TopTop
Begin typing your search above and press return to search.

ഇന്ത്യയെ വിഭജിക്കുന്ന വൈറസ്; ആർക്കും നിയന്ത്രിക്കാനാകാത്ത മഹാമാരിക്കാലത്തെ വിഭാഗീയതകൾ - ശേഖര്‍ ഗുപ്ത എഴുതുന്നു

ഇന്ത്യയെ വിഭജിക്കുന്ന വൈറസ്; ആർക്കും നിയന്ത്രിക്കാനാകാത്ത മഹാമാരിക്കാലത്തെ വിഭാഗീയതകൾ - ശേഖര്‍ ഗുപ്ത എഴുതുന്നു

ഒരു വൈറസിന് ഒരു മതമുണ്ടാവാന്‍ സാധ്യതയുണ്ടോ? ഒരു മഹാമാരിയ്ക്ക് ഒരു പ്രത്യയശാസ്ത്രമുണ്ടാകുമോ? ഹൈഡ്രോക്‌സക്ലോറോക്വീനൊപ്പം രാഷ്ട്രീയവുമുണ്ടോ? ഉണ്ട് എന്നാണ് നിര്‍ഭാഗ്യവശാല്‍ ഈ മൂന്ന് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം. നമ്മുടെ കാലത്ത് നിറഞ്ഞുനില്‍ക്കുന്ന വിഷലിപ്തതയ്ക്ക് ഇത് അടിവരയിടുന്നു. ലോകത്തെമ്പാടും, ഇപ്പോള്‍ ഇന്ത്യയിലും മഹാമാരിക്കെതിരായ പോരാട്ടം ഇത്രയും കുഴപ്പം പിടിച്ചതായത് എന്തുകൊണ്ടാണെന്നും അത് നമുക്ക് പറഞ്ഞു തരുന്നു. നമുക്ക് വളരെ ദൃഢമായ തുടക്കം നല്‍കിയ, എല്ലാവരും പങ്കാളികളായ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഇപ്പോള്‍, ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലും കേന്ദ്രവും ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയ തെറിയഭിഷേകമായി അധഃപതിച്ചിരിക്കുന്നു.

നമ്മുടെ ശ്രദ്ധ മുഴുവന്‍ പതിപ്പിക്കേണ്ട ഒരു ജീവന്മരണ പ്രശ്‌നത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, അന്ധമായ ആരാധനയുടെയോ അഗാധമായ അനിഷ്ടത്തിന്റെയോ ഭീതിയുടെയോ അല്ലെങ്കില്‍ ഭ്രാത്മകതയുടെയോ മറ്റെന്തെങ്കിലും കാരണത്തിന്റെയോ പേരില്‍ അഴിച്ചുവിടുന്ന വിഭാഗീയ വൈകാരികതകളിലൂടെ നമ്മുടെ മിക്ക പൊതുസംവാദങ്ങളെയും പൈശാചികമാക്കി മാറ്റുന്നതാണ് ഏറ്റവും നിരാശാജനകം.

ആരംഭത്തിലുണ്ടായ വ്യാപനങ്ങളെയെല്ലാം തബ്ലീഗി ജമാഅത്ത് അംഗങ്ങളുമായി ബന്ധപ്പെടുത്തിയപ്പോള്‍ നമ്മുടെ രാജ്യത്ത് തുടക്കത്തില്‍ തന്നെ വൈറസിന് ഒരു മതം ലഭിച്ചു. വൈറസ് കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് തന്നെ ഏറ്റവും മോശമായ മൂന്ന് പേരില്‍ ഒരാളായ ഗുജറാത്ത് മുഖ്യമന്ത്രി, തബ്ലീഗികള്‍ മടങ്ങിയെത്തിയതോടെയാണ് തന്റെ സംസ്ഥാനത്ത് വൈറസ് വ്യാപിക്കുന്നതെന്ന് രണ്ടാഴ്ച മുമ്പ് വരെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ആ സമ്മേളനം നടന്നത് മാര്‍ച്ച് പകുതിയോടെയാണ്. ഒരു വൈറസിന്റൈ ആയുസിനെ സംബന്ധിച്ചിടത്തോളം വളരെ ദീര്‍ഘമാണ് മൂന്ന് മാസങ്ങള്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇപ്പോള്‍, മാര്‍ച്ച് പകുതിയില്‍ ഉണ്ടായിരുന്ന മൊത്തം രോഗികളുടെ എണ്ണത്തിന്റെ ഏകദേശം 20 ഇരട്ടി മരണങ്ങളാണ് സംസ്ഥാനത്ത് സംഭവിച്ചിട്ടുള്ളത്. മാത്രമല്ല, തബ്ലീഗുകാരെ ആരും ഓര്‍ക്കുന്നതുമില്ല.

മഹാരാഷ്ട്രയിലെ നന്ദെഡില്‍ നിന്നും സിഖ് തീര്‍ത്ഥാടകര്‍ മടങ്ങിയതിന് ശേഷം പ്രത്യേകിച്ചും, വൈറസിന് ഏതെങ്കിലും ഒരു മതത്തോട് സ്‌നേഹമില്ലെന്നും എന്നാല്‍ ഏതെങ്കിലും മതത്തിന്റെ സമ്മേളനരീതികളോട് ഇഷ്ടക്കുറവില്ലെന്നുമുള്ള കൂടുതല്‍ തെളിവുകള്‍ തീര്‍ച്ചയായും പുറത്തുവന്നു. യഥാര്‍ത്ഥത്തില്‍ ശത്രുതയുടെ കാര്യത്തില്‍ വളരെ മതനിരപേക്ഷമാണ്. നമ്മുടെ സത്യസന്ധതയില്ലാത്ത സംവാദങ്ങളില്‍ ഏതെങ്കിലും ഒരു മതത്തിന്റെ നിറം അതിന് ചാര്‍ത്തിക്കൊടുക്കുന്നത് ചിലര്‍ക്ക് ഉചിതമായി തീരുന്നു.

അടച്ചുപൂട്ടല്‍ മുതല്‍ ചികിത്സാരീതികള്‍, രോഗപൂര്‍വനിദാനം, രോഗബാധ, മരണത്തിന്റെ കണക്കെടുപ്പ് വരെയുള്ള ഏതുതരം സംവാദങ്ങളും പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ വിഭജിതമായിരുന്നു. നിങ്ങള്‍ നരേന്ദ്ര മോദിയെയോ ഡൊണാള്‍ഡ് ട്രംപിനെയോ ബോറിസ് ജോണ്‍സണിനെയോ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങള്‍ അവരെ വെറുക്കുന്നുണ്ടെങ്കില്‍, നൂറായിരം മരണങ്ങളുടെ ഉത്തരവാദികള്‍ അവരാണ്.

നിങ്ങള്‍ അവരെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ചില മാസങ്ങളില്‍ മഹാമാരി അപ്രത്യക്ഷമാകും എന്ന് ഏറ്റവും ശുഭാപ്തിവിശ്വാസം നിറഞ്ഞ സാഹചര്യം വരച്ചുകാണിക്കുന്ന സാംക്രമികരോഗ വിദഗ്ധരെയും നിങ്ങള്‍ക്ക് ഇഷ്ടമാണ്: നിങ്ങള്‍ക്ക് അവരോട് വെറുപ്പാണെങ്കില്‍, ഇന്ത്യയില്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് മരണങ്ങള്‍ പ്രവചിക്കുന്നവരെ നിങ്ങള്‍ വിശ്വസിക്കും. ഭാഗ്യവശാല്‍, മേയ് എന്ന അവരുടെ 'ആദ്യ അന്തിമസമയം' അവര്‍ക്ക് തെറ്റി.

ഈ വൈറസിന്റെ സായുധബലമുള്ളിടത്തോളം കാലം മഹാമാരിക്ക് പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള ഈ മുറവിളികള്‍ ഇഷ്ടപ്പെടുമെന്ന് തീര്‍ച്ചയാണ്. പക്ഷെ നമുക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത ഒന്ന് അത് ചെയ്തുകഴിഞ്ഞു: സാംക്രമികരോഗ വിദഗ്ധരെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുക എന്ന കൃത്യം. നമ്മള്‍ മനസിലാക്കിയിടത്തോളം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള, പാരമ്പര്യമുള്ള വളരെ വ്യവസ്ഥാപിതമായ ഒരു ശാസ്ത്രശാഖയാണ് സാംക്രമികരോഗശാസ്ത്രം.

ഏകദേശം ഏഴ് ദശകങ്ങളായി മലേറിയയ്ക്ക് ഉപയോഗിച്ചുവരുന്ന എളിമയുള്ളതും വിലകുറഞ്ഞതുമായ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അല്ലെങ്കില്‍ എച്ച്‌സിക്വുവിനെ കുറിച്ച് ഏറെ എഴുതപ്പെട്ടു കഴിഞ്ഞു. അത് നിര്‍ണായകമാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് (പ്രത്യേകിച്ച് ശാസ്ത്രീയ തെളിവൊന്നുമില്ലാതെ) മുഴുവന്‍ ലോകത്തോടുമായി ട്രംപ് 'നിര്‍ദ്ദേശിക്കുകയും' നരേന്ദ്ര മോദി ഉടനടി അത് വിതരണം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. അത് ഒഴിവാക്കാനാവാത്ത വിധത്തില്‍ ഒരു രാഷ്ട്രീയ കാല്‍പന്തുകളിയായി മാറി.

കൊറോണ വൈറസിന് ദൈവം മുന്‍കൂട്ടി കരുതിവച്ച ഉത്തരമാണെന്ന് ഒരു കൂട്ടര്‍ അതിനെ വാഴ്ത്താനായി ചാടിവീണപ്പോള്‍, അത് ഫലപ്രദമല്ലെന്ന് മാത്രമല്ല, എലിവിഷം കഴിഞ്ഞാല്‍ മനുഷ്യന് ഏറ്റവും ഹാനികരമായ വസ്തുവാണെന്ന് മറുകൂട്ടര്‍ വിമര്‍ശിച്ചു. അതിനൊന്നും യാതൊരു ശാസ്ത്രീയ അടിത്തറയുമുണ്ടായിരുന്നില്ല. ബ്ലൂംബര്‍ഗില്‍ വന്ന ഒരു ലേഖനം വളരെ സംക്ഷിപ്തമായി വിശദീകരിക്കുന്നത് പോലെ, ഇതിന്റെ ഫലമായി സമീപചരിത്രത്തില്‍ ഏറ്റവും ഗവേഷണം നടത്തപ്പെട്ട മരുന്നായി അത് മാറി. തങ്ങളുടെ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന് തെളിവുകള്‍ കണ്ടെത്താന്‍ ഇരുവിഭാഗവും ശ്രമിച്ചതോടെ ഏറ്റവും തിരക്കിട്ട് ഗവേഷണം നടത്തപ്പെട്ട മരുന്നും അതായി മാറി.

വളരെ ജാഗ്രതയുള്ള ദ ലാന്‍സെറ്റ് പോലുള്ള ഒരു ആരോഗ്യ മാസിക പോലും ആ കെണിയില്‍ വീഴുന്ന തരത്തില്‍ അത് രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. അത് അടിസ്ഥാനമാക്കിയിരിക്കുന്ന വിവരങ്ങളുടെ അതാര്യതയുടെയും അസ്ഥിരതയുടെയും പേരില്‍ ജാഗ്രതയുള്ള ഒരു സബ് എഡിറ്റര്‍ പോലും ചവറ്റുകൊട്ടയിലിടുന്ന, എച്ച്‌സിക്യൂവിനെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഒരു ലേഖനം അമ്പരപ്പിക്കുന്ന വേഗതയില്‍ അത് പ്രസിദ്ധീകരിച്ചു.

ആ വിവരങ്ങള്‍ നല്‍കിയ സര്‍ജ് ‌സ്പിയര്‍ എന്ന കമ്പനിയെ കുറിച്ച് ഒന്ന് ഗൂഗിളില്‍ തിരയാനുള്ള അടിസ്ഥാന ജാഗ്രതയെങ്കിലും കാണിച്ചിരുന്നെങ്കില്‍ തങ്ങള്‍ നടന്നുകയറാന്‍ പോകുന്ന പടക്കപ്പുരയെ കുറിച്ച് അവര്‍ക്ക് മുന്നറിയിപ്പ് ലഭിക്കുമായിരുന്നു. ദി ഗാര്‍ഡിയനിലെ ഒരു റിപ്പോര്‍ട്ടറായ മെലിസ ഡാവെ അവരുടെ ഉജ്ജ്വലമായ അന്വേഷണത്തില്‍ വരച്ചുകാണിച്ചത് അതാണ്.

ഈ ദുരന്തത്തെ കുറിച്ച് ദി ഹിന്ദു എഴുതിയ ഒരു മുഖപ്രസംഗം എന്നെ പ്രത്യേകമായി ആകര്‍ഷിച്ചു. അതുപോലെ മെച്ചപ്പെട്ട ഒരു വരി ഞാന്‍ എഴുതിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. ദുഃഖകരം എന്ന് പറയട്ടെ അത് സാധിക്കാതിരുന്നതിനാല്‍, പത്രത്തില്‍ നിന്ന് തന്നെ ഞാന്‍ ഉദ്ധരിക്കാം. 'ഒരു സ്ഥാപനത്തെയും അല്ലെങ്കില്‍ മൂല്യനിര്‍ണയ പ്രക്രിയയെയും വെറുതെ വിടാത്ത തരത്തിലുള്ള പരിഭ്രാന്തി നയിക്കുന്ന ഒന്നായി കോവിഡാനന്തര ലോകം മാറിയിരിക്കുന്നു,' എന്ന് പറയുന്ന അത് ഇങ്ങനെ തുടരുന്നു: 'അധികാരം, കുത്തകാവകാശം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയില്‍ നിന്നും മുക്തമായ ഒന്നാണ് ശാസ്ത്രീയ പ്രക്രിയ എന്ന അനുമാനം ഒരു തെറ്റാണ് എന്നതാണ് അത് നല്‍കുന്ന നിര്‍ണായക പാഠം'.

ഇതൊക്കെ എങ്ങനെയാണ് സംഗതമാകുന്നത്? ഈ ദിവസങ്ങളില്‍ എല്ലാ കാര്യങ്ങളും രാഷ്ട്രീയവത്കൃതവും ധ്രുവീകൃതവും കയ്‌പ്പേറിയതുമല്ലേ? ഒരു മഹാമാരിയെ എങ്ങനെ മാറ്റിനിറുത്താന്‍ സാധിക്കും?

ഒരു മറുചോദ്യമാണ് ഇതിനുള്ള ഉത്തരം. ഒരു ശത്രുവിന്റെ നിര്‍വചനത്തെ കുറിച്ചുള്ള ഒരു യുദ്ധത്തിലാണ് നിങ്ങളുടെ രാജ്യം (ഈ വിഷയത്തില്‍ മുഴുവന്‍ ലോകവും) ഏര്‍പ്പെട്ടിരിക്കുന്നതെങ്കില്‍ പിന്നെ, തിരിച്ചടിക്കുകയോ അല്ലെങ്കില്‍ നിങ്ങള്‍ വിന്യസിക്കുന്ന ആയുധങ്ങളുടെ ഫലപ്രാപ്തിയെയോ കുറിച്ചുള്ള ന്യായീകരണങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്?

രാഷ്ട്രീയം ഒരിക്കലും ജഡീകരിക്കപ്പെടാന്‍ പോകുന്നില്ല. എങ്കിലും വിഭാഗീയത താല്‍ക്കാലികമായൊന്ന് നിറുത്തിവെക്കാനും വിഷയം പട്ടാളക്കാര്‍ക്കും വിദഗ്ധര്‍ക്കും വിട്ടുകൊടുക്കാനും സാധിക്കും. ന്യൂഡല്‍ഹിയില്‍ വൈകുന്നേരങ്ങളില്‍ പത്രസമ്മേളനങ്ങള്‍ നടത്തുന്ന കോവിഡ് ദൗത്യസേനയുടെ മുതിര്‍ന്ന അംഗങ്ങളെ നമ്മള്‍ ശ്രദ്ധിക്കുമ്പോള്‍ തോന്നുന്നത് പോലെ, അവരെ കളിയാക്കുന്നത് ഗുണകരമായിരിക്കില്ല.

നമ്മള്‍ക്ക് ആവശ്യമുള്ളതോ അല്ലെങ്കില്‍ അര്‍ഹിക്കുന്നതോ ആയ വിവരങ്ങളുടെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് അവര്‍ നമുക്ക് നല്‍കുന്നത് എന്ന് തീര്‍ച്ചയാണ്. അതിനെ കുറിച്ചും ഞാന്‍ പരാതി രേഖപ്പെടുത്തിയിട്ടിട്ടുണ്ട്. പക്ഷെ, സ്ഥിരമായി അവരെ, പ്രത്യേകിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ അവഹേളിക്കുന്നത് ഗുണകരമല്ല. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ബല്‍റാം ഭാര്‍ഗവയെ പോലെ വളരെ ശാന്തനായ വ്യക്തിയുള്‍പ്പെടെയുള്ള അവരെ അടുത്ത ദിവസം നിങ്ങള്‍ കാണുമ്പോള്‍, അവരുടെ കണ്ണുകള്‍ക്ക് ചുറ്റും ആഴത്തിലുള്ള കറുപ്പ് പടര്‍ന്നിരിക്കുന്നത് കാണാം. മറ്റുള്ളവരെ കാര്യവും വ്യത്യസ്തമല്ല. കഴിഞ്ഞ മൂന്ന് മാസമായി ഈ നന്ദിയില്ലാത്ത ജോലി തുടര്‍ന്നു കൊണ്ടിരിക്കുന്നത് ഇതേ സംഘം തന്നെയാണ്. അത് വളരെ ക്ലേശകരമാണ്.

രോഗം ബാധിക്കുന്ന വളരെ വളരെ വലിയ ശതമാനം ആളുകളും രക്ഷപ്പെടുമെന്ന് നമുക്കറിയാം. അവശ്യം വേണ്ട സ്ഥലത്ത് നമുക്ക് ശ്രദ്ധ കൃത്യമായി പതിപ്പിച്ചാല്‍ ആ ശതമാനം നമുക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും: പരിശോധിക്കുക, നേരത്തെ പരിശോധിക്കുക. താമസിച്ച് പോകുന്നതിന് മുമ്പ് ആളുകള്‍ക്ക് ഓക്‌സിജന്‍ നല്‍കുക. യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളവര്‍ക്കായി ആശുപത്രി കിടക്കകള്‍ കണ്ടെത്തുക. രോഗിയുടെ രോഗനിര്‍ണയം നടന്ന് നാല് ദിവസത്തിനുള്ളിലാണ് മരണങ്ങളുടെ ഏകദേശം അറുപത് ശതമാനവും സംഭവിച്ചിട്ടുള്ളതെന്ന് മുംബൈയില്‍ നിന്നുള്ള വിവരങ്ങള്‍ (നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ അത്തരത്തിലുള്ള എന്തെങ്കിലും വിവരങ്ങള്‍ കണ്ടെത്തുക അസാധ്യമാണ്) നമ്മോട് പറയുന്നു. അവരെ കണ്ടെത്താനും ചികിത്സിക്കാനും വളരെ താമസിച്ചുപോയി എന്ന് മാത്രമാണ് അത് കാണിക്കുന്നത്. നേരത്തെ ഓക്‌സിജന്‍ നല്‍കുന്നത് പോലെ (വെന്റിലേറ്ററുകളല്ല) വളരെ ലളിതമായ കാര്യങ്ങള്‍ പോലും കൂടുതല്‍ ജീവനുകള്‍ രക്ഷിക്കും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനായി രോഗബാധയെയും മരണങ്ങളെയും ഉപയോഗിക്കുന്നതിന് പകരം ഇതുപോലുള്ള കാര്യങ്ങളില്‍ കൂടുതല്‍ നിഷ്‌കര്‍ഷ പുലര്‍ത്താനും പ്രവര്‍ത്തിക്കാനും നമ്മള്‍ തയ്യാറാവേണ്ടതുണ്ട്.

സൂക്ഷ്മവിവേചനം എന്നത് ആത്മഹത്യയുടെ മറ്റൊരു പേരാണെന്ന വസ്തുതയെ കുറിച്ച് ഈ ദിവസങ്ങളില്‍ നമുക്ക് ബോധ്യമുണ്ടായിരിക്കേണ്ടുതുണ്ട്. ഏതെങ്കിലും സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് പരാജയപ്പെടുന്നത് എന്ന കഴിഞ്ഞ ആഴ്ചത്തെ എന്റെ നാഷണല്‍ കോളത്തിനോടുള്ള ചില പ്രതികരണങ്ങള്‍ ഈ പാഠം എന്ന പിന്നെയും ബോധ്യപ്പെടുത്തി.

അതുകൊണ്ടുതന്നെ, മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് നിറുത്താന്‍ ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്ന വിമര്‍ശനം ഉയരുന്നതിന് മുമ്പ് തന്നെ ഞാനത് വ്യക്തമാക്കട്ടെ. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ ഒരു യുദ്ധത്തിന് പുറപ്പെടാന്‍ അല്ലെങ്കില്‍ അവയെ അട്ടിമറിക്കാന്‍ മോദി സര്‍ക്കാരിലെ രണ്ടാമനായ അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ഈ മഹാമാരിയെ ഉപയോഗിക്കുമ്പോള്‍, തങ്ങളുടെ വിദ്വേഷാത്മകമായ സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഈ കൊടിയ പ്രതിസന്ധിയെ ചൂഷണം ചെയ്യുകയാണ് അവര്‍ ചെയ്യുന്നത്. വിപരീതോദ്ദേശ്യത്തിലൂടെയും അധിക്ഷേപങ്ങളിലൂടെയും അരങ്ങേറുന്ന ഈ കലഹത്തിന്റെ ഫലങ്ങള്‍ ഇപ്പോള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ നോക്കുമ്പോള്‍, ഈ കോവിഡ് സാഹചര്യത്തെ നിയന്ത്രിക്കാന്‍ യഥാര്‍ത്ഥത്തില്‍ ആരുമില്ലാത്ത അവസ്ഥയാണുള്ളത്.

(ദി പ്രിന്റുമായുള്ള കണ്ടന്റ് പാര്‍ട്ട്ണര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ഐപിഎസ്എം ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

ദി പ്രിന്‍റ് എഡിറ്റര്‍ ഇന്‍ ചീഫ്, ചെയര്‍മാന്‍

Next Story

Related Stories