TopTop
Begin typing your search above and press return to search.

കോൺഗ്രസ്സിന്റെ രാജഭക്തിയും രാജാവിന്റെ സായിപ്പ് ഭക്തിയും: വികസനത്തിന്റെ കേരളാ മോഡലില്‍ രാജാക്കന്മാര്‍ക്കും ജന്മിമാര്‍ക്കും എന്താണ് പങ്ക്?

കോൺഗ്രസ്സിന്റെ രാജഭക്തിയും രാജാവിന്റെ സായിപ്പ് ഭക്തിയും: വികസനത്തിന്റെ കേരളാ മോഡലില്‍ രാജാക്കന്മാര്‍ക്കും ജന്മിമാര്‍ക്കും എന്താണ് പങ്ക്?

നിലവിലെ ഇടതുപക്ഷ സർക്കാറിന്റെ നേതൃത്വത്തിൽ കേരളത്തില്‍ നടക്കുന്ന കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടിയതോടെയാണ് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് പാര്‍‌ട്ടി ചില പ്രശ്നങ്ങളുന്നയിച്ച് രംഗത്തെത്തിയത്. കേരളം ഇന്ന് വിജയകരമായി നടത്തിവരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ 'ക്രെഡിറ്റ്' ആര്‍ക്കാണ് എന്ന പ്രശ്നമാണ് അവര്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഉത്തരവും അവരുടെ കൈയിലുണ്ട്. രാജഭരണകാലത്തിനാണ് ആ ക്രെഡിറ്റ് നല്‍കേണ്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി ഈ വാദം ഒരു അഭിമുഖത്തില്‍ ഉന്നയിച്ചു. അതിനെ പിന്തുണച്ച് കോണ്‍ഗ്രസ്സിന്റെ ചില ബുദ്ധിജീവികളും രംഗത്തെത്തി. വാദിച്ചു കയറിയ ചിലര്‍ കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ മാത്രമല്ല, പുരോഗമനപരമായ എല്ലാ മുന്നേറ്റങ്ങളുടെയും അടിസ്ഥാനാശയങ്ങള്‍ രാജഭരണകാലത്താണ് ഉണ്ടായതെന്നു വരെ വാദിക്കാന്‍ തുടങ്ങി.

കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഇവയാണ്: തിരുവനന്തപുരത്ത് ജനറൽ ആശുപത്രി തുടങ്ങിയത് തിരുവിതാംകൂർ മഹാരാജാവാണ്. അതാണ് കേരളത്തിന്റെ മഹിതമെന്ന് ലോകം വാഴ്ത്തപ്പെടുന്ന ആരോഗ്യ മോഡലിന് അടിത്തറയിട്ടത്. വാക്സിൻ കേരളത്തിൽ ആദ്യമായി പരീക്ഷിച്ചത് തിരുവിതാംകൂർ രാജകുടുംബമാണെന്നും അത് ആധുനിക വൈദ്യരംഗത്തെ കേരളത്തില്‍ അവതരിപ്പിക്കലായിരുന്നെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. വാക്സിനേഷൻ ഇവിടെ പരീക്ഷിച്ചപ്പോൾ രാജകുടുംബത്തിലെ അംഗങ്ങൾ പോലും അതിന് വിധേയരായി. പിന്നീട് ക്രിസ്ത്യൻ മിഷണറിമാരുടെ സംഭാവനകള്‍ വന്നു. ശേഷം മറ്റ് സമുദായ സംഘടനകളും വന്നു. 1819ൽ സ്വാതി തിരുന്നാളിന്റെ കാലത്ത് ഫോർട്ട് ആശുപത്രിയും വൈകാതെ തൈക്കാട് ആശുപത്രിയും സ്ഥാപിച്ചു. കോളറ, പ്ലേഗ്, വസൂരി തുടങ്ങിയ മഹാമാരികളെ നിയന്ത്രിക്കാൻ ഒരു പബ്ലിക് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ഉണ്ടാക്കി. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പൊതുജനാരോഗ്യത്തിന്റെ കാര്യത്തിലും ദൂരക്കാഴ്ചയുള്ള നടപടികളായിരുന്നു തിരുവിതാംകൂർ രാജഭരണത്തിന്റേതെന്നും അതാണ് ഒരു സംസ്ഥാനത്തെ പുരോഗമനാത്മകമാക്കി തീർത്തതെന്നുമാണ് കോണ്‍ഗ്രസ്സിന്റെ വാദങ്ങളുടെ ചുരുക്കം.

കേരളം ഇന്നെത്തി നിൽക്കുന്ന മികവുകള്‍‌ക്കെല്ലാം തുടക്കമിട്ടത് രാജഭരണമാണ് എന്നതാണ് ഈ വാദത്തിന്റെയെല്ലാം കാതൽ എന്നു കാണാം. രാജഭരണത്തിനു ശേഷം 1957 വരെ തുടർന്ന കോണ്‍ഗ്രസ് ഭരണകൂടത്തിനാണ് ലോകശ്രദ്ധ നേടിക്കഴിഞ്ഞ ഇന്നത്തെ ആരോഗ്യമാതൃക ഉൾപ്പെടെയുള്ള കേരള മാതൃകയെ വാർത്തെടുക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക്. ജനാധിപത്യം, സ്ത്രീപുരുഷസമത്വം, സാഹോദര്യം, സമത്വം സ്വാതന്ത്ര്യം എന്നു തുടങ്ങി സകല പുരോഗമനാശയങ്ങളും തിരുവിതാംകൂർ മഹാരാജ്യത്തിന്റെ അന്തഃപുരത്തിൽ നിന്നാണ് കേരളത്തിലെ ജനങ്ങൾ ആർജ്ജിച്ചെടുത്തത് എന്ന വാദം ഒട്ടും പുതിയതല്ല. ഈ തീവ്രഹിന്ദുത്വവാദത്തെ കോൺഗ്രസ് എങ്ങനെയാണ് സ്വാംശീകരിക്കുന്നതെന്നത് ആലോചനാ വിഷയമാക്കേണ്ടി വന്നിരിക്കുന്നു. ഒരു താല്‍ക്കാലിക രാഷ്ട്രീയ പ്രതിസന്ധിയെ നേരിടാനായി ആ കക്ഷി തീവ്രഹിന്ദുത്വ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന അപകടപരമായ സാമൂഹികസന്ദർഭത്തെ ചരിത്രപരമായി വിശകലനം ചെയ്യേണ്ടത് അടിയന്തിര ആവശ്യമായിരിക്കുകയാണ്.‌

അന്വേഷണവിഷയങ്ങള്‍

ജനാധിപത്യം, സ്ത്രീപുരുഷസമത്വം, സാഹോദര്യം, സമത്വം, സ്വാതന്ത്ര്യം എന്നു തുടങ്ങി സകല പുരോഗമനാശയങ്ങളുടെയും പൈതൃകം രാജഭരണത്തിൽ കൊണ്ടെത്തിക്കുന്ന ബാഹുബലി മനോരഥങ്ങളാണ് പാഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിലെ യാഥാർത്ഥ്യം എന്താണെന്ന് ചരിത്രപരമായി അന്വേഷിക്കൽ ആണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ഏതെല്ലാം ചരിത്രഘട്ടങ്ങളിലാണ് കോൺഗ്രസ് ഇത്തരം തീവ്രഹിന്ദുത്വ നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ളത് എന്നും അന്വേഷിക്കേണ്ടത് ആവശ്യമാണ്. കോൺഗ്രസ്സുകാരെ സാഷ്ടാംഗം നമസ്കരിപ്പിക്കും വിധം ജനാധിപത്യത്തിന്റെയും പുരോഗമനാശയങ്ങളുടെയും വക്താക്കളായിരുന്നോ കേരളത്തിലെ നാടുവാഴികൾ എന്ന് പരിശോധിക്കേണ്ടതാണ് അടുത്ത ഘട്ടം. എന്താണ് അതിലെ ചരിത്രവസ്തുതകൾ എന്ന് പരിശോധിക്കണം.

കോണ്‍ഗ്രസ്സിന്റെ വാദങ്ങള്‍ക്കെല്ലാം പിന്നിലെ വസ്തുതകള്‍ വ്യക്തമായി വേര്‍തിരിച്ചറിയണമെങ്കില്‍ യൂറോപ്യൻ വാണിജ്യകമ്പനികൾ വന്നുതുടങ്ങിയ മധ്യകാലത്തിന്റെ അവസാനം മുതൽക്കേ നമുക്ക് പരിശോധിക്കേണ്ടതായി വരും. പൊതുവില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ചരിത്രവസ്തുതകളാണ് ഇവയെങ്കിലും കോണ്‍ഗ്രസ് നടത്തുന്ന പൂഴി വാരിയേറില്‍ ചിലരെങ്കിലും അന്ധരായിപ്പോകും. അരമുറി ചരിത്രത്തെയാണ് അവരതിന് ഉപയോഗിക്കുന്നത്. വസ്തുതകളില്‍ മായം ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്. അത് സമൂഹത്തിന് പൊതുവിലും, കോണ്‍ഗ്രസ്സിന് വിശേഷിച്ചും അപകടമുണ്ടാക്കുന്ന മായപ്പണിയാണെന്നും പറയേണ്ടിയിരിക്കുന്നു. അല്‍പം വിശദീകരിച്ച്, ദീര്‍ഘമായിത്തന്നെ ഇക്കാര്യങ്ങള്‍ പറയേണ്ടതായിട്ടുണ്ട്. അതിന്റെ കാരണം ഞാന്‍ മേല്‍ വിവരിച്ചു കഴിഞ്ഞു.

മധ്യകാല നാടുവാഴികള്‍ 'ആധുനികരാ'കുന്ന ഘട്ടം

കോലത്തിരി, കോട്ടയം രാജാക്കൻമാർ, സാമൂതിരി, വള്ളുവക്കോനാതിരി, കൊച്ചി രാജാവ്, വേണാട്ടടികൾ തുടങ്ങിയ രാജാക്കൻമാരാണ് മധ്യകാല കേരളത്തിലെ പ്രബലരായ നാടുവാഴികൾ. അധികാരത്തിന് വേണ്ടി മറ്റെല്ലാ നാട്ടുരാജാക്കൻമാരെയും പോലെ ഇവരും കലഹിച്ചിരുന്നു. ഈ കലഹത്തിനിടയിലേക്കാണ് യൂറോപ്യൻ വാണിജ്യകമ്പനികൾ വരുന്നതും കലഹങ്ങളെ മുതലെടുത്തുകൊണ്ട് അവരുടെ കച്ചവട താൽപര്യങ്ങളെ നിലനിർത്താൻ വേണ്ട നയങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നത്. ആദ്യം വന്ന കച്ചവടക്കാർ പോർച്ചുഗീസുകാർ ആണെന്നും നമുക്ക് അറിയാം. അവർക്ക് മതപരമായ താൽപര്യങ്ങളും ഉണ്ടായിരുന്നുവെന്നും നമുക്കറിയാം.

പോർച്ചുഗീസുകാർ വരുന്ന പതിനഞ്ചാം നൂറ്റാണ്ടിൽ മലബാറിൽ സാമൂതിരി പ്രബലനായ നാടുവാഴിയായിരുന്നു. മലബാറിലെ തീരപ്രദേശങ്ങളിലെ അറബ് ബന്ധം ശക്തമായുള്ള മുസ്ലീം കച്ചവടക്കാരുടെ സഹായത്താലായിരുന്നു സാമൂതിരി മലബാറിൽ പ്രബലനായ നാടുവാഴിയായിത്തീർന്നത് എന്നതുകൊണ്ട് തന്നെ പോർച്ചുഗീസുകാരുടെ സഹായം സാമൂതിരിക്ക് ആവശ്യമുണ്ടായിരുന്നില്ല. മുസ്ലീം കച്ചവടക്കാരുമായുള്ള സാമൂതിരിയുടെ ആത്മബന്ധം ഗ്രന്ഥവരികളിലും, അവരുടെ അനുഷ്ഠാനങ്ങളിലുമെല്ലാം കാണാം. മാമാങ്ക വേളയിൽ നിലപാട് തറയിൽ വരെ കോഴിക്കോട് കോയയാണ് സാമൂതിരിയുടെ അടുത്തു നിൽക്കുന്നത്. കോലത്തിരിയും കൊച്ചിരാജാവും പ്രബലരല്ലാത്തതുകൊണ്ട് തന്നെ പോർച്ചുഗീസുകാരുമായുള്ള കച്ചവടബന്ധം അവർ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. കോൺഗ്രസ്സുകാർ ഇന്നും ആവേശം കൊള്ളിക്കുന്ന 'നാടുവാഴികൾ ആർജ്ജിച്ചെടുത്ത ആധുനികത'യുടെ ആദ്യത്തെ ഘട്ടം ഇവിടെ നിന്നാണ് തുടങ്ങുന്നത്. തരംകിട്ടുമ്പോഴെല്ലാം സാമൂതിരി കൊച്ചിയെ ആക്രമിക്കുമായിരുന്നു. സാമൂതിരിയുടെ ആക്രമണത്താലാണ് പൊന്നാനിയിൽ നിന്ന് പെരുമ്പടപ്പ് സ്വരൂപം തങ്ങളുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നത്. നൂറ്റാണ്ടുകളായി സാമൂതിരിയിൽ നിന്നും നേരിട്ടുവരുന്ന അപമാനത്തിന് അറുതി വരുത്താനാണ് കൊച്ചി പോർച്ചുഗീസുകാരുടെ സഹായം അഭ്യർത്ഥിക്കുന്നത്. അങ്ങനെ മധ്യകാലത്തെ സമ്പത്തും അധികാരവും ഇല്ലാത്ത, അപമാനിതനായ കൊച്ചി രാജാവിന് സൈന്യവും സമ്പത്തും കൊട്ടാരവും നൽകി പട്ടാഭിഷേകം വരെ നടത്തിക്കൊടുത്തത് പോർച്ചുഗീസുകാരാണ്. (വേണാട്ടടികൾക്ക് ഡച്ചുകാർ കൊട്ടാരവും അന്തഃപുരത്തിൽ പത്നീസമേതനായി ഉറങ്ങാൻ ഔഷധവിധിപ്രകാരമുള്ള സപ്രമഞ്ചകട്ടിലും പണിതുകൊടുത്തു.) ഇവിടെ നിന്നാണ് രാജാവിന്റെ സായിപ്പ് ഭക്തി തുടങ്ങുന്നത്. ഇവിടെ നിന്നു തന്നെയാണ് 'ആധുനിക'നായ (കൊളോണിയൽ ആധുനികത എന്നാണ് പുതിയ പഠനങ്ങൾ), 'പുരോഗമനകാരി'യായ രാജാവ് ജനിക്കുന്നത്.

ഇതിനിടയിൽ പോർച്ചുഗീസുകാരും കൊച്ചിയും തെറ്റുകയും ആ സന്ദര്‍ഭം മുതലാക്കി സാമൂതിരി പോർച്ചുഗീസുകാരുമായി സൗഹൃദത്തിലാവുന്നുമുണ്ട്. ഈ പുതിയ സൗഹൃദം മൂലം സാമൂതിരിയും കുഞ്ഞാലിമരക്കാരും തെറ്റുകയും ഒടുവിലത് കുഞ്ഞാലിമരക്കാരുടെ മരണത്തിൽ കലാശിക്കുകയും ചെയ്യുന്നുണ്ട്. ഇക്കാലത്ത് തന്നെ ഡച്ച് കമ്പനി വളർന്നു വരികയും കൊച്ചി ഡച്ചിന്റെ കീഴിൽ ആവുകയും ചെയ്യുന്നുണ്ട്. പോർച്ചുഗീസുകാർ ഉണ്ടാക്കികൊടുത്ത കൊച്ചി രാജാവിന്റെ കൊട്ടാരം പിന്നീട് പുതുക്കിക്കൊടുക്കുന്നത് ഡച്ചുകാരാണ്. കേരളത്തിലുള്ളവയില്‍ ഏറ്റവും ഭക്തിസാന്ദ്രമെന്ന് വിളിക്കാവുന്ന ചുമർ ചിത്രങ്ങൾ മട്ടാഞ്ചേരി കൊട്ടാരത്തിൽ തയ്യാറാകുന്നത് ഡച്ചുകാരുടെ നേതൃത്വത്തിലാണ്. തിരുവിതാംകൂറിൽ ഡച്ചുകാരുമായി യുദ്ധം ചെയ്ത് ജയിക്കുന്ന തിരുവിതാംകൂർ മഹാരാജാവും, യുദ്ധത്തിൽ തോറ്റുപോയിരുന്ന ഡച്ച് ക്യാപ്റ്റന്‍ De Lannoyയും ഒരുമിച്ചിരുന്ന് നാട് ഭരിക്കുന്നതാണ് തിരുവിതാംകൂറിൽ നമുക്ക് കാണാൻ കഴിയുക. ആ കാലത്താണ് കൊട്ടാരവും ഔഷധവിധിപ്രകാരമുള്ള സപ്രമഞ്ചകട്ടിലും ഡച്ചുകാർ പണിതുകൊടുക്കുന്നത്.

ഇങ്ങനെ കേരളത്തിനകത്ത് നാടുവാഴികൾ യൂറോപ്യൻ ശക്തികളെ ഉപയോഗിച്ച് വളരുകയും ക്ഷയിക്കുകയും ചെയ്യുന്ന സമയത്ത് ആണ് മൈസൂർ അധിനിവേശം നടക്കുന്നത്. കോമു അച്ചൻ എന്ന പാലക്കാട്ടെ ഒരു നാടുവാഴിയെ സാമൂതിരി ആക്രമിച്ചപ്പോൾ സഹായത്തിനായി കോമു അച്ചൻ ആണ് മൈസൂരില്‍ നിന്ന് ഹൈദരാലിയെ വിളിച്ചുകൊണ്ടുവരുന്നത്. ഹൈദരാലിയാവട്ടെ സാമൂതിരിയെ കീഴടക്കുക മാത്രമല്ല പാലക്കാട് വഴിയും കണ്ണൂര് വഴിയുമെല്ലാം പരക്കെ ആക്രമണം നടത്തി. കോലത്തുനാടും സാമൂതിരിനാടും കീഴടക്കി. കൊച്ചി കൂടി കീഴടക്കിയതിനു ശേഷം അദ്ദേഹം തിരുവിതാംകൂറിലേക്ക് മുന്നേറാൻ നോക്കുകയാണുണ്ടായത്. കൊച്ചി രാജാവിന് പോർച്ചുഗീസുകാരുമായിട്ടും തിരുവിതാംകൂറിന് ഡച്ചുകാരുമായിട്ടും ബന്ധമുള്ളത് പോലെ മൈസൂർ പടയാളികൾക്ക് ഫ്രഞ്ച് കമ്പനിയുമായിട്ടായിരുന്നു ബന്ധം. ആൾബലം കൊണ്ടും സാങ്കേതികത കൊണ്ടും ദക്ഷിണേഷ്യയില്‍ത്തന്നെ ശക്തമായ ഒരു സൈന്യത്തെ പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരാലിയും ടിപ്പുസുൽത്താനും വാര്‍ത്തെടുക്കുകയുണ്ടായി. ഇത് ഫ്രഞ്ച് കമ്പനിയുമായി ചേർന്നു നിന്നുകൊണ്ടായിരുന്നു. ഫ്രഞ്ച് കമ്പനിയുമായി ചേർന്ന് നിന്നുകൊണ്ടാണ് രാഷ്ട്രീയ-സാമ്പത്തിക-സൈനിക രംഗങ്ങളിൽ ആധുനികമായ ഭരണപരിഷ്കാരങ്ങൾ തെന്നിന്ത്യയില്‍ ആദ്യമായി ടിപ്പു സുൽത്താൻ നടപ്പിലാക്കുന്നത് . കൊളോണിയൽ ആധുനികതയുടെ ഭൂപരിഷ്കരണങ്ങൾക്കും സാമ്പത്തിക പരിഷ്കരണങ്ങൾക്കും സൈനികമേഖലയിലെയും സാമൂഹികമേഖലയിലെയും മുന്നേറ്റങ്ങൾക്കും മുമ്പുതന്നെ ഭൂനികുതി സമ്പ്രദായങ്ങളും നാണ്യവ്യവസ്ഥയും, മാറുമറയ്ക്കൽ തുടങ്ങിയ സാമൂഹിക പരിഷ്കരണങ്ങളും ടിപ്പു മലബാറിൽ പ്രചാരത്തിൽ വരുത്തുകയുണ്ടായി. ഇതാണ് കോൺഗ്രസ്സുകാർ ആവേശത്തോടെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടിരിക്കുന്ന മികവേറിയ രാജഭരണകാലത്തിന്റെ രണ്ടാമത്തെ ചരിത്രഘട്ടം. മലബാറിലെ ഈ ഭരണപരിഷ്കാരങ്ങൾ സാമൂതിരിയുടേതല്ലാത്തത് കൊണ്ടും, അവ നടപ്പാക്കിയ ഹൈദരാലിയും ടിപ്പു സുൽത്താനും മുസ്ലീം ഭരണാധികാരികളായതുകൊണ്ടുമാകാം കോൺഗ്രസ് ഈ ഭാഗത്തേക്ക് അവകാശവാദങ്ങളുയര്‍ത്തി ചെല്ലാതിരിക്കുന്നത്.

മധ്യകാല കേരളത്തിൽ സമ്പത്ത് കൈകാര്യം ചെയ്തിരുന്നത് നായർ പ്രഭുക്കന്മാരും ബ്രാഹ്മണരുമായിരുന്നു എന്നതുകൊണ്ടു തന്നെ, സ്വാഭാവികമായും അവരുടെ മുകളിൽ ടിപ്പു ആക്രമണം നടത്തിയിട്ടുണ്ട്. സമ്പത്തിന്റെ കേന്ദ്രം ക്ഷേത്രങ്ങളും പ്രഭുകുടുംബങ്ങളും ചുരുക്കം ചില പള്ളികളുമൊക്കെത്തന്നെയായിരുന്നു. ചരിത്രത്തിൽ എല്ലാ രാജാക്കന്മാരും ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടുള്ളതാണ്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ശക്തമായ മൈസൂർ സൈന്യത്തെ നേരിടാൻ കഴിയാതെ കോലത്തിരിയും സാമൂതിരിയും ഉൾപ്പെടുന്ന മലബാറിലെ നാട്ടുരാജാക്കൻമാർ തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത നാടുവാഴികളുടെ ബന്ധുക്കൾ ചിലർ ബ്രിട്ടീഷുകാരോടൊപ്പം നിന്ന് പടയോട്ടത്തെ ചെറുക്കുകയുമുണ്ടായി. അങ്ങനെ ചെറുത്തവരിലൊരാളായിരുന്നു പഴശ്ശിരാജ. പടയോട്ടം അവസാനിച്ചപ്പോൾ പഴശ്ശിരാജയുടെ അമ്മാവനായ വീരവർമ്മയെയാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കോട്ടയത്തെ രാജാവായി അവരോധിക്കുന്നത്. ഈ വിഷയത്തിൻമേലാണ് പഴശ്ശിരാജയും ബ്രിട്ടീഷുകാരും തമ്മിൽ പിണങ്ങുന്നത്. ആ സമയം കർഷകര്‍ക്ക് ബ്രിട്ടീഷുകാര്‍ നികുതി വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലുയര്‍ന്ന പൊതുജനവികാരത്തെ മുതലെടുത്താണ് പഴശ്ശിരാജ കർഷകരെ സംഘടിപ്പിച്ച് ബ്രിട്ടീഷ് കമ്പനിക്കെതിരെ ഗറില്ലായുദ്ധം തുടങ്ങുന്നത്.

മൈസൂർ പടയോട്ട സമയത്ത് ബ്രിട്ടീഷുകാരുടെ സഹായത്തോടെ അധികാരത്തിലേറുകയും, പടയോട്ടം അവസാനിച്ചപ്പോള്‍ അധികാരം നഷ്ടപ്പെടുകയും ചെയ്ത ഒരു നാടുവാഴിയുടെ അധികാരത്തിനു വേണ്ടിയുള്ള സമരത്തെയാണ് സാമ്രാജ്യത്വത്തിനെതിരായ ആദ്യത്തെ സ്വാതന്ത്ര്യ സമരമായി പഴശ്ശിരാജയെ ചരിത്രത്തിൽ പിന്നീട് നാം വായിക്കുന്നത്. അങ്ങനെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുണ്ടായ ഗറില്ലാ പോരാട്ടത്തിനിടെ 1805 ൽ അദ്ദേഹം കൊല്ലപ്പെട്ടു.

കൊച്ചി രാജവംശത്തിന്റെ പ്രാധാനമന്ത്രിയും കൊച്ചി രാജ്യത്തിലെ പ്രബലനായ ഭൂപ്രഭുവുമായ പാലിയത്തച്ചന്‍ സാമ്രാജ്യത്വ വിരുദ്ധ സമരത്തെ നയിച്ച സാഹചര്യവും മറ്റൊന്നല്ല. ബ്രിട്ടീഷുകാര്‍ നടുവരമ്പ് കുഞ്ഞിക്കൃഷ്ണ മേനോനെ കൊച്ചി രാജവംശത്തിന്റെ അധികാരത്തില്‍ കൊണ്ടുവന്നു. ഇതാണ് അന്നുവരെ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നിരുന്ന പാലിയത്തച്ചനെ അവര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ച ഘടകം. പാലിയത്തച്ചന്‍ വേലുത്തമ്പി ദളവയുമായി ചേർന്നാണ് കൊച്ചിയിലെ ബ്രിട്ടീഷ് റെസിഡന്റിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആക്രമിക്കുന്നത്. 1809ൽ പാലിയത്തച്ചനെ മദ്രാസിലെക്ക് നാടുകടത്തുകയും ജയിലിലടയ്ക്കുകയു ചെയ്തു ബ്രിട്ടീഷുകാര്‍.

തിരുവിതാംകൂറിലെ ദളവയായിരുന്ന വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ദളവ നയിച്ച സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം പഴശ്ശിരാജയും പാലിയത്തച്ചനും നയിച്ച സമരത്തിൽ നിന്നും വേറിട്ട് നിൽക്കുന്നതായിരുന്നില്ല. വേലുത്തമ്പി ദളവയ്ക്ക് ബ്രിട്ടീഷ് ഗവൺമെന്റുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ അധികാരികള്‍ക്കിടയിലെ ഗൂഢാലോചനകളെയും ആഭ്യന്തരകലഹങ്ങളെയും ദളവ ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ അടിച്ചൊതുക്കിയിരുന്നു. സൈനികരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഒരു നടപടി ദളവയും ബ്രിട്ടീഷ് റസിഡെന്റായിരുന്ന മെക്കാളെയും കൈക്കൊണ്ടിരുന്നു. ഈ സാഹചര്യം തിരുവിതാംകൂറിലെ നായർ പടയാളികളെ ദളവക്കെതിരായും മെക്കാളെക്കെതിരായും കലാപം ഉണ്ടാക്കാൻ പ്രേരിപ്പിച്ചു. ഈ നായർ കലാപത്തിലൂടെ ബ്രിട്ടീഷ് ഗവൺമെന്റിനുണ്ടായ വമ്പിച്ച നഷ്ടം വേലുത്തമ്പി ദളവയോട് ബ്രിട്ടീഷ് ഗവൺമെന്റിലേക്ക് തിരിച്ചടയ്ക്കാൻ പറഞ്ഞപ്പോളാണ് അദ്ദേഹം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം തുടങ്ങുന്നത്. പോരാട്ടത്തിനൊടുവിൽ അദ്ദേഹം ആത്മഹത്യ ചെയ്തു.

മൈസൂർ പടയോട്ടത്തിന് ശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പരമാധികാരം കേരളത്തിൽ പരക്കെ സ്ഥാപിക്കപ്പെട്ടു. എല്ലാ നാട്ടുരാജാക്കന്മാരുമായും അവർ സന്ധിയിലേർപ്പെട്ടു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് ഗവൺമെന്റിലേക്ക് അധികാര കൈമാറ്റം നടന്നു. തിരുവിതാംകൂറിലേക്ക് ഒളിച്ചോടിയിരുന്ന നാടുവാഴികൾ അധികാരം തിരിച്ചുകിട്ടുമെന്ന് കരുതിയാണ് അവരുടെ നാടുകളിലേക്ക് തിരിച്ചു വന്നത്. എന്നാൽ അവർക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി സന്ധിയിലേർപ്പെടേണ്ടി വരികയും അധികാരം നഷ്ടപെട്ട് ബ്രിട്ടീഷ് ഗവൺമെന്റിനു നികുതി പിരിച്ചു കൊടുക്കുന്ന ഉദ്യോഗസ്ഥ വർഗ്ഗം മാത്രമായി അവർ മാറുകയുമാണുണ്ടായത്. അധികാരം നഷ്ടപെട്ട നാടുവാഴികളുടെ രാഷ്ട്രീയപരമായ നിരാശയാണ് പഴശ്ശിയുടെയും പാലിയത്തച്ചന്റെയും ദളവയുടെയും പോരാട്ടങ്ങൾ.

അധികാരം നഷ്ടപ്പെട്ട് വെറും നികുതി പിരുവുകാരായി മാറിയപ്പോഴാണ് നാടുവാഴികള്‍ക്കിടയില്‍ ആദ്യത്തെ സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങൾ രൂപപ്പെട്ടുവന്നത്. വധിക്കൽ, നാടുകടത്തൽ, ആത്മഹുതി ചെയ്യല്‍ തുടങ്ങിയവയിലാണ് നാടുവാഴികളുടെ എതിര്‍പ്പുകള്‍ ചെന്നവസാനിച്ചത്. മൈസൂർ പടയോട്ടം അവസാനിച്ചതിന് ശേഷം ബ്രിട്ടീഷുകാരുമായി സന്ധിയിൽ ഏർപ്പെടുകയും ഏർപ്പെടാതിരിക്കുകയും ചെയ്ത എല്ലാ നാടുവാഴികളുടെയും ഭൂപ്രഭുക്കൻമാരുടെയും മുന്നിലെ മുന്നനുഭവങ്ങളും പാഠങ്ങളും ഇവയായിരുന്നു.

ബ്രിട്ടീഷ് ഗവൺമെന്റിന്റെ നികുതിപിരിവുകാരായി മാറിയ നാടുവാഴി ഭൂപ്രഭുക്കൻമാർ ക്ഷേത്രങ്ങളില്‍ ഭരണം നടത്തുന്നതാണ് പത്തൊന്‍പതാം നൂറ്റാണ്ട് മുതൽക്ക് നമുക്ക് കാണാൻ കഴിയുക. അതായത്, രാജ്യത്തിന്റെ യഥാർത്ഥ ഭരണാധികാരി ബ്രിട്ടീഷുകാരായി. നാടുവാഴികൾ കേവലം നടത്തിപ്പുകാര്‍ മാത്രമായി മാറുകയും ചെയ്തു. പ്രത്യേകിച്ച് ഭരണപരമായ ചുമതലകൾ ഒന്നുമില്ലാതിരുന്ന നാടുവാഴികൾ ബ്രിട്ടീഷു ഗവൺമെന്റിന് വേണ്ട നികുതികൾ ക്ഷേത്രങ്ങളിലൂടെ ശേഖരിക്കുക, എഴുന്നള്ളത്ത് നടത്തുക, ആറാട്ട് നടത്തുക, ഉത്സവം നടത്തുക തുടങ്ങിയ ഭക്തിപരമായ പരിപാടികളിൽ വ്യാപൃതരാകാൻ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടു മുതൽ ക്ഷേത്രങ്ങളുടെ പുനർനിർമ്മാണം പതിൻമടങ്ങു വർദ്ധിക്കുന്നതും ചുമർ ചിത്രങ്ങളും ക്ഷേത്രകലകളും പുനരുദ്ധാരണം നടത്തി പ്രബലമാകുന്നതുമൊക്കെ നാടുവാഴികളുടെ ബ്രിട്ടീഷ് പ്രേരിതമായ ക്ഷേത്രഭരണത്തോടൊപ്പം ചേർത്ത് വായിക്കണം.

അധികാരം പിടിച്ചടക്കിയ ശേഷം നാടുവാഴികളോടും ഭൂപ്രഭുക്കൻമാരോടും ബ്രിട്ടീഷുകാര്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. എങ്ങനെയാണ് അവര്‍ രാജാക്കന്മാരും ഭൂമിയുടെ ഉടമകളുമെല്ലാം ആയതെന്നായിരുന്നു ആ ചോദ്യം. അതിന് മറുപടിയായാണ് ചേരമാൻ പെരുമാളാണ് നാടുവാഴിയാക്കിയതെന്നും പരശുരാമനാണ് ഭൂമികൊടുത്തതതെന്നും ശങ്കരാചാര്യരാണ് അവരോധിച്ചതെന്നുമൊക്കെയുള്ള ഐതിഹ്യങ്ങൾ നിര്‍മിക്കപ്പെട്ടു തുടങ്ങിയത്. ഐതിഹ്യങ്ങളല്ല രേഖകളാണ് വേണ്ടതെന്ന് ബ്രിട്ടീഷ്‍ ഗവൺമെന്റ് ശാഠ്യം പിടിക്കാൻ തുടങ്ങുകയുമുണ്ടായി. രേഖകൾ ഹാജരാക്കാത്തവരുടെ രാജപദവിയും ഭൂമിയും നഷ്ടപ്പെടുമെന്ന് ഭയന്നാണ് ഈ ഐതിഹ്യങ്ങളെല്ലാം തുന്നിക്കൂട്ടി കേരളോൽപത്തിയും കേരളമാഹാത്മ്യവും വ്യവഹാരമാലികയുമൊക്കെയാക്കി താളിയോല ഗ്രന്ഥങ്ങൾ എഴുതിത്തുടങ്ങുന്നത്. ചേരമാൻ പെരുമാള്‍ കൊടുത്ത ചെമ്പോലകളും മറ്റ് താളിയോല ഗ്രന്ഥങ്ങളും ഒക്കെ പുറത്ത് വരുന്നതും അന്നേരമാണ്.

ഈ വ്യവഹാരമാലികയെയും കേരളോൽപത്തികളെയും ചെമ്പോലകളെയും മുൻനിര്‍ത്തിയാണ് ബ്രിട്ടീഷ്‍ ഗവൺമെന്റ് നമ്മുടെ ഭൂമിയെക്കുറിച്ച് പഠിക്കാൻ തുടങ്ങുന്നത്. ഭൂനിയമങ്ങൾ ഉണ്ടാക്കുന്നതും ലാന്‍ഡ് റെജിസ്ട്രേഷൻ, ലാന്‍ഡ് റെവന്യൂ, മരുമക്കത്തായം, വിവാഹം സംബന്ധിച്ചുള്ള സകല നിയമനിര്‍മ്മാണങ്ങളും ഇവയെ മുൻനിർത്തിയാണ് ബ്രിട്ടീഷ്‍ ഗവൺമെന്റ് രൂപം കൊടുക്കുന്നത്. മരുമക്കത്തായവും സംബന്ധവും നിരോധിച്ചു. ഒരാളെയേ ജീവിത പങ്കാളിയാക്കാൻ പാടൂ എന്നും വിവാഹം റെജിസ്റ്റർ ചെയ്തേ പറ്റൂ എന്നും വന്നു. കൈവശം വെക്കാവുന്ന ഭൂമിക്ക് പരിധികൾ വന്നു. ഈ പുതിയ നിയമങ്ങളുടെ ബലത്തില്‍ കവളപ്പാറ ഭൂപ്രഭു കുടുംബത്തിലെ ഒരു നെയ്തിയാരമ്മ അമ്മാവനോട് പിണങ്ങി കേസ് കൊടുത്ത് സ്വന്തം വിഹിതം വാങ്ങി സംബന്ധക്കാരനെ വിവാഹം കഴിച്ച് വേറെ താമസിക്കാൻ തുടങ്ങി. ഇതെല്ലാം ഇവിടത്തെ നാടുവാഴികളെയും ജന്മിമാരെയും ആശങ്കയിലാഴ്ത്തി.

ബ്രാഹ്മണരുടെയും നാടുവാഴികളുടെയും നായർ ഭൂപ്രഭുക്കൻമാരുടെയും ഇടയിൽ വരുന്ന മാറ്റത്തോടൊപ്പം തന്നെ താഴ്ന്ന ജാതി വിഭാഗങ്ങൾക്കിടയിലും മാറ്റങ്ങളുണ്ടായിത്തുടങ്ങി. ഈഴവരുടെയും കമ്മാളൻമാരുടെയും ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വം മാറുകയും ഭാര്യയും ഭർത്താവും ഒരു മുറിയിൽ താമസിക്കാൻ തുടങ്ങുകയുമുണ്ടായി. ഇതിനിടയിൽ അയിത്തം നിരോധിച്ചു. അടിമത്തം നിരോധിച്ചു. സ്കൂളുകൾ ഉണ്ടായി. ആശുപത്രികൾ ഉണ്ടായി. തിയേറ്ററുകൾ ഉണ്ടായി. വ്യവസായശാലകളും തോട്ടങ്ങളും ഉണ്ടായി. ജാതി

വ്യവസ്ഥക്കകത്ത് മാത്രം നിന്ന് കൊണ്ട് ജന്മിയുടെ പറമ്പിൽ മാത്രം ജോലി ചെയ്യേണ്ടിയിരുന്നവർ അയിത്തം വെടിഞ്ഞ് തോട്ടം തൊഴിലാളികളും വ്യവസായശാലകളിലെ പണിക്കാരുമായി. ഇതെല്ലാം ഇവിടത്തെ നാടുവാഴികളെയും ജന്മിമാരെയും ആശങ്കയിലാഴ്ത്തിയിരുന്നെങ്കിലും നിവൃത്തിയുണ്ടായില്ല. ബ്രിട്ടീഷുകാര്‍ ആ‍‍ജ്ഞാപിച്ചു. അവർ നടപ്പിലാക്കി. അന്തഃപുരത്തിനകത്തു വരെ അവർ നിരീക്ഷണത്തില്‍ കീഴിലായി. വൻ നികുതിയാണ് ഗവൺമെന്‍റിലേക്ക് അടയ്ക്കേണ്ടിയിരുന്നത്. അടയ്ക്കാൻ സാധിക്കാത്ത സമയത്ത് അവർക്ക് പ്രശ്നത്തിനിറങ്ങേണ്ടി വന്നു. കൊല്ലപ്പെട്ടു. ആത്മാഹുതി ചെയ്തു.

ബ്രിട്ടീഷുകാര്‍ക്ക് അധികാരം മുഴുവനും കൊടുത്തിട്ട് അവർ തരുന്ന ശമ്പളം കൊണ്ട് ജീവിക്കാം എന്നും കൊച്ചി രാജാവ് അങ്ങനെയാണ് ജീവിക്കുന്നത് എന്നും പറയുന്ന ഒരു പ്രസംഗം നടത്തുന്നുണ്ട് സാമൂതിരി. തിരുവിതാംകൂറിലെ രാജാവ് ഉണ്ടാക്കിയ ആശുപത്രികളും സ്കൂളുകളും ക്ഷേത്ര പ്രവേശന വിളംബരങ്ങളുമെല്ലാം സായ്പിന്റെ ഭരണപരിഷ്കാരങ്ങൾ ആയിരുന്നുവെന്ന് മനസ്സിലാക്കാൻ വലിയ ചരിത്രബോധമൊന്നും ആവശ്യമില്ല.

തിരുവിതാംകൂർ മഹാരാജാവിന്റെ എക്കാലത്തെയും മഹാനേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് വലിയ കോലാഹലങ്ങൾ ഇല്ലാതെ തന്നെ തിരുവിതാംകൂറിലെ മുഴുവൻ ക്ഷേത്രങ്ങളും താഴ്ന്നജാതി വിഭാഗങ്ങൾക്കായി തുറന്നുകൊടുത്തു എന്നതും ദലിതർക്കും പ്രവേശനം നൽകുന്ന സ്കൂളുകൾ സ്ഥാപിച്ചു എന്നതുമാണ്. ഗുരുവായൂരും വൈക്കത്തും നടന്നതു പോലുള്ള പ്രശ്നങ്ങളൊന്നും തിരുവിതാംകൂറിലുണ്ടായില്ല. ഇതിന് പിന്നിലും ചില ചരിത്ര വസ്തുതകൾ ഉണ്ട്. കോലത്തിരിക്കും സാമൂതിരിക്കും കൊച്ചി രാജാവിനും ഒന്നുമില്ലാത്ത ചില താൽപര്യങ്ങൾ തിരുവിതാംകൂർ മഹാരാജാവിന് ഉണ്ടായിരുന്നു. അത് തീവ്രഹിന്ദുത്വത്തിന്റെ താൽപര്യങ്ങൾ ആയിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദമാകുമ്പോഴേക്കും ദ്രാവിഡവാദമൊക്കെ ശക്തമാകുകയും, ഈഴവർ സംഘടിക്കപ്പെടുകയും, സാമുദായികമായും സാമ്പത്തികമായും ശക്തിപ്പെടുകയും ചെയ്തിരുന്നു. തിരുവിതാംകൂറിലെ ദലിതർ കൂട്ടത്തോടെ ക്രൈസ്തവമതം സ്വീകരിച്ചു തുടങ്ങിയിരുന്നു. മിഷണറിമാർ നടത്തിയ സ്കൂളുകളിലൂടെയും പരിഷ്കാരങ്ങളിലൂടെയും സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. തിരുവിതാംകൂറിലെ ക്രൈസ്തവ മതം സ്വീകരിച്ച ചാന്നാന്മാരെല്ലാം സമ്പന്നതയിലേക്ക് വന്നുതുടങ്ങി. അവരെല്ലാം സിലോണിലേക്ക് കുടിയേറാനും തുടങ്ങിയിരുന്നു. രാജാവിന്റെ മാമൂലുകൾക്കും ജാത്യാചാരങ്ങൾക്കും പുറത്ത് സമ്പന്നമായ ഒരു ജീവിതം സാധാരണക്കാർക്ക് സാധ്യമായിത്തുടങ്ങിയിരുന്നു. 1819ൽ തന്നെ നാഗർകോവിലിൽ ആദ്യത്തെ ഗേൾസ് സ്കൂൾ പള്ളി തുടങ്ങി. മദ്രാസ് ഗവൺമെന്റിൻറെയും തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റിന്റെയും പൂർണ്ണ പിന്തുണ താഴ്ന്ന ജാതി വിഭാഗങ്ങള്‍ക്കുണ്ടായിരുന്നു. 1812ൽ ബ്രിട്ടീഷ് ഗവൺമെന്റ് അടിമകളെ വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ടുള്ള വിളംബരം നടത്തി. വിളംബരം പുറപ്പെടുവിക്കുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ ബ്രിട്ടീഷ് റസിഡന്റ് വിളംബരത്തിന്റെ ഡ്രാഫ്റ്റ് തിരുവിതാംകൂർ ദിവാന് കൊടുത്ത് രാജ്യം മുഴുവൻ പ്രചാരപ്പെടുത്താൻ നിഷ്കർഷിക്കുകയും ചെയ്തു. ജന്മിത്വവും ദേവദാസി സമ്പ്രദായവും മരുമക്കത്തായവും നിരോധിക്കപ്പെട്ടു. അയിത്തം മാറ്റാൻ ശക്തമായ നടപടികൾ ബ്രിട്ടീഷ് ഗവൺമെന്റ് കൈക്കൊള്ളുകയുണ്ടായി. സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം കൊടുക്കാൻ തിരുവിതാംകൂർ തയ്യാറായിരുന്നില്ല. ബ്രിട്ടീഷ് ഗവൺമെന്റിന്റെ വിമർശനവും സമ്മർദ്ദവും താങ്ങാനാവാതെയാണ് സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം കൊടുക്കാൻ തിരുവിതാംകൂർ തയ്യാറാകുന്നത്. 1806ൽ തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസവും പത്തുവർഷത്തിനകം തന്നെ പാവപ്പെട്ടവർക്ക് സൗജന്യ വിദ്യാഭ്യാസവും ബ്രിട്ടീഷ് ഗവൺമെന്റ് തുടങ്ങി കഴിഞ്ഞിരുന്നു. ഇതെല്ലാം തിരുവിതാംകൂർ മഹാരാജാവിനെ ആശങ്കപ്പെടുത്തിയ ഘടകങ്ങളാണ്. ഇതിനിടയിലേക്കാണ് ദലിതരെ പ്രവേശിപ്പിക്കുന്ന സ്കൂൾ തുറന്നുകൊടുത്ത് തിരുവിതാംകൂർ മഹാരാജാവ് പുരോഗമനകാരിയായത്.

ഭരിക്കേണ്ടത് ക്രൈസ്തവരെയാകുമോ എന്ന ഭയംകൊണ്ടും, ബ്രിട്ടീഷുകാരുടെ ഭരണം നടത്തിപ്പുകാരൻ മാത്രമാണെങ്കിലും ഭരണാധികാരിയാണെന്ന് തോന്നിപ്പിക്കുന്നതും മഹാരാജാവിനെ മഹാരാജാവാക്കി നിർത്തിയിരുന്നതും ജാത്യാചാരം ആയതുകൊണ്ടും, ദലിതരെയും ഈഴവരെയും കൂടെ നിർത്തി ആ ജാത്യാചാരങ്ങൾ നിലനിർത്തേണ്ടത് തിരുവിതാംകൂർ രാജാവിന്റെ ആവശ്യമായിരുന്നു. ഇതാണ് ക്ഷേത്രങ്ങളും താഴ്ന്നജാതി വിഭാഗങ്ങൾക്കായി തുറന്നുകൊടുക്കാൻ തിരുവിതാംകൂർ രാജാവിനെ പ്രേരിപ്പിച്ച ഘടകം. നിരവധി ചരിത്ര രേഖകൾ ഇതിന് തെളിവായുണ്ട്. അധികാരവും മരുമക്കത്തായവും ഭൂമിയും നഷ്ടപ്പെട്ടു. അയിത്ത-അടിമത്ത വ്യവസ്ഥയ്ക്ക് പോറലേറ്റു. രാജാവ് കനിഞ്ഞില്ലെങ്കിലും നാട്ടുകാർ ജീവിക്കുമെന്നതിന് തെളിവായി പല ദളിതരും മികച്ച ജീവിത സാഹചര്യങ്ങളിലെത്തി. ഈ അന്തരീക്ഷം നല്‍കിയ സമ്മര്‍ദ്ദം രാജാവിനെ പരിഷ്കാരിയാക്കി. ബ്രിട്ടീഷു പരിഷ്കാരങ്ങളുടെ മുന്നിൽ കയറി നിന്ന്, ക്ഷേത്രങ്ങൾ തുറന്ന് കൊടുത്ത് തിരുവിതാംകൂർ രാജാവ് സ്വയം ഈ പരിഷ്കാരങ്ങളുടെ വക്താവായി.

കോൺഗ്രസുകാരെ ആവേശം കൊള്ളിക്കുന്ന രാജഭരണത്തിന്റെ ഏകദേശ ചരിത്രമാണ് മുകളിൽ വിശദീകരിക്കാൻ ശ്രമിച്ചിട്ടുള്ളത്. ബ്രിട്ടീഷുകാരും മിഷണറിമാരും കേരളത്തിൽ വന്ന് ഇവിടെയുള്ള സമൂഹത്തെയൊന്നാകെ വിദ്യാസമ്പന്നരും പരിഷ്കാരികളും പുരോഗമനകാരികളുമാക്കിയെന്നും, വ്യവസ്ഥയെ സമത്വപൂർണ്ണവുമാക്കിയെന്നുമല്ല മേൽ വിശദീകരിച്ചതിന്റെയൊന്നും ഉദ്ദേശ്യം. കൊളോണിയലായതും മതപരമായതുമായ താൽപര്യങ്ങളോടെ തന്നെയാണ് ബ്രിട്ടീഷ് ഗവൺമെന്റ് ഇടപെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് ഈ പരിഷ്കാരപ്രവർത്തനങ്ങളെയെല്ലാം 'കൊളോണിയൽ ആധുനികത' എന്നൊക്കെ വിളിക്കുന്നതും. ബ്രിട്ടീഷ് ഗവൺമെന്റ് അവരുടെ സാമ്രാജ്യത്വ താൽപര്യങ്ങൾ സംരക്ഷിക്കാനായി കോളനികളിൽ നടത്തിയിട്ടുള്ള ഇടപെടലുകളും പരിഷ്കരണങ്ങളും രാജഭരണത്തിന്റെ നേട്ടങ്ങളായി കോണ്‍ഗ്രസ് പോലൊരു കക്ഷി വാദിക്കുമ്പോഴാണ് അവയുടെ വസ്തുതകൾ എന്താണെന്ന് ചൂണ്ടിപ്പറയേണ്ടി വരുന്നത്. ആ നിലയ്ക്കാണ് മുകളിലുള്ള പ്രസ്താവനകളെ മനസ്സിലാക്കേണ്ടതും.

പ്രാചീന-മധ്യകാലങ്ങളിൽ രാജാക്കന്മാര്‍ക്ക് 'പുരോഗമന'മില്ലേ?

ബ്രിട്ടീഷ് ഭരണാധികാരികള്‍ അവരുടെ ഭരണതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നടപ്പാക്കിയ നയങ്ങളിലെ പുരോഗമനപരതയുടെ ചെലവില്‍ രാജാക്കന്മാരെ പുരോഗമനകാരികളാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. രാജാക്കന്മാര്‍ പുരോഗമന നിലപാടുള്ളവരായിരുന്നെങ്കില്‍ അത് കാണേണ്ടിയിരുന്നത് അവര്‍ക്ക് പൂര്‍ണ അധികാരങ്ങള്‍ കൈവശമുണ്ടായിരുന്ന പ്രാചീന-മധ്യകാലങ്ങളിലല്ലേ? ബ്രിട്ടീഷുകാരുടെ കൈവശം അധികാരമിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ മാത്രം അവര്‍ പുരോഗമനകാരികളായി മാറിയതതെങ്ങനെയാണ്? ഈ സന്ദര്‍ഭത്തില്‍ എന്തായിരുന്നു മധ്യകാല കേരളത്തിലെ അവസ്ഥയെന്നു കൂടി പരിശോധിക്കേണ്ടതായി വരും.

പ്രാചീന-മധ്യകാല ചരിത്രത്തിൽ രാജാക്കന്മാരും നാടുവാഴികളും നടത്തിയ ഭരണത്തിന്റെ ബാക്കിപത്രമെന്താണ്? ജാതി വ്യവസ്ഥക്കകത്തെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ജീവിതമല്ലേ നിലവിലുണ്ടായിരുന്നത്? ബ്രാഹ്മണർക്ക് ഓതാനുള്ള ശാലകൾ, ഓത്തില്ലാത്ത ബ്രാഹ്മണർക്ക് ഗ്രേഡ് കുറഞ്ഞ അറിവ് ആർജ്ജിക്കാനുള്ള സംവിധാനങ്ങൾ, നമ്പിയാർമാർക്കും നങ്ങയാൻമാർക്കും ചാക്യാർമാർക്കും കൂത്തും കൂടിയാട്ടവും ആടാനുള്ള കൂത്തമ്പലം വേറെ, നായൻമാർക്കും പണിക്കർമാർക്കും കളരിയും മന്ത്രവാദവും പഠിക്കാനുള്ള ഇടങ്ങൾ വേറെ, ഈഴവരുടെയും മുസ്ലീം സമുദായക്കാരുടെയും കളരിപ്പുരകളും മന്ത്രപ്പുരകളും വേറെ, ഈഴവരുടെ തന്നെ ആശാൻ പുരകളും എഴുത്തുപുരകളും വേറെ, കണിയാൻമാരുടെ കാലഗണിത ശാസ്ത്രങ്ങൾ വേറെ ആശാരിമാരുടെ തച്ചുശാസ്ത്രങ്ങൾ വേറെ, മണ്ണാൻമാര്‍, പുള്ളുവര്‍ എന്നിവരുടെ വൈദ്യ-മന്ത്ര-തന്ത്ര പാരമ്പര്യങ്ങൾ വേറെ, പുലയർക്കും പറയർക്കും ഇതിനൊക്കെ പുറത്ത് വേറെ അറിവിടങ്ങൾ. ഇതിൽ ബ്രാഹ്മണർ മുതൽ നായൻമാര്‍ വരെയുള്ളവരുടെ അറിവ് സങ്കൽപങ്ങൾ അംഗീകരിക്കപ്പെട്ടു. ശേഷിച്ചവയെല്ലാം വൈജ്ഞാനിക മേഖലയായോ അറിവ് സങ്കൽപങ്ങളായോ കരുതുക ഉണ്ടായിട്ടില്ല. ആ കാലമേല്‍പ്പിച്ച ആഘാതം ഇന്നും ആ വൈജ്ഞാനിക മേഖലയില്‍ വലിയ പോറലുകളായി നിലനില്‍ക്കുന്നു. ജാതിക്കു പുറത്ത് ഒരു ജ്ഞാനനിർമ്മിതിയും രൂപം കൊണ്ടിരുന്നില്ല. ഇതാണ് രാജഭരണം കൊണ്ടു നടന്ന പൊതുവിദ്യാഭ്യാസത്തിന്റെ പൈതൃകം.

ഇനി സാമ്പത്തികമേഖല പരിശോധിക്കാം. രാജാവ് അല്ലെങ്കിൽ നാടുവാഴി. മക്കളും മരുമക്കളുംകൂടി രാജ്യഭരണം, ഭൂമിയിലുള്ള ഭരണം, ക്ഷേത്രഭരണം. നമ്പൂതിരിമാർക്ക് ശാന്തിപ്പണി, ജന്മിത്വം. അന്തരാളർക്കും അമ്പലവാസികള്‍ക്കും ക്ഷേത്രോപജീവനം, നായൻമാർ ചിലർ പടയാളികൾ, ചിലര്‍ ജന്മിമാർ, ചിലര്‍ നമ്പൂതിരിമാരുടെ അടിയാളൻമാർ, ഈഴവർ ചെത്തുകാർ, കമ്മാളൻമാർ കൈവേലക്കാർ, മണ്ണാൻമാര്‍ അലക്കുകാർ, പുള്ളുവര്‍, പാണര്‍ തുടങ്ങിയവർ പാട്ടുകാർ, പുലയരും പറയരും കർഷകർ. കൃത്യമായി അതിരുകൾ നിശ്ചയിച്ച ജാതി വ്യവസ്ഥയ്ക്കകത്ത് മധ്യകാല സമ്പദ് വ്യവസ്ഥ ഞെരുങ്ങിക്കിടന്നു. ഇതു തന്നെയാണ് നമ്മുടെ പ്രാചീന-മധ്യകാല രാഷ്ട്രീയ-സാമൂഹിക പരസരവും.

ഈ ജാതീയമായ ഉച്ചനീചത്വങ്ങളെ രാജാക്കന്മാര്‍ വളരെ മനോഹരമായി പരിപാലിച്ചു വരുന്ന സന്ദർഭത്തിലാണ് പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ യൂറോപ്യൻ ശക്തികൾ കേരളത്തിലെത്തുന്നത്. രാജാക്കന്മാര്‍ അവരെ സ്വാഗതം ചെയ്യുന്നു. പിന്നീട് ഈ യൂറോപ്യൻ ശക്തികളുടെ അടിമകളായിത്തീരുകയും ചെയ്യുന്നു. ഈ അടിമത്വത്തിന്റെ തിരുശേഷിപ്പുകളാണ് കോൺഗ്രസ് ഇന്ന് ആവേശം കൊള്ളുന്ന 'രാജഭരണകാലത്തെ പരിഷ്കാരങ്ങ'ളെല്ലാം. കൊളോണിയൽ താൽപര്യങ്ങളത്രയും നാടുവാഴിത്വത്തിനും ജന്മിത്വത്തിനും എതിരെയുള്ളതായിരുന്നു. സമ്പത്തും അധികാരവും നാടുവാഴികളുടെയും ജന്മിമാരുടേയും കൈവശത്തിലായിരുന്നുവെന്നതുകൊണ്ട് തന്നെ കൊളോണിയലിസം ഏറ്റവും കൂടുതൽ ആക്രമിച്ചതും ഇതേ വർഗ്ഗത്തെ തന്നെയായിരുന്നു. അതുകൊണ്ടാണ് ഇവിടത്തെ നാടുവാഴികൾക്ക് ജന്മിത്വവും മരുമക്കത്തായവും അയിത്തവും അടിമത്വവും സംബന്ധവും നിരോധിച്ച് ക്ഷേത്രപ്രവശന വിളംബരം നടത്തേണ്ടിയും പൊതുസ്കൂളുകളും ആശുപത്രികളും തുറക്കേണ്ടിയും വന്നത്.

കോൺഗ്രസ്സിന്റെ രാജഭക്തിയും വിമോചനസമരവും

ലോകശ്രദ്ധ നേടുവിധം സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയാണെന്നതിനു മേല്‍ ഒരു തര്‍ക്കത്തിന് വഴിയുണ്ടെന്ന് തോന്നുന്നില്ല. കോൺഗ്രസ് ഈ ഘട്ടത്തില്‍ സര്‍ക്കാരിനെ നിരുപാധികം പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ മര്യാദയൊന്നുമില്ല. പക്ഷെ, വിമര്‍ശനാത്മകമായ, പ്രശ്നാധിഷ്ഠിതമായ ഒരു പിന്തുണ നല്‍കലായിരുന്നു ബുദ്ധിപൂര്‍വ്വം എടുക്കാമായിരുന്ന നിലപാട്. ഭരിക്കുന്നവരുമായി ബന്ധപ്പെട്ട മറ്റെല്ലാ വിഷയങ്ങളില്‍ നിന്നും കോവിഡ് മഹാമാരിയെന്ന വിഷയം വ്യത്യസ്തമാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയേണ്ടതായിരുന്നു. കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും മാത്രം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വെച്ച് അതിജീവനത്തിനു വേണ്ടിയുള്ള മുന്നേറ്റത്തെ തടയുകയാണ് അവര്‍ ചെയ്യുന്നതെന്നത് ദുഃഖത്തോടെ പറയേണ്ടി വരുന്നു. അതേസമയം കേരളം ഇന്ന് ആർജ്ജിച്ചെടുത്ത സാമൂഹികവികസനത്തിന്റെ 'ക്രെഡിറ്റ്' രാജാക്കന്മാര്‍ക്ക് നീക്കിക്കൊടുക്കുന്നു. നോക്കൂ, കോണ്‍ഗ്രസ് ആ മുന്നേറ്റങ്ങളുടെ അവകാശം തങ്ങള്‍ക്കുമുണ്ടെന്ന് വാദിക്കുക പോലുമല്ല ചെയ്യുന്നത്. സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് തുരങ്കം വെക്കുകയും ഒരേസമയം തന്നെ വികസനത്തിൽ അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന നയം സ്വീകരിക്കുന്ന കോൺഗ്രസിനെ ഇതിന് മുമ്പും നിരവധി സന്ദർഭങ്ങളിൽ ചരിത്രത്തിൽ നമ്മള്‍ കണ്ടിട്ടുണ്ട്. 1958ലെ വിദ്യാഭ്യാസ ബില്ലിന്റെയും, 1959ലെ ഭൂപരിഷ്കരണ ബില്ല് എന്ന് പരക്കെ അറിയപ്പെടുന്ന കാർഷികബന്ധബില്ലിന്റെയും അവതരണ വേളകൾ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിൽ തുരങ്കം വെക്കുന്ന ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ ആർജ്ജിച്ച നേട്ടത്തിന്റെ പങ്ക് പറ്റാൻ വരുന്ന കോൺഗ്രസിനെ അനുസ്മരിപ്പിക്കുന്നതാണ്.

1959ൽ കെ. ആർ. ഗൗരി ഭൂപരിഷ്കരണ ബില്ല് അവതരിപ്പിക്കുമ്പോൾ അന്നത്തെ കോൺഗ്രസ് എംഎൽഎയും, പിൽക്കാലത്ത് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തൊക്കെ എത്തുകയും ചെയ്ത കെ. കെ. വിശ്വനാഥൻ അവകാശപ്പെട്ടത് തിരുവിതാംകൂറിലെയും കൊച്ചിയിലെയും മഹാരാജാക്കന്‍മാരാണ് ഭൂപരിഷ്കരണം നടപ്പിലാക്കിയത് എന്നാണ്. അതിന് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് എതിരായി നിന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ അവകാശം ഉന്നയിച്ച അതേ കോൺഗ്രസ് എംഎൽഎ അടുത്ത നിമിഷം തന്നെ പറയുന്നത് ''ഈ ബില്‍ ഇതുപോലെ പാസ്സാക്കിയാല്‍ ഒരു വിഭാഗം കുടിയായ്മ അവസാനിപ്പിച്ച് കുടിയാന്‍മാരെ ഭൂവുടമകളാക്കും'' എന്നാണ്. ഒരു ജന്മിയുടെ വികാരമായിരുന്നു കോൺഗ്രസ്സിനെ നയിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. കോൺഗ്രസിന്റെ രാജഭക്തിക്കും മാടമ്പി ഭക്തിക്കും ഉദാഹരണങ്ങൾ നിരവധിയാണ്. കർഷകന് ഭൂമിയിൽ സ്ഥിരാവകാശം ഉറപ്പുവരുത്തുകയും ജന്മി കൈവശം വെക്കുന്ന ഭൂമിക്ക് പരിധിനിർണ്ണയിക്കുകയും ചെയ്യുന്ന ഭൂനയം നടപ്പിലാക്കിയാൽ 'ബ്രാഹ്മണശാപം' ഉണ്ടാകും എന്നതായിരുന്നു കോൺഗ്രസ് നിയമസഭയില്‍ ഉന്നയിച്ച ആശങ്ക. കർഷകന് ഭൂമിയിൽ സ്ഥിരാവകാശം ഉറപ്പുവരുത്തുകയും ജന്മി കൈവശം വെക്കുന്ന ഭൂമിക്ക് പരിധിനിർണ്ണയിക്കുകയും ചെയ്യുന്ന 1959ലെ കാർഷികബന്ധ ബില്ലിനെ അട്ടിമറിച്ചാണല്ലോ കോൺഗ്രസ് പിന്നീട് ഭൂപരിഷ്കരണ ബില്ല് എന്ന നാമധേയത്തിൽ അത് പാസ്സാക്കി എടുക്കുന്നതും.

1958ലെ വിദ്യാഭ്യാസ ബില്ലിന്റെ അവതരണവേളയിലും കോൺഗ്രസ്സിന്റെ ജന്മിത്തത്തെ വാഴ്ത്തുന്ന ചരിത്രനിമിഷങ്ങൾ കാണാവുന്നതാണ്. എല്ലാ മേഖലകളിലുമുള്ള അധ്യാപകര്‍ക്കും ഗവണ്‍മെന്‍റ് മുഴുവന്‍ ശമ്പളവും നേരിട്ട് കൊടുക്കുക, അതുവഴി അദ്ധ്യാപകന്‍മാരും മാനേജര്‍മാരും തമ്മിലുള്ള യജമാനഭൃത്യബന്ധം നിറുത്തലാക്കുക, 5 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത വിദ്യാഭ്യാസം കൊടുക്കുക, സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കുക, അദ്ധ്യാപക നിയമനം പി.എസ്.സി. മുഖേന നടപ്പിലാക്കുക തുടങ്ങിയവയായിരുന്നു ഈ വിദ്യാഭ്യാസ ബില്ലിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍. ആ അവസരത്തിൽ കോൺഗ്രസിന്റെ അവകാശവാദം പരമ്പരാഗത ജന്മിമാരും സ്വകാര്യ മാനേജ്മെന്‍റുകളുമാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ജനാധിപത്യവല്‍ക്കരണം നടത്തിയിട്ടുള്ളത് എന്നായിരുന്നു.

പരമ്പരാഗത ജന്മിമാരുടെയും സ്വകാര്യ മാനേജ്മെന്‍റുകളുടെയും കീഴിലുണ്ടായിരുന്ന കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയില്‍ ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണം ഏര്‍പ്പെടുത്തി അധികാര വികേന്ദ്രീകരണം നടത്തിക്കൊണ്ട് ജനാധിപത്യവല്‍ക്കരിച്ച് പൊതുവിദ്യാഭ്യാസമെന്ന സങ്കല്‍പത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന കേരളചരിത്രത്തിലെ തന്നെ വളരെ നിര്‍ണ്ണായകമായ നിയമനിര്‍മ്മാണമായിരുന്നു 1958ലെ വിദ്യാഭ്യാസ ബിൽ. ഇത്തരമൊരു വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന് പ്രഖ്യാപനമുണ്ടായ കാലംമുതല്‍തന്നെ ബില്ല് പാസ്സായാലും നടപ്പില്‍ വരുത്താന്‍ സമ്മതിക്കയില്ല എന്നും, പള്ളിക്കൂടങ്ങള്‍ അടച്ചിടുമെന്നും, 2000 യുവാക്കന്‍മാരെ സംഘടിപ്പിച്ച് ഈ രാജ്യത്ത് ഞങ്ങള്‍ ഇതിനുവേണ്ടി ഒരു കുരിശുയുദ്ധം നടത്താന്‍ പോകുകയാണ് എന്നുമാണ് കത്തോലിക്ക പുരോഹിതവർഗ്ഗത്തിനു വേണ്ടി കോൺഗ്രസ് ആഹ്വാനം ചെയ്തത്.

മഹാരാജാക്കന്മാര്‍ക്ക് ഭൂപരിഷ്കരണം നടത്തി കുടിയാൻമാരെ സംരക്ഷിച്ച പാരമ്പര്യമുണ്ട് എന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച, ഫ്യൂഡൽ മാടമ്പിമാരും സ്വകാര്യമാനേജ്മെന്റുകളുമാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ പൈതൃകാധികാരികളെന്ന് അവകാശപ്പെട്ട അതേ കോൺഗ്രസ്സുകാർ തന്നെയാണ് കർഷകർക്ക് ഭൂമിയിൽ സ്ഥിരാവകാശം ഉറപ്പ് വരുത്തുന്ന കാർഷിക ബന്ധബില്ലിനും ജനാധിപത്യത്തിലധിഷ്ടിതമായ വിദ്യാഭ്യസബില്ലിനുമെതിരെ വന്‍ പ്രക്ഷോഭങ്ങൾ നടത്തി തകര്‍ക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ ഈ പ്രക്ഷോഭത്തിന്‍റെ കാറ്റ് കേന്ദ്രത്തിലേക്ക് വരെ നീളുകയും, ഭരണഘടനാവിരുദ്ധമായി ചില വകുപ്പുകള്‍ ബില്ലുകളിലുണ്ടെന്ന് വിധിക്കുകയും, രാഷ്ട്രപതിയുടെ അംഗീകാരമില്ലാതെ അവയെല്ലാം തിരിച്ചു വരികയുമാണുണ്ടായത്. കേന്ദ്രം കോൺഗ്രസ് ആണ് ഭരിച്ചിരുന്നത് എന്നതുകൊണ്ട് തന്നെയാണ് പാസ്സാക്കാൻ അനുമതിയില്ലാതെ ബില്ലുകൾ തിരിച്ചുവന്നതും, സുപ്രീംകോടതിയുടെ കൂടി സഹായത്തോടെ കോൺഗ്രസ് നിർദ്ദേശിച്ച ഭേദഗതികളോടെ ബില്ലുകൾ പുനഃപരിഗണിച്ച് പാസ്സാക്കിയെടുക്കേണ്ടി വന്നതും. ഭൂനിയമങ്ങളിലൂടെയും വിദ്യാഭ്യാസ ബില്ലിലൂടെയും പ്രത്യാഘാതവും പ്രഹരവുമേറ്റ പരമ്പരാഗത ജന്മി-സ്വകാര്യ മാനേജ്മെന്‍റുകളുടെ സമുദായ നേതാക്കളായ എന്‍എസ്എസ്സിനെയും മുസ്ലീംലീഗിനെയും കത്തോലിക്കസഭയെയും സംഘടിപ്പിച്ചുകൊണ്ട് ഗവണ്‍മെന്‍റിനെതിരെ വിമോചന സമരം നടത്തുകയും, അങ്ങനെ ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ ഒരു ഗവണ്‍മെന്‍റിനെ താഴെയിറക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യവുമാണ് കോൺഗ്രസ് പിന്നീടു സൃഷ്ടിച്ചെടുക്കുന്നത്.

എന്തുതന്നെയാകിലും പൊതുവിദ്യാഭ്യാസരംഗത്തും ഭൂബന്ധങ്ങളിലും ഇടത് ഗവണ്‍മെന്‍റ് അന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന മൂല്യങ്ങളും ആശയങ്ങളുമാണ് പില്‍ക്കാലത്തും ആധുനിക വിദ്യാഭ്യസത്തിന്‍റെ പുരോഗമനാശയങ്ങളുടെ നെടുംതൂണായി കേരളചരിത്രത്തില്‍ നിലകൊണ്ടത്. അതുകൊണ്ടാണ് ഭൂപരിഷ്കരണബില്ല് വലിയ തോതില്‍ ഭേദഗതി ചെയ്തിട്ടായാലും, പാസ്സാക്കിയത് കോൺഗ്രസ് ഗവണ്‍മെന്‍റ് ആയിട്ടും അതിന്റെ മുകളിൽ ഒരവകാശവാദത്തിന് കോൺഗ്രസ്സുകാർ വരാത്തത്. (തൃത്താല എംഎല്‍എയായ വിടി ബല്‍റാം ഇടയ്ക്ക് ഇത്തരം വാദങ്ങളുന്നയിക്കാറുണ്ടെങ്കിലും ഫേസ്ബുക്ക് പോരാളികളായ കോണ്‍ഗ്രസ്സുകാരല്ലാതെ മറ്റാരും അതേറ്റെടുക്കാറില്ല. തരക്കേടില്ലാത്ത ഒരു ബൂമറാങ്ങാണതെന്ന് അറിവുള്ളവര്‍ക്കറിയാം.) വിമർശനങ്ങൾ ഉന്നയിക്കുന്ന മറ്റ് ഇടത് വിരുദ്ധരും കാർഷികബന്ധബില്ല് അട്ടിമറിച്ചാണ് കോൺഗ്രസ് ഗവണ്‍മെന്റ് ഈ ബില്ല് പാസ്സാക്കിയെടുത്തത് എന്ന കാര്യം അമ്പേ മറന്നുപോകുകയോ അറിവില്ലായ്മ നടിക്കുകയോ ചെയ്യുന്നു.

രാജഭരണത്തിലും ജന്മിത്വത്തിലും ദേശീയതയിലും അഭിരമിക്കുന്ന വാദങ്ങൾ എപ്പോഴും ഹിന്ദുത്വത്തിന്റേതായിരുന്നു. 1920ൽ മഞ്ചേരിയിൽ നടന്ന കോൺഗ്രസിന്റെ ഒരു കോൺഫറൻസിൽ കുടിയൊഴിക്കുന്ന കർഷകർക്ക് നിയമപരിരക്ഷ നൽകണം എന്ന ആവശ്യം ഉയർന്നു വന്നു. അന്ന് കോൺഫറൻസിൽ പങ്കെടുത്തിരുന്ന ജന്മിമാരായ അംഗങ്ങൾ മുഴുവനും കോൺഗ്രസിലെ ഒരു വിഭാഗം ഉന്നയിച്ച ആവശ്യത്തെ നഖശിഖാന്തം എതിർത്തു. അവരുടെ വാദം ഭൂമി അവരുടെ സ്വകാര്യ സ്വത്താണെന്നും അതിന്മേലുള്ള അവരുടെ അവകാശം നിഷേധിക്കാൻ സാധ്യമല്ല എന്നുമായിരുന്നു. ഈ ജന്മിമാർ എല്ലാവരും ചേർന്ന് കർഷകരുടെ ആവശ്യത്തിനെതിരെ മറ്റൊരു റെസലൂഷൻ തന്നെ കൊണ്ടുവന്നു. എന്നാൽ ജന്മിമാരായ അംഗങ്ങളുടെ പ്രമേയം തള്ളിക്കളഞ്ഞ് കർഷകരെ കുടിയൊഴിക്കുന്നത് തടയുന്ന ആവശ്യം ഔദ്യോഗിക പ്രമേയമാക്കി അന്നത്തെ ആ കോൺഫറൻസ് പാസ്സാക്കിയെടുത്തിരുന്നു. അങ്ങനെയും ഒരു പാരമ്പര്യം ഉണ്ടായിരുന്നു കോൺഗ്രസ്സിന്. ഹരിജനോദ്ധാരണങ്ങളിലും ക്ഷേത്രപ്രവേശന സമരമുഖങ്ങളിലും സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളിലും ശക്തമായ സാന്നിദ്ധ്യമായിരുന്ന കോൺഗ്രസ്സിന്റെ പാരമ്പര്യം മലീമസമായ ഹിന്ദുത്വ താൽപര്യങ്ങൾക്കത്തേക്ക് സന്നിവേശിപ്പിക്കപ്പെടുന്നത് ആശങ്കപ്പെടേണ്ട വസ്തുത തന്നെയാണ്.

അവലംബം

Achutha Menon, C., Cochin State Manual, Thiruvananthapuram: Kerala Gazetteers, 1995.

Arunima, G., There Comes Papa: Colonialism and the Transformation of Matriliny in Kerala Malabar c 1850, New Delhi: Orient Logman, 2003.

Ayyer, A. S., Ramanatha, Travancore Archeological Series, Vol. VI and VII, Part II, Thiruvananthapuram: Department of Cultural Publication, 2004.

Ayyer, K. V., Subrahmanya, Travancore Archeological Series, Vol. IV, Part II, Thiruvananthapuram: Department of Cultural Publication, 2004.

Barbosa, Durate, Henry, E. J. Stanley (Tr.), A Description of the Coast of East Africa and Malabar in the beginning of the 16th century, New Delhi: Asian Educational Series, 1995.

Cherian, P. J. (Ed), Perspectives on Kerala History, Thiruvananthapuram: Gazetteer Department, Kerala Government, 2000.

Ferroli, D., Jesuits in Malabar, Banglore City: The Banglore press, 1939.

Frenz, Albrecht and Marar, Krishna, Kumar, Wall paintings in Northern Kerala: India, Stuttgart/Germany: Arnoldsche Art Publishers, 2004.

Frenz, Margret, From Contact to Conquest – Transition to British Rule in Malabar, New Delhi, 2003.

Ganesh K.N, Kerala Samooha Padanangal, prasakthi books, pathanamthitta, 2002.

Ganesh, K. N., Agrarian Relations and Political Authority in Medeival Travncore (1300-1750), Unpublished Ph. D Thesis, JNU, New Delhi: Department of History, 1987.

Ganesh, K. N., Keralathile Innalekal,Thiruvananthapuram: Department of Cultural Publication, Government of Kerala, 1997.

Gopalakrishnan, Mughathala (Txt. and Comm.), Unniyachecharitham, Thiruvananthapuram: State Institute of Languages, 1997.

Gopikkuttan (Ed.), Kokasandesam, Thrissur: Current Books, 1996.

Gopinatha Rao, T. A., Travancore Archeological Series, Vol.1, Trivandrum: Department of Cultural Publication, Kerala, 1988.

Gundert, Hermann, Kerala Pazhama or History of Malabar from A.D. 1498- 1531, Kozhikode: Mathrubhoomi, 1996 (Reprint).

Gundert, Hermann, Keralolpathiyum Mattum, Kottayam: D.C. Books, 1992 (Reprint).

Gundert, Hermann, Keralolpatti, Manglore: Basel Mission Press, 1868.

Gurukkal, Rajan, Kerala Temple and Early Medieval Agrarian System, Sukapuram: Vallathol Vidyapitham, 1992.

Habib, Irfan, Resistance and Modernization Under Haidar Ali and Tipu Sultan, New Delhi: Manohar, 2001.

Haridas, V.V., Ksetram, Utsavam, Rakstriyam, Kozhikode: Poorna publications, 2008.

Heitzman, James, Gifts of Power, New Delhi: Oxford University Press, 1997.

Ibrahim kunju A.P, Rise of Travancore: a study of the life and times of Marthanda Varma, Kerala Historical Society: Trivandrum, 1976.

Innes, C.A., Malabar Gazetteer, Thiruvanathapuram: Kerala Gazetteers Department, 1997.

Iyer, L. K. Anantha Krishna, The Tribes and Castes of Cochin, Vol. III, New Delhi: Cosmo Publications, 1981 (Reprint).

Jeffrey, Robin, The Decline of Nayar Dominance Society and Politics in Travancore, 1847-1908, Sussex University Press, Sussex: 1976.

Kareem, C.K., Kerala Under Hyder Ali and Tipu Sultan, Ernakulam : Kerala History Association,1973.

Karim, C. K., Francis Buchanante Keralam: a journey from Madras through the Countries of Mysore, Canara and Malabar, Thiruvanathapuram: State Institute of Languages, 1996.

Kolikotan Granthavari

Krishna Iyer, K.V., The Zamorins of Calicut, Calicut University: Calicut University Publications, 1999 (Reprint).

Kunjan Pilla, Elamkulam, Annathe Keralam, Kottayam: Sahitya Pravartaka Co-operative Society, 1959.

Kunjan Pilla, Elamkulam, Chila Keralacharitra Prasnangal, Kottayam: Sahitya Pravartaka Co-operative Society, 1963.

Kunjan Pilla, Elamkulam, Leelatilakam, Kottayam: Sahitya Pravartaka Sahakarana Sankham, 1962.

Kunjan Pillai, Elamkulam, Chandrotsavam, Kottayam: Sahitya Pravartaka Co-operative Society, 1962.

Kunjikrishnan, V V, Tenancy Legislation in Malabar 1880-1970, Northern Book Centre, New Delhi: 1993.

Kurup, K K N, Aspects of Kerala History and Culture, College Book House,Trivandrum: 1977.

Kurup, K,K,N, Pazhassi Samarangal, Trivandrum: Kerala Bhasha Institute, 1981.

Kurup, K. K. N. (Ed.), Kavalappara Papers, Calicut University Historical Series No. 2, Department of History: University of Calicut, 1984.

Kurup, K.K.N. (Ed.), Kutali Granthavari, Calicut University Historical Series No. 4, Department of History: University of Calicut, 1989.

Kurup.K.K.N, Modern Kerala, Mittal Publications, 1988.

Kusuman K.K., Abstention Movement in Kerala Kerala Historical Society, 1976.

Lalithambika, M. V., Kaniyanmarute Jeevithavum Samskaravaum Thiruvananthapuram: Kerala Bhasha Institute, 2011.

Namboothiri, N. M., Mamankam Rekhakal, Sukapuram: Vallathol Vidyapitam, 1995.

Namboothiri, N. M., Samutiri Caritrattile Kanappurangal, Sukapuram: Vallathol Vidyapitam, 1987.

Namboothiri, N. M., Vellayude charithram, Edappal, Vallathol Vidyapeetham , 1998.

Narayanan, M. G. S., Perumals of Kerala: Political and Social Conditions of Kerala Under the Cera Perumals of Makotai (c. 800 AD-1124 AD), Calicut: Author, 1996.

Narayanan, M.G.S. (Ed.), Vanneri Granthavari, University of Calicut: Dept. History, 1987.

Narayanan, M.G.S., Calicut: The City of Truth Revisited, University of Calicut: Calicut University Publication, 2006.

Narayanan, M.G.S., Cultural Symboisis in Kerala, Trivandrum: College Book House, 1972.

Padmanabha Menon, K. P., History of Kerala, 4 Volumes, New Delhi: Asian Education Series, 1995.

Panikkar, K. N., Colonialism, Culture and Resistance, New Delhi: Oxford University Press, 2007.

Panikkar. K.N, Against Lord and State -Religion and Peasant Uprisings in Malabar 1836-1921, OUP, Delhi: 1992.

Perumbatappu Granthavari.

Pillai, V. R. Parameswaran, Pracina Likhithangal, Thiruvananthapuram: State Institute of Languages, 1963.

Rajeev, V., Keralamahatmyam, Kottayam: Sahitya Pravartaka Co-operative Society, 2012.

Ramachandran, Puthussery, Keralacharitrattinte Atisthana Rekhakal, Thiruvanananthapuram: Kerala Bhasha Institute, 2011.

Ravindran, T K, Institutions and Movements in Kerala History, Trivandrum: 1978.

Sandeepani (Ed.), Unnineelisandesam, Calicut: Poorna, 1999.

Sankunni, Kotttarathil, Aithihyamala, 2 Volumes, Kottayam: DC Books, 2012.

Sasibhoosham, M.G., Keralattile Cuvarcitrangal, Thiruvanathapuram: Kerala Bhasha Institute, 1994.

Skariah , Joseph (Ed.), Talasseri Rekhakal, Vol. 5, Kottayam: Centre for Kerala Studies, 1996.

Stein, Burton, Peasant State and Society in Medieval South India, New Delhi: Oxford University Press, 1999.

Thaper, Romila, The Aryan: Recasting Constructs, New Delhi: Author, 2011.

Troutmann, Thomas (Ed.), The Aryan Debate, New Delhi: Oxford University Press, 2008.

Varier, M. R. Raghava (Ed.), Keralolpatti Granthavari: The Kolattunāṭu Tradition (Mal.), Calicut University Historical Series: 3, Calicut University: Department of History, 1984.

Varier, Raghava, M. R. (Ed.), Keralotpattigranthavari : The Kolattunatu Tradition (Mal.), Calicut University Historical Series: 3, Calicut University: Department of History, 1984.

Varier, Raghava, M. R., Kolikotan Granthavari I, Palace Records of the Zamorins of Calicut, Vol. I, Sukapuram: Vallathol Vidyapeetam, 2004.

Varier, Raghava, M. R., Stanarohanam: Catangukal (Mal.), Sukapuram: Vallathol Vidyapitam, 2004.

Vasudeva Poduval, R., Travancore Inscription: A Topographical List, New Delhi: Asian Educational Services, 1990.

Veluthat, Kesavan, Early Medeival in South India, New Delhi: Oxford University Press, 2013.

Proceedings of the Kerala Legislative Assembly, First Session-1957 (Third Meeting), Saturday, the 13th July 1957, Official Report, Vol. I, No. 19

Proceedings of the Kerala Legislative Assembly, First Session-1957 (Third Meeting), Saturday, the 20th July 1957, Official Report, Vol. I, No. 25

Proceedings of the Kerala Legislative Assembly, Second Session-1957, Mon day, the 2nd September 1957, Official Report, Vol. II, No. 9

Proceedings of the Kerala Legislative Assembly, Third Session-1958, Tues day, the 25th November 1958, Official Report, Vol. VI, No. 2

Proceedings of the Kerala Legislative Assembly, Third Session-1957, Saturday, the 21st December 1957, Official Report, Vol. III, No. 9

Proceedings of the Kerala Legislative Assembly, Third Session-1960, Saturday, the 15th October 1960, Official Report, Vol. X, No. 22

Proceedings of the Kerala Legislative Assembly, Third Session-1957, Saturday, the 21st December 1957, Official Report, Vol. III, No. 9

Proceedings of the Kerala Legislative Assembly, First Session-1958, Wednesday, the 2nd April 1958, Official Report, Vol. IV, No. 30

Proceedings of the Kerala Legislative Assembly, First Session-1959, Saturday, the 30th May 1959, Official Report, Vol. VII, No. 63

Proceedings of the Kerala Legislative Assembly, First Session-1959 (Second Meeting), Wednesday, the 3rd June 1959, Official Report, Vol. VII, No. 66

Proceedings of the Kerala Legislative Assembly, First Session-1959 (Second Meeting), Friday, the 5th June 1959, Official Report, Vol. VII, No. 68

Proceedings of the Kerala Legislative Assembly, First Session-1959 (Second Meeting), Friday, the 9th June 1959, Official Report, Vol. VII, No. 71

Proceedings of the Kerala Legislative Assembly, Third Session-1960, Saturday, the 15th October 1960, Official Report, Vol. X, No. 22


Next Story

Related Stories