TopTop
Begin typing your search above and press return to search.

പാതിരാത്രിക്കും സഹായം തേടിയുള്ള വിളികള്‍, ആശുപത്രികളിലും പഞ്ചായത്തുകളിലും പകല്‍ ജീവിതം; ലോക്ഡൗണ്‍ കാലത്തെ 'തിരക്കില്‍' ഷാനിമോള്‍

പാതിരാത്രിക്കും സഹായം തേടിയുള്ള വിളികള്‍, ആശുപത്രികളിലും പഞ്ചായത്തുകളിലും പകല്‍ ജീവിതം; ലോക്ഡൗണ്‍ കാലത്തെ തിരക്കില്‍ ഷാനിമോള്‍

അരൂരിലെ എംഎല്‍എയായ ഷാനിമോള്‍ ഉസ്മാന്റെ ലോക്ഡൗണ്‍കാല ജീവിതവും തിരക്ക് പിടിച്ചതാണ്. ആശുപത്രികളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും മറ്റുമായുള്ള പകല്‍ യാത്രകള്‍. വിവിധ സ്ഥലങ്ങളില്‍ നിന്ന് പാതിരാത്രിയും തേടിയെത്തുന്ന ഫോണ്‍ വിളികള്‍. ഈ പരമ്പരയില്‍ ലോക്ഡൗണ്‍ കാലത്തെ ജീവിതത്തെക്കുറിച്ച് പറയുകയാണ് എംഎല്‍എ.

ജനങ്ങളെല്ലാം പരിപൂര്‍ണ സുരക്ഷിതാരാവേണ്ട കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് ഏത് സമയവും മണ്ഡത്തില്‍ തന്നെ ചെലവഴിക്കുകയാണ്. അരൂരില്‍ ഇപ്പോള്‍ താമസിക്കുന്നില്ല. കാരണം അവിടെയുണ്ടായിരുന്ന എന്റെ സ്റ്റാഫുകളോട് തത്ക്കാലം വര്‍ക്ക് ചെയ്യണ്ട എന്ന് പറഞ്ഞിരിക്കുകയാണ്. ആലപ്പുഴയിലെ സ്വന്തം വീട്ടിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. എന്നാല്‍ വീട്ടിലെത്തുന്നത് രാത്രി വളരെ വൈകിയാണ്. വീട്ടിലും ആരും സഹായിക്കാനില്ലാത്തതിനാല്‍ ഇപ്പോള്‍ ജോലി ഭാരം കൂടിയിരിക്കുകയാണ്. വെളുപ്പിന് എഴുന്നേറ്റ് വീട്ടിലെ ജോലികളെല്ലാം ഒതുക്കിയതിന് ശേഷം അരൂരിലേക്ക് പുറപ്പെടും. ചിലപ്പോള്‍ ചോറും പൊതിഞ്ഞെടുത്തു കൊണ്ടാണ് പോവുന്നത്. അത് പറ്റാത്തപ്പോള്‍ കമ്മ്യൂണിറ്റി കിച്ചനില്‍ നിന്ന് കഴിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റ് ആശുപത്രികളിലും പഞ്ചായത്തുകളിലുമെല്ലാം സ്ഥിരമായി സന്ദര്‍ശനം നടത്തുകയും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഡോക്ടര്‍മാരോട് സംസാരിക്കാറുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമായി സംസാരിക്കും. കമ്മ്യൂണിറ്റി കിച്ചനിലും നേരിട്ടെത്തി കാര്യങ്ങള്‍ തിരക്കാറുണ്ട്.

രാവും പകലും എന്നില്ലാതെ ഫോണ്‍ വിളികളുടെ ഒഴുക്കാണ്. നാട്ടിലുളളവരും അന്യസംസ്ഥാനങ്ങളിലുള്ളവരും പ്രവാസികളും എല്ലാം പലയിടങ്ങളില്‍ നിന്നായി വിളിച്ചുകൊണ്ടേയിരിക്കുന്നു. ഒരുപക്ഷേ മറ്റെല്ലാ പൊതു പ്രവര്‍ത്തകര്‍ക്കും ഇതേ അനുഭവമുണ്ടാവാം. ഫോണില്‍ നിരന്തരം സംസാരിച്ച് എന്റെ ശബ്ദം ഏതാണ്ട് ഇല്ലാതായി. എന്നാലും ആശങ്കപ്പെട്ട് വിളിക്കുന്നവരുടെ ആരുടേയും ഫോണ്‍ എടുക്കാതെ വിടാറില്ല. ഇന്നലെ രാത്രി രണ്ടരയ്ക്കാണ് ഖത്തറില്‍ നിന്ന് ഒരു പയ്യന്‍ വിളിച്ചത്. അയാള്‍ വിളിച്ച് കരയുകയായിരുന്നു. രണ്ട് കുഞ്ഞുമക്കളുണ്ട്. അവരെ ഇനി കാണാന്‍ പറ്റുമോ എന്നറിയില്ല, എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള വഴിയുണ്ടാക്കണമെന്ന് പറഞ്ഞ്. ആ കുട്ടി പയ്യന്നൂര്‍ സ്വദേശിയാണ്. ഇന്ന് ബാംഗ്ലൂരില്‍ നിന്ന് ഒരു പയ്യന്‍ ഇതേപോലെ നാട്ടിലെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് വിളിച്ചത്. വിശാഖപട്ടണത്തില്‍ നിന്ന് എട്ട് പിള്ളേര്‍ വിളിച്ചു. അങ്ങനെ രാത്രിയില്‍ ഉറക്കം പോലും ഇല്ലാത്ത തരത്തില്‍ ഫോണ്‍ വിളികള്‍ എടുക്കും. എല്ലാവരേയും സമാധാനിപ്പിക്കും. ചെയ്യാന്‍ പറ്റുന്നത് ചെയ്യും. എല്ലാവരേയും സമാധാനിപ്പിക്കും. ഈ ഘട്ടത്തില്‍ നമുക്ക് അതല്ലേ ചെയ്യാന്‍ കഴിയുക.ദിവസേന ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍ ചില പോരായ്മകളെങ്കിലും കേള്‍ക്കുകയും ശ്രദ്ധയില്‍പ്പെടുകയും ചെയ്യും. അത് പരിഹരിക്കാനുള്ള നടപടികള്‍ ആവും വിധം ചെയ്യും. ആരോഗ്യമേഖലയില്‍ എന്തെങ്കിലും എന്റേതായ പ്രവര്‍ത്തനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ അടിയന്തിര സാഹചര്യത്തില്‍ അത് ചെയ്യാന്‍ കഴിയുന്നതില്‍ ചെറിയ സന്തോഷമുണ്ട്. അരൂക്കുറ്റി ആശുപത്രിയില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ സൗകര്യം ഒരുക്കാനായി. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കും ഈ സൗകര്യം ലഭിക്കും. ഉടനെ തന്നെ തീരമേഖലയിലെ ആശുപത്രിയിലും ഇതേ സൗകര്യം ഒരുക്കണമെന്ന് കരുതുന്നു.നാട്ടിന്‍പുറത്തെ കായ്കറികള്‍ കമ്മ്യൂണിറ്റി കിച്ചനിലേക്ക് എത്തുന്നതിനാല്‍ കുറേ സുഗമമായി അത് നടന്നു പോവുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. കക്ഷി രാഷ്ട്രീയത്തിനതീതമായ ഒരു കൂട്ടായ്മ എല്ലാ കാര്യത്തിലും കാണുന്നുണ്ട്. ഇത്തരം ഒരു അവശ്യഘട്ടത്തില്‍ മനുഷ്യരെല്ലാം അത്തരത്തില്‍ ഇടപെടുന്നത് കാണുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നു. ഇനിയും ആ കൂട്ടായ്മയും സഹകരണവും നിലനില്‍ക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയും. അരൂര്‍ മണ്ഡലം തീരപ്രദേശമാണ്. തീരവാസികളെല്ലാം വറുതിയിലാണ്. സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ കൊണ്ട് മാത്രം അവരുടെ കാര്യങ്ങള്‍ നിവൃത്തിക്കപ്പെടുന്നില്ല. പലവിധ ആവശ്യങ്ങള്‍ അവര്‍ക്കുണ്ട്. മത്സ്യത്തൊഴിലാളി മേഖലയ്ക്കായി പ്രത്യേക പാക്കേജ് നല്‍കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം അത് പരിഗണിക്കുമെന്നാണ് പ്രതീക്ഷ.തയ്യാറാക്കിയത്: കെ.ആര്‍ ധന്യ Also Read: കൊറോണക്കാലത്തെ മലയാളി ജീവിതം


Next Story

Related Stories