഒരു കോളേജുണ്ടാവില്ലെന്ന്... ഞാന്‍ അവിടന്ന് പോയി, വിമന്‍സ് കോളേജ് ഞാനുള്ളതിനേക്കാള്‍ പതിന്മടങ്ങ് മുന്നോട്ട് പോയി, ഭംഗിയായി മുന്നോട്ട് പോയി. അതാണ് ഓരോ മനുഷ്യനും അറിയേണ്ടത്.

പിന്നെ, വേറൊരു കാര്യം അറിയേണ്ടത് കൊവിഡ് കാലത്ത് എല്ലാവരുടെയും പരസ്പരമുള്ള ചര്‍ച്ചയുടെ മൂര്‍ച്ച കുറഞ്ഞിട്ടുണ്ട്. ആര്‍ക്കും എന്റെ ആള്‍ നിന്റെ ആള്‍ എന്നു പറഞ്ഞു പരസ്യമായി രംഗത്തു വരാനുള്ള ധൈര്യമില്ലായ്മയുണ്ട്. അങ്ങനെ പറയാന്‍, പകര്‍ച്ചവ്യാധിക്ക് എന്റെ ആളും നിന്റെ ആളുമൊന്നുമില്ലല്ലോ. ആ ഒരു സംഗതി കൃത്യമായിട്ടുണ്ട്. എല്ലാവരും പറയും മലയാളി കാണാത്തൊരു കാഴ്ച കണ്ടതാണ് വെള്ളപ്പൊക്കം എന്നും, വെള്ളപ്പൊക്ക ദുരന്തം വന്നപ്പോള്‍ പറഞ്ഞു, എല്ലാവരും ഇപ്പോള്‍ നന്നാവുമെന്നും ഒക്കെ. ഒരു നന്നാവലുമില്ല. എല്ലാവരും പഴയ രീതിയിലേക്ക് തന്നെ തിരിച്ചു പോയി. അതുപോലെ കൊവിഡ് കാലം വന്നപ്പോള്‍ എല്ലാവരും ഇപ്പോള്‍ നല്ലതു വരുമെന്ന് പറയുന്നു. പക്ഷെ, നന്മ എന്നു പറയുന്നത് ഈ പറഞ്ഞ മാതിരി അധികാര വര്‍ഗം പല്ലുകള്‍ ആഴ്ന്നിറക്കിക്കൊണ്ട് വീണ്ടും അധികാരത്തിലേക്ക് തിരിച്ചു വരുന്ന ഒരു വരവിനാണ്. അപ്പോള്‍ അതില്‍ ആര്‍ക്ക് എന്തൊക്കെ നഷ്ടപ്പെടുമെന്ന് പറയാന്‍ കഴിയില്ല. ആ നഷ്ടപ്പെടലുകള്‍ ആണോ ഈ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത് എന്ന് ഇപ്പോള്‍ നമ്മള്‍ക്ക് പറയാന്‍ കഴിയില്ല.

പിന്നെ, അടച്ചിരിക്കുമ്പോള്‍, വേറൊരു സത്യാവസ്ഥ എന്നു പറയുന്നത് ജീവിതം ഒരു തൂവല്‍ പോലെ തോന്നുന്നുണ്ട് എന്നതാണ്. വളരെ ആവശ്യത്തിന് മാത്രമെ ഭക്ഷണമുള്ളൂ. കാര്യം എന്തെന്ന് വച്ചാല്‍ ഉത്കണ്ഠകളൊന്നുമില്ല. ഭക്ഷണം വേസ്റ്റാക്കുന്ന പ്രവണത വല്ലാതെ കുറിഞ്ഞിട്ടുണ്ട്. ഉള്ളത് വളരെ കൃത്യമായിട്ട്, രാവിലെ ഉണ്ടാക്കിയാല്‍ അത് രാവിലെ തന്നെ കഴിച്ച് തീര്‍ത്തിട്ട് പിന്നെ എപ്പോഴെങ്കിലും വിശക്കുമ്പോള്‍ മാത്രം അടുത്തത് ഉണ്ടാക്കാനും നമ്മള്‍ നിര്‍ബന്ധിതരാവുന്നു. പിന്നെ, ഒരു രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തക എന്ന നിലയ്ക്ക് എഴുത്തും വായനയും പുതിയ ആശയങ്ങള്‍ ചിന്തിക്കാനുള്ള അവസരവും ഒക്കെ ലഭിക്കുന്നുണ്ട്. ജീവിതം ലഘുവായി ഭാരം കുറഞ്ഞ് തൂവല്‍ പോലെ ആയി എന്നുള്ള ഒരു അവസ്ഥയാണിപ്പോള്‍. അതില്‍ എപ്പോഴും എനിക്ക് മിസ്സ് ചെയ്യുന്ന ഒരു സംഗതി എന്ന് പറയുന്നത്, ഞാന്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ എനിക്ക് നന്നായി കണ്‍വേ ചെയ്യാനായിട്ട് എനിക്കൊരു ആളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം എപ്പോഴും എനിക്ക് മിസ്സ് ചെയ്യുന്നുണ്ട്. അത് എന്റെ വ്യക്തിപരമായ ഒരു ദുഃഖം മാത്രമാണ്. ബ്രിട്ടോ ഉണ്ടായിരുന്നെങ്കില്‍ ഇത് ഞങ്ങള്‍ ആഘോഷിക്കുമായിരുന്നു. 36 വര്‍ഷം കൊണ്ട് നാലഞ്ചു ലക്ഷം പുസ്തകങ്ങള്‍ വായിച്ച് തീര്‍ത്തൊരു മനുഷ്യനാണ് ബ്രിട്ടോ. പുതിയ കാലഘട്ടത്തില്‍ ഏതൊക്കെ പുസ്തകങ്ങള്‍ വായിക്കണമെന്ന് എനിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ഒരു സംഗതിയുണ്ട്. അപ്പോള്‍ അതൊക്കെ ഒരു നഷ്ടപ്പെടലായി തോന്നുന്നുണ്ട്. ജീവിതം ഒരു തൂവല്‍ പോലെ അങ്ങനെ പോകുന്നുണ്ട്. അല്ലാതെ ഭയങ്കരമായ ഒന്നുമില്ല. ആവശ്യമില്ലാത്ത സര്‍ക്കാര്‍ നയങ്ങള്‍, വലിയൊരു വേലിയേറ്റമുണ്ടായിരുന്നല്ലോ, സിഎഎ നടപ്പിലാക്കുന്നു, പൗരത്വം നഷ്ടപ്പെടുന്നു എന്നെല്ലാമുള്ള ഭയങ്കരമായ ചിന്തയില്‍ നിന്ന് ജീവന്‍ നഷ്ടപ്പെടുന്ന ഒരു സാധനമാണല്ലോ പ്രകൃതി അടിച്ചേല്‍പ്പിച്ചത്.

ചൈന കൊണ്ടു വന്ന ജൈവായുധം എന്നൊക്കെയാണ് പ്രചാരണം, അതൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു രാജ്യം ജൈവായുധം കൊണ്ടു വരുമ്പോള്‍ അവരുടെ പൗരന്മാരെ രക്ഷിക്കേണ്ട ചുമതല അവര്‍ക്കുണ്ടാവണമല്ലോ. ആ ജനതയെ രക്ഷപെടുത്താന്‍ അവര്‍ക്കായില്ലല്ലോ. ഇത് പ്രകൃതിയുടെ തന്നെ ഒരു മാറ്റമാണ്. ആ ഒരു ശാസ്ത്രലോകത്തില്‍ വിശ്വസിക്കാനാണ് ഞാനും താല്‍പര്യപ്പെടുന്നത്. അപ്പോള്‍, അതുകൊണ്ടു തന്നെ മനുഷ്യന്‍ മനുഷ്യനെ കാറ്റഗറൈസ് ചെയ്ത് പരസ്പരം കൊല്ലാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ പ്രകൃതി തന്നെ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. അപ്പോള്‍ എന്തായി, എല്ലാവരും അവരവരിലേക്ക് ഒതുങ്ങി, വളരെ അച്ചടക്കമുള്ള, അനുസരണയുള്ള കുഞ്ഞുങ്ങളായി, കുഞ്ഞാടുകളായിട്ട് മാറിയ സ്ഥിതിയാണ് ഈ കോവിഡ് കാലം.

നമ്മള്‍ എല്ലാവരും അടച്ചു പൂട്ടിയിരിക്കുമ്പോള്‍ അണിയറയില്‍ എന്താണ് നടക്കുന്നത് എന്ന കാര്യത്തില്‍ ഒരു ഉത്കണ്ഠയുണ്ട്. അതിന്റെ ചെറിയ തീപ്പൊരികള്‍ ആണോ ഈ കോവിഡ് കാലത്തും നടക്കുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, മനുഷ്യനെ വര്‍ഗ്ഗീയമായി തിരിച്ച് കഴിഞ്ഞു. ഇവിടത്തെ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരുടേതായിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റത്തതാണ് അതിന് കാരണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടം എന്നു പറയുന്നത്, ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മുതലാളിമാരുടെ ഇടനിലക്കാരായി നില്‍ക്കുക എന്നുള്ളതാണ്. അവരുടെ ഇടനിലക്കാരായി നിന്ന് നമുക്ക് അധികാരത്തില്‍ വരണമെങ്കില്‍, മനുഷ്യന്റെ മനസ്സിലെ ചെറിയ ദൗര്‍ബല്യങ്ങളെ വലുതാക്കി, തൊട്ടുണര്‍ത്തി വോട്ട് വാങ്ങിയാല്‍ മാത്രമേ നമുക്ക് അധികാരത്തില്‍ വരാന്‍ സാധിക്കുകയുള്ളു എന്നാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ ചിന്ത. അതിനാണ് അവര്‍ മതത്തെ ഉപയോഗിക്കുന്നത്.

മതത്തിനും ഒന്ന് ചെയ്യാനാവുന്നില്ല. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ക്രിസ്ത്യാനി പള്ളിയില്‍ പോകാതെ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഇനി ഈ സാഹചര്യം തുടര്‍ന്നു പോകുകയാണെങ്കില്‍, രണ്ടാഴ്ച കഴിഞ്ഞാല്‍ മുസ്ലിമിന്റെ നോമ്പും ചെറിയ പെരുന്നാളും തുടങ്ങാന്‍ പോകുകയാണ്. അവര്‍ക്കും വെള്ളിയാഴ്ചകളില്‍ കൂട്ടം കൂട്ടമായി പള്ളിയില്‍ പോകാന്‍ പറ്റാത്ത സ്ഥിതി വരും. പ്രകൃതിയുടെ മുന്‍പില്‍ ഒരു മനുഷ്യനും മതവും ഒന്നുമല്ലെന്ന് പ്രകൃതി വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ചെറിയ ചെറിയ വികാരങ്ങളെ തൊട്ടുണര്‍ത്തി മനുഷ്യരെ തമ്മിലടിപ്പിച്ച കുറുക്കന്റെ പണി കാണിച്ച് കൊണ്ടിരുന്ന രാഷ്ട്രീയ, മത മുതലെടുപ്പുകളുണ്ട്. കേരളത്തിലൊക്കെ, ഈസ്റ്റര്‍ ദിനത്തില്‍ പ്രൊട്ടസ്റ്റന്റ് സഭകളിലെ പല അച്ഛന്‍മാരും മുഖ്യമന്ത്രിയെ പോയി കണ്ടിട്ട് ഞങ്ങള്‍ക്ക് ഇന്നൊരു ദിവസത്തേക്ക്, ഇരുന്നൂറ് പേര്, ഞങ്ങള്‍ അകലം പാലിച്ച് നില്‍ക്കാം, കുര്‍ബാന കൂടാനുള്ള അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ തൊഴില്‍ നഷ്ടപ്പെടും. അതുകൊണ്ട് തന്നെ അവര്‍ക്ക് മതം ആവശ്യമാണ്.

മനുഷ്യര്‍ എന്നു പറയുന്നത് ഒന്നിലും ഒതുങ്ങി നില്‍ക്കുന്ന ആളല്ല. മനുഷ്യന്‍ എപ്പോഴും അവനവനില്‍ ഒതുങ്ങി നില്‍ക്കുന്നവരാണ്. സത്യം പറഞ്ഞാല്‍ അവര്‍ സ്വാര്‍ത്ഥരാണ്. ഞാന്‍ എത്ര തത്വം പറഞ്ഞാലും വിശക്കുമ്പോള്‍ ഒരു കഷ്ണം അപ്പം കിട്ടിയാല്‍ ആദ്യം ഞാന്‍ കഴിക്കാന്‍ നോക്കും. അത് കഴിഞ്ഞിട്ടേ ബാക്കി മറ്റൊരാള്‍ക്ക് നല്‍കൂ. മനുഷ്യന് അംഗീകാരവും കിട്ടണം, കൈ നനയാതെ മീനും പിടിക്കണം വിയര്‍പ്പ് പൊഴിക്കാതെ ജീവിക്കുകയും വേണം. ഈ സന്ദര്‍ഭത്തില്‍ അങ്ങനെ ജീവിക്കാന്‍ പറ്റുന്ന രണ്ട് മൂന്നു കാറ്റഗറിയില്‍ ഒന്ന് മതമേലധ്യക്ഷന്‍മാരാണ്. രണ്ടാമത്തേത് രാഷ്ട്രീയക്കാരുമാണ്. എന്നാല്‍, രാഷ്ട്രീയ നേതാക്കളില്‍ ഒരുപാട് പേര്‍ ത്യാഗങ്ങള്‍ സഹിച്ചവരുണ്ട്; അത് വേറെ. അതിന്റെ ഒരംശം പോലും ത്യാഗം മതമേലധ്യക്ഷന്‍മാര്‍ സഹിക്കുന്നില്ല. പക്ഷെ, ഇന്നലത്തെ മഴയില്‍ കുരുത്ത ചില രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്. അട്ടയുടെ സ്വഭാവമുള്ള ആളുകളും രാഷ്ട്രീയത്തില്‍ കടന്ന് കൂടിയിട്ടുണ്ട്. അവരുടെ കാര്യമാണ് ഞാന്‍ പറയുന്നത്.

സ്വാതന്ത്ര്യസമര കാലത്ത് സ്വാതന്ത്ര്യം വീണ്ടെടുക്കുക എന്ന ഒറ്റ ചിന്തയായിരുന്നു നമ്മുടെ പൂര്‍വികര്‍ക്ക്, അതു പോലെ, ഇപ്പോള്‍ ഒറ്റ ചിന്തയെ പാടുള്ളൂ, കൊറോണ വൈറസിനെ അതിജീവിക്കുക, നമ്മുടെ ജീവന്‍ രക്ഷിക്കുക. ഈ ചിന്ത മാറി പഴയ സ്ഥിതിയിലേക്ക് മാറുമ്പോള്‍ നമ്മള്‍ പഴയപടിയായി മാറും. വേറെ വ്യത്യാസങ്ങളൊന്നും ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. പിന്നെ, ഇതിന്റെ ഒരു ഗുണം എന്നുവച്ചാല്‍ പ്രകൃതി കുറെക്കൂടി ശുദ്ധമാകും, കുറച്ച് മാലിന്യങ്ങള്‍ കുറഞ്ഞു കിട്ടും അത്രമാത്രം.

തയാറാക്കിയത്: മെഹ്ന സിദ്ദിഖ് കാപ്പന്‍


Next Story

Related Stories