TopTop
Begin typing your search above and press return to search.

ചില 'പ്രതികാര' ചിന്തകൾ

ചില പ്രതികാര ചിന്തകൾ

ഡൽഹിയിലെ ചന്ദു നഗറിൽ രണ്ടായിരത്തി പതിനാലിൽ എന്ത് സംഭവിച്ചു?

പലതും സംഭവിച്ചു. അതല്ല- ഒരു പ്രത്യേക കാര്യം സംഭവിച്ചു. ആരുടെയോ സുനയുടെ മേൽ ചട്ടുകം പഴുപ്പിച്ചു വയ്ക്കപ്പെട്ടു. അതായത്, നമുക്ക് ഒരാളെ ചന്ദു സിങ് എന്ന് വിളിക്കാം. ശരിക്കുള്ള പേരല്ല. മുപ്പത്താറു വയസ്സുള്ള അയാൾ, ഒരു വീട്ടിൽ ഭാര്യയും മക്കളും ഒത്ത് ജീവിക്കുന്നു. ഒരു മുറി വാടകക്ക് കൊടുത്തിരിക്കുകയാണ്. അവിടെ മധ്യവയസ്കനായ ഒരു പാവം കൊല്ലങ്ങളായി കുടുംബത്തിലെ ഒരാളെ പോലെ ജീവിക്കുന്നു. ചന്ദു സിങ് അരിഷ്ടിച് കഞ്ഞിക്ക് ഉള്ള വക കണ്ടെത്തുന്നു. അങ്ങനെ പോകുന്നു. നമ്മുടെ പാവം വാടകക്കാരൻ, ഒരു ദിവസം, വീട്ടിൽ മറ്റുള്ളവർ ആരും ഇല്ലാത്ത സമയത്ത്, ചന്ദു സിങ്ങിന്റെ പതിമൂന്നു വയസുള്ള മകളെ മുറിയിലേക്ക് വലിച്ചോണ്ടു പോകുന്നു. കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുന്നു. പുറത്തു പറഞ്ഞാൽ കൊന്നു കളയും എന്ന് പറയുന്നു. കുട്ടി ഗർഭിണി ആയപ്പോൾ ആണ് കാര്യം അച്ഛനോട് പറയുന്നത്. വീട്ടിൽ വാടകക്കാരൻ മാത്രം ഉള്ളപ്പോൾ ചന്ദു സിങ് പതിയെ അദ്ദേഹത്തെ വിളിക്കുന്നു. 'ആവോ ജീ - കുച്ച് ബാത് കർണാ ഹേ ' ആൾ അടുത്ത് വരുന്നു. പെട്ടന്ന് അച്ചാലും മുച്ചാലും ചന്ദു സിങ് ആളെ ബാത് കരുന്നു. പെട്ടെന്നുള്ള ബാത്തിൽ വീണു പോയ മഹാനുഭാവനെ കയ്യും കാലും കെട്ടി ഇടുന്നു. ജെട്ടി അഴിക്കുന്നു, ചട്ടുകം പഴുപ്പിക്കുന്നു - വയ്ക്കുന്നു. ശ് ശ് ...എന്ന ശബ്ദം വരുന്നു. പിന്നെയും പിന്നെയും പഴുപ്പിക്കുന്നു, ആ ഏരിയ മൊത്തം വയ്ക്കുന്നു. ക്ലസ്റ്റർ ബോംബ് ഇട്ട ഗ്രാമ പ്രദേശം പോലെ, ബലാത്സംഗ വീരന്റെ ഗുഹ്യ പ്രദേശം പ്രശോഭിക്കുന്നു. സത്യ കഥ ആണ്.

അതീവ ഗുരുതരം ആയ ഒരു കുറ്റ കൃത്യത്തെ ഇങ്ങനെ അവതരിപ്പിച്ച എനിക്ക് ഹൃദയമുണ്ടോ ഊളേ - ഇങ്ങനെ പറയുന്നവരും ഉണ്ടാവാം. എനിക്ക് ഒരു ചുക്കുമില്ല. സത്യം പറ - നിങ്ങൾക്കുണ്ടോ? ചുക്ക്? ഈ കഥ നിങ്ങൾ ആസ്വദിച്ചില്ലേ? പഴുപ്പിച്ച ലോഹം സുനയിൽ പച്ചക്ക് വയ്ക്കുന്ന സീൻ രസിപ്പിച്ചില്ലേ നിങ്ങളെ? അപ്പൊ - അത്രയ്ക്ക് ക്രൂരൻ/ ക്രൂര ആണോ നിങ്ങൾ? സീ - നമ്മൾ ഒക്കെ വെറും മനുഷ്യരാണ് എന്ന് മാത്രമേ ഇതിനർതഥമുള്ളൂ. ജർമനിയിലെ ഡാചാവു എന്ന ഒരു ക്യാമ്പാണ് ജൂതരെയും ഹിറ്റ്ലറിൻറെ ശത്രുക്കളെയും ഇടാൻ തുടങ്ങിയ ആദ്യ ക്യാമ്പുകളിൽ ഒന്ന്. ഏകദേശം എഴുപതിനായിരം തടവുകാർ പല സമയത്തായി ഇവിടെ ഉണ്ടായിരുന്നു. 1933 മുതൽ 1945 വരെ ഉണ്ടായിരുന്ന ഈ ക്യാമ്പിൽ , 1945 ൽ അമേരിക്കൻ പട്ടാളക്കാർ വന്നു മോചിപ്പിക്കുമ്പോൾ ഏതാനും ആയിരം തടവുകാർ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. വലിയ ഒരു മല പോലെ കൊന്ന തടവുകാരുടെ ശവങ്ങളും. സ്വന്തം ഭാര്യമാരെ പിച്ചി ചീന്തി കൊല്ലുന്നത് കണ്ടവർ. ഭർത്താക്കന്മാരെ അടിച്ചു കൊല്ലുന്നത് കണ്ടവർ . സ്വന്തം മക്കളെ, മുകളിലേക്ക് എറിഞ്ഞിട്ട് വെടി വച്ച് കൊല്ലുന്നത് കണ്ടവർ. സ്വയം ജർമൻകാരാൽ കൊല്ലാക്കൊല ചെയ്യപ്പെട്ടവർ. തങ്ങളുടെ സഹനം കണ്ട് പൊട്ടിച്ചിരിച്ച ജർമ്മൻ പട്ടാളക്കാരെ ദിനം കണ്ടിട്ടുള്ളവർ . അവരാണ് ബാക്കി വന്നവർ . അമേരിക്കക്കാർ അവരെ സ്വതന്ത്രർ ആക്കിയ ഉടനെ അവർ ഏകദേശം അഞ്ഞൂറോളം ഉണ്ടായിരുന്ന നാസികളുടെ നേർക്ക് തിരിഞ്ഞു. അടിച്ചു , ഇടിച്ചു - പിച്ചി പറിച്ചു. അമേരിക്കൻ പാട്ടാളക്കാരും കൂടെ കൂടി. നാസി പട്ടാളക്കാർ ആരും ജീവനോടെ ബാക്കി വന്നില്ല. എനിക്ക് ഇത് കേട്ടിട്ട് ഒന്നും തോന്നുന്നില്ല. യുദ്ധ തടവുകാരെ എന്ത് ചെയ്യണം എന്നതിന്റെ നഗ്നമായ ലംഘനം ആണ് നടന്നിരിക്കുന്നത്. അഞ്ഞൂറോളം പേരെ കൊന്ന കാര്യം അറിഞ്ഞിട്ട് എന്തെങ്കിലും മനഃസ്താപം എനിക്ക് തോന്നുന്നുണ്ടോ? ഇല്ല ; എന്നതാണ് വാസ്തവം. ആട്ടെ - നിങ്ങൾക്ക് തോന്നുന്നുണ്ടോ? ലുക്ക് ഹിയർ - നമ്മൾ യുക്തിജീവികൾ അല്ല. വികാരജീവികൾ ആണ്. യുക്തിയും ഉണ്ട് എന്ന് മാത്രമേ ഉള്ളു. വേണമെങ്കിൽ യുക്തി; വികാരത്തെ മറി കടക്കാൻ ഉപയോഗിക്കാം എന്നെ ഉള്ളു . ചില പ്രത്യേക സാഹചര്യങ്ങളിൽ. വികാരങ്ങൾ ഒക്കെ പരിണാമ ജനിതമാണ്. എന്തായിരിക്കും പ്രതികാരം എന്ന വികാരത്തിന്റെ പരിണാമ യുക്തി? ഞാൻ ഒരു പഴയകാല ഗോത്രത്തിൽ ആണ് എന്നിരിക്കട്ടെ. രണ്ടു ലക്ഷം കൊല്ലങ്ങൾ നമ്മൾ അങ്ങനെ ആണല്ലോ ജീവിച്ചത്. ഈ നാഗരികത ഒക്കെ ഒരു അയ്യായിരം കൊല്ലം, സഹോ - വേണ്ട - പതിനായിരം. അത്രേള്ളോ. സത്യായിട്ടും ഗഡീ. കൂടെ ഉള്ള ഒരുത്തൻ ഭയങ്കര ഷൈനിങ്. എന്നെ ഒരു വിലയുമില്ല. ഒരു കല്ലെടുത്ത് ഒറ്റ ചാമ്പാ ചാമ്പിയാലോ? ആള് വടിയായാൽ എനിക്ക് നല്ലതല്ലേ? ഗോത്രത്തിൽ ഉള്ള ഒരു പെൺകുട്ടിയെ എനിക്ക് പിടിച്ചു . അവൾക്ക് താല്പര്യമില്ല. ബലമായി കാര്യം സാധിച്ചാലോ? ആത്യന്തികമായി ഞാൻ അത് ചെയ്യാത്തത് പേടി മൂലം ആണ്. ഞാൻ ഉപദ്രവിക്കുന്നവർ തിരിച്ചും ഉപദ്രവിക്കും - ചത്തില്ലെങ്കിൽ. കൊന്നാലോ - കൊന്നവരുടെ ഉറ്റവർ വെറുതെ വിടില്ല ഹേ. അതായത് - സമൂഹ ജീവിതത്തിന് അത്യാവശ്യമായ നിയന്ത്രണം അടിച്ചേൽപ്പിക്കാൻ ഉരുത്തിരിഞ്ഞു വന്ന ഒരു വികാരമാണ് - പ്രതികാരം. പരിണാമത്തിലൂടെ നമുക്ക് കിട്ടിയതെല്ലാം നല്ലതല്ല. സംസ്കാരം, ആധുനികത, രാഷ്ട്രങ്ങൾ, ഭരണഘടന, നിയമ വാഴ്ച, എന്നിവയൊക്കെ, സമാധാന ജീവിതത്തിനു വേണ്ടി, മനുഷ്യ വികാരങ്ങളെ എങ്ങനെ മെരുക്കാം എന്ന് നിരന്തരം അന്വേഷിക്കുന്ന പ്രക്രിയകൾ ആണ്. ചുരുക്കി പറഞ്ഞാൽ നിയമ വാഴ്ചയുടെ ഒരു പ്രധാന ഉദ്ദേശം വ്യക്തികളുടെ പ്രതികാരം ഏറ്റെടുക്കുക എന്നുള്ളത് തന്നെ ആണ്. തിരുത്താൻ പറ്റാത്ത കുറ്റവാസന ഉള്ളവരെ ഇനിയും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയുക, പറ്റുന്നവരെ തിരുത്തുക, ഇതൊക്കെ വേണ്ടതാണ്. കുറ്റവാളികൾ ഉണ്ടാവുന്നത് തടയുന്ന ഒരു സാമൂഹിക ക്രമവും വേണം. പക്ഷെ എത്രയൊക്കെ സമൂഹം നന്നായാലും, കൊടും കുറ്റവാളികൾ എന്തായാലും പിന്നെയും കാണും. എല്ലാ സമൂഹങ്ങളിലും ഉണ്ട് താനും. .അവരെ കർശനമായി ശിക്ഷിക്കാൻ കാര്യക്ഷമമായ സംവിധാനം വേണം. ഇല്ലെങ്കിൽ പോലീസിന്റെ പ്രതികാരം, നാട്ടുകാരുടെ പ്രതികാരം, മുതലായ കാടൻ രീതികൾക്ക് കൈ അടിക്കുന്ന ആളുകളെ ഇനിയും കാണേണ്ടി വരും. ഭൂരിപക്ഷം വരുന്ന ജനങ്ങളെ ആയുധം എടുപ്പിച്ച്, ഒരു ആധുനിക സാമൂഹ്യജീവിതം പറ്റാത്ത തരത്തിൽ പ്രശ്നക്കാരാക്കുന്നതിൽ നിന്ന് അവരെ പിടിച്ചു നിർത്തുന്നത്, നീതി - എല്ലാ കാര്യങ്ങളിലും - നടപ്പാകും എന്ന തോന്നൽ ഉണ്ടാക്കുന്ന വ്യവസ്ഥിതി ഒന്ന് മാത്രമാണ്. ജസ്റ്റ് ഡിസംബർ ദാറ്റ് ! (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories