TopTop
Begin typing your search above and press return to search.

വിമാനത്താവളം അദാനിയെ ഏല്‍പ്പിക്കുന്ന വിഷയത്തില്‍ 'തലസ്ഥാന ജില്ലയില്‍ സ്ഥിര താമസമാക്കിയ' ആരെങ്കിലും ബ്ലോഗ് എഴുതുന്നുണ്ടോ?

വിമാനത്താവളം അദാനിയെ ഏല്‍പ്പിക്കുന്ന വിഷയത്തില്‍ തലസ്ഥാന ജില്ലയില്‍ സ്ഥിര താമസമാക്കിയ ആരെങ്കിലും ബ്ലോഗ് എഴുതുന്നുണ്ടോ?


സ്വര്‍ണ്ണകള്ളക്കടത്തില്‍ നിന്നും കണ്‍സള്‍ട്ടന്‍സി രാജിലേക്കും അവിടെ നിന്നും വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് കമ്മീഷന്‍ അഴിമതിയിലേക്കും പിന്നീട് അദാനിയുടെ കൈകളിലേക്ക് തിരുവനന്തപുരം വിമാനത്താവളം തീറെഴുതി കൊടുക്കലിലേക്കും രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ എല്ലാ വിഷയങ്ങളിലും സംശയത്തിന്റെ നിഴലില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്നു എന്നതാണ് ഇടതു മുന്നണി പ്രത്യേകിച്ച് സിപിഎം നേരിടുന്ന വെല്ലുവിളി. നാളെ നിയമ സഭയില്‍ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഐകകണ്ഠേന പ്രമേയം പാസാക്കാന്‍ (ഓ രാജഗോപാല്‍ ഒഴികെ) തീരുമാനിച്ചിരിക്കെയാണ്.

അതിനിടെ വിമാനത്താവള ലേലത്തില്‍ പങ്കെടുക്കാന്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ നിയമോപദേശം തേടിയത് അദാനിയുടെ മകന്‍ കരണിന്റെ ഭാര്യ പരിധിയുടെ പിതാവ് സിറില്‍ ഷ്രോഫ് മാനേജിംഗ് പാര്‍ട്ണര്‍ ആയ കമ്പനിയോട് ആണ് എന്ന വിവരമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

അതായത് അദാനിയുടെ മരുമകളുടെ കമ്പനി തന്നെ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അദാനിയുടെ മകന് കൂടി അവകാശമുള്ള കമ്പനി. ആകെ മൊത്തം 360 ഡിഗ്രിയില്‍ കാര്യങ്ങള്‍ നോക്കുകയാണെങ്കി
ല്‍
അദാനി കുടുംബത്തിന്റെ കമ്പനി. ലേല നടപടികള്‍ക്കുള്ള ലീഗല്‍ കണ്‍സള്‍ട്ടന്‍റായാണ് സിറില്‍ അമര്‍ച്ചന്ദ് മംഗള്‍ദാസ് എന്ന കമ്പനിയെ ഏല്‍പ്പിച്ചിരിക്കുന്നത് എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല പദ്ധതികളിലും അദാനി ഗ്രൂപ്പിന്റെ ലീഗല്‍ കണ്‍സള്‍ട്ടന്‍റും ഇതേ കമ്പനി ആണ് എന്നു മലയാള മനോരമ റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ടെന്‍ഡര്‍ രേഖകളുടെ നിയമസാധുത മാത്രമാണ് സിറില്‍ അമര്‍ച്ചന്ദ് മംഗള്‍ദാസ് പരിശോധിച്ചത് എന്നാണ് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നത്. 2019 ജനുവരിയിലാണ് മേല്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചുകൊണ്ട് തീരുമാനം ഉണ്ടായതെന്നും ഈ സ്ഥാപനത്തിന് അദാനി ഗ്രൂപ്പുമായുള്ള ബന്ധം അന്നേ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചര്‍ച്ച ആയിരുന്നുവെന്നും മനോരമ റിപ്പോര്‍ട്ട് പറയുന്നു (എന്നിട്ടും എന്തേ അന്വേഷണാത്മക ജേര്‍ണലിസ്റ്റുകള്‍ അറിഞ്ഞില്ല ഈ കാര്യം എന്നു ചോദിക്കരുത്)

എന്തായാലും കാര്യത്തില്‍ ഒരു തീരുമാനമായിട്ട് മതി നിയമസഭയിലെ പ്രമേയം എന്ന നിലപാടിലാണ് യു ഡി എഫ് എന്നാണ് മാധ്യമ വാര്‍ത്തകള്‍. വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസിനകത്തെ അഭിപ്രായ ഭിന്നത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ വത്ക്കരണ തീരുമാനം പ്രാഖ്യാപിച്ച ഉടനെതന്നെ പൂര്‍ണ്ണ പിന്തുണയുമായി തിരുവനന്തപുരം എം പി കൂടിയായ ശശി തരൂര്‍ രംഗത്ത് എത്തിയിരുന്നു. ഏറ്റവും ഒടുവിലായി തിരുവനന്തപുരത്ത് നിന്നുള്ള എം എല്‍ എ കെ എസ് ശബരീനാഥനും എല്‍ ഡി എഫിന്‍റേത് പ്രഹസനമാണ് എന്ന അഭിപ്രായവുമായി രംഗത്ത് വന്നു കഴിഞ്ഞു. അതേസമയം സ്വകാര്യവത്ക്കരിച്ചാലേ വികസനം വരൂ എന്ന സംഘടിത പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവായ വി എം സുധീരന്റെ അഭിപ്രായം.

എന്തായാലും സ്വകാര്യവത്ക്കരിച്ച് വിമാനത്താവളത്തെയും തിരുവനന്തപുരത്തെ ജനങ്ങളെയും രക്ഷിക്കൂ എന്ന ക്യാമ്പയിനുമായി സമൂഹ മാധ്യമ കൂട്ടായ്മകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട് എന്നാണ് തലസ്ഥാനത്ത് നിന്നുള്ള വാര്‍ത്തകള്‍. സ്വകാര്യവത്ക്കരണത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് 2 ലക്ഷം ഇ-മെയിലുകള്‍ അയക്കാനുള്ള സി പി എം തീരുമാനത്തെ മലര്‍ത്തിയടിച്ച് 4 ലക്ഷം ഇ-മെയിലുകള്‍ അയക്കാനാണ് സമൂഹ മാധ്യമ കൂട്ടായ്മകളുടെ തീരുമാനം. (ഇ-മെയിലുകള്‍ ഇല്ലാത്ത അപ്പാവികള്‍ എങ്ങനെ സമരത്തില്‍ പങ്കെടുക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല)

അതേസമയം ആരാണ് ഈ കൂട്ടായ്മയുടെ നേതാക്കള്‍ എന്നു മലയാള മനോരമയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. ആ റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ, "തലസ്ഥാന ജില്ലയെ വികസന രംഗത്ത് മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട് ഒരു ഡസനോളം സമൂഹ മാധ്യമ കൂട്ടായ്മകള്‍ ഉണ്ട്. ഇവയിലെ മുക്കാല്‍ പങ്ക് അംഗങ്ങള്‍ക്കും വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറണമെന്ന നിലപാടാണ്. (ഈ കണക്ക് ലേഖകന് ആര് നല്‍കി എന്നു വ്യക്തമല്ല). തലസ്ഥാനത്ത് ജനിച്ചു വളര്‍ന്നവരും മറ്റ് ജില്ലകളില്‍ നിന്നെത്തി ഇവിടെ സ്ഥിര താമസമാക്കിയവരും (കുറേ കാലമായി ഇവിടെ വടകയ്ക്ക് താമസിക്കുന്നവര്‍ ഉള്‍പ്പെടില്ലെ) ഇവിടെ നിന്നു വിദേശത്തു പോയി ജീവിക്കുന്നവരും കൂട്ടായ്മകളില്‍ അംഗങ്ങളാണ്. വിഴിഞ്ഞം തുറമുഖം അടക്കം (അതാണ് !)ജില്ലയിലെ ഒട്ടേറെ വികസന വിഷയങ്ങളില്‍ സജീവമായി ഇടപെടാനും അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും (നോട്ട് ദി പോയിന്‍റ്) കഴിഞ്ഞിട്ടുണ്ട്."

വരും ദിവസങ്ങളില്‍ ഈ കൂട്ടായ്മയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചപ്പെടുമെന്ന് കരുതാം.

ഇതിനിടയില്‍ സമൂഹ മാധ്യമ കൂട്ടായ്മകളുടെ സമരങ്ങളുടെ ഒരു 'ഇര' ഈ കോവിഡ് കാലത്തും സെക്രട്ടറിയേറ്റിന് മുന്നിലെ നടപ്പാതയില്‍ കഴിയുന്നുണ്ട് എന്ന കാര്യം ശ്രദ്ധയില്‍ പെടുത്തട്ടെ. "ജസ്റ്റീസ് ഫോര്‍ ശ്രീജിത്ത്". ബിബിസിയില്‍ പോലും വാര്‍ത്ത വന്നതാണ്.

കുടുംബപരമായി മറ്റൊരു ജില്ലക്കാരനാണെങ്കിലും തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന എന്നാല്‍ സര്‍വ്വവ്യാപിയെന്ന് ആരാധകാര്‍ വാഴ്ത്തുന്ന ഒരു നരസിംഹത്തിന്റെ ബ്ലോഗ് ഉടന്‍ പ്രതീക്ഷിക്കുന്നുണ്ട്.
സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories