TopTop
Begin typing your search above and press return to search.

കൊറോണയോടൊപ്പം ജീവിക്കാനുള്ള പ്രാപ്തി നമ്മള്‍ നേടിയോ? തെളിവിന് വേറെങ്ങും പോകണ്ട; ഒരു 10-ാം ക്ലാസുകാരിയുടെ പിതാവിന്റെ അനുഭവം‌

കൊറോണയോടൊപ്പം ജീവിക്കാനുള്ള പ്രാപ്തി നമ്മള്‍ നേടിയോ? തെളിവിന് വേറെങ്ങും പോകണ്ട; ഒരു 10-ാം ക്ലാസുകാരിയുടെ പിതാവിന്റെ അനുഭവം‌

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ തലേ ദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു അഴിമുഖത്തോട് പറഞ്ഞു. "കോവിഡ് കാലത്ത് ഇപ്പോള്‍ പരീക്ഷ നടത്തുന്നതെന്തിനെന്ന് പലരും സംശയം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ നമ്മുടെ സാഹചര്യത്തെ അതിജീവിക്കാന്‍ കൂട്ടായി നടത്തുന്ന പരിശ്രമമായാണ് പരീക്ഷ നടത്തിപ്പിനെ കാണേണ്ടത്. കോവിഡ് എന്ന് ഇല്ലാതാവുമെന്നോ, എല്ലാം സാധാരണ നിലയില്‍ ആവുമെന്നോ പറയാനാവാത്ത സാഹചര്യമാണുള്ളത്. ഒരുപക്ഷേ കേരളത്തില്‍ ഇനിയും കോവിഡ് ബാധിതരുടെ എണ്ണം കൂടിയേക്കാം. അങ്ങനെ വരുമ്പോള്‍ പരീക്ഷകള്‍ നടക്കാതെ ആയിപ്പോവരുത്."

ചിലപ്പോള്‍ കോറോണയോടൊപ്പം എങ്ങനെ ജീവിക്കാം എന്നതിന് കേരളം രാജ്യത്തിനും ലോകത്തിനും മുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്ന മാതൃകയായിരിക്കാം മാറ്റിവെച്ച ഈ പരീക്ഷകളുടെ നടത്തിപ്പ്. അതുകൊണ്ട് തന്നെ ഏറെ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങള്‍ തന്നെ വേണമായിരുന്നു. ഒരു ചെറിയ പാളിച്ചയ്ക്ക് പോലും വലിയ നല്‍കേണ്ടി വരുന്ന സ്ഥിതിയുണ്ടായേക്കാം. പ്രത്യേകിച്ചും കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ചില നേതാക്കള്‍ കുട്ടികളുടെ ജീവന്‍ കൊണ്ട് പന്താടുകയാണ് സര്‍ക്കാര്‍ എന്നൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍.

ഒരു പത്താം ക്ലാസുകാരിയുടെ പിതാവെന്ന നിലയില്‍ മകളേയും കൊണ്ട് സ്കൂളില്‍ പോയ എനിക്ക് കാണാന്‍ കഴിഞ്ഞത് കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം തന്നെയാണ്. സ്കൂള്‍ ഗേറ്റില്‍ പോലീസ്, ഹാന്‍ഡ് സാനിറ്റൈസറുമായി മാസ്കിട്ട സ്കൂള്‍ സെക്യൂരിറ്റി, തെര്‍മല്‍ സ്കാനറുമായി മറ്റൊരു സെക്യൂരിറ്റി, അധ്യാപകര്‍. എത്തുന്ന ഓരോ കുട്ടിയും ഗേറ്റിന് മുന്നില്‍ ആദ്യം സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുന്നു. ഗേറ്റ് കടന്നു അകത്തുകടന്ന ഉടനെ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് ശരീര ഊഷ്മാവ് അളക്കുന്നു. പിന്നെ കുട്ടികളെ ഒരു മീറ്റര്‍ അകലത്തില്‍ അകത്തേക്ക് കടത്തി വിടുന്നു. സമാനമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച പരീക്ഷഹാളിലേക്ക് കയറുമ്പോഴും ഉണ്ടായിട്ടുണ്ട് എന്നതുറപ്പ്. അത് സംബന്ധിച്ച വാര്‍ത്തകള്‍ രാവിലെ മുതല്‍ മാധ്യമങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു.

എന്നാല്‍ വൈകുന്നേരം പരീക്ഷ കഴിഞ്ഞു വരുമ്പോഴുള്ള സ്ഥിതിയോ? രാവിലെ കാണിച്ച ജാഗ്രത എന്താണ് വൈകുന്നേരം കാണാതിരുന്നത്? ഗെയ്റ്റിനു സമീപത്തായി മാതാപിതാക്കള്‍ കൂടി നില്‍ക്കുന്നു. ഒരു പോലീസുകാരനുണ്ട്; സ്കൂള്‍ സെക്യൂരിറ്റിയും. നാലരയ്ക്ക് കുട്ടികള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ അന്‍പതോളം വരുന്ന മാതാപിതാക്കള്‍ സ്കൂള്‍ ഗെയ്റ്റിലേക്ക് നീങ്ങി. കൂട്ടം കൂടി നിന്നിരുന്ന അവരുടെ ഇടയിലൂടെ വേണം ഓരോ കുട്ടിക്കും വരാന്‍. അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റിയോട്, ആളുകളോട് അകലം പാലിച്ചു നില്‍ക്കാന്‍ പറയാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്തുകാര്യം? ഇത് കണ്ട് മാറി പകച്ചു നിന്ന ഒരാള്‍ പരിഹാസത്തോടെ പറഞ്ഞു "ആരെങ്കിലും കൊത്തിക്കൊണ്ടു പോയാലോ കുട്ടികളെ?"

ഇത് വഴുതക്കാട് കാര്‍മല്‍ സ്കൂള്‍ പരിസരത്തെ കാഴ്ച. മകളേയും കൂട്ടി വരുമ്പോള്‍ കോട്ടണ്‍ ഹില്‍ സ്കൂളിന് മുന്നില്‍ വന്‍ ബ്ളോക്ക്. റോഡിന്റെ രണ്ടു സൈഡിലും കുട്ടികളെ പിക്ക് ചെയ്യാന്‍ വന്ന മാതാപിതാക്കളുടെ വണ്ടികള്‍, പോലീസ്, മാധ്യമ പ്രവര്‍ത്തകര്‍. ആകെ ബഹളം. എവിടേയും കണ്ടില്ല ശാരീരിക അകലവും ബ്രേക്ക് ദി ചെയിനും.

ഇതെല്ലാം കണ്ട് വീട്ടിലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതിദിന ബ്രീഫിംഗ് തുടങ്ങിയിരുന്നു. സംസ്ഥാനത്ത് 67 കോവിഡ് കേസുകള്‍. സാമൂഹ്യ വ്യാപനം ഉണ്ടോ എന്നു ഭയപ്പെടേണ്ട സാഹചര്യം എന്നു മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൌണ്‍ പിന്‍വലിച്ച് കൊറോണയോടൊപ്പം ജീവിക്കാന്‍ തയ്യാറെടുക്കുന്ന നമ്മളെയാണ് ഇന്നലെ രണ്ട് സ്കൂളിന്റെ മുന്നിലും കണ്ടത്. കൊറോണയോടൊപ്പം ജീവിക്കാനുള്ള പ്രാപ്തി നമ്മള്‍ നേടിയോ? സംശയമാണ്...

"വിദ്യാഭ്യാസ വകുപ്പിന് സാധിക്കാവുന്ന തരത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇത് 100 ശതമാനം എല്ലായിടത്തും വിജയകരമായി നടക്കും എന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. എത്രത്തോളം വിജയകരമായിരുന്നു എന്ന് പരീക്ഷകള്‍ അവസാനിച്ചതിന് ശേഷം പറയാം", അഴിമുഖം റിപ്പോര്‍ട്ടില്‍ ജീവന്‍ ബാബു ഐ എ എസ് പറഞ്ഞു നിര്‍ത്തുന്നത് ഇങ്ങനെയാണ്.

NB - ഇന്നലെ ശ്രദ്ധയില്‍ പെട്ട ഒരു കാര്യം കൂടി പറയാതെ വയ്യ. സാമൂഹ്യ അകലം പാലിച്ച് പരീക്ഷ എഴുതാന്‍ ഇരിക്കുന്ന കുട്ടികളുടെ ഇടയിലേക്ക് ഒരു ചാനല്‍ ക്യാമറമാന്‍. മാധ്യമങ്ങള്‍ക്ക് അടുപ്പിലും തൂറാമെന്നാണോ?


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories