TopTop
Begin typing your search above and press return to search.

പരിഷ്ക്കർത്താക്കളായ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നരേന്ദ്ര മോദിയില്ല, അദ്ദേഹത്തിന് അതിന് ശേഷിയില്ല; കാരണങ്ങൾ ഇതാണ്

പരിഷ്ക്കർത്താക്കളായ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നരേന്ദ്ര മോദിയില്ല, അദ്ദേഹത്തിന് അതിന് ശേഷിയില്ല; കാരണങ്ങൾ ഇതാണ്

മൂന്ന് ചോദ്യങ്ങളാണ് ഉയരുന്നത്. ഒന്ന് നരേന്ദ്ര മോദി ഒരു സാമ്പത്തിക പരിഷ്‌കര്‍ത്താവാണോ? രണ്ട്, പി.വി നരസിംഹറാവു, ഡോ. മന്‍മോഹന്‍ സിംഗ്, എ.ബി വാജ്‌പേയ് എന്നിവരുള്‍പ്പെട്ട ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കര്‍ത്താക്കളുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ സ്ഥാനം എവിടെയായിരിക്കും? മൂന്നാമത്, സാമ്പത്തിക പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട തന്റെ ആശയങ്ങള്‍ നടപ്പിലാക്കുന്നതില്‍ മോദിക്ക് എത്രത്തോളം വിജയിക്കാന്‍ കഴിഞ്ഞു?

ആദ്യത്തെ ചോദ്യത്തിന് ഉത്തരം അതെ എന്നാണെങ്കില്‍, ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന അദ്ദേഹത്തിന് എടുത്തു കാണിക്കാന്‍ എന്തൊക്കെയാണ് ഉള്ളതെന്ന ചോദ്യമാണ് ഉയരുന്നത്.

2010 മുതല്‍ ആത്മാഹുതി ചെയ്യാന്‍ ആരംഭിച്ച രണ്ടാം യുപിഎ സര്‍ക്കാര്‍, പരിഷ്ക്കാരങ്ങള്‍ ഒന്നും നടപ്പിലാക്കാതിരുന്ന ആ വരണ്ട കാലത്തിന് ശേഷം നടത്തിയ മോദി നടത്തിയ പ്രഖ്യാപനങ്ങളെ ഞങ്ങളെ പോലുളളവര്‍ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. റെയില്‍വെ, കൃഷി, ബാങ്കിംഗ്, നിര്‍മ്മാണം, തൊഴില്‍നിയമം, ഊര്‍ജ്ജരംഗം, വ്യോമഗതാഗതം, പുതിയ മേഖലകളിലെ വിദേശ നിക്ഷേപം, പൊതുമേഖലാ സ്ഥാപനങ്ങള്‍, കല്‍ക്കരി, ഖനനം, നികുതി എന്നീ മേഖലകളില്‍ നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്. ആ പട്ടിക മികച്ചതുമാണ്. എന്നാല്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ ചെയ്യുന്നത് പോലെ ഇതിന്റെ ഓരോന്നിന്റെയും അടിയില്‍ ഒന്നു വരച്ചു നോക്കൂ. എന്ത് നേടിയെന്ന് നോക്കിയാല്‍ ഒന്നുമില്ലെന്ന് മനസ്സിലാകും. ഇത് സ്വാഭാവികമായി നമ്മളെ മൂന്നാമത്തെ ചോദ്യത്തിലേക്ക് എത്തിക്കുന്നു. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ പര്യാപ്തനാണോ? പ്രത്യേകിച്ചും പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വലിയ ആശയങ്ങള്‍? അല്ല എന്ന് പറയണമെങ്കില്‍ നിങ്ങള്‍ക്ക് മാനസികസ്ഥിരത നഷ്ടമാകുകയോ അല്ലെങ്കില്‍ അര്‍ബനോ റൂറലോ ആയ ആയ നക്‌സലോ ആയിരിക്കണം. നോക്കൂ. നോട്ടുനിരോധനം നടപ്പിലാക്കിയതും നാല് മണിക്കൂറിന്റെ മാത്രം നോട്ടീസില്‍ രാജ്യം അടച്ചിട്ടതുമായ കാര്യം. അതൊക്കെ നിര്‍ണായകമായ തീരുമാനങ്ങളായിരുന്നു. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുമായി ബന്ധപ്പെട്ട തന്റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഇത്രയേറെ ബുദ്ധിമുട്ടുന്നത്. അതിന് കൊറോണ വൈറസ് മാത്രമല്ല കാരണം. അത് മൂന്ന് മാസം കഴിഞ്ഞാണ് വന്നത്. രണ്ട് വര്‍ഷമായി ഇന്ത്യയുടെ സാമ്പത്തികനില താഴോട്ട് കുതിച്ചുകൊണ്ടിരിക്കുകയായിരുന്നു. നേരത്തെ തന്നെ പരിഷ്‌ക്കാരം തുടങ്ങാനുള്ള തരത്തില്‍ തീവ്രമായ പ്രതിസന്ധിയുണ്ടായിരുന്നു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഏറ്റവും വലിയ പരിഷ്‌ക്കാരമായ ഭൂമി ഏറ്റെടുക്കല്‍ ബില്ല് നിയമമാക്കുകയെന്നത്.

നിങ്ങള്‍ക്ക് അതിന് രാഷ്ട്രീയത്തെയോ, രാഹുല്‍ ഗാന്ധിയെയോ കുറ്റപ്പെടുത്താമെന്ന കാര്യം സമ്മതിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദി പ്രിന്റിന്റെ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ രമ്യ നായരുടെ സഹായത്തോടെ ഞാന്‍ പെട്ടെന്ന് ഒരു പട്ടിക ആലോചിച്ചു. ഇതില്‍ നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിലെ മുന്‍ അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയുണ്ടായിരുന്നു. 2019 ല്‍ അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അത് ഇപ്പോഴും പുറത്തുവന്നിട്ടില്ല. അന്തരിച്ച് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കാലതാമസത്തെക്കുറിച്ച് പറഞ്ഞതുപോലെ, ആ റിപ്പോര്‍ട്ട് ഇപ്പോഴും 'ഉദ്യോഗസ്ഥ ഭ്രമണപഥ'ത്തിലാണ്. ഒരു ലക്ഷ്യവുമില്ലാതെ കറങ്ങി കൊണ്ടിരിക്കുന്നു. നോട്ടുനിരോധനത്തിന് ശേഷം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചു. ഒരു തരത്തിലൊരു നികുതി ആശ്വാസ പദ്ധതിയായിരുന്നു അത്. 1997 ല്‍ പി ചിദംബരം നടപ്പിലാക്കിയ വോളന്ററി ഡിസ്‌ക്ലോഷര്‍ ഓഫ് ഇന്‍കം സ്‌കീം പോലെ നികുതി പിരിച്ചുകിട്ടാനായിരുന്നു ശ്രമം. നികുതി നിരക്ക് എന്നത് പണം കവര്‍ന്നെടുക്കുന്നതുപോലെയും ശിക്ഷനടപടിക്ക് സമാനവുമായിരുന്നു. നിയമങ്ങളും ചട്ടങ്ങളും സങ്കീര്‍ണമായിരുന്നു.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക രംഗത്തെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഒരു ക്രമം ഉണ്ട്. തുടര്‍നടപടികള്‍ എടുക്കുക, പദ്ധതി തയ്യാറാക്കുക. നടപ്പിലാക്കാന്‍ വളരെ കൂടുതല്‍ സമയവും എടുക്കുക. അത് നടപ്പിലാക്കി കഴിയുമ്പോള്‍ അമിതമായി പാചകം ചെയ്ത ഇറ്റാലിയന്‍ വിഭവം പോലെയായി കഴിഞ്ഞിരിക്കും. ഉദാഹരണത്തിന് പൊതുമേഖലാ ബാങ്കുകളുടെ പരിഷ്‌ക്കാരം എന്തായി? വാഗ്ദാനം ചെയ്യപ്പെട്ട ബാങ്ക് ഹോള്‍ഡിംഗ് കമ്പനി എവിടെ? പൊതുമേഖലാ ബാങ്ക് മേധാവികളുടെ കാലാവധി നീട്ടുമെന്ന പറഞ്ഞതെന്തായി? ബാങ്കിന്റെ ബോര്‍ഡുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വബോധമുണ്ടാക്കാനുള്ള നടപടികള്‍ എന്തായി? ഇത്തരം എല്ലാ നല്ല ആശയങ്ങളും ജോര്‍ജ്ജ് ഫെര്‍ണാണ്ടാസ് പറഞ്ഞ 'ഭ്രമണപഥത്തില്‍'പ്പെട്ടുകിടക്കുന്നു.

രണ്ട് തവണ ദുരന്തമായി പര്യവസാനിച്ചതാണ് ഊര്‍ജ്ജമേഖലയിലെ പരിഷ്‌ക്കാരം. മൂന്നാമതും അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. നമുക്ക് നോക്കാം. കല്‍ക്കരിയുടെ സ്ഥിതിയും അതു തന്നെ. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ പല തവണ പ്രഖ്യാപിച്ചതാണ് കല്‍ക്കരി മേഖലയിലെ പരിഷ്‌ക്കാരത്തെ സംബന്ധിച്ചും വില്‍പ്പനയെ സംബന്ധിച്ചുമുള്ള കാര്യങ്ങള്‍. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഗൂഗിളിന് പോലും സംശയമുള്ള മട്ടിലായിട്ടുണ്ട് കാര്യങ്ങള്‍. മഹാമാരി പാക്കേജിന്റെ ഭാഗമായി ഇത് വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്രയധികം ശേഷിയുള്ള പ്രധാനമന്ത്രിക്ക് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഒരു പൊതുമേഖല സ്ഥാപനം പോലും - എയര്‍ ഇന്ത്യ പോലും - വില്‍ക്കാന്‍ കഴിഞ്ഞില്ലെന്നത് ക്യാച്ച് 22 എന്ന നോവലിലെ മിലോ മിന്റര്‍ബിന്ററിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നതാണ്. അതൊരു വെല്ലുവിളിയാണ്. കഴിഞ്ഞ തവണ വില്‍പ്പനയ്ക്ക് അദ്ദേഹത്തിന്റെ ടീം കൊണ്ടുവന്ന രേഖ മനസ്സിലാക്കണമെങ്കില്‍ ഭഗവാന്‍ ശിവന് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. മാത്രമല്ല, അത് വാങ്ങണമെങ്കില്‍ ഹനുമാന്റെ ധൈര്യവും ശക്തിയും ആവശ്യമായിവരും. തുടര്‍ന്നുളള ജീവിതത്തില്‍ സിബിഐ, സിബിഡിടി, സിവിസി, കോടതി, ജയില്‍ എന്നിവ നേരിടാനുള്ള ശേഷിയും വേണമായിരുന്നു. ഈ അപകടം പിടിച്ച നാല് 'സി'കള്‍ പരിഷക്കരിക്കപ്പെടുകയല്ല, കൂടുതല്‍ ശക്തരാവുകയാണ് കഴിഞ്ഞ ആറ് വര്‍ഷത്തില്‍ ചെയ്തത്.

അതുകൊണ്ട് ആദ്യ രണ്ട് ചോദ്യത്തിനുള്ള ഉത്തരം മൂന്നാമത്തേതില്‍ ഉണ്ട്. അദ്ദേഹത്തിന്റൈ ആശയങ്ങള്‍ നടപ്പിലാക്കുന്നതില്‍ മോശം പ്രകടനമായതിനാല്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കിയ മറ്റ് നേതാക്കളുടെ ശ്രേണിയില്‍ മോദി വരുന്നില്ല. അതുകൊണ്ട് ആശയങ്ങള്‍ക്ക് എ പ്ലസും, നടപ്പിലാക്കുന്നതില്‍ സി നെഗറ്റീവും ആണ് റാങ്കിംഗ്. മറ്റ് കാര്യങ്ങളിലെ റാങ്കിംഗില്‍ ചിലപ്പോള്‍ ബി നെഗറ്റീവ് ആയിരിക്കും, പ്രത്യേകിച്ചും ചില ബാങ്കുകളുടെ ലയനവും ജിഎസ്ടിയും നടപ്പിലാക്കിയത് കാരണം.

1991-ലേക്ക് നോക്കുക. പരിഷ്‌ക്കാരത്തിനുള്ള രാഷ്ട്രീയ നിര്‍ദ്ദേശങ്ങള്‍ വന്നത് നരസിംഹറാവുവിന്റെ ന്യുനപക്ഷ സര്‍ക്കാരില്‍ നിന്നാണ്. അന്ന് മികച്ച ഉദ്യോഗസ്ഥരുണ്ടായിരുന്നു. 2009 വരെ ഇതു തുടര്‍ന്നു. അതിന് ശേഷം പരിഷ്‌ക്കരണം എന്ന ആശയത്തെ കോണ്‍ഗ്രസിന്റെ ആഭ്യന്തര രാഷ്ട്രീയം നശിപ്പിച്ചുകളഞ്ഞു.

പരിഷ്‌ക്കാരത്തെ മുന്നോട്ടു കൊണ്ടുവന്ന ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്?

അതില്‍ മൂന്ന് വിഭാഗക്കാരുണ്ട്. ഉദ്യോഗസ്ഥരായ സാമ്പത്തിക ശാസ്ത്രജ്ഞര്‍ (എന്‍ കെ സിംഗ്, വൈ.വി റെഡ്ഢി, ഡി. സുബ്ബറാവു, കെ.പി ഗീതാകൃഷ്ണന്‍ - എല്ലാവരും ഐഎഎസ്സുകാര്‍) സാമ്പത്തിക ശാസ്ത്രജ്ഞരായ ഉദ്യോഗസ്ഥര്‍ (മൊണ്ടേക് സിംഗ് അലുവാലിയ, ബിമല്‍ ജലാല്‍, വിജയ് കേല്‍ക്കര്‍, രാകേഷ് മോഹന്‍), പിന്നെ ശരിക്കും ഉദ്യോഗസ്ഥര്‍. കാര്യങ്ങള്‍ നടത്താന്‍ അറിയുന്ന ഉദ്യോഗസ്ഥര്‍. റാവുവിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.എന്‍ വര്‍മ, പ്രതിരോധ മേഖലയിലേതുള്‍പ്പെടെ എല്ലാ പരിഷ്‌ക്കരണ കമ്മിറ്റിയുടെയും തലവനായിരുന്ന നരേഷ് ചന്ദ്ര, ആബിദ് ഹുസൈന്‍ തുടങ്ങിയവര്‍. അവര്‍ എഴുതുന്ന ഒരു കുറിപ്പില്‍ വ്യക്തത വരുത്താന്‍ എന്തെങ്കിലും തരത്തിലുള്ള ഭേദഗതികള്‍ ആവശ്യമായി വരില്ല. ഇപ്പോള്‍ അത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തല്‍ ലോക്ഡൗണ്‍ കാലത്ത് ഒരു നടപ്പ് രീതി തന്നെയായി മാറിയിരിക്കുന്നു.

സര്‍ക്കാരിന് അതിശക്തമായ അധികാരം ഉണ്ടായപ്പോള്‍ അത് ഉപയോഗിച്ചവര്‍, അത് കൈവിടാനും തയ്യാറായിരിക്കുന്നു. അതാണ് യഥാര്‍ത്ഥത്തില്‍ പരിഷ്‌ക്കാരം എന്ന് പറയുന്നത്. പരിമിതമായ എന്നാല്‍ പ്രാപ്തിയുള്ള സര്‍ക്കാര്‍ എന്നാല്‍ അതാണ്.

മറ്റൊന്ന് പരിഷ്‌ക്കരണത്തിന് മുമ്പുളള കാലഘട്ടത്തില്‍ ജീവിച്ചവര്‍ എന്ന നിലിയില്‍ ലൈസന്‍സ് രാജ് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ അവര്‍ക്കറിയാം. ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡുകള്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതുകൊണ്ട് സെക്രട്ടറിമാരായിരുന്ന അവര്‍ക്ക് ന്യൂയോര്‍ക്കില്‍ ഹോട്ടല്‍ മുറി നിഷേധിച്ചതിനെക്കുറിച്ചുള്ള അവരുടെ ഓര്‍മ്മകളില്‍ അവര്‍ അനുഭവിച്ച കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്. ഇത്തരത്തിലുള്ള ഓര്‍മകളാണ് പരിഷ്‌കരങ്ങള്‍ക്ക് പ്രചോദനമായത്. മൂന്നാമത് ഈ ഐഎസുകാരും സാമ്പത്തിക വിദഗ്ദരും ചേരുമ്പോള്‍ ഉണ്ടായ ബുദ്ധിപരമായ സ്വാധീനം. അവസാനമായി, ഇവരെല്ലാവരെയും സാമ്പത്തിക മന്ത്രാലയങ്ങളില്‍ ദീര്‍ഘകാലം തുടരാന്‍ അനുവദിച്ചിരുന്നു. വാണിജ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി മുതലുള്ള എന്‍.കെ സിംഗിന്റെ ഔദ്യോഗിക ജീവിതം ഉദാഹരമാണ്. ഇപ്പോഴും അദ്ദേഹം 15 -ാം ധനകാര്യ കമ്മീഷന്റെ തലവനാണ്. ഇപ്പോള്‍ ആര്‍ബിഐ ഗവര്‍ണറായ ശക്തികാന്ത ദാസ് മാത്രമാണ് ദീര്‍ഘകാലം സാമ്പത്തിക വകുപ്പുകളില്‍ തുടര്‍ന്ന ഉദ്യോഗസ്ഥന്‍

1985-87 ബാച്ചിലെ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സിവില്‍ സര്‍വീസില്‍ ഏറെയും. സാമ്പത്തിക പരിഷ്‌ക്കാരത്തിന്റെ സന്തതികളാണ് അവര്‍. അല്ലെങ്കില്‍ കളര്‍ ടിവി കാലത്തിലെ ഉദ്യോഗസ്ഥര്‍ (1982 മുതല്‍). പരിഷ്‌ക്കാരത്തിന് മുമ്പുള്ള കാലത്ത് എന്തൊക്കെയാണ് നമുക്ക് നിഷേധിക്കപ്പെട്ടതെന്ന് അവര്‍ക്കറിയില്ല. അതുമാത്രമല്ല, അവരുടെ മുന്‍ഗാമികള്‍ കൈയൊഴിഞ്ഞ അധികാരങ്ങള്‍ എത്രയാണെന്നും അവര്‍ക്കറിയില്ല. ഐഎഎസ് ക്വാട്ട ഉണ്ടായിട്ടു പോലും പ്രീമിയര്‍ പത്മിനി ലഭിക്കാന്‍ അവര്‍ക്ക് മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വന്നിട്ടില്ല. അവര്‍ക്ക് പരിഷ്‌ക്കാരം നടപ്പിലാക്കാനുള്ള താല്‍പര്യമില്ല. പഴയ കാലത്തെ അധികാരം ലോക്ഡൗണ്‍ കാലത്ത് ആസ്വദിക്കാനും അവര്‍ തുടങ്ങിയിരിക്കുന്നു.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അധികാരത്തെ കുറിച്ച് ആലോചിച്ച് നോക്കൂ. 'ഹേയ് 138 കോടി അറിവില്ലാപൈതങ്ങളെ, 'രാത്രി അപകടമാണെന്ന് പറഞ്ഞില്ലേ, അതുകൊണ്ട് രാത്രി 9 മുതല്‍ രാവിലെ 5 വരെ നിങ്ങള്‍ കര്‍ഫ്യുവിലായിരിക്കും', അല്ലെങ്കില്‍ ശ്രദ്ധിക്കൂ, നിങ്ങള്‍ ഗ്രീന്‍ സോണിലാണെങ്കില്‍ നിങ്ങള്‍ക്ക് ഫ്രൂട്ടി ഐസ്‌ക്രീം കഴിക്കാം. ഓറഞ്ചിലാണെങ്കില്‍ വേണമെങ്കില്‍ സ്‌ട്രോബറി ആകാം. റെഡ് സോണിലാണെങ്കില്‍ വാനില മാത്രം. അത് നിങ്ങളുടെ അടുത്ത് എത്തിക്കാന്‍ പറ്റുമെങ്കില്‍ മാത്രം', 'പിന്നെ പരിഷ്‌ക്കാരം, ഈ അധികാരങ്ങള്‍ ഞാന്‍ ഉപേക്ഷിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. വൃത്തിയായി ഒരു മെമ്മോ എഴുതാന്‍ പോലും ഞാന്‍ ഇതുവരെ പഠിച്ചിട്ടില്ല,'

(ദി പ്രിന്റുമായുള്ള കണ്ടന്റ് പാര്‍ട്ട്‌ണര്‍ഷിപ്പ്ന്റെ ഭാഗമായി ഐപിഎസ്എം ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിധീകരിക്കുന്നത്)


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories