TopTop
Begin typing your search above and press return to search.

ക്ഷേത്രങ്ങള്‍ 'തുറക്കണ്ട'ണം; 'സുവര്‍ണ്ണാവസര' രാഷ്ട്രീയക്കളിക്ക് ഹിന്ദുത്വ സംഘടനകള്‍, പറഞ്ഞത് വിഴുങ്ങി ചെന്നിത്തല-കെ മുരളിധരാദികള്‍

ക്ഷേത്രങ്ങള്‍ തുറക്കണ്ടണം; സുവര്‍ണ്ണാവസര രാഷ്ട്രീയക്കളിക്ക് ഹിന്ദുത്വ സംഘടനകള്‍, പറഞ്ഞത് വിഴുങ്ങി ചെന്നിത്തല-കെ മുരളിധരാദികള്‍

എല്ലാ ആരാധനാലയങ്ങൾക്കുമൊപ്പം കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളും ഭക്തജനങ്ങൾക്കായി തുറന്നു കൊടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പന്തളം കൊട്ടാരവും എൻ എസ് എസും ഹിന്ദു ഐക്യ വേദിയും വിശ്വ ഹിന്ദു പരിഷത്തും ആർ എസ് എസ് - ബി ജെ പി യുമൊക്കെ കൈകോർക്കുമ്പോൾ മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നതിലുപരി വലിയൊരു രാഷ്ട്രീയ ആയുധം കൂടിയാണെന്നത് വീണ്ടുമൊരിക്കൽ കൂടി വ്യക്തമാക്കപ്പെടുകയാണ്. ശബരിമലയുടെ കാര്യത്തിൽ ഉരുത്തിരിഞ്ഞ അതെ ഐക്യം തന്നെയാണ് ഇക്കാര്യത്തിലും ദൃശ്യമാകുന്നത്. ഇനിയിപ്പോൾ അറിയേണ്ടത് കേരളത്തിൽ ആരാധനാലയങ്ങൾ തുറക്കാത്തതിന്റെ പേരിൽ കയറു പൊട്ടിക്കാൻ വെമ്പിയിരുന്ന കെ മുരളീധരനും രമേശ് ചെന്നിത്തലയും ജോസ് കെ മാണിയും അടക്കമുള്ള കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കൾ മുൻപ് പറഞ്ഞത് വിഴുങ്ങി ഈ ഐക്യനിരക്കൊപ്പം ചേരുമോ എന്നത് മാത്രമാണ്. സത്യത്തിൽ ശബരിമലയുടെ കാര്യത്തിലും അതുതന്നെയായിരുന്നല്ലോ സംഭവിച്ചത്. ആദ്യം എൻ എസ് എസും പന്തളം രാജകൊട്ടാരവും. തൊട്ടു പിന്നാലെ സംഘ പരിവാർ സംഘടനകൾ. അന്ന് കേരളത്തിൽ ബി ജെ പി അധ്യക്ഷനായിരുന്ന പി എസ് ശ്രീധരൻ പിള്ളയുടെ ' സുവർണാവസരം ' കൂടിയായപ്പോൾ ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഭരണ ഘടന ബെഞ്ചിന്റെ വിധിയെ 'ചരിത്ര വിധി ' എന്നു പറഞ്ഞു കൈയ്യടിച്ചവർ ഒറ്റയടിക്ക് മലക്കം മറിഞ്ഞതും രാഷ്ട്രീയം കളിച്ചതുമൊന്നും ആരും മറന്നിരിക്കാനിടയില്ല.

ശബരിമല വിഷയത്തിലെന്നതുപോലെ തന്നെ ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണി സർക്കാരും ആണ് പ്രതിക്കൂട്ടിൽ എന്നു പറയാമെങ്കിലും ഉടനെ തുറക്കണമെന്ന് മുറവിളി കൂടിയവരുടെ മുൻ നിരയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കെ മുരളീധരനും ഒക്കെ ഉണ്ടായിരുന്നു എന്നതിനാൽ ഈ വിഷയത്തിൽ അവർക്കോ കോൺഗ്രസ് പാർട്ടിക്കോ അത്രയെളുപ്പത്തിൽ തലയൂരാൻ കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിൽ ആരാധനാലയങ്ങൾ ഉടനടി തുറക്കണമെന്ന മുൻ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് രമേശ് ചെന്നിത്തല പ്രതികരിക്കാൻ വിസമ്മതിച്ചതിൽ നിന്നും അത് വ്യക്തവുമാണ്. ചെന്നിത്തലയുടെ മൗനം കോൺഗ്രസ് നേതൃത്വം ഇപ്പോൾ അകപ്പെട്ടിരിക്കുന്ന വിഷമ വൃത്തം എത്രമേൽ വലുതാണെന്ന് വിളിച്ചോതുന്നുണ്ട്. പക്ഷെ പാർട്ടി കോൺഗ്രസ് ആണെന്നതിനാലും ആരാധനാലയങ്ങൾ ഇപ്പം തുറക്കണമെന്നാവശ്യപ്പെട്ടു കയറുപൊട്ടിക്കാൻ വെമ്പി നിന്നവർ മുൻപ് പറഞ്ഞ കാര്യങ്ങൾ അതേപടി വിഴുങ്ങാനും മാറ്റിപ്പറയാനും ബഹു മിടുക്കന്മാരായ നമ്മുടെ രമേശ് ചെന്നിത്തലയും കെ മുരളീധരനും ഒക്കെ ആകയാൽ വലിയൊരു മലക്കം മറിച്ചിൽ ഇക്കാര്യത്തിലും പ്രതീക്ഷിക്കാം.

കേരളത്തിലെ ബി ജെ പി ഈ വിഷയത്തിൽ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാടിൽ വൈരുധ്യം ഉണ്ടെങ്കിലും ആ പാർട്ടിയിൽ നിന്നും എന്നും എപ്പോഴും പ്രതീക്ഷിക്കാവുന്ന ഒന്ന് തന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. ആർ എസ് എസ്സും ഹിന്ദു സംഘടനകളും എന്ത് പറയുന്നുവോ ആ വഴിക്കു നീങ്ങുക എന്ന പതിവ് പരിപാടിയുടെ തനിയാവർത്തനം തന്നെയാണ് ഇവിടെയും ദൃശ്യമാകുന്നത്. എങ്കിലും തീരെ മനസ്സിലാവാത്തത് കേന്ദ്ര സഹ മന്ത്രികൂടിയായ വി മുരളീധരൻ എന്ന ബി ജെ പി നേതാവ് ഈ വിഷയത്തിൽ നടത്തിയ പ്രതികരണമാണ്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും ജൂൺ 8നു ശേഷം തുറക്കാം എന്നത് താൻ കൂടി അംഗമായ കേന്ദ്ര സർക്കാരിന്റെ തീരുമാനം ആണെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടുള്ളതാണ് മുരളീധരന്റെ ഇന്നലത്തെ പ്രതികരണം . 'വിശ്വാസികളുടെ പ്രധിഷേധം കണക്കിലെടുക്കാതെ അമ്പലങ്ങൾ തുറക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനു പിന്നിൽ ദുരുദ്ദേശം ഉണ്ടെന്നും ദൈവ നിഷേധിയായ പിണറായി വിജയന്റെ ഈ നീക്കത്തിന് പിന്നിൽ ഹൈന്ദവ വിശ്വാസികളെ അപമാനിക്കാനുള്ള ശ്രമം അല്ലെ ഉള്ളത് എന്നുമാണ് മുരളീധരൻ ട്വീറ്റ് ചെയ്തത്. മുരളീധരന്റെ 'ദൈവ നിഷേധി' എന്ന പ്രയോഗം പോലെ തന്നെ വിഷലിപ്തമാണ്‌ ഹൈന്ദവ വിശ്വാസികളെ 'അപമാനിക്കുക' എന്ന പ്രയോഗവും. വിശ്വാസികളുമായി കൂടിയാലോചന നടത്താതെയാണ് അമ്പലങ്ങൾ തുറക്കാൻ തീരുമാനിച്ചതെന്നാണ് മുരളീധരന്റെയും കേരളത്തിലെ ബി ജെ പി നേതാക്കളുടെയും ആക്ഷേപം. സത്യത്തിൽ ഈ ആക്ഷേപം ആദ്യം ഉന്നയിച്ച ആൾ ഹിന്ദു ഐക്യ വേദി നേതാവ് ആർ വി ബാബുവായിരുന്നു. മുരളീധരനും സംഘവും അതേറ്റുപിടിക്കുകയായിരുന്നു.

കോവിഡ് കേരളത്തിലും സാമൂഹ്യ വ്യാപനത്തിന് വഴിവെക്കുന്നുവെന്ന സൂചന ശക്തമാവുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന എല്ലാ വിഭാഗം മതങ്ങളിലും പെട്ടവരുടെ തിരിച്ചറിവ് വളരെ നല്ല കാര്യം തന്നെ. എന്നാൽ ഇത് സംബന്ധിച്ച കേന്ദ്ര തീരുമാനവും അതിനു ശേഷം സംസ്ഥാന സർക്കാരിന്റെ തീരുമാനവും വന്നപ്പോൾ മൗനം പാലിച്ചവരാണ് ഇന്നലെ പെട്ടെന്ന് രംഗത്ത് വന്നത്. രാജ്യത്തെ ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ജൂൺ 4 നു ആയിരുന്നു. ഇതിന്റെ ചുവടുപിടിച്ചു കേരളത്തിലെ കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് തൊട്ടടുത്ത ദിവസ്സവും. അപ്പോഴൊന്നും മിണ്ടാതിരുന്നവർ പൊടുന്നനെ പ്രതിക്ഷേധവുമായി രംഗത്ത് വന്നതിനു പിന്നിൽ ഒരു രാഷ്ട്രീയ കുരുട്ടു ബുദ്ധിയുണ്ട്. അത് തീർച്ചയായും തിരിച്ചറിയപ്പെടേണ്ടതുമാണ്. അതോടൊപ്പം തന്നെ അമ്പലങ്ങളുടെയും ക്ഷേത്രങ്ങളുടെയും പണം സർക്കാർ മോഷ്ടിച്ചു കൊണ്ടുപോകുന്നുവെന്ന പാടിപ്പഴകിയ ദുഷ്പ്രചാരണത്തിനു പിന്നിലെ രാഷ്ട്രീയവും. മാപ്പിളമാരും നസ്രാണികളും അവരുടെ പള്ളികൾ തുറക്കട്ടെ അപ്പോൾ തങ്ങൾ അതിൽ നിന്നും വിട്ടുനിന്ന് കോവിഡ് വ്യാപനത്തിന്റെ പഴി അവരുടെ മേൽ ചാർത്താം എന്ന സങ്കുചിതമായ സംഘപരിവാർ കുരുട്ടു ബുദ്ധി തന്നെയാണ് ഇവിടെയും പ്രകടമാകുന്നത്. ഇത് കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാക്കുകളിലും പ്രകടം.ശബരിമലയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ ഈ വിഷയത്തിലും പിണറായി സർക്കാർ കെണിയിൽ വീണിരിക്കുകയാണ്. കേന്ദ്രം തുറക്കാം എന്നു പറയുമ്പോൾ തുറക്കാതിരുന്നാൽ ആരാധനാലയാങ്ങളുടെ കാര്യത്തിൽ കയറു പൊട്ടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നവരും സംഘികളും ഇതാ കമ്മ്യൂണിസ്റ്റ് സർക്കാർ മദ്യ ഷാപ്പുകൾ തുറന്നു, കേന്ദ്രം പറഞ്ഞിട്ടും ആരാധനാലയങ്ങൾ തുറക്കുന്നില്ല എന്ന മുറവിളി ഉയരുമായിരുന്നു. ഇത് ഭയന്ന് തന്നെയാണ് കേന്ദ്ര തീരുമാനം നടപ്പിലാക്കാൻ തീരുമാനിച്ചത്. എന്നാലിപ്പോൾ തുറക്കാൻ തീരുമാനിച്ചതിന്റെ പേരിലാണ് സർക്കാർ പഴി കേൾക്കുന്നത്. ചുരുക്കത്തിൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്നു പറഞ്ഞപോലുള്ള അവസ്ഥ. സംഘടിത മതത്തെയും വിശ്വാസികളെയും കൂട്ട് പിടിച്ചുകൊണ്ടുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് കേരളം വേദിയാകുന്നത് ഇത് ആദ്യമായല്ല. 1958 ലെ വിമോചന സമരവും അടുത്ത കാലത്തു നടന്ന ശബരിമല പ്രക്ഷോഭവുമൊക്കെ ഈ വഴിക്കുള്ളതായിരുന്നു. അതിന്റെ മറ്റൊരു പതിപ്പിനാണ് ഇപ്പോൾ കളമൊരുങ്ങുന്നത് എന്നു തന്നെ കരുതേണ്ടി വരും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories