TopTop
Begin typing your search above and press return to search.

തബ്ലീഗ് സമ്മേളന ദിവസങ്ങളിലോ ശേഷമോ നടന്ന മറ്റ് ആഘോഷങ്ങളും ചടങ്ങുകളും എന്തുകൊണ്ട് വാര്‍ത്തയാകുന്നില്ല?

തബ്ലീഗ് സമ്മേളന ദിവസങ്ങളിലോ ശേഷമോ നടന്ന മറ്റ് ആഘോഷങ്ങളും ചടങ്ങുകളും എന്തുകൊണ്ട് വാര്‍ത്തയാകുന്നില്ല?

രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതില്‍ പറ്റിയ വീഴ്ചകളെ മറച്ചുപിടിക്കാന്‍ തബ്ലീഗ് ജമാഅത്ത് വഴി മുസ്ലിം സമുദായത്തെ മൊത്തം പൈശാചികവത്ക്കരിക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. വലതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണത്തിന് 'നിസാമുദ്ദീന്‍ ഇഡിയറ്റ്‌സ്', 'നിസാമുദ്ദീന്‍ ടെററിസ്റ്റ്‌സ്' എന്നൊക്കെയായിരുന്നു ആദ്യമാദ്യം ട്വീറ്റുകളില്‍ ഇടംപിടിച്ചതെങ്കില്‍, പിന്നീട് 'ഗ്രീന്‍ കൊറോണ വൈറസ്' എന്നായി. പച്ച വെറുമൊരു കളറല്ലെന്നും, പച്ച ബ്ലൗസും പച്ച ബോര്‍ഡും പച്ച കോട്ടും പോലെത്തന്നെ വര്‍ഗീയവും വംശീയവുമായ അപരവത്ക്കരണത്തിന് ഇന്ത്യയിലെ ഹിന്ദുത്വ പൊതുബോധം നിര്‍മ്മിച്ചെടുത്തിട്ടുള്ള 'മുസ്ലീം വില്ല'ന്റെ സ്വത്വപ്രതിനിധാനത്തിന്റെ ഭാഗം കൂടിയാണ് എന്ന് തിരിച്ചറിയുമ്പോള്‍ മനസ്സിലാക്കാം, ഈ വിദ്വേഷം തബ്ലീഗ് ജമാഅത്തിനെതിരല്ല മറിച്ച്, മുസ്ലിം സമുദായത്തിനെതിരാണ് എന്ന്. മുസ്ലിം ലീഗ് പാര്‍ട്ടിയെ മുമ്പ് യോഗി ആദിത്യനാഥ് പച്ച വൈറസ് എന്ന് വിശേഷിപ്പിച്ചതും പച്ച, മുസ്ലിം ലീഗിന്റെ കൊടിയുടെ നിറമായതുകൊണ്ട് മാത്രമല്ലെന്ന് ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. ഒടുവില്‍ മുസ്ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സംഘ്പരിവാര കണ്ടുപിടിത്തങ്ങള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത പദപ്രയോഗമായ 'ജിഹാദ്' കൊറോണയിലും പ്രത്യക്ഷമായി. പോയവാരത്തിലെ പ്രധാന ഹാഷ്ടാഗ് കാംപയിനുകളിലൊന്നായ 'കൊറോണ ജിഹാദി'നെക്കുറിച്ച് ട്വീറ്റ് ചെയ്തതാകട്ടെ ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കളായ ബി.എല്‍ സന്തോഷ്, ഗൗതം ഗംഭീര്‍ പോലുള്ളവരും. ഒരു മുന്നൊരുക്കവുമില്ലാതെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും നിങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെത്തന്നെ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത പ്രധാനമന്ത്രിയെ അനുസരിച്ചതാണ് തബ്ലീഗ് ജമാഅത്തില്‍ പങ്കെടുത്ത് മടക്കയാത്രയ്ക്ക് പ്രയാസപ്പെട്ടവര്‍ ചെയ്ത തെറ്റ്.

മാധ്യമ പിന്തുണ

പല നാളായി തുടരുന്ന ഇസ്ലാമോഫോബിയ കാമ്പയിന് ഇത്തവണയും 'ഗോഡി മീഡിയ'യുടെ പരിപൂര്‍ണ്ണ പിന്തുണയുണ്ട് എന്നത് ഒട്ടും ഞെട്ടലുളവാക്കാതെയായി. ജമാഅത്തില്‍ പങ്കെടുത്ത ചെന്നൈയില്‍ നിന്നുള്ള 18 പേര്‍ ആരോഗ്യപ്രവര്‍ത്തകരെ കാണുകയും അവരുടെ ടെസ്റ്റ് നടക്കുന്നതിനും മുമ്പ് തന്നെ കൊറോണ സ്ഥിരീകരിച്ചു എന്ന വാര്‍ത്തകള്‍ വന്നതും ഈ പിന്തുണയുടെ ഫലമായാണ്. ഡല്‍ഹിയില്‍ നിന്ന് ജമാഅത്ത് കഴിഞ്ഞ് മടങ്ങിയവരില്‍ പോസിറ്റീവ് റിസള്‍ട്ട് കാണിച്ചിട്ടില്ല എന്ന് കര്‍ണൂല്‍ എം.പി ഡോ. സഞ്ജീവ് കുമാറിന് വിശദീകരിക്കേണ്ടി വന്നതും വ്യാജ വാര്‍ത്തകളാല്‍ മാധ്യമങ്ങള്‍ കളം നിറഞ്ഞതിനാലാണ്. 'കൊറോണ വ്യാപനത്തിലെ ജമാഅത്തിന്റെ റോള്‍ എന്ത്', 'കൊറോണ ജിഹാദില്‍ നിന്നും രാജ്യത്തെ രക്ഷിക്കൂ', ഇങ്ങനെ തുടങ്ങി ചാനല്‍ ചര്‍ച്ചകളിലെ വിഷയങ്ങള്‍ വ്യത്യസ്തമെങ്കിലും എബിപി ന്യൂസ് മുതല്‍ സുദര്‍ശനം വരെയുള്ള പല ചാനലുകള്‍ക്കും സ്വരം ഒന്ന് തന്നെയായിരുന്നു.

റിപ്പബ്ലിക്ക് ടിവിയില്‍ മര്‍കസിന്റെ പക്ഷത്ത് നിന്ന് സംസാരിക്കുന്ന മൗലവിയോട്, സഹോദരന്‍ എന്ന അര്‍ത്ഥത്തില്‍ 'ഭായി' എന്ന് സംബോധന ചെയ്യേണ്ടതില്ല, ഞാന്‍ നിന്റെ ഭായിയല്ല എന്ന് പറയുകയും പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്നയാളോട് ശബ്ദം താഴ്ത്താന്‍ വേണ്ടി അഞ്ചാറ് തവണ ആക്രോശിക്കുകയും ചെയ്തത് മുസ്ലിം അപരനോടുള്ള വെറുപ്പിന്റെ പ്രകടനമാണ്. തബ്ലീഗ് ജമാഅത്തിന്റെ പ്രതിനിധികളെ ചാനല്‍ ചര്‍ച്ചയിലേക്ക് ക്ഷണിച്ച് 'താലിബാന്‍ ജമാഅത്തി'ന്റെ വക്താക്കള്‍ എന്ന് പരിചയപ്പെടുത്തുകയും ഒടുവില്‍ തെറ്റ് പറ്റിയിട്ടുണ്ട് തിരുത്തണം എന്നാവശ്യപ്പെടുമ്പോള്‍ നുണ പറയേണ്ട, ചെവി ചികിത്സിച്ചോ എന്നൊക്കെ ന്യൂസ് സ്‌റ്റേറ്റ് അവതാരകന്‍ ക്രൂരമായി പ്രതികരിക്കുന്നത് വിധിന്യായത്തിന്റെ ഭാഗമാണ്; മുസ്ലിംകളെക്കുറിച്ച് സൃഷ്ടിക്കപ്പെട്ട മുന്‍ധാരണകള്‍ അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ്.

മലയാള മനോരമയും 24 ന്യൂസും 'തബ്ലീഗ് കോവിഡ് കേരളത്തിലും' എന്ന് ബ്രേക്കിംഗ് ന്യൂസ് ഇട്ടെങ്കിലും പ്രതിഷേധമുയര്‍ന്നപ്പോള്‍ മാറ്റുകയാണുണ്ടായത്. മാനുഷികമായ ടൈപ്പിംഗ് മിസ്‌റ്റേക്ക് എന്ന് പറയുന്നെങ്കിലും വിഷപ്രചാരകരായ ദേശീയ ചാനലുകള്‍ ഇവരെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് പഠിക്കുന്നത് സ്വയം വിലയിരുത്തലിന് ഉപകരിക്കും. രാമായണം പുന:സംപ്രേക്ഷണം ചെയ്യാന്‍ കാരണമായി പറയുന്ന 'ദേശീയ താത്പര്യ'വും ഇത്തരം വാര്‍ത്തകളും നിഷകളങ്കമെന്നോണം വിശ്വസിക്കപ്പെടുന്നത് സംഘപരിവാരത്തിന്റെ സാംസ്‌കാരിക ദേശീയതയുടെ വിജയമാണ്.

വിവേചനപരം

മര്‍കസ് സമ്മേളന ദിവസങ്ങളിലോ അതിന് ശേഷമോ രാജ്യത്ത് നടന്ന മറ്റ് സമ്മേളനങ്ങളും ചടങ്ങുകളും എന്തുകൊണ്ട് വാര്‍ത്തയാകുന്നില്ല എന്ന് ആലോചിച്ചാല്‍ മനസ്സിലാകും നിസാമുദ്ദീന്‍ മര്‍കസിനെതിരെ നടക്കുന്ന കാമ്പയിന്‍ അസൂത്രിതമാണെന്ന്. ഒപ്പം, മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതാകട്ടെ ഭരണകൂട വീഴ്ചകളും. മാര്‍ച്ച് എട്ട് മുതല്‍ പത്ത് വരെയാണ് സമ്മേളനം നടക്കുന്നത്. ലോക്ഡൗണും നിയന്ത്രണങ്ങളും വരുന്നതിന് മുമ്പ്. മാര്‍ച്ച് പതിനഞ്ചിന് എംപിമാരെയും എംഎല്‍എമാരെയും അതിഥികളാക്കി ഗായിക കനികാ കപൂര്‍ ലഖ്‌നൗവില്‍ പാര്‍ട്ടി നടത്തി. മാര്‍ച്ച് 23-ന് മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി. അവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതാകട്ടെ കൊറോണ പ്രോട്ടോകോള്‍ നിലനില്‍ക്കെയും, നൂറുകണക്കിന് ആളുകളാണ് അവിടെ തടിച്ചു കൂടിയതും. എന്തിന്, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്നത് പോലും ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ച ലോക്ഡൗണിന് ശേഷമാണ്.

ന്യൂസ് 24 എന്ന ഹിന്ദി ചാനലിലെ അവതാരകന്‍ നിരത്തുന്ന ചില വസ്തുതകള്‍ മുസ്ലിം വിരുദ്ധ അജണ്ട നടപ്പിലാക്കുന്ന 'ഗോഡി മീഡിയ'യോട് കൂടിയാണ്: "പതിനാറാം തീയതി വരെ മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം അടച്ചിരുന്നില്ല. പതിനേഴാം തീയതിവരെ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി സായിബാബ ക്ഷേത്രവും അടച്ചിരുന്നില്ല. പതിനെട്ടാം തീയതി വരെ വൈഷ്ണവി ദേവി ക്ഷേത്രവും അടച്ചിരുന്നില്ല. ഇരുപതാം തീയതിവരെ കാശി വിശ്വനാഥ ക്ഷേത്രവും അടച്ചിരുന്നില്ല. എന്നിട്ടിപ്പോള്‍ എല്ലാവരും കൂടി നിസാമുദ്ദീന്‍ പൊക്കിപ്പിടിച്ച് വന്നിരിക്കുന്നു"

ഇനി അഥവാ നിസാമുദ്ദീന്‍ മര്‍കസ് അധികൃതരുടെ ഭാഗത്ത് നിന്ന് സംഭവിച്ചത് വീഴ്ചയാണെങ്കില്‍ പോലും അവര്‍ മാത്രം ചോദ്യം ചെയ്യപ്പെടുകയും മറ്റുള്ളവരൊന്നും വിചാരണാ വേളയില്‍ സംശയിക്കപ്പെടല്‍ പോലും അര്‍ഹിക്കുന്നുമില്ല എങ്കില്‍ അതിനെ ഇസ്ലാമോഫോബിയ എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാവുക?

സംഘപരിവാര്‍ ഒളിച്ചുകടത്തുന്നത്

ആര്‍എസ്എസ് രൂപീകരിച്ച് നൂറ് വര്‍ഷം പിന്നിടുന്ന 2025-ല്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകും എന്ന ഹിന്ദുത്വ കിനാവിലേക്കുള്ള വേഗത കൂട്ടുന്ന നടപടികള്‍ക്കാണ് കൊറോണ കാലത്തും സംഘപരിവാരം മുന്‍ഗണന നല്‍കുന്നത്. ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയുടെ പ്രധാന കടമ്പകളിലൊന്നായ ബാബറി മസ്ജിദ് വിഷയത്തിലെ സമ്പൂര്‍ണ്ണ വിജയത്തിനായാണ് അവര്‍ പ്രയത്നിക്കുന്നത്. രാമക്ഷേത്ര പ്രക്ഷോഭത്തിന് വെള്ളവും വളവുമായ 'രാമായണം' സീരിയല്‍ മാര്‍ച്ച് 28 മുതല്‍ പുന:സംപ്രേക്ഷണം ആരംഭിച്ചതും ബാബറി മസ്ജിദ് വിധി പറഞ്ഞ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി പ്രഖ്യാപിച്ചതും, മാര്‍ച്ച് 25ന് ലോക്ഡൗണ്‍ പ്രോട്ടോകോളുകള്‍ ലംഘിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഫൈസാബാദ് ജില്ലാ കലക്ടര്‍, പോലിസ് മേധാവി തുടങ്ങിയ ഒട്ടനവധി ഗവണ്‍മെന്റ് ഒഫീഷ്യല്‍സിന്റെ സാന്നിധ്യത്തില്‍ രാംലല്ല വിഗ്രഹം ബുള്ളറ്റ് പ്രൂഫ് കണ്ണാടിക്കൂട്ടിലേക്ക് മാറ്റുന്ന ചടങ്ങ് നടത്തിയതും ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ചുവടുവെപ്പല്ലാതെ മറ്റൊന്നുമല്ല.

കൊറോണ വിസര്‍ജനും കൊറോണ ദിവസും കൊറോണ പഞ്ചമിയുമൊക്കെ ഒട്ടും നിരുപദ്രവകരമല്ലാതെ നമ്മുടെ നിത്യസംഭാഷണത്തില്‍ ഇടം പിടിക്കുമ്പോള്‍ തന്നെയാണ് വൈറസിന് പിന്നിലെ വൈറസായി മുസ്ലിം സമുദായം മാറുന്നതും അവരുടെ പ്രാര്‍ത്ഥനാ സമ്മേളനം കൊറോണ ജിഹാദാകുന്നതും നാളെ ഭരണകൂട പ്രത്യയശാസ്ത്രമായി മാറാനിരിക്കുന്നതും. അപ്പോഴും മര്‍കസില്‍ സമ്മേളിച്ചതും തെറ്റ്, ക്ഷേത്രത്തില്‍ പൂജ നടത്തിയതും തെറ്റ്, ഇതിനെ ന്യായീകരിക്കുന്നതും തെറ്റ് എന്ന ലിബറല്‍ ബാലന്‍സിംഗ് യുക്തിയുമായി നടക്കുന്നവര്‍ ചെയ്യുന്നതാകട്ടെ, ഉന്മൂലന ശ്രമങ്ങളുടെ ഭാഗമായി ഒരു സമുദായത്തിന് നേരെ ഉയരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് നേരെയുള്ള ബോധപൂര്‍വ്വമായ കണ്ണടക്കലാണ്. ഏറ്റവും ചുരുങ്ങിയത്, ഡല്‍ഹി മുസ്ലിം വംശഹത്യയില്‍ പ്രതിഫലിച്ച മുസ്ലിം വിരോധത്തിന്റെ പുതിയ പതിപ്പാണ് നിസാമുദ്ദീന്‍ വിവാദം എന്നെങ്കിലും മനസ്സിലാക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories