TopTop
Begin typing your search above and press return to search.

ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം; ഭാഷയില്‍ അഭിരമിക്കുമ്പോള്‍ നേതാക്കള്‍ മറന്നുപോകുന്നത്?

ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം;  ഭാഷയില്‍ അഭിരമിക്കുമ്പോള്‍ നേതാക്കള്‍ മറന്നുപോകുന്നത്?

രാഷ്ട്രീയം മറ്റെന്തിനേക്കാളും ഉപരി ഭാഷ കൊണ്ടുള്ള കളിയായി, ഭാഷയിലെ കേളിയായി മാറിത്തീരുന്നുണ്ട്.വിശേഷിച്ചും തെരഞ്ഞെടുപ്പ് കാലത്ത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതുപോലെ രാഷ്ട്രീയം മുട്ടുമ്പോള്‍ ദ്വയാര്‍ത്ഥം വിളമ്പുന്നവരായി നമ്മുടെ രാഷ്ട്രീയക്കാര്‍ പെരുമാറുന്നു. എം.എം. മണിയുടേയും ജി. സുധാകരന്റേയും ഒക്കെ വാമൊഴി വഴക്കങ്ങള്‍ നമുക്ക് പരിചിതമാണ്. അവരെ തോല്‍പ്പിക്കുംപടി മുല്ലപ്പള്ളി രാമചന്ദ്രനും പിന്നെ എ. വിജയരാഘവനും ഒക്കെ പ്രസംഗിച്ചും പ്രതികരിച്ചും വെട്ടിലായതും കേരളം കണ്ടത് ഏറെ മുന്‍പൊന്നുമല്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമൊന്നുമില്ല. ഇത്തരക്കാരുടെ പ്രസംഗങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കാനും ആര്‍ത്തട്ടഹസിക്കാനും കേരളത്തിലെ 'പുരുഷാരം' പിശുക്ക് കാട്ടാറുമില്ല. ഒരു നാടിന്റെ സാംസ്‌കാരിക ചിത്രത്തിന്റെ നെടുംകീറ്-ക്രോസ്സ്‌ട്രെക്ചര്‍- ആകുന്ന ചിത്രമാണിത്.

ആ നിരയില്‍ ഏറ്റവും അവസാനം കടന്നിരിക്കുന്നയാള്‍ സിപിഎം പക്ഷത്തു ചേക്കേറി മത്സരിച്ച് എംപിയും നേതാവും ഒക്കെയായ ജോയ്‌സ് ജോര്‍ജ്ജ് ആകുന്നു. മലയാളക്കരയിലുള്ളവരെ കടന്നാക്രമിച്ച് വിവാദത്തിലായവരാണ് ആദ്യം പറഞ്ഞവരെങ്കില്‍ സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗമെന്നുമല്ല സ്‌ട്രെയിറ്റ് ഡ്രൈവ് തന്നെ നടത്തിയാണ് ജോയ്‌സ് ജോര്‍ജ്ജ് വിവാദ പര്‍വ്വത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. പൊന്നു മക്കളെ നിങ്ങളാരും രാഹുല്‍ ഗാന്ധിയുടെ മുന്നിലേക്ക് പോകരുതേ, പെണ്ണുകെട്ടാത്തയാളാണ് അദ്ദേഹം എന്നതരത്തിലായിരുന്നു ജേയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം എന്നാണ് ലഭ്യമാകുന്ന വിഡിയോകളും വാര്‍ത്തകളും പറഞ്ഞുതരുന്നത്. ഇത് സത്യമാണെങ്കില്‍ രാഹുല്‍ ഗാന്ധിയ്ക്കു മാത്രമല്ല അദ്ദേഹത്തിന്റെ മുന്നിലേക്ക് എത്തുന്ന പെണ്ഡകുട്ടികള്‍ക്കും കൊള്ളുന്ന അമ്പാണ് ജോയ്‌സ് ജോര്‍ജ്ജ് തൊടുത്തത്. അദ്ദേഹം നടത്തിയ പരാമര്‍ശം പൂര്‍ണ്ണമായും പകര്‍ത്തുന്നത് ഭൂഷണമല്ല. പെണ്ണുകെട്ടാത്ത രാഹുല്‍ ഗാന്ധിക്കു മുന്‍പിലെത്തിയാല്‍ പെണ്‍കുട്ടികള്‍ പെട്ടുപോകും എന്നു പറയുമ്പോള്‍ കുറ്റപ്പെടുത്തുന്നത് രാഹുലിനെ മാത്രമല്ല, നമ്മുടെ പെണ്‍കുട്ടികളെ സ്വഭാവദാര്‍ഢ്യത്തെക്കൂടിയാണെന്ന് ആരെങ്കിലും വിമര്‍ശം ഉയര്‍ത്തിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. പക്വതയെത്താത്ത പ്രായത്തില്‍ കൗമാരക്കാര്‍ കൂടിയിരുന്ന് പറയുന്ന വര്‍ത്തമാനങ്ങള്‍ പറയാനുള്ള ഇടമല്ല പ്രസംഗവേദികളെന്ന് എന്നാണ് നമ്മുടെ നേതാക്കള്‍ മനസ്സിലാക്കുക?

ഒരു താരകയെ കണ്ട് പാതിര മറക്കുന്നുവെന്ന കവിവാക്യം പോലെ ആള്‍ക്കുട്ടം കാണുമ്പോള്‍ സ്വയം മറക്കുന്ന നേതാക്കള്‍ പുറത്തുവിടുന്നത് അവരുടെ ഉള്ളിലുള്ളത് തന്നെയാകണം- ഫ്രൂഡിയന്‍ സ്ലിപ്പ് എന്ന് മനശാസ്ത്രത്തില്‍ പറയും. പക്ഷെ അമ്പെല്‍ക്കുന്നവര്‍ക്കുണ്ടാകുന്ന ആഘാതത്തെ കുറിച്ച് പ്രസംഗകരൊന്നും ചിന്തിക്കുാറില്ല. പറഞ്ഞ് ആനന്ദിക്കുകയും ആനന്ദിപ്പിക്കുകയുമാണവര്‍. മുന്‍പിന്‍ നോക്കാതെ ഇത്തരക്കാര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് ഇരയാകുന്നതോ, വിഷയമാകുന്നതോ സ്ത്രീകളാണെന്നതും ശ്രദ്ധിക്കണം. രാഷ്ട്രീയം പറഞ്ഞു നില്‍ക്കാനാവാതെ പോകുമ്പോഴാണ് ഇത്തരം കെട്ട പരാമര്‍ശങ്ങളിലേക്ക് നേതാക്കള്‍ പോകുന്നത്. ആ ഓഡിയോയില്‍ ജോയ്‌സ് ജോര്‍ജ്ജിന്റെ പരാമര്‍ശം കേട്ട് ചരിച്ച് ആസ്വദിക്കുന്ന കേള്‍വിക്കാരുടെ സാന്നിധ്യവും നമ്മള്‍ അറിയുന്നു. കേരളത്തിലെ പുരുഷാധിപത്യ മനസ്സ് ഒരുക്കല്‍ കൂടി പുറത്തുകൊണ്ടുവരുന്നതാണ് ജോയ്‌സിന്റെ പരാമര്‍ശവും അത് ആസ്വദിക്കുന്ന കേള്‍വിക്കാരും. നവോത്ഥാന മതില്‍ പണിയുന്നവര്‍ക്ക് ഒട്ടും ഭൂഷണമല്ല ചെല്ലും ചെലവും കൊടുത്ത് ചുവപ്പ് പരവതാനി വിതച്ച് ഇടതുപക്ഷത്തേക്ക് കൂട്ടികൊണ്ടുവന്ന ഇത്തരക്കാരെന്ന് ആ പാര്‍ട്ടിയിലെ പരിണിതപ്രജ്ഞരായ നേതാക്കളെങ്കിലും ചിന്തിക്കുമെന്ന് കരുതാം. .

സംഭവം വിവാദമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇന്നു രാവിലെ ജോയ്‌സ് ജോര്‍ജ്ജിന്റെ പ്രസ്താവന തള്ളിക്കളഞ്ഞു. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് തങ്ങളുടെ നിലപാടല്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. തങ്ങളുടെ എതിര്‍പ്പ് രാഷ്ട്രീയപരമാണെന്നും വ്യക്തിപരമല്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെയെങ്കില്‍ പാര്‍ട്ടിയ്ക്കു പറ്റാത്ത പരാമര്‍ശങ്ങള്‍ നടത്തുന്ന ജോയ്‌സ് ജോര്‍ജ്ജുമാരെ ഏത് തരത്തിലാണ് നിലയ്ക്കുനിര്‍ത്തുക എന്നകാര്യം പറയാനും ആ പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്.

ഇത്തരം നാവുപിഴ സംഭവങ്ങളുണ്ടാകുമ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് വന്ന് പരാമര്‍ശം തള്ളിക്കളയുകയോ അല്ലെങ്കില്‍ അല്ലെങ്കില്‍ ആരോപണം നടത്തിയ ആള്‍തന്നെ ഖേദപ്രകടനമോ നടത്തി വിവാദങ്ങള്‍ അവസാനിപ്പിക്കുകയോ ആണ് പതിവും നാട്ടുനടപ്പും. ഇവിടെ മുഖ്യമന്ത്രി തന്നെ അത് തള്ളിക്കളഞ്ഞു. ജോയ്‌സ് ജോര്‍ജ്ജും പിന്നീട് ഖേദപ്രകടനം നടത്തി. നല്ല കാര്യം. അതൊക്കെ വിവാദം ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതോടെ അവസാനിക്കും. രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയ എ. വിജയരാഘവനെ സിപിഎമ്മിന്റെ ഇടക്കാല സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന കാഴ്ചയാണ് നമ്മള്‍ പില്‍ക്കാലത്ത് കണ്ടത്. മറ്റു പാര്‍ട്ടികളുടെ കാര്യവും വ്യത്യസ്തമല്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് മന്ത്രി. കെ.കെ. ശൈലജയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. അതിനുശേഷവും ആ കസേരയില്‍ അമര്‍ന്നുതന്നെ ഇരുന്ന് അദ്ദേഹവും മാതൃകകാട്ടി. ആ മുല്ലപ്പള്ളി രാമചന്ദ്രനും ഇപ്പോള്‍ ജോയ്‌സ് ജോര്‍ജ്ജിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ജോയ്‌സ് ജോര്‍ജ്ജിന്റെ പ്രസംഗം കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലേക്ക് എത്തിച്ചിരിക്കുകയുമാണ്. കമ്മീഷന്‍ നിയമാവലികളും നടപടിക്രമങ്ങളും അനുസരിച്ച് പരിശോധിച്ച് തീരുമാനിക്കട്ടെ. അത് അതിന്റെ വഴിക്കു നടക്കട്ടെ. പക്ഷെ അത്തരം നടപടികളിലൊന്നും അവസാനിപ്പിക്കേണ്ടതല്ല ഇതെക്കുറിച്ചുള്ള ആലോചനകളെന്നാണ് ഈ ലേഖകന്റെ ചിന്ത. ആഴത്തില്‍ വേരാണ്ടുകിടക്കുന്നതും ദീര്‍ഘചരിത്രമുള്ളതുമായ പുരുഷാധിപത്യശീലങ്ങളുടെ മറ്റൊരു പ്രകാശനമാണിത്. കടുത്ത ഫാലോസെന്‍ട്രിക്കായ സമൂഹത്തിന്റെ രോഗാതുരമായ പ്രകടനങ്ങളും പരസ്യപ്പെടുത്തലുകളുമാണ് ജോയ്‌സ് ജോര്‍ജ്ജിലൂടേയും മറ്റും പുറത്തുവരുന്നതും. മതില്‍ കെട്ടിനിരത്തി നിര്‍ത്തി പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് മാത്രം ഇത് പരിഹരിക്കാന്‍ ആവുകയുമില്ല. പ്രസംഗവും പ്രസ്താവനയും പിന്‍വലിക്കുന്നുതുകൊണ്ടു മനോഭാവം മാറില്ലല്ലോ?

നവകേരള നിര്‍മ്മിതിക്കായി പുതിയൊരു ഘട്ടത്തിലേക്കാണ് നാം കടക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. ലോകോത്തര നിലവാരമുള്ള നവകേരള സൃഷ്ടിയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത്തരം പ്രസംഗക്കാരെ ഈ 'ലോകോത്തര നവകേരള'ത്തിന്റെ ഉത്തരത്തിലോ കഴുക്കോലിലോ എവിടെയാണ് ഇരുത്തുക എന്നുകൂടി ഉത്തരവാദിത്തപ്പെട്ടവരും വിചാരശീലരും പറഞ്ഞുതരട്ടെ.Next Story

Related Stories