TopTop
Begin typing your search above and press return to search.

മഹാമാരി തോറ്റു പിന്മാറിയാലും പ്രതിപക്ഷം പിൻവാങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ല, സ്പ്രിംഗ്ളറും കെ എം ഷാജിയും പിന്നെ ലാവലിന്‍ കണക്ഷനും

മഹാമാരി തോറ്റു പിന്മാറിയാലും പ്രതിപക്ഷം പിൻവാങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ല, സ്പ്രിംഗ്ളറും കെ എം ഷാജിയും പിന്നെ ലാവലിന്‍ കണക്ഷനും

വിവാദങ്ങൾക്കു പിന്നാലെ പോകേണ്ട സമയമല്ല ഇതെന്നാണ് സ്പ്രിംഗ്ളര്‍ വിവാദം തള്ളിക്കളഞ്ഞുകൊണ്ടു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കോവിഡ് എന്ന മഹാമാരിയെ ഫലപ്രദമായി നേരിട്ടതിൽ സംസ്ഥാന സർക്കാരിന് സൽപ്പേര് കിട്ടാൻ പാടില്ലെന്ന് ശഠിക്കുന്നവരാണ് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നുകൂടി മുഖ്യമന്ത്രി പറഞ്ഞുവെക്കുന്നു. കോവിഡിനെതിരെ ഒറ്റക്കെട്ടായി പൊരുതേണ്ട വേളയിൽ പ്രതിപക്ഷം അനാവശ്യ വിവാദങ്ങൾ ഉയർത്തികൊണ്ടുവന്നു രാഷ്ട്രീയം കളിക്കുന്നു എന്നുതന്നെയാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ സാരം. എന്നാൽ മുഖ്യമന്ത്രി എന്തുതന്നെ പറഞ്ഞാലും ഒരനക്കം പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് പ്രതിപക്ഷം. കൊറോണയല്ല അതിനേക്കാൾ വലിയ മഹാമാരിയായാലും വീണുകിട്ടിയ അവസരം ഫലപ്രദമായി വിനിയോഗിക്കാൻ തന്നെയായാണ് അവരുടെ തീരുമാനം. ഇക്കാര്യത്തിൽ യു ഡി എഫും ബി ജെ പിയും ഒറ്റക്കെട്ടാണ്. ഒരു വലിയ വിഭാഗം മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൂടിയുള്ളപ്പോൾ എന്തിനു അമാന്തിക്കണം എന്ന ചിന്ത തന്നെയാണ് രമേശ് ചെന്നിത്തലയേയും കൂട്ടരെയും നയിക്കുന്നത്. ആയതിനാൽ മഹാമാരി തോറ്റു പിന്മാറിയാലും പ്രതിപക്ഷം പിൻവാങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ല.

സ്പ്രിംഗ്ളർ എന്ന അമേരിക്കൻ കമ്പനിയുമായി ബന്ധപ്പെട്ട വിവാദം മാത്രമല്ല പ്രതിപക്ഷം ആയുധമാക്കുന്നത്. കോഴ ആരോപണത്തെ തുടർന്നു മുസ്ലിം ലീഗിലെ കെ എം ഷാജി എം എൽ എ ക്കെതിരെയുള്ള വിജിലൻസ് അന്വേഷണവും കേരള റിയൽ എസ്റ്റേറ്റ് അപ്പല്ലേറ്റ്‌ ട്രിബുണൽ അധ്യക്ഷനായുള്ള ജസ്റ്റിസ് പി ഉബൈദിന്റെ നിയമനവും ഉണ്ട്. സ്പ്രിംഗ്ളറിൽ ഡാറ്റാ വില്പനയാണ് പ്രതിപക്ഷം ആരോപിക്കുന്നതെങ്കിൽ ഷാജിയുടെ കാര്യത്തിൽ രാഷ്ട്രീയ പകപോക്കലും ജസ്റ്റിസ് ഉബൈദിന്റെ നിയമന കാര്യത്തിൽ 'ഉപകാര സ്മരണ' യുമാണ് ചെന്നിത്തലയും കൂട്ടരും ആരോപിക്കുന്നത്. കുറച്ചുകൂടി വിശദമായി പറഞ്ഞാൽ സ്‌പ്രിംഗ്‌ളറുമായുള്ള കരാർ നേരാംവണ്ണം അല്ലെന്നും കേരളത്തിലെ രോഗബാധിതരുടെ ഡാറ്റ വിദേശ മരുന്ന് നിർമാണ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഷാജിയുടെ കാര്യത്തിലാവട്ടെ മുഖ്യമന്ത്രിയെ ഫേസ് ബുക്കിലൂടെയും പത്രസമ്മേനത്തിലൂടെയും വിമർശിച്ചതിന്റെ പേരിൽ രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് വിജിലൻസ് കേസ് എന്നാണ് വാദം. ലാവലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തൻ ആക്കിയതിനുള്ള പ്രത്യുപകാരമായിട്ടാണ് ജസ്റ്റിസ് ഉബൈദിന്റെ നിയമനം എന്നും ചെന്നിത്തല കണ്ടെത്തിയിട്ടുണ്ട്. സ്‌പ്രിംഗ്‌ളറിൽ തുടങ്ങിയ രാഷ്ട്രീയ വിവാദം ഇപ്പോൾ ഉബൈദ് വരെയെത്തി നിൽക്കുന്നു എന്നു സാരം.

ഇനി ഈ ആരോപണങ്ങളെ ഓരോന്നായി പരിശോധിക്കാം. സ്‌പ്രിംഗ്‌ളറിലേക്കു വരുന്നതിനു മുൻപ് ആദ്യം കെ എം ഷാജിയിലേക്ക്. മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്കിൽ പോസ്റ്റിടുകയും പത്രസമ്മേളനം നടത്തുകയും ചെയ്തതിന്റെ പേരിലുള്ള പ്രതികാര നടപടി ആയിട്ടാണ് ഷാജി തനിക്കെതിരെയുള്ള വിജിലൻസ് കേസിനെ ചിത്രീകരിക്കുന്നത്. ചെന്നിത്തലയും മുസ്ലിം ലീഗ് നേതാക്കളും എന്തിനേറെ ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ വരെ ഇതേറ്റു പാടുന്നു. എന്നാൽ ഷാജി മുഖ്യമന്ത്രിയെ വിമർശിച്ചു ഫേസ് ബുക്ക് പോസ്റ്റിടുകയും പത്ര സമ്മേളനം നടത്തുകയും ചെയ്യുന്നതിനു മുൻപ് തന്നെ ഷാജിക്കെതിരെ അന്വേഷണം തുടരാൻ സ്പീക്കർ വിജിലൻസിന് അനുമതി നൽകിയിരുന്നു എന്നതാണ് വസ്തുത. ആരോപിക്കപ്പെടുന്നതുപോലെ കൈക്കൂലി വാങ്ങിയിട്ടില്ലെങ്കിൽ വീര ശൂര പരാക്രമി എന്ന് സ്വയം അഹങ്കരിക്കുന്ന ഷാജി എന്തിനു അന്വേഷണത്തെ ഭയപ്പെടണം? എവിടെയോ എന്തോ ഉണ്ടെന്ന തോന്നലല്ലേ തന്റെ ഇപ്പോഴത്തെ വെപ്രാളം കൊണ്ട് ഉണ്ടാവുക എന്ന് കൂടി ഷാജി ചിന്തിക്കുന്നതും നന്ന്. ഈ ചിന്ത ഷാജിയെ വെള്ളപൂശാൻ ഇറങ്ങിയവർക്കും ഉണ്ടാവുന്നതും നല്ലതായിരിക്കും എന്നു തോന്നുന്നു.

ജസ്റ്റിസ് പി ഉബൈദിനെ കേരള റിയൽ എസ്റ്റേറ്റ് അപ്പല്ലേറ്റു ട്രിബുണൽ അധ്യക്ഷനായി നിയമിച്ചതുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ആരോപണത്തിലേക്കു വന്നാൽ തന്നെ നിശ്ചയിച്ചതു സർക്കാർ അല്ല ഹൈക്കോടതി ആണെന്ന് ജസ്റ്റിസ് ഉബൈദ് തന്നെ പറഞ്ഞുകഴിഞ്ഞു. കൂട്ടത്തിൽ ആരോപണം ഉന്നയിച്ചവരുടെ ശ്രദ്ധിയിലേക്കായി അദ്ദേഹം ഒരു കാര്യം കൂടി ചൂണ്ടിക്കാട്ടിയിരുന്നു: ലാവലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തൻ ആക്കിയത് തെളിവുകൾ ഇല്ലെന്നു കണ്ടത് കൊണ്ടാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ കേസിലും തെളിവില്ലെന്ന് കണ്ടു സമാനമായ വിധി താൻ തന്നെ പുറപ്പെടുവിച്ചിട്ടുണ്ടെന്നും. സത്യത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്കു നോമിനേറ്റ് ചെയ്ത സംഭവുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം ആയിരുന്നു ചെന്നിത്തലയുടെ ഭാഗത്തു നിന്നും ഉണ്ടായത് . അതിനുള്ള മറുപടി കൂടിയായി വേണം ഉമ്മൻ ചാണ്ടിയുടെ കേസ് പ്രത്യേകം പരാമർശിച്ചു കൊണ്ട് ജസ്റ്റിസ് ഉബൈദ് നടത്തിയ പ്രതികരണം.

ഇനിയിപ്പോൾ ചെന്നിത്തല തുടക്കം മുതൽ ആഞ്ഞുപിടിച്ചതും ക്ലച്ച് പിടിച്ചുവെന്നു തോന്നിപ്പിക്കുന്നതുമായ സ്പ്രിംഗ്ളര്‍ വിവാദത്തിലേക്ക് വരാം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രസ്തുത കരാറുമായി ബന്ധപ്പെട്ടു ചില സംശയങ്ങൾ നിലനിൽക്കുന്നുവെന്നത് വാസ്തവം തന്നെ. അത് പ്രധാനമായും ഐ ടി സെക്രട്ടറി അവകാശപ്പെടുന്നത് പോലെ ഈ കരാർ പൂർണമായും സൗജന്യം ആണോ എന്നത് സംബന്ധിച്ചു തന്നെ. മറ്റൊരു ആശയക്കുഴപ്പം സ്പ്രിംഗ്ളര്‍ ശേഖരിക്കുന്ന വ്യക്തിഗത ഡാറ്റ ആരുടെ സൂക്ഷിപ്പിൽ ആയിരിക്കും എന്നതാണ്. ചെന്നിത്തലയും കൂട്ടരും ആരോപിക്കുന്നത് കേരളത്തിൽ നിന്നും ശേഖരിക്കപ്പെടുന്ന ഡാറ്റ അത്രയും വിദേശ മരുന്ന് നിർമാണ കമ്പനികൾക്കു വിൽക്കാൻ ഉദ്ദേശിച്ചുകൊണ്ടാണ് എന്നുള്ളതാണ്. അത്തരം ഒരു സാധ്യത പൂർണമായും തള്ളിക്കളയാൻ പറ്റില്ലെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ സർക്കാരിന്റെ കൈവശം മാത്രമല്ല കേരളത്തിലെ രോഗികളെക്കുറിച്ചുള്ള ഡാറ്റ ഉള്ളത്. സ്വകാര്യ ഹോസ്പിറ്റലുകളിലും ഇത് ലഭ്യമാണ്. ഇനിയിപ്പോൾ ഈ ഡാറ്റായൊന്നും ആരും നൽകിയില്ലെങ്കിലും ഹാക്കർമാരെ ഉപയോഗിച്ച് ഏതു വെബ്‌സൈറ്റിൽ നിന്നും മോഷ്ടിക്കാവുന്നതേയുള്ളു. ഹാക്കിങ് സർവ സാധാരണമായിക്കഴിഞ്ഞ ഒരു കാലത്താണ് ജിയോക്കും മറ്റും ഡാറ്റ പണയവെച്ച നമ്മൾ ഡാറ്റാ ചോരണത്തെക്കുറിച്ചു വലിയ വായിൽ സംസാരിക്കുന്നതെന്നതും വിചിത്രം തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories