TopTop
Begin typing your search above and press return to search.

4000 പേരാണ് ഭോപ്പാലില്‍ മരിച്ചത്; 36 കൊല്ലങ്ങള്‍ക്ക് ശേഷം അതേ ദുരന്തം വിശാഖപട്ടണത്ത് ആവര്‍ത്തിക്കുമ്പോള്‍

4000 പേരാണ് ഭോപ്പാലില്‍ മരിച്ചത്; 36 കൊല്ലങ്ങള്‍ക്ക് ശേഷം അതേ ദുരന്തം വിശാഖപട്ടണത്ത് ആവര്‍ത്തിക്കുമ്പോള്‍

മുപ്പത്താറ് വര്‍ഷം കഴിഞ്ഞിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തം നടന്നിട്ട്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ 1984 ഡിസംബര്‍ രണ്ടിന് രാത്രിയുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ നാലായിരത്തിലധികം ആളുകള്‍ മരിച്ചു. അതിന്റ പ്രത്യാഘാതങ്ങളേറ്റ് ഇന്നും എത്രയോ പേര്‍ ജീവിക്കുന്നു. ദുരന്തത്തിനുത്തരവാദികളായവര്‍ക്ക് ആരോടും പ്രത്യേകിച്ച് കണക്കൊന്നും പറയേണ്ടി വന്നില്ല. അന്ന് ഇന്ത്യ ഭരിച്ചിരുന്നവരും നിയമസംവിധാനങ്ങളുമെല്ലാം ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടിയായ വ്യവസായികള്‍ക്കൊപ്പമായിരുന്നു.

മുപ്പത്താറര വര്‍ഷങ്ങള്‍ക്കിപ്പുറം, ഭോപ്പാലില്‍നിന്ന് അധികം അല്ലാത്ത മറ്റൊരു സംസ്ഥാന തലസ്ഥാന നഗരിയില്‍ - ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനമായ വിശാഖപട്ടണത്ത് പുലര്‍ച്ച വിഷവാതകം ചോരുന്നു. ഭോപ്പാലില്‍ തുറന്നുവിട്ടത് മീതൈല്‍ ഐസോസൈനൈറ്റ് വാതകമായിരുന്നുവെങ്കില്‍ വിശാഖപട്ടണത്ത് സ്റ്റൈറീന്‍ ഗ്യാസ് ആണെന്ന വ്യത്യാസം മാത്രം. അവിടെ താമസിക്കുന്ന ആളുകളുടെ ഭാഗ്യം കൊണ്ട് ഭോപ്പാലില്‍ ചോര്‍ന്ന അളവില്‍ (അവിടെ 30 ടണ്‍ ചോര്‍ന്നുവെന്നാണ് കണക്കാക്കുന്നത്) ചോര്‍ന്നില്ല. എന്നിട്ടും വിശാഖപട്ടണത്ത് 1500 ആളുകളെ മാറ്റി പാര്‍പ്പിച്ചുവെന്നാണ് കണക്കാക്കുന്നത്. 11 പേര്‍ ഇതുവരെ മരിച്ചു കഴിഞ്ഞു. 20 പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തന്നെ പറയുന്നത്. ശ്വാസം കിട്ടാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ നൂറുകണക്കിന്. ദുരന്തത്തിന്റെ ആഘാതം ഏതൊക്കെ തരത്തിലാണെന്ന് മനസ്സിലാക്കാന്‍ സമയമെടുക്കും. എന്തായാലും ഭോപ്പാലിനെ പോലെ ഇവിടെയും ഒരു വിദേശ കമ്പനിയാണ് പ്രതിസ്ഥാനത്തു നില്‍ക്കുന്നത്. അര്‍ദ്ധരാത്രിയില്‍ തന്നെ വിഷവാതകം ചോരുന്നു. ഭയന്ന് വിറച്ച് ജനങ്ങള്‍ പരക്കം പായുന്നു, കുഴഞ്ഞുവീഴുന്നു. സമാനതകള്‍ പലതുണ്ട് ഭോപ്പാലിന് വിശാഖപട്ടണവുമായി. ഭോപ്പാല്‍ വാതക ചോര്‍ച്ചയുടെ പ്രത്യാഘാതമായി ഇപ്പോഴും ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. ഹിരോഷിമയ്ക്ക് സമാനമായ അപകടം (ഹിരോഷിമ അപകടമല്ലെങ്കിലും, മനുഷ്യരാശിക്ക് ഉണ്ടായ ആഘാതം എന്ന അര്‍ത്ഥത്തില്‍) ആയാണ് ഭോപ്പാല്‍ കണക്കാക്കപ്പെടുന്നത്. 2015 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഭോപ്പാലിലെ ഭൂമിയുടെ ഉപരിതലത്തില്‍നിന്ന് 240 അടി താഴെ പോലും വിഷാംശങ്ങള്‍ അടിഞ്ഞു കിടക്കുന്നുവെന്നതാണ്.അതായത് ഇപ്പോഴത്തെ തലമുറയും ആ ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ക്രിമിനല്‍ കുറ്റത്തിന്റെ ഫലം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ആയിരങ്ങളെ കൊല്ലുകയും പതിനായിരങ്ങളെ നിതാന്ത ദുരിതത്തിലാക്കുകയും ചെയതിന് യുണിയന്‍ കാര്‍ബൈഡിന് നല്‍കേണ്ടി വന്നത് കേവലം 47 കോടി ഡോളര്‍ മാത്രമാണ്. അന്നത്തെ കേന്ദ്ര സര്‍ക്കാറിന്റൈയും സുപ്രീം കോടതിയുടെയുടെയും സമ്മതത്തോടെയാണ് ഇരകളെ പരിഹസിക്കുന്ന തരത്തിലുള്ള നഷ്ടപരിഹാരം നല്‍കി കമ്പനിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞത്. പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും കിട്ടിയ ശരാശരി നഷ്ടപരിഹാര തുക 1,67,000 രൂപ മാത്രമായിരുന്നുവെന്നാണ് ഭോപ്പാല്‍ ഗ്യാസ് ട്രാജഡി റിലീഫ് ആന്റ് റിഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്‌മെന്റ് പിന്നീട് വ്യക്തമാക്കിയത്. ബഹുരാഷ്ട്ര കുത്തകയായ യൂണിയന്‍ കാര്‍ബൈഡ് തുടക്കം മുതല്‍ ഉത്തരവാദിത്തം ഇന്ത്യന്‍ സബ്‌സിഡയറിക്ക് മാത്രമാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമിച്ചത്. ചെറിയ തുകയ്ക്ക് നഷ്ടപരിഹാരം നടത്താന്‍ പറ്റിയ ദിവസം യൂണിയന്‍ കാര്‍ബൈഡിന്റെ ഓഹരികള്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണത്രെ ഉണ്ടാക്കിയത്. യൂണിയന്‍ കാര്‍ബൈഡിന്റെ തലവന്‍ വാറന്‍ ആന്റേഴ്‌സണ് ദുരന്തം നടന്ന് നാല് ദിവസത്തിനകം ഇന്ത്യ വിടാന്‍ കഴിഞ്ഞുവെന്നത്, ഉദാരവത്ക്കരണത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം എങ്ങനെ വന്‍മൂലധനത്തിന്റെ താല്‍പര്യ സംരക്ഷകരായി എന്ന് തെളിയിക്കുന്നതാണ്. ഡിസംബര്‍ നാലാം തീയതിയായിരുന്നു ആന്റേഴ്‌സണ്‍ ഭോപ്പാലിലെത്തിയത്. അദ്ദേഹത്തെ വിമാനത്താവളത്തില്‍ വെച്ചുതന്നെ അറസ്റ്റ് ചെയ്യുന്നു. കമ്പനിയുടെ തന്നെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുന്നു. എന്നാല്‍ മണിക്കുറുകള്‍ക്കകം അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു. ചീഫ് സെക്രട്ടറി പറഞ്ഞാണ് അദ്ദേഹത്തെ വിട്ടയക്കുന്നതെന്ന് അന്നത്തെ ജില്ലാ മജിസ്‌ട്രേറ്റ് മോടി സിംങ് ഒരു ടെലിവിഷന്‍ ചാനലിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഭോപ്പാലില്‍ നിന്ന് ഡല്‍ഹി വരെ ആന്റേഴ്‌സണ്‍ അന്ന് പോയത് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അര്‍ജ്ജുന്‍ സിംഗിന്റെ വിമാനത്തിലായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പിന്നീട് രണ്ട് ദിവസം ഡല്‍ഹിയില്‍ കഴിഞ്ഞ ശേഷമാണ് ആന്റേഴ്‌സണ്‍ രാജ്യം വിടുന്നത്. അദ്ദേഹത്തെ ഇവിടെ വിചാരണ ചെയ്യണമെന്ന കടമ നിര്‍വഹിക്കാന്‍ ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ഈ കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്‍ ബി.ആര്‍ ലാല്‍ പിന്നീട് വെളിപ്പെടുത്തിയത് ആന്റേഴ്‌സണെതിരായ കേസ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ്. രാഷ്ട്രീയ നേതൃത്വം എങ്ങനെയാണ് ഭോപ്പാലിലെ ജനങ്ങളെ കൈവിട്ടതെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കഥകള്‍. ഈ കഥകള്‍ വിശാഖപട്ടണത്തെ ദുരന്ത സമയത്ത് ഓര്‍ക്കണം. ഭോപ്പാലില്‍ ആയിരങ്ങള്‍ മരിച്ചെങ്കില്‍ വിശാഖപപട്ടണത്ത് അതുണ്ടായില്ലെന്നെയുള്ളൂ. അവിടെ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തിയും ആഘാതവും എത്രത്തോളം ആയിരിക്കുമെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായിവരും. സ്റ്റൈറീന്‍ വാതകദുരന്തമേറ്റവര്‍ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നു വരെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ശാസ്ത്രീയമായ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. വ്യവാസായ വികസനത്തിന്റെ പേരില്‍ എല്ലാ മുന്‍കരുതലുകളും നിബന്ധനകളും ഒഴിവാക്കി വ്യവസായികള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുന്ന ഭരണാധികാരികളാണ് ഭോപ്പാലുകള്‍ ആവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നത്. വിശാഖപട്ടണത്ത് ദുരന്തമുണ്ടായ ഉടന്‍ പ്രധാനമന്ത്രി പറഞ്ഞത് കൂടുതല്‍ പേര്‍ക്ക് അപകടമുണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നാണ്. എന്നാല്‍ മെയ്ക്ക് ഇന്‍ ഇന്ത്യയെന്നും ചൈനയെ മറികടക്കാനെന്നും പറഞ്ഞ് ഫാക്ടറി ആക്ടുകള്‍ അടക്കം ദുര്‍ബലപ്പെടുത്തുന്നത് അവസാനിപ്പിക്കാനായിരുന്നു പ്രധാനമന്ത്രി നിര്‍ദ്ദേശിക്കേണ്ടിയിരുന്നത്. 2019 ഡിസംബറില്‍ ഡല്‍ഹിയിലെ അനാജ് മണ്ഡിയിലുണ്ടായ ചെറുകിട ഫാക്ടറിയിലെ തീപിടുത്തത്തില്‍ മരിച്ചത് കുറഞ്ഞത് 45 പേരാണ്. ലോക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ രാജ്യത്തിന്റെ പല നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് കാല്‍ നടയായി പൊയ്ക്കൊണ്ടിരിക്കുന്ന പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ബന്ധുക്കും ഗ്രാമക്കാരും നാട്ടുകാരുമൊക്കെയാണ് അന്ന് വെന്തെരിഞ്ഞതും. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തികൊണ്ടായിരുന്നു ആ ഫാക്ടറികളൊക്കെ പ്രവര്‍ത്തിച്ചിരുന്നത്. അത്തരത്തില്‍ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നത് കൊണ്ടൂകൂടിയാണ് വ്യവാസായികളുടെ ഭാഗത്തുനിന്ന് സുരക്ഷ കാര്യങ്ങളില്‍ അലസ സമീപനങ്ങള്‍ ഉണ്ടാകുന്നത്. അപേക്ഷിച്ച ഉടനെ ലൈസന്‍സ് കൊടുത്ത് പരിശോധനകള്‍ പിന്നീട് നടത്തുന്നതാണ് വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കാന്‍ നല്ലത് എന്ന് കരുതുന്ന എല്ലാ രാഷ്ട്രീയ നേതാക്കളും വിശാഖപട്ടണത്തേക്ക് കൂടി നോക്കണം. തെക്കന്‍ കൊറിയന്‍ കമ്പനിയായ എല്‍ജിയുടെ അനാസ്ഥ ഇന്നത്തെ ദുരന്തത്തില്‍ എത്രത്തോളം ഉണ്ടെന്നൊക്കെ അറിയാന്‍ ഇനിയും അന്വേഷണങ്ങള്‍ നടത്തേണ്ടിവരും. എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും ദുര്‍ബലപ്പെടുത്തി നല്‍കുന്ന വ്യാവസായ ലൈസന്‍സുകളില്‍ ചിലതെങ്കിലും ജനങ്ങള്‍ക്കുമേല്‍ ദുരിതം വിതച്ചേക്കുമെന്ന് മനസ്സിലാക്കാനുള്ള ദൃഷ്ടാന്തങ്ങളൊക്കെ ഉണ്ട്.ലോകത്ത് പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 180 രാജ്യങ്ങളുടെ പട്ടികയില്‍ 177 ആണ്. വ്യാവസായിക നിക്ഷേപങ്ങള്‍ക്ക് അനുമതി കൊടുക്കുമ്പോള്‍ പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തത് അടക്കമുള്ള കാര്യങ്ങളാണ് ഇതിന് കാരണമാകുന്നത്. വ്യാവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശക്തമായ നിയന്ത്രണ സംവിധാനത്തില്‍ കീഴിലാവാണം എന്നതായിരുന്നു ഭോപ്പാലില്‍ തെളിഞ്ഞത്. കുറ്റവാളികള്‍ രക്ഷപ്പെടുകയും ഇരകളാക്കപ്പെട്ടവര്‍ നിത്യദുരിതം ഏറ്റുവാങ്ങേണ്ടിയും വന്ന കാഴ്ചയാണ് ഭോപ്പാലിന് പറയാനുള്ളത്. ഇതേ നിലപാട് തുടര്‍ന്ന്, വിദേശ നിക്ഷേപത്തെ ബാധിക്കുമെന്ന് പറഞ്ഞ് എല്‍ജിക്കെതിരായ നടപടികള്‍ സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുമോ എന്നതാണ് ഇനി വിശാഖപട്ടണത്തിന്റെ കാര്യത്തില്‍ അറിയാനുള്ളത്.


Next Story

Related Stories