TopTop
Begin typing your search above and press return to search.

സുനില്‍ പി ഇളയിടം സംസാരിക്കുന്നു: മനുഷ്യര്‍ കീടങ്ങളെ പോലെ പരിഗണിക്കപ്പെടുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ചെറുതല്ല, സാമൂഹ്യ ജീവിതം തടസപ്പെട്ട കാലത്ത് എനിക്ക് മാത്രമായിട്ടെന്ത് സര്‍ഗാത്മകത?

സുനില്‍ പി ഇളയിടം സംസാരിക്കുന്നു: മനുഷ്യര്‍ കീടങ്ങളെ പോലെ പരിഗണിക്കപ്പെടുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ചെറുതല്ല, സാമൂഹ്യ ജീവിതം തടസപ്പെട്ട കാലത്ത് എനിക്ക് മാത്രമായിട്ടെന്ത് സര്‍ഗാത്മകത?

വ്യക്തിയുടെ ആരോഗ്യമെന്നത് ഒരു സാമൂഹ്യ വിഷയമായി കണ്ടുകൊണ്ടുള്ള ഇടപെടല്‍ നടത്തിയെന്നതാണ് മാരകമായ വൈറസിനെതിരായ യുദ്ധത്തില്‍ കേരളത്തിന് മേല്‍ക്കൈ ലഭിക്കാന്‍ കാരണമെന്ന് പ്രശ്‌സത പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം പറയുന്നത്. ഈ പരമ്പരയില്‍ തന്റെ ലോക്ഡൗണ്‍ കാലത്തെ തന്റെ ചിന്തകള്‍ പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതം മൊത്തം സ്തംഭിച്ച അവസ്ഥയിലായി. പതിവ് പോലെയുള്ള ജോലിക്ക് പോക്കില്ല. അതുകൊണ്ട് തന്നെ രാവിലെയുള്ള എഴുന്നേല്‍ക്കല്‍, എഴുത്ത്, വായന എന്നിവയെല്ലാം സ്തംഭിച്ച അവസ്ഥയാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴേക്കും പത്രം വന്നിട്ടുണ്ടാകും. പിന്നെ വാര്‍ത്തകളെല്ലാം നോക്കി ഇരിപ്പാകും. എന്നെ സംബന്ധിച്ച് പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം പത്താം തീയതി രാവിലെ ഒരു മീറ്റിംഗില്‍ പങ്കെടുത്ത ശേഷം മീറ്റിംഗുകളിലൊന്നും പങ്കെടുത്തിട്ടില്ല. പത്തിരുപത്തിയഞ്ച് വര്‍ഷമായിട്ട് ഇത് ആദ്യമായായിരിക്കും ഇത്രയും ദിവസം ഞാന്‍ മീറ്റിംഗുകളിലൊന്നും പങ്കെടുക്കാതിരിക്കുന്നത്.ലോക്ഡൗണ്‍ കാലം വായനയ്ക്കും എഴുത്തിനുമൊക്കെ അനുകൂലമാണെന്ന് പൊതുവെ തോന്നുമെങ്കിലും വാസ്തവത്തില്‍ അങ്ങനെയല്ല എനിക്ക് അനുഭവപ്പെട്ടത്. നമ്മുടെ സാമൂഹിക ജീവിതം സ്തംഭിച്ചിരിക്കുമ്പോള്‍ ചിന്തിക്കാനും എഴുതാനും വായിക്കാനുമുള്ള മാനസികാവസ്ഥ ഉണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ച് അങ്ങനെയാണ്. വായന നടക്കുന്നില്ല എന്നല്ല ഞാനുദ്ദേശിച്ചത്. മറ്റു ദിവസങ്ങളില്‍ നടന്നതിനേക്കാള്‍ വളരെ കൂടുതലൊന്നും ഇപ്പോള്‍ നടക്കുന്നില്ല. മുഴുവന്‍ സമയം കിട്ടിയെന്നത് കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല. എന്നാല്‍ വളരെക്കാലം കൂടിയിരുന്ന് കുറെയേറെ ദിവസം വീട്ടില്‍ത്തന്നെയിരിക്കുന്നതിനാല്‍ പലപ്പോഴായി മാറ്റിവച്ച ചെറിയ ചെറിയ ജോലികള്‍ തീര്‍ത്തു കൊണ്ടിരിക്കുകയാണ്. പുസ്തകം അടുക്കിപ്പെറുക്കലും വൃത്തിയാക്കലും എല്ലാം നടക്കുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറ്റ് പല കാര്യങ്ങളിലും തിരക്കിലായി പോയിരുന്നതിനാല്‍ ചെയ്ത് തീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അതെല്ലാം ഒരു ദിവസം രണ്ടും മൂന്നും മണിക്കൂര്‍ ചെലവഴിച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. അതെല്ലാം ഏകദേശം കഴിയുകയും ചെയ്തു. എന്നാല്‍ സാമൂഹിക ജീവിതം തടസ്സപ്പെട്ടിരിക്കുന്ന കാലത്ത് എനിക്ക് മാത്രമായി ഒരു സര്‍ഗാത്മകതയുടെ ഇടം ഉണ്ടെന്ന് തോന്നുന്നില്ല.

എന്നാല്‍ മക്കള്‍ രണ്ടു പേരും ഇപ്പോള്‍ അടുത്തുണ്ട്. ഒരാള്‍ ബംഗളൂരുവിലും മറ്റേയാള്‍ ഡല്‍ഹിയിലുമാണ്. ഇപ്പോള്‍ രണ്ടാളും കൊച്ചിയിലുണ്ട്. ഒരുപാട് കാലത്തിന് ശേഷമാണ് രണ്ട് പേരെയും ഒരുമിച്ച് അടുത്തു കിട്ടുന്നത്. മറ്റേത്, മൂന്ന് മാസമോ ആറ് മാസമോ കൂടുമ്പോള്‍ ഏതാനും ദിവസങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അവര്‍ വന്നിരുന്നത്. അതും പല പല തിരക്കുകള്‍ കാരണം ഓരോരുത്തരും ഓരോ സമയത്താകും കണ്ടുമുട്ടുക. എന്നാല്‍ ജോലിത്തിരക്കുകളുടെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ഒരുമിച്ചിരിക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ ഒരു സന്തോഷം. എന്നാല്‍ എന്നെ സംബന്ധിച്ച് സമൂഹ ജീവിതം ഇങ്ങനെ സ്തംഭിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ നമ്മള്‍ നങ്കൂരമിട്ട് നില്‍ക്കുന്ന ഇടം ഇല്ലാണ്ടായി പോകുന്നുണ്ട്. സമൂഹത്തിന്റെ ജീവിതവും ചലനവും ഇല്ലാതാകുന്നു. അങ്ങനെ വരുമ്പോള്‍ നമ്മളൊരു പൊങ്ങുതടി പോലെയായി പോകും. എന്തായാലും ഇതിനിടയില്‍ എനിക്ക് വലിയൊരു ബോറടിയോ ക്രൈസിസോ ഒന്നും ഫീല്‍ ചെയ്തില്ല. എന്നാല്‍ സര്‍ഗാത്മകമായ പ്രക്രിയകളൊന്നും നടക്കുന്നില്ല. സുഹൃത്തുക്കളെയെല്ലാം വിളിച്ച് സംസാരിക്കാന്‍ സാധിക്കുന്നുണ്ട്. തിരക്കുകളൊന്നുമില്ലാതെ ശാന്തമായിരിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പല പല ജീവിത പ്രശ്‌നങ്ങള്‍ നമ്മുടെ മുന്നില്‍ അനുദിനം കാണുമ്പോള്‍ ആ സ്വസ്ഥത നശിക്കുന്നു. അത് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. മനുഷ്യരെ റോഡില്‍ നിരത്തിയിരുത്തി രാസവസ്തുക്കള്‍ അടിച്ച് കയറ്റുന്നതിന്റെ ചിത്രങ്ങള്‍ നമുക്ക് മുന്നിലേക്ക് വരുന്നു. മനുഷ്യര്‍ കീടങ്ങളെ പോലെ പരിഗണിക്കപ്പെടുന്നു. അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചെറുതല്ല. അതൊരു യാഥാര്‍ത്ഥ്യമായി മുന്നില്‍ വരുമ്പോള്‍ വലിയൊരു സ്വസ്ഥത അനുഭവിക്കാന്‍ വലിയ പ്രയാസമാണ്. തിരക്കില്ല എന്നത് സത്യമാണെങ്കിലും ആ തിരക്കില്ലായ്മയില്‍ മാനസികമായ ഒരു സ്വസ്ഥതയുണ്ടാക്കാന്‍ സാധിക്കുന്നുണ്ടോയെന്ന കാര്യം സംശയമാണ്. ഭൗതികമായ തിരക്കില്ലായ്മയെ മാനസികമായി ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.21 ദിവസത്തിന് ശേഷവും ലോക്ഡൗണ്‍ തുടരാനുള്ള സാധ്യതകളാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോക്ഡൗണ്‍ നീട്ടിക്കൊണ്ട് പോകേണ്ടതായി വന്നേക്കാം. പല പടിഞ്ഞാറന്‍ സര്‍വകലാശാലകളുടെയും റിപ്പോര്‍ട്ട് അനുസരിച്ച് ജൂണിലേക്കോ ജൂലൈയിലേക്കോ ഒക്കെ ലോക്ഡൗണ്‍ നീട്ടേണ്ടി വന്നേക്കാം. എന്തായാലും ഒറ്റയടിക്ക് ഇത് അവസാനിപ്പിക്കില്ലെന്ന് ഉറപ്പാണ്. അണുവ്യാപനം പൂജ്യത്തിലെത്തിക്കുന്നത് വളരെ സുദീര്‍ഘമായ ഒരു പ്രോസസ് ആയിരിക്കുന്നാണ് പലരും പറയുന്നത്. നമ്മുടെ ജീവിതത്തെ വഴിതിരിച്ച് വിടുന്ന ഒരു സന്ദര്‍ഭമായി ഇത് മാറുമെന്നാണ് എനിക്ക് തോന്നുന്നത്. പഴയ മട്ടിലുള്ള ജീവിതത്തിലേക്ക് ഇനി നാം തിരിച്ചു പോകുമോയെന്ന് സംശയമാണ്. പുതിയ പാറ്റേണിലേക്ക് ജീവിതക്രമങ്ങളും ലോകക്രമങ്ങളും വഴിതിരിഞ്ഞ് വരുമോയെന്ന് സംശയിക്കേണ്ടതുണ്ട്. ഇപ്പോള്‍ നമ്മള്‍ കാണുന്ന ലോകക്രമം യാതൊരു മാറ്റവുമില്ലാതെ അതേപടി ആവര്‍ത്തിക്കുമോ എന്ന് പലരും സംശയം പറയുന്നുണ്ട്. എനിക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്.അണുവ്യാപനം തടയാന്‍ ലോക്ഡൗണ്‍ അല്ലാതെ വേറെ വഴിയില്ലെന്നത് വസ്തുതയാണ്. പക്ഷെ പൂര്‍ണമായും രോഗാണുമുക്തമാക്കാന്‍ സാധിക്കുമോയെന്ന് സംശയമാണ്. ഇതിന്റെ പ്രശ്‌നമെന്താണെന്ന് വച്ചാല്‍ ആരോഗ്യമെന്നത് ഒരു സാമൂഹികപ്രശ്‌നമാണെന്ന് നാം എത്രത്തോളം മനസിലാക്കിയിട്ടുണ്ടെന്ന് സംശയമാണ്. ആര്‍ക്കാണ് വീട്ടിലിരിക്കാന്‍ പറ്റുക? താരതമ്യേന സ്വകാര്യതയും സ്വസ്ഥതയുമുള്ള വീടുള്ളവര്‍ക്കല്ലേ വീട്ടിലിക്കാന്‍ പറ്റൂ? ഒരു മുറിയില്‍ നാലും അഞ്ചും പേര്‍ കിടന്നുറങ്ങുന്ന കൂരകളില്‍ അമ്പതും അറുപതും ശതമാനം മനുഷ്യര്‍ ഇന്ത്യയില്‍ കഴിയുന്നുണ്ട്. സാമൂഹിക അകലം, ലോക്ഡൗണ്‍ എന്നിവ അവരുടെ ജീവിതത്തിലെങ്ങനെയാണ് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നത്? മുംബൈ പോലുള്ള മഹാനഗരങ്ങളില്‍ ചെന്നാല്‍ റെയില്‍വേ ട്രാക്കുകളുടെ വശങ്ങളില്‍ പോലും കിടന്നുറങ്ങുന്നവരെ കാണാം. അവര്‍ക്ക് വീട് എന്നത് രാത്രി വന്നു കയറുന്ന സ്ഥലം മാത്രമാണ്. 24 മണിക്കൂറും വീട്ടിലിരിക്കാന്‍ പറ്റിയ വീടുകള്‍ ഇന്ത്യയിലെ ഭൂരിപക്ഷത്തിനും ഇല്ല. മധ്യവര്‍ഗ്ഗത്തിനും ഉപരിവര്‍ഗ്ഗത്തിനും മാത്രമേ അങ്ങനെ ഇവിടെ വീടുള്ളൂ. അങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങളുണ്ട്. ലോക്ഡൗണിലൂടെ വീടുകളുള്ളവര്‍ക്കിടയിലെ അണുവ്യാപനം മാത്രമേ തടയാന്‍ കഴിയൂ. അല്ലാത്തവരെന്തു ചെയ്യും?മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക കേരളത്തിലിപ്പോഴും ബാക്കി നില്‍ക്കുന്നതുകൊണ്ടാണ് നമുക്കത് ചെറുക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ലോകത്തിലെ 90 ശതമാനം സ്ഥലങ്ങളിലും ആരോഗ്യകാര്യത്തില്‍ കണ്‍സേണ്‍ ഇല്ല. ആ കണ്‍സേണ്‍ ഇല്ലായ്മ തന്നെയാണ് കൊറോണയുടെ മാരകമായ വളര്‍ച്ചയ്ക്ക് കാരണമായത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ മാത്രമുണ്ടായതു കൊണ്ട് കാര്യമില്ല. നമുക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററും വേണം. കാരണം അവിടെയാണ് ഏറ്റവും അവസാനത്തെ മനുഷ്യനും ചികിത്സ തേടാന്‍ പറ്റുക. കഴിഞ്ഞ പത്ത് മുപ്പത് വര്‍ഷമായി ലോകം ചെയ്ത ഒരു കാര്യം താഴേക്കിടയിലുള്ള അമ്പത് ശതമാനം വരുന്നവരുടെ ആരോഗ്യപരിപാലനം പൂര്‍ണമായും ഇല്ലാതാക്കി എന്നതാണ്. ആരോഗ്യമെന്നത് ഒരു വ്യക്തിപരമായ വിഷയമല്ലെന്നും സാമൂഹിക വിഷയമാണെന്നും നമ്മള്‍ ഇനിയെങ്കിലും മനസിലാക്കണം. മുമ്പ് അങ്ങനെയുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ആ കാഴ്ചപ്പാട് തീര്‍ത്തും ഇല്ലാതായി.തയാറാക്കിയത്: അരുണ്‍ ടി. വിജയന്‍ Also Read:കൊറോണക്കാലത്തെ മലയാളി ജീവിതം


Next Story

Related Stories