TopTop
Begin typing your search above and press return to search.

"കൊറോണ പോരാളികളുടെ വ്രണിത വികാരങ്ങളെ സാന്ത്വനിപ്പിക്കാന്‍ സായുധ സേനകളല്ല ശ്രമിക്കേണ്ടത്"- ഹരീഷ് ഖരെ എഴുതുന്നു

"കൊറോണ പോരാളികളുടെ വ്രണിത വികാരങ്ങളെ സാന്ത്വനിപ്പിക്കാന്‍ സായുധ സേനകളല്ല ശ്രമിക്കേണ്ടത്"- ഹരീഷ് ഖരെ എഴുതുന്നു

താമസിച്ചു പോയി എന്നറിയാം. ഈ പ്രശ്‌നം ഉന്നയിക്കുന്നതില്‍ വളരെ താമസിച്ചു പോയി എന്ന് തന്നെ ചിലര്‍ ചൂണ്ടിക്കാണിച്ചേക്കാം. എന്നാല്‍ പ്രശ്‌നത്തിന്റെ ഗൌരവവും അനന്തരഫലങ്ങളും ഓര്‍ക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുക തന്നെ ചെയ്യണം: പരമ്പരാഗതമോ അല്ലാത്തതോ ആയ മാര്‍ഗ്ഗങ്ങളിലൂടെ നമ്മുടെ ശത്രുക്കളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്നത് മാത്രമാണ് സായുധ സേനകളുടെ ജോലി. അതുകൊണ്ടുതന്നെ ആര്‍പ്പുവിളിക്കാരാവുക എന്നത് അവരുടെ സ്ഥാപനവത്കൃതമായ വ്യവഹാരത്തിന്റെ ഭാഗമാകുന്നതേയില്ല.

സൈനികര്‍, സൈനികരാണ്; അല്ലാതെ കുറച്ച് അസ്വസ്ഥ ചിത്തങ്ങള്‍ക്ക് സാന്ത്വനമേകുന്ന ബാന്റുവാദ്യക്കാരോ ഭജന സംഘമോ അല്ല. എന്നാല്‍, 'കൊറോണ പോരാളികളോട്' ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് കഴിഞ്ഞ ഞായറാഴ്ച വിപുലമായ ഒരു കലാപരിപാടി നടത്തുന്നതിന് തന്റെ കര, നാവിക, വ്യോമസേനകളിലെ സഹപ്രവര്‍ത്തകരെ ആട്ടിത്തെളിച്ചെടുക്കുന്നതില്‍, പുതുതായി സൃഷ്ടിക്കപ്പെട്ട സൈനിക മേധാവി പദവിയിലെത്തിയ, സ്വതവേ ആവേശഭരിതനായ ജനറല്‍ വിപിന്‍ റാവത്ത് വിജയിച്ചു എന്നത് സ്പഷ്ടമാണ്. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഈ 'പോരാളി'കള്‍ക്ക് രാജ്യം ഇതിനകം തന്നെ അതിന്റെ ആദരവും ബഹുമാനവും അര്‍പ്പിച്ചിരുന്നതാണ് എന്ന കാര്യം ഇവിടെ ഓര്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആ പ്രകടനം മൊത്തത്തില്‍ ആവര്‍ത്തിക്കപ്പെടണം എന്ന് ഈ സൈനിക ഓഫീസര്‍ വിചാരിച്ചതിന്റെ കാരണം ഇനിയും വ്യക്തമല്ല. ദേശത്തിന്റെ വിഭവങ്ങളുടെ ഭീമാകാരമായ ദുര്‍വ്യയം മാത്രമാണ് കഴിഞ്ഞ ഞായറാഴ്ചത്തെ പ്രകടനം. പക്ഷേ, തീര്‍ത്തും ആസൂത്രണരഹിതമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതിയില്‍, അലട്ടലുണ്ടാക്കുന്ന വളരെ ചെറിയ ഒരു ഭാഗം മാത്രമാണത്. ഉള്‍പ്രേരണകളും സ്വാര്‍ത്ഥ താത്പര്യങ്ങളുമാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്, അതാകട്ടെ, ജനാധിപത്യവാദികള്‍ക്ക് ഒരു ശാന്തിയും പ്രദാനം ചെയ്യില്ല. അവരെ അലട്ടുന്ന പല ചോദ്യങ്ങളും അഭിമുഖീകരിക്കപ്പെടേണ്ടിയിരിക്കുന്നു. ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുള്ള ഒരു മുഴുവന്‍ സമയ പ്രതിരോധമന്ത്രി നമുക്കുണ്ട്. ഒരു പത്രസമ്മേളനത്തിന്റെ ആഢംബരത്തോടെയായിരുന്നു ഞായറാഴ്ചത്തെ പുഷ്പവൃഷ്ടി പ്രഖ്യാപിക്കപ്പെടേണ്ടിയിരുന്നതെങ്കില്‍, ആ ബഹുമതിക്ക് അര്‍ഹന്‍ രാജ്‌നാഥ് സിംഗായിരുന്നു താനും. അതോ തന്റെ മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായി വേദി പങ്കിടുന്നതില്‍ പ്രധാനമന്ത്രിക്ക് താല്‍പര്യമില്ലാത്തതാണോ? അതിലും ഭേദം തന്റെ സൈനിക മേധാവികളെ വെള്ളിവെളിച്ചം കവര്‍ന്നെടുക്കാന്‍ അനുവദിക്കുന്നതാണെന്നാണോ പ്രധാനമന്ത്രി കരുതുന്നത്?അപ്പോള്‍ ഒരു നിര്‍ണായക ചോദ്യം ഉയര്‍ന്നു വരുന്നു: ആരാണ് ഞായറാഴ്ചത്തെ പ്രകടനം നിശ്ചയിച്ചത്? ഒരു പുതിയ സാധാരണത്വം നിലനില്‍ക്കുന്നതിനാലും അതുകൊണ്ടു തന്നെ പ്രാധാന്യമുള്ള എന്തെങ്കിലും വിഷയങ്ങള്‍ നമ്മളോട് പറയില്ല എന്നതിനാലും അതൊരു രാഷ്ട്രീയക്കാരുടെ തീരുമാനമായിരുന്നോ അതോ സൈനിക ഉദ്യോഗസ്ഥര്‍ സ്വയം മുന്നോട്ടുവരികയായിരുന്നോ എന്ന് നാം ഒരിക്കലും അറിയാന്‍ പോകുന്നില്ല. കൊറോണ വൈറസ് പ്രതിസന്ധി സമയത്ത് അദ്ദേഹം അമിതമായി സംസാരിക്കുകയും അമിതമായി വാഗ്ദാനങ്ങള്‍ ചൊരിയുകയും എന്നാല്‍ വളരെ കുറച്ച് മാത്രം പ്രാവര്‍ത്തികമാക്കുകയും വളരെ കുറച്ച് മാത്രം നിറവേറ്റുകയും ചെയ്ത പ്രശ്‌നങ്ങള്‍ രാജ്യം അഭിമുഖീകരിക്കാന്‍ തുടങ്ങുകയാണെന്ന് വൈകിയാണെങ്കിലും പ്രധാനമന്ത്രി തിരിച്ചറിഞ്ഞ് തുടങ്ങിക്കാണാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ ഉണ്ടായ വളരെ ശ്രദ്ധാപൂര്‍വമായ ഒരു പിന്‍വാങ്ങലായിരിക്കാം. ഒരു ജനപ്രിയനെന്ന നിലയില്‍, രാജ്യത്താകമാനം അലയടിക്കുന്ന നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും വ്യാപ്തി പ്രധാനമന്ത്രി മനസിലാക്കുന്നുണ്ട് എന്ന് വേണം അനുമാനിക്കാന്‍. നമ്മുടെ സര്‍ക്കാരിന്റെ അപ്രതീക്ഷിതവും വക്രഗതിയിലുള്ളതുമായ തീരുമാനങ്ങള്‍ കാരണം നമ്മുടെ പട്ടണങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും വളരെയധികം കഷ്ടപ്പാടുകളും വളരെയധികം അസുന്തുഷ്ടിയും വളരെയധികം സ്ഥാനഭ്രംശവും സംഭവിക്കുന്നുണ്ട്. ഇതുമൂലം നമ്മുടെ ഭരണാധികാരികളുടെ ശേഷിയിലും കാര്യപ്രാപ്തിയിലുമുള്ള പൗരന്മാരുടെ വിശ്വാസം ഏതെങ്കിലും തരത്തില്‍ വര്‍ദ്ധിക്കാനുള്ള ഒരു സാധ്യതയും നിലനില്‍ക്കുന്നുമില്ല. പക്ഷേ, നമ്മുടെ സമര്‍ത്ഥരായ തെരുവ് രാഷ്ട്രീയാക്കാരാലും അവരുടെ തന്ത്രപരമായ കൗശലങ്ങളാലും ഒരിക്കല്‍ക്കൂടി ദേശവ്യാപക ശ്രദ്ധ തിരിക്കല്‍ ആസൂത്രണം ചെയ്യേണ്ടത് സായുധരായ ഭരണകൂടത്തിന് അത്യാവശ്യമായി തോന്നി. കാരണം, രാഷ്ട്രീയക്കാരുടെ ഈ കണ്‍കെട്ടു വിദ്യകള്‍ ജനത്തിന് മതിയായി തുടങ്ങിയെന്ന് അവര്‍ വിവേകപൂര്‍വം തിരിച്ചറിഞ്ഞു.അതുകൊണ്ടുതന്നെ ഒരു ഇടത്താവള പരിഹാരം: മറ്റൊരു തമാശയുടെ ദൃശ്യാവിഷ്‌കാരം നിര്‍വഹിക്കുന്നതിന് സായുധസേനയുടെ ബഹുമാന്യതയും അന്തസും നമുക്ക് ഉപയോഗിക്കാം. പക്ഷെ, ഈ തമാശയുടെ ആവശ്യമെന്താണ്? എല്ലാറ്റിനും ഉപരിയായി, രാജ്യത്തിന്റെ വിശാല താത്പര്യങ്ങള്‍ക്കായി നമ്മുടെ സമൂഹത്തിലെ ഓരോ വിഭാഗത്തിന്റെയും സമര്‍പ്പിത സേവനം ഉത്തരവിലൂടെയെങ്കിലും അനായാസമായി ആജ്ഞാപിക്കാന്‍ കഴിയുന്ന ഒരു പ്രഖ്യാപിത ദേശീയ നേതാവിനാല്‍ നയിക്കപ്പെടുക എന്ന അപൂര്‍വ അനുഗ്രഹത്താല്‍ നമ്മള്‍ സംതൃപ്തരാണെന്നിരിക്കെ പ്രത്യേകിച്ചും. അപ്പോള്‍, പോരാളികള്‍ എന്ന് വിളിക്കപ്പെടുന്നവരെ 'അഭിവാദ്യം' ചെയ്യാനുള്ള ഈ വിശദീകരിക്കാനാവാത്ത ആകാംക്ഷ എന്തിനായിരുന്നു? പൊതുജനങ്ങളെ അത്ഭുതസ്തബ്ദരാക്കുന്ന വിദ്യകളുടെ ആധിക്യം ചെടിപ്പിക്കുമെന്ന് മൈതാന പ്രസംഗകര്‍ക്ക് പോലുമറിയാം. രാഷ്ട്രീയ നേതൃത്വത്തിന്റെ മുന്‍കൈയില്‍ നടന്നതാണ് ഞായറാഴ്ചത്തെ 'തമാശ'യെന്ന് പിന്നീടുണ്ടായ പ്രതികരണങ്ങളില്‍ നിന്നും അനുമാനിക്കാന്‍ സാധിക്കും. മറ്റൊരു അനുമാനവും അലട്ടലുണ്ടാക്കുന്നതാണ്; അവര്‍ക്ക് ശീലമായ, അല്ലെങ്കില്‍ ഒരിക്കലും അവസാനിക്കാത്ത പാകിസ്ഥാനുമായുള്ള നമ്മുടെ സംഘര്‍ഷങ്ങളിലൂടെ പിടിച്ചു പറ്റാന്‍ പ്രാത്സാഹിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന എല്ലാ ശ്രദ്ധയും സര്‍വവ്യാപിത്തവും ഇല്ലാതാവുന്നതായി, ഒഴിവാക്കപ്പെടുന്നതായുള്ള സൈനിക മേധാവികളുടെ തോന്നലാണ് ഞായറാഴ്ചത്തെ തമാശയ്ക്ക് പിന്നിലെന്നതാണ് ആ അനുമാനം. പെട്ടെന്നതാ മുന്നിലൊരു പുതിയ ശത്രു. പക്ഷെ അവരുടെ വിലയേറിയ തോക്കുകള്‍ക്കും തന്ത്ര നൈപുണ്യങ്ങള്‍ക്കും മരണകാരിയായ ഈ ഭീഷണിയെ നേരിടുന്നതില്‍ അത്ര സഹായകരമായി തീരാന്‍ സാധിക്കുന്നില്ല. ന്യായമായ കാരണങ്ങളാല്‍, മഹാമാരിയുടെയും അതിന്റെ ഭയാനകമായ അനന്തരഫലങ്ങളുടെയും മുന്നില്‍ രാജ്യം പകച്ച് നില്‍ക്കുന്നത് തുടരുകയും ചെയ്യുന്നു. കോവിഡ്-19ല്‍ നിന്നും ദേശത്തിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ കാശ്മീരില്‍ നടക്കുന്ന ചില ഏറ്റുമുട്ടലുകള്‍ക്ക് പോലും സാധിക്കുന്നുമില്ല. എന്നാല്‍ ചിലര്‍ക്ക് പരുക്കനായി തോന്നിയേക്കാമെങ്കിലും, ഇന്ത്യയുടെ 'കൊറോണ പോരാളി'കളെ അഭിവാദനം ചെയ്യേണ്ട പ്രത്യേക ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് സൈനിക നേതൃത്വത്തിന് തോന്നാനുള്ള കാരണം എന്താണെന്ന് ചോദിക്കേണ്ടത് അത്യന്താപേക്ഷിതം തന്നെയാണ്. നമ്മുടെ ഭരണഘടനാ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ആലോചിച്ചാല്‍, രാജ്യത്തിന്റെ നിരവധി ഉപകരണങ്ങളില്‍ ഒന്ന് മാത്രമാണ് സായുധ സേനകള്‍. അതില്‍ കൂടുതലായോ കുറവായോ ഒന്നുമല്ല. തങ്ങളുടെ പാളയങ്ങളില്‍ നിന്നും പുറത്തിറങ്ങാനുള്ള തീവ്രാഭിലാഷമാണോ അത്തരമൊരു തോന്നലിന് കാരണം? സൂക്ഷ്മമായി നിര്‍മ്മിച്ചെടുക്കപ്പെട്ട പൗര-സൈനിക ബന്ധങ്ങളെ ഉപേക്ഷിക്കാനുള്ള പടിപടിയായ ശ്രമങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷമായി നടക്കുന്നതിനാല്‍ തന്നെ, സായുധ സേനാ നേതൃത്വത്തെ അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ മോദി സംഘത്തിന് സാധിക്കില്ല.ചെറിയ പട്ടണങ്ങളില്‍, ഡോക്ടര്‍മാരോടും നേഴ്‌സുമാരോടും അപമര്യാദയായി പെരുമാറിയ ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കുന്നു; എന്നാല്‍, 'കൊറോണ പോരാളി'കളുടെ വൃണിത വികാരങ്ങളെ സാന്ത്വനിപ്പിക്കാന്‍ സായുധ സേനകളല്ല ശ്രമിക്കേണ്ടത്. ഭരിക്കുന്നവര്‍ക്കും ഭരിക്കപ്പെടുന്നവര്‍ക്കും ഇടയില്‍ വളര്‍ന്ന് വരുന്ന അവിശ്വാസത്തിന്റെ വിശാല സാഹചര്യമാണ് ഈ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് മനസിലാക്കേണ്ട ബാധ്യത യഥാര്‍ത്ഥത്തില്‍ ഭരിക്കുന്ന നേതാക്കളിലും ഭരണനിര്‍വഹണപരമായ പദവികളില്‍ ഇരിക്കുന്നവരിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. ഒരുപക്ഷെ, കുറച്ച് കാലമായി ഈ അവിശ്വാസം ഇവിടെ നടമാടുന്നുണ്ടെന്നും നമ്മുടെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തലയിടാനുള്ള പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന അശ്ലീലത്തെ നേര്‍വഴിക്കാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് കഴിവില്ലെന്നും സൈനിക മേധാവികള്‍ തിരിച്ചറിയുന്നുണ്ടാവാം. അധികാരം കൈയിലെടുക്കാമെന്ന വികാരം ജനക്കൂട്ടങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നു. അതിനാല്‍ തന്നെ, സൈനിക മേധാവികളുടെ ഏകപക്ഷീയതയും. ജനാധിപത്യ മാതൃകകള്‍ക്കും പാര്‍ലമെന്റ് കീഴ്വഴക്കങ്ങള്‍ക്കും ഒപ്പം നിരവധി സ്വാതന്ത്ര്യങ്ങളും എടുത്തുമാറ്റപ്പെടുന്ന ഇക്കാലത്ത് പഴയൊരു ചൊല്ല് ആവര്‍ത്തിക്കേണ്ടത് അനിവാര്യമായി തീരുന്നു: ജനാധിപത്യ വാഴ്ചയില്‍ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങള്‍ മാത്രം നിര്‍വഹിക്കുന്ന അരാഷ്ട്രീയ ഉപകരണമായി തുടരുന്നതില്‍ സംതൃപ്തരായിരിക്കുകയും അങ്ങനെ തുടരുകയും ചെയ്യേണ്ടവരാണ് സായുധസേനകള്‍. ഏറ്റവും ഉത്കൃഷ്ടവും പരിപോഷിപ്പിക്കപ്പെടുന്നതുമായ ഈ ഭരണഘടനാ ബോധ്യങ്ങളെ നഷ്ടപ്പെടുത്താനുള്ള ഒരു ഒഴിവുകഴിവായി കൊറോണ വൈറസ് പ്രതിസന്ധിയെ ഉപയോഗിക്കാനാവില്ല.(ദി വയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ. ഐപിഎസ്എം ഫൌണ്ടേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് പ്രസിദ്ധീകരിക്കുന്നത്)(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories