TopTop
Begin typing your search above and press return to search.

'ഇതൊരു ചെറിയ പാട്ടാണ്. ഈ നാടിനു വേണ്ടിയൊരുക്കിയത്'; ലോക്ഡൗണ്‍ കാലത്ത് 'സോംഗ് ഓഫ് വാലറി'ന്റെ ഗായിക സിതാര കൃഷ്ണകുമാര്‍ സംസാരിക്കുന്നു

ഇതൊരു ചെറിയ പാട്ടാണ്. ഈ നാടിനു വേണ്ടിയൊരുക്കിയത്; ലോക്ഡൗണ്‍ കാലത്ത് സോംഗ് ഓഫ് വാലറിന്റെ ഗായിക സിതാര കൃഷ്ണകുമാര്‍ സംസാരിക്കുന്നു

മലയാളത്തിലെ ശ്രദ്ധേയയായ ഗായികയും നര്‍ത്തകിയും അഭിനേതാവുമായ സിതാര കൃഷ്ണകുമാറും ലോക്ഡൗണ്‍ ദിവസങ്ങളില്‍ മറ്റുള്ളവരെ പോലെ വീട്ടിലിരിക്കുകയാണ്. എന്നാല്‍ ഒരു കലാകാരിയെന്ന നിലയില്‍ അടച്ചുപൂട്ടി വീട്ടിലിരിക്കുന്നതിനേക്കാള്‍ അവര്‍ ഇഷ്ടപ്പെടുന്നത് എങ്ങനെയാണ് നിലവിലുള്ള സാഹചര്യത്തെ മാറ്റിയെടുക്കുക എന്നതാണ്. അങ്ങനെ സിതാരയുടെ 'മലബാറിക്കസ്' എന്ന ബാന്‍ഡിലെ വിവിധ അംഗങ്ങള്‍ വിവിധ പ്രദേശങ്ങളിലിരുന്ന് രൂപപ്പെടുത്തിയ 'Song of Valor'-നെ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആ ഗാനത്തിന്റെ പിറവിയെക്കുറിച്ചും ലോക്ഡൗണിന്റെ പൊതുവായ സാഹചര്യങ്ങളെ കുറിച്ചും സിതാര കൃഷ്ണകുമാര്‍ സംസാരിക്കുന്നു. "ഇതൊരു ചെറിയ പാട്ടാണ്. ഈ നാടിനുവേണ്ടിയൊരുക്കിയ പാട്ട്. മറ്റുള്ളവരുടെ രക്ഷയ്ക്കായി രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളത്", എന്ന് അവര്‍ പറയുന്നു.

കൊവിഡ് 19 എന്ന മഹാമാരിയും അതേ തുടര്‍ന്ന് ഏര്‍പ്പെടുത്തേണ്ടി വന്ന ലോക്ഡൗണും എല്ലാവരെയും അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുകയാണ്. ഇനിയെങ്ങനെയായിരിക്കും മുന്നിലുള്ള കാലം എന്നതിനെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനാകുന്നില്ല. കലാകാരന്മാരെ സംബന്ധിച്ചും ലോക്ഡൗണ്‍ കാലം കഴിഞ്ഞുള്ള സാഹചര്യത്തെക്കുറിച്ച് ഒരു ഐഡിയയും ഇല്ല. എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രി റീ സ്റ്റാര്‍ട്ട് ചെയ്തു വരാന്‍ കാലതാമസമെടുക്കും. ഇവിടുത്തെ മാത്രം പ്രശ്‌നമല്ലിത്. ഇതൊരു ആഗോള പ്രതിസന്ധിയാണ്. ഒരു മഹാമാരി ആയതുകൊണ്ട് തന്നെ എല്ലായിടത്തും ഇതിന്റെ പ്രത്യാഘാതം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ലോക്ഡൗണ്‍ കാലം ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയൊക്കെ ഗുരുതരമായിരിക്കും.

റെക്കോര്‍ഡിംഗുകളും പെര്‍ഫോമന്‍സുകളുമൊക്കെയായി വീട്ടിലുള്ളതിനെക്കാള്‍ കൂടുതല്‍ സമയം യാത്രകളും മറ്റുമായി പുറത്തായിരിക്കും സാധാരണ. ലോക്ഡൗണ്‍ നിലവില്‍ വന്നതിന്റെ ആദ്യ ദിവസങ്ങളില്‍ വീട്ടില്‍ ചെയ്തു തീര്‍ക്കാന്‍ കുറെ ജോലികള്‍ ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞു വീണ്ടും വീടിനകത്ത് തന്നെ ഒന്നും ചെയ്യാനാവാതെ ഇരിക്കേണ്ട അവസ്ഥ വരികയാണ്. അപ്പോഴാണ് ഇന്നലെ വരെ നമ്മുടെ ഒരു ദിവസം എങ്ങനെയായിരുന്നു പോയിരുന്നത് എന്നതിനെക്കുറിച്ചൊക്കെ ഓര്‍മ വരുന്നത്. എല്ലാം മുടങ്ങിപ്പോവുകയാണ്. എല്ലാ ദിവസവും ഞാന്‍ ഒറ്റയ്ക്കിരുന്നു പ്രാക്ടീസ് ചെയ്യുന്നതു പോലെ തന്നെ എനിക്ക് സന്തോഷം പകരുന്ന കാര്യമാണ് 'മലബാറിക്കസ്' എന്ന ഞങ്ങളുടെ ബാന്‍ഡിനൊപ്പമുള്ള പ്രാക്ടീസും. ആഴ്ച്ചയില്‍ ചുരുങ്ങിയത് മൂന്നു ദിവസങ്ങളിലെങ്കിലും ഞങ്ങള്‍ ഒന്നിച്ചു ചേരുന്നതാണ്. അതിനൊക്കെ മുടക്കം വരുന്നത് വല്ലാതെ നിരാശപ്പെടുത്താന്‍ തുടങ്ങി.

ഒരു കലാകാരനോ കലാകാരിക്കോ ആത്മസംതൃപ്തി കിട്ടുന്നത് ഓഡിയന്‍സിനു മുന്നില്‍ നമ്മുടെ വര്‍ക്ക് അവതരിപ്പിക്കുമ്പോഴാണ്. ഈ ലോക്ഡൗണ്‍ കാലത്ത് എന്നെപ്പോലുള്ളവര്‍ നേരിടുന്ന പ്രധാന പ്രശ്‌നവും അങ്ങനെയൊരു സാഹചര്യം കിട്ടുന്നില്ലെന്നതാണ്. പുറത്തുപോയി നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. പക്ഷേ, മറ്റൊരു മാര്‍ഗമുണ്ട്. ഓണ്‍ലൈന്‍ മീഡിയ ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. എല്ലാവരും തന്നെ അവരവരുടെ ക്രിയേറ്റിവിറ്റി പ്രദര്‍ശിപ്പിക്കാന്‍ അതുപയോഗിക്കുന്നുമുണ്ട്. ഇത്തരമൊരു മീഡിയത്തില്‍ നിന്നുകൊണ്ട് എന്തു ചെയ്യാമെന്ന് ഞാനും ആലോചിച്ചു.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ഒറ്റയ്‌ക്കൊരു പാട്ട് പാടുന്നതിനെക്കാള്‍ എനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണ് ബാന്‍ഡ് അംഗങ്ങളോടൊപ്പം ചേര്‍ന്ന് ഒരു പെര്‍ഫോമന്‍സ് നടത്തുന്നത്. ഞങ്ങള്‍ ഒരു വേള്‍ഡ് ടൂര്‍ പ്ലാന്‍ ചെയ്തിരുന്നതാണ്. യുഎസ്എ, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായിരുന്നു വേദികള്‍. വിസ എല്ലാം ശരിയാക്കിയിരുന്നു. അതിനുവേണ്ടിയുള്ള പ്രാക്ടീസും പുരോഗമിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഈ പ്രശ്‌നങ്ങളൊക്കെ വരുന്നത്. അന്ന് പിരിഞ്ഞ ഞങ്ങള്‍ പലയിടങ്ങളിലായി. പരസ്പരം എന്നു കാണുമെന്നു കൂടി അറിഞ്ഞുകൂടാത്ത അവസ്ഥ. നീണ്ടൊരു കാലത്തേക്ക് ഞങ്ങള്‍ക്കൊരുമിച്ച് ചേര്‍ന്ന് ഒന്നും ചെയ്യാതിരിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

അങ്ങനെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് ഒരുമിച്ചൊരു പാട്ട് ഉണ്ടാക്കിയാലോ എന്നൊരാശയം മനസില്‍ വരുന്നത്. ഓരോരുത്തരും ഓരോരോ സ്ഥലങ്ങളിലാണ്. മിക്കവരുടെ കൈകളിലും ഇന്‍സ്ട്രമെന്റ്‌സും സോഫ്റ്റ്‌വെയറും മറ്റു സൗകര്യങ്ങളൊന്നുമില്ല. എങ്കിലും ഒരുപാട്ട് ചെയ്യാം എന്നു ഞങ്ങള്‍ ഉറപ്പിച്ചു. അല്ലാതെ ഞങ്ങള്‍ക്കാവില്ലായിരുന്നു.

എന്ത് പാട്ട്, എങ്ങനെയുള്ള പാട്ട് എന്നായി പിന്നത്തെ ചിന്ത. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു കൊടുക്കാന്‍ കഴിയുന്നൊരു പാട്ടായിരിക്കണം നമ്മള്‍ അവതരിപ്പിക്കേണ്ടതെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഗാനരചയിതാവ് മനു മഞ്ജിത്തിനെ വിളിക്കുന്നത്. മനുവിനോട് കാര്യങ്ങള്‍ പറഞ്ഞു. മനു സമ്മതിച്ചു, അങ്ങനെ 'Song of Valor'-ന്റെ വരികള്‍ കിട്ടി.

ഇനി പാട്ടു പാടണം. എന്റെ കൈയില്‍ മൈക്രോഫോണ്‍ ഒന്നും ഉണ്ടായിരുന്നില്ല. ഗ്യാരേജ് ബാന്‍ഡ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി. സാധാരണ ഹെഡ് ഫോണ്‍ ഉപയോഗിച്ചും അലമാരയില്‍ തുണികള്‍ നിറച്ച് സൗണ്ട് പ്രൂഫ് ചെയ്തുമൊക്കെയാണ് ആ ഗാനം ഞാന്‍ പാടിയെടുത്തത്. ബാക്കി അഞ്ചുപേരും അവരുടെ രീതിയിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ സെഷനുകള്‍ തീര്‍ത്തു തന്നു. ചെറിയ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നു തന്നെ ഞങ്ങള്‍ പാട്ട് റെക്കോര്‍ഡ് ചെയ്‌തെടുത്തു.

ഇനിയത് വീഡിയോയിലാക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതെത്രത്തോളം ബുദ്ധിമുട്ടാണെന്ന് അറിയാലോ. ഓരോരുത്തരുടെയും കൈയില്‍ ഓരോതരത്തിലുള്ള മൊബൈല്‍ ഫോണുകളാണ്. മാത്രമല്ല, പലയിടങ്ങളിലായിട്ടാണുള്ളതും. വീഡിയോ എടുത്തുകൊടുക്കാന്‍ മറ്റൊരാളുടെ സഹായം തേടാന്‍ നിവൃത്തിയില്ല. സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ചും, അച്ഛനമ്മാരെ കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് അവരുടെ സഹായം കൊണ്ടുമൊക്കെ ഒരുവിധം വീഡിയോ ഫൂട്ടേജുകള്‍ ശരിയാക്കി.

വീഡിയോ ഫൂട്ടേജുകള്‍ സൗണ്ട് എന്‍ജിനീയര്‍ക്കും എഡിറ്റര്‍ക്കും അയച്ചുകൊടുത്തു. മിഥുന്‍ ആനന്ദും അശ്വിന്‍ കൃഷ്ണയുമാണ് ആ വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്. രണ്ടുപേരും ഞങ്ങളുടെ സൃഹൃത്തുക്കള്‍. രണ്ടുപേരും അവരുടെ പരിമിതികളില്‍ നിന്നുകൊണ്ട് തന്നെ നല്ലൊരു ഔട്ട് ഞങ്ങള്‍ക്ക് തന്നു.

ഈയൊരു സാഹചര്യത്തില്‍ ഒരുമിച്ചൊരു വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് ഞങ്ങള്‍ക്കിടയിലെ മാനസിക ഐക്യം ഒന്നുകൊണ്ടു മാത്രമാണ്. പരസ്പരം മനസിലാക്കി മുന്നോട്ടു പോകുന്നവരാണ് ഞങ്ങള്‍. വലിയ പരിമിതികള്‍ക്കുള്ളില്‍ നിന്നു തന്നെയാണ് 'സോംഗ് ഓഫ് വാലര്‍' യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചത്. അങ്ങനെ ചെയ്‌തൊരു പാട്ട് എല്ലാവരും കേള്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്. ഒരു ആര്‍ട്ടിസ്റ്റ് ആഗ്രഹിക്കുന്നതും ഇത്തരം സന്തോഷങ്ങളാണ്.

ഇതൊരു ചെറിയ പാട്ടാണ്. ഈ നാടിനുവേണ്ടിയൊരുക്കിയ പാട്ട്. മറ്റുള്ളവരുടെ രക്ഷയ്ക്കായി രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, പോലീസുകാര്‍ക്ക്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്, നാടിനായി വീട്ടിലിരിക്കാന്‍ ഉറച്ച മനുഷ്യര്‍ക്ക്... അങ്ങനെ എല്ലാവര്‍ക്കും വേണ്ടി ഉണ്ടാക്കിയ ഒരു കുഞ്ഞുപാട്ട്. അതാണ് 'Song Of Valor'.

അത് താഴെ കാണാം.

തയാറാക്കിയത്: രാകേഷ് സനല്‍

Also Read:

കൊറോണക്കാലത്തെ മലയാളി ജീവിതം

Next Story

Related Stories