TopTop
Begin typing your search above and press return to search.

"ഈ കൃഷ്ണന്‍ വൈദ്യന്‍ ഒരു പരിശുദ്ധനായ ഈഴവനാണ്'' നാരായണഗുരു നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ്

ഈ കൃഷ്ണന്‍ വൈദ്യന്‍ ഒരു പരിശുദ്ധനായ ഈഴവനാണ് നാരായണഗുരു നല്‍കിയ ജാതി സര്‍ട്ടിഫിക്കറ്റ്
''മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വാം ഗവാം യഥാ.'' മനുഷ്യത്വം കൊണ്ട് മനുഷ്യരെല്ലാവരും ഒരു ജാതി. ഇതായിരുന്നു നാരായണഗുരു തന്റെ ജീവിതത്തിലൂടനീളം ആവര്‍ത്തിച്ച് പറഞ്ഞതും സഹജാതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതും. മതാതീതമായ ആത്മീയത.''ജാതി കൊണ്ട് ഒരു ഗുണവും ഇല്ല. അത് മനുഷ്യരുടെ സ്വാതന്ത്ര്യം തടുക്കുന്നു. ബുദ്ധി നശിപ്പിക്കുന്നു... ജാതി മനുഷ്യനെ കെടുത്തുന്നു. അതുകൊണ്ട് അതാവശ്യമില്ല. ജാതി ഇല്ല. അതുണ്ടെന്ന്...

ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

Support Azhimukham >


''മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വാം ഗവാം യഥാ.'' മനുഷ്യത്വം കൊണ്ട് മനുഷ്യരെല്ലാവരും ഒരു ജാതി. ഇതായിരുന്നു നാരായണഗുരു തന്റെ ജീവിതത്തിലൂടനീളം ആവര്‍ത്തിച്ച് പറഞ്ഞതും സഹജാതരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതും. മതാതീതമായ ആത്മീയത.

''ജാതി കൊണ്ട് ഒരു ഗുണവും ഇല്ല. അത് മനുഷ്യരുടെ സ്വാതന്ത്ര്യം തടുക്കുന്നു. ബുദ്ധി നശിപ്പിക്കുന്നു... ജാതി മനുഷ്യനെ കെടുത്തുന്നു. അതുകൊണ്ട് അതാവശ്യമില്ല. ജാതി ഇല്ല. അതുണ്ടെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്.'' ഒരിക്കല്‍ ജാതി പ്രാമാണ്യം വാദിക്കാനെത്തിയ ആളോട് നാരായണ ഗുരു പറഞ്ഞതാണിത്. ''ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലും ഉള്ള മത്സരത്തില്‍ നിന്നുള്ള മോചനം സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാവരും പഠിച്ചറിവാനും ലഭിച്ച അറിവിനെ പരസ്പരം സ്‌നേഹപൂര്‍വം വിനിമയം ചെയ്‌വാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല, മദം നിമിത്തമാണെന്ന് അപ്പോള്‍ മനസ്സിലാകും. മതപരിവര്‍ത്തനോത്സാഹവും അപ്പോള്‍ അസ്തമിക്കും.'' നാരായണ ഗുരു സി.വി. കുഞ്ഞുരാമനുമായി സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ഇത്തരത്തില്‍ ഇന്ത്യയും ലോകവും എക്കാലവും അഭിമുഖം കണ്ടുകൊണ്ടിരിക്കുന്ന സ്വത്വ പ്രതിസന്ധിക്ക് യഥാര്‍ത്ഥനിഷ്ഠമായ പരിഹാരമായി മനുഷ്യത്വമെന്ന ഏകമതത്തെ കുറിച്ച് ആവര്‍ത്തിച്ച നാരായണ ഗുരുവും ഒരാള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വന്നു. ആ സംഭവമാണ് നാരായണ ഗുരുവിന്റെ ജന്മദിനത്തില്‍ ഓര്‍മ്മിക്കുന്നത്.

''ഈ കൃഷ്ണന്‍ വൈദ്യന്‍ ഒരു പരിശുദ്ധനായ ഈഴവനാണ്. പരിശുദ്ധനായ ഈഴവന്‍ എന്നാല്‍ 'ചെത്താത്ത ഈഴവന്‍' എന്നാണ് അര്‍ത്ഥം.'' ഭാരതീയ ആത്മീയ പരിസരത്തു നിന്നും മതാതീയ ആത്മീയതയില്‍ ഊന്നുകയും ജാതി ചോദിക്കരുത്, പറയരുത് , ചിന്തിക്കരുത് എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്ത മനുഷ്യോത്തമനാണ് നാരായണ ഗുരു. അദ്ദേഹം ഇത്തരത്തില്‍ ഒരു ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നുപറഞ്ഞാല്‍ വിചാരശീലര്‍ വകവെച്ച് തരുമെന്ന് തോന്നുന്നില്ല. പക്ഷെ വാസ്തവമാണത്. ചങ്ങനാശ്ശേരി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗത്വത്തിനായിട്ടാണ് ജി കൃഷ്ണന്‍ വൈദ്യന്‍ എന്നയാള്‍ക്ക് ഗുരു മുകളില്‍ പറഞ്ഞ തരത്തില്‍ ഒരു ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ഈ ജാതി സര്‍ട്ടിഫിക്കറ്റിനു പിന്നിലെ കൗതുകകരമായ കഥ മുഴുവനായി മനസ്സിലാക്കിയാലേ ചിത്രം തെളിയൂ. ചങ്ങനാശ്ശേരി വാഴപ്പള്ളി കുന്നുംപുറത്ത് ഗോവിന്ദക്കുറുപ്പ് ആശാന്റെ മകന്‍ ജി. കൃഷ്ണന്‍ വൈദ്യന്‍ എന്നൊരാളുണ്ടായിരുന്നു. തിരുവല്ല താലൂക്കിലെ ആറന്മുളയ്ക്കു സമീപത്തുള്ള പൂവത്തൂര്‍ എന്ന പ്രദേശത്തായിരുന്നു ഇവരുടെ കുടുംബം. ഇവരുടെ ജാതിപ്പേരു 'പിച്ചനാട്ടുകുറുപ്പ്' എന്നാണ് പറഞ്ഞുപോന്നിരുന്നത്. കാണിക്കുറുപ്പ് എന്നും ഇവരെ വിളിച്ചു പോന്നിരുന്നു.

വഴിനടപ്പിന്റെ കാര്യത്തിലും മറ്റും ഈഴവര്‍ക്കു അനുഭവിക്കേണ്ടി വന്നിരുന്നത്ര പതിത്വം ഈ കുറുപ്പന്മാര്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെങ്കിലും എണ്ണത്തില്‍ തങ്ങള്‍ തീരെ കുറവാണെന്ന വേവലാതി അവര്‍ക്കു വല്ലാതെയുണ്ടായിരുന്നു. മധ്യതിരുവിതാംകൂറില്‍ അപ്പാടെ നോക്കിയാലും പിച്ചനാട്ടു കുറുപ്പന്മാരുടെ ഭവനം നൂറെണ്ണം തികച്ചുവരില്ല. കല്യാണാടിയന്തരങ്ങളില്‍ സ്വന്തം ജാതിക്കാരെ കിട്ടാതെ അവര്‍ വലഞ്ഞു. രണ്ടു മൂന്നു താലൂക്കുകളിലെ സ്വജാതിക്കാരെ നടന്നുവിളിച്ചാണ് ചടങ്ങുകള്‍ക്ക് ആളെ എത്തിക്കാറ്. ഇതില്‍ ഖിന്നനായ ജി. കൃഷ്ണന്‍ വൈദ്യന്‍ തങ്ങള്‍ ക്രിസ്തുമതം സ്വീകരിച്ചാലോ എന്നു ചിന്തിക്കുന്നതായി സരസകവി മൂലൂര്‍ എസ്. പദ്മനാഭ പണിക്കരോടു പറഞ്ഞു.

''വിശ്വാസം തോന്നിട്ടല്ല, സ്വജനലോപത്താല്‍ മാത്രമാണ് മതപരിവര്‍ത്തനത്തിനു ഭാവിച്ചിരിക്കുന്നത്'' എന്നും കൃഷ്ണന്‍ വൈദ്യന്‍ തുറന്നു പറഞ്ഞു.

''അങ്ങനെയാണെങ്കില്‍ ഈഴവനാകുന്നതിന് നിങ്ങള്‍ക്ക് അഭിമതമാണോ'' എന്നായി മൂലൂര്‍. എന്നാല്‍ അത് സാദ്ധ്യമാകുമോയെന്ന ശങ്കയായിരുന്നു കൃഷ്ണന്‍ വൈദ്യന്.

സാദ്ധ്യമാകുമെന്നും നാരായണ ഗുരുവിന്റെ സാന്നിദ്ധ്യത്തില്‍ അത് നടത്താനാവുമെന്നും മൂലൂര്‍ ഉറപ്പുകൊടുത്തു. അതുവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തരുതെന്നും മൂലൂര്‍ ആവശ്യപ്പെട്ടു. കൃഷ്ണന്‍ വൈദ്യന്‍ സമ്മതിച്ചു. മൂലൂര്‍ സംഭവം വര്‍ക്കലയില്‍ നാരായണ ഗുരുവിനെ അറിയിച്ചു. താന്‍ ഉടനെ തിരുവല്ലയില്‍ എത്താമെന്ന് നാരായണ ഗുരു മൂലൂരിനോട് സമ്മതിക്കുകയും ചെയ്തു. ഇതനുസരിച്ച് മലയാള വര്‍ഷം 1094 ഇടവമാസം 21നു വൈകിട്ട് നാരായണ ഗുരു ചെങ്ങന്നൂരിലെത്തി.

ശക്തമായി മഴ പെയ്തു നിന്ന സമയമായിരുന്നു. പമ്പാ നദി കരകവിഞ്ഞു. മുഴുക്കീര്‍ എന്ന സ്ഥലത്തുള്ള കുന്നുമ്പുറത്ത് കൊരക്കേരില്‍ നീലകണ്ഠന്റെ വീട്ടിലാണ് നാരായണ ഗുരുവും ഒപ്പമുണ്ടായിരുന്നവരും താമസിച്ചിരുന്നത്. ആ വീടും പരിസരങ്ങളും തിരുവല്ലയ്ക്കുള്ള റോഡും ഒക്കെ വെള്ളത്തില്‍ മുങ്ങി. 23-ാം തീയതിയായതോടെ ദുര്‍ഘട മാര്‍ഗങ്ങള്‍ താണ്ടി നാരായണ ഗുരുവും സംഘവും കവിയൂര്‍ ക്ഷേത്രത്തിനു വടക്കുവശത്തുള്ള കൊച്ചിക്കച്ചാന്നാരുടെ വീട്ടിലെത്തി. തൊട്ടടുത്ത ദിവസം കൃഷ്ണന്‍ വൈദ്യനേയും അദ്ദേഹത്തിന്റെ ചാര്‍ച്ചക്കാരായ പിച്ചനാട്ടു കുറുപ്പന്മാരേയും അവിടേക്ക് ക്ഷണിച്ചു. അവരെക്കൂടാതെ കവിയൂരിലെ നായര്‍ പ്രമാണിമാരേയും ക്രൈസ്തവ പ്രമാണിമാരേയും ക്ഷണിച്ചു വരുത്തി വലിയൊരു യോഗം ചേര്‍ന്നു.

നായര്‍ പ്രമാണിയായ പെരുവേലി നാരായണപ്പണിക്കര്‍ അടക്കം പ്രസംഗിച്ചു. യോഗത്തിനുശേഷം കൃഷ്ണന്‍ വൈദ്യരെ നാരായണ ഗുരു അടുത്ത് വിളിച്ച് പറഞ്ഞു. ഇന്നു മുതല്‍ നിങ്ങളുടെ കുറുപ്പ് എന്നുള്ള വ്യക്തി പോയിരിക്കുന്നു. ഇവരും നിങ്ങളും മേലില്‍ സ്വജനങ്ങളായിരിക്കണം. നിങ്ങള്‍ക്കു ക്ഷേമമുണ്ടാകുമെന്നും ഗുരു ആശിര്‍വദിച്ചു. അതിനുശേഷം കൃഷ്ണന്‍ വൈദ്യനടക്കം എല്ലാവരേയും മധ്യത്തിലിരുത്തി പന്തിഭോജനവും നടത്തി. ഈ സഹഭോജനം നന്നായി ആസ്വദിച്ച നാരായണ ഗുരു മൂലൂരിനോട് ചോദിച്ചു: ''കുമാരനാശാനും മറ്റുമില്ലാത്ത ധൈര്യം നിങ്ങള്‍ക്കെങ്ങനെയുണ്ടായി''

അങ്ങനെ സഹഭോജനത്തിലൂടെ ഈഴവീകരിക്കപ്പെട്ട കൃഷ്ണന്‍ വൈദ്യന്‍ കുറെ വര്‍ഷങ്ങള്‍ക്കുശേഷം പൂവത്തൂരിലെ വസതി വെടിഞ്ഞു ചങ്ങനാശ്ശേരി ടൗണില്‍ ഒരു വൈദ്യശാല സ്ഥാപിക്കുകയും വാഴപ്പള്ളിയില്‍ സ്ഥിരതാമസം ആരംഭിക്കുകയും ചെയ്തു. സ്ഥലത്തെ പ്രധാന ഈഴവനായി കൃഷ്ണന്‍ വൈദ്യന്‍ അതിനകം മാറിക്കഴിഞ്ഞിരുന്നു. ഈ ഘട്ടത്തിലാണ് ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ ഒരു ഈഴവ അംഗത്തെ എടുക്കുന്നതിനുള്ള ആലോചനയിലേക്ക് അധികൃതര്‍ കടന്നത്.

ചങ്ങനാശ്ശേരി ടൗണില്‍ അക്കാലത്തുണ്ടായിരുന്ന ഈഴവരില്‍ ഈ സ്ഥാനത്തിന് സര്‍വഥാ യോഗ്യന്‍ കൃഷ്ണന്‍ വൈദ്യനാണെന്ന ജനഹിതം മനസ്സിലാക്കി തഹസീല്‍ദാര്‍ അദ്ദേഹത്തിന്റെ പേര് ഹജൂരിലേക്ക് എഴുതി അറിയിച്ചു. ഇതറിഞ്ഞതോടെ പ്രദേശത്തെ ഈഴവരൊക്കെ വല്ലാതെ പ്രകോപിതരായി. അവര്‍ പ്രതിഷേധം ഉയര്‍ത്തി. അതുകൊണ്ടും അവസാനിച്ചില്ല. കൃഷ്ണന്‍ വൈദ്യനെ മുനിസിപ്പല്‍ അംഗമാക്കില്ലെന്നുറച്ച അവര്‍ ഹജൂര്‍ കച്ചേരിയില്‍ വ്യവഹാരവുമായെത്തി. കൃഷ്ണന്‍ വൈദ്യന്‍ ഈഴവനല്ലെന്നും കാണിക്കുറുപ്പാണെന്നുമായിരുന്നു അവരുടെ പരാതിയിലെ പ്രധാനവാദം. ഈഴവനായി ജനിക്കാത്തതിനാല്‍ അവര്‍ക്കായി നിജപ്പെടുത്തിയ അംഗത്വത്തിന് അര്‍ഹതയില്ല. വാദവും പ്രതിവാദവുമായി കേസ് വളര്‍ന്നു.

അന്നത്തെ ഹജൂര്‍ സെക്രട്ടറി സാക്ഷാല്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ ആയിരുന്നു. വിധി തീര്‍പ്പിന് മുന്‍പ് ഉള്ളൂര്‍ മൂലൂരിനോട് ഇക്കാര്യത്തില്‍ അഭിപ്രായം ചോദിച്ചു. സംഭവഗതിയുടെ ഭൂതവൃത്താന്തങ്ങളെല്ലാം വിശദമായി മൂലൂര്‍ വിവരിച്ചു കേള്‍പ്പിച്ചു. മൂലൂരിന് നേരിട്ട് അറിയുന്ന കാര്യങ്ങളാണത്. നാരായണ ഗുരുവിന്റെ കത്തുമായി വന്നാല്‍ ഈഴവനാണെന്ന് അംഗീകരിക്കാമെന്ന നിലപാടിലേക്ക് ഉള്ളൂരെത്തി. മൂലൂര്‍ തന്നെ ഒരു കത്തും കൊടുത്ത് അപ്പോള്‍ ആലുവ അദ്വൈതാശ്രമത്തിലായിരുന്ന നാരായണ ഗുരുവിന്റെ അടുത്തേക്ക് ആളെ അയച്ചു. മൂലൂരിന്റെ മകന്‍ ഗംഗാധരന്‍ അവിടത്തെ സംസ്‌കൃത പാഠശാലയില്‍ പഠിക്കുന്നുണ്ടായിരുന്നു. ഗംഗാധരന്‍ കാര്യം നാരായണഗുരുവിന്റെ മുന്നില്‍ അവതരിപ്പിച്ചു.

നാരായണ ഗുരു സസന്തോഷം സര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുത്തു. '' ഈ കൃഷ്ണന്‍ വൈദ്യന്‍ ഒരു പരിശുദ്ധനായ ഈഴവനാണ്. പരിശുദ്ധനായ ഈഴവന്‍ എന്നാല്‍ 'ചെത്താത്ത ഈഴവന്‍' എന്നാണ് അര്‍ത്ഥം.'' ഈ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ കൃഷ്ണന്‍ വൈദ്യന്‍ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ ഈഴവാംഗമായി. പിന്നീട് ചങ്ങനാശേരി ആനന്ദാശ്രമത്തിലെ സ്വാമി നാരായണതീര്‍ത്ഥരുടേയും മറ്റും പരിശ്രമങ്ങള്‍ കൊണ്ട് ഈഴവര്‍ തങ്ങളുടെ അവസരം തട്ടിയെടുത്ത കാണിക്കുറിപ്പിനെ ഉള്‍ക്കൊള്ളാനും തയാറായി.

ഇക്കാലത്ത് ഇതെന്തിനെഴുതുന്നുവെന്ന് ആരാഞ്ഞ് ഇതെഴുതുന്നയാളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നവരുണ്ടാകാം. ജാതി മതങ്ങള്‍ക്ക് അതീതമായ മനുഷ്യത്വത്തില്‍ ഊന്നിയ ദാര്‍ശനികനായ നാരായണഗുരുവിനും ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട സാഹചര്യം ഉണ്ടായി എന്നു സൂചിപ്പിക്കുകമാത്രമാണിവിടെ ചെയ്യുന്നത്. ഒരു കുതൂഹലം മാത്രം.
(അവലംബം: 1. മായാത്ത ഓര്‍മ്മകള്‍-സരസകവി മൂലൂര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം
2. നാരായണ ഗുരു-പി.കെ. ബാലകൃഷ്ണന്‍, ഡിസി ബുക്‌സ്, കോട്ടയം
3. നാരായണ ഗുരു-കെ.എന്‍. ഷാജി, കറന്റ് ബുക്‌സ്, തൃശൂര്‍
4. കേരള ജാതി വിവരണം- നെല്ലിക്കല്‍ മുരളീധരന്‍, റെയിന്‍ബോ ബുക്‌സ്, ചെങ്ങന്നൂര്‍)Next Story

Related Stories