TopTop
Begin typing your search above and press return to search.

ഔസേപ്പച്ചന്റെ അന്ത്യശാസനം, ജോസ് മോന്റെ പിടിവാശി, ആകെ കുഴപ്പത്തിലായി യു ഡി എഫ്

ഔസേപ്പച്ചന്റെ അന്ത്യശാസനം, ജോസ് മോന്റെ പിടിവാശി, ആകെ കുഴപ്പത്തിലായി യു ഡി എഫ്

പി ജെ ജോസഫ് യു ഡി എഫ് നേതൃത്വത്തിന് വീണ്ടും അന്ത്യശാസനം നൽകിയിരിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും ജോസ് കെ മാണിയുടെ ആളെ മാറ്റി തന്റെ ആളെ വാഴിക്കാത്ത പക്ഷം മുന്നണി യോഗങ്ങൾ ബഹിഷ്കരിക്കുമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരും എന്നൊക്കെയാണ് ഔസേപ്പച്ചന്റെ ഭീഷണി. മുന്നണി ധാരണ പാലിക്കപ്പെടുന്നില്ലെങ്കിൽ ഇത് എന്തോന്ന് മുന്നണി എന്നും ഔസേപ്പച്ചൻ രോഷം കൊള്ളുന്നുണ്ട്. ഔസേപ്പച്ചന്റെ ചോദ്യം പ്രസക്തമാണെന്ന് യു ഡി എഫ് നേതൃത്വത്തിന് അറിയാഞ്ഞിട്ടല്ല. കാരണം കെ എം മാണിയുടെ മരണത്തോടെ കേരള കോൺഗ്രസ് -എം എന്ന കുടുംബത്തിലെ ജോസഫ് - ജോസ് വിഭാഗങ്ങൾ രണ്ടു വഴിക്കാണെന്നു കണ്ടപ്പോൾ ഇരു പക്ഷത്തേയും ഒപ്പം നിറുത്താൻ യു ഡി എഫ് നേതൃത്വം മുൻകൈ എടുത്തു ഉണ്ടാക്കിയ ധാരണയെക്കുറിച്ചാണല്ലോ ഔസേപ്പച്ചൻ പറയുന്നത്. അന്ന് രണ്ടു വിഭാഗങ്ങളുമായും വെവ്വേറെ ചർച്ച നടത്തിയായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തിൽ ഒരു സമവായം ഉണ്ടാക്കിയത്. അത് പ്രകാരം ജോസഫ് പക്ഷത്തിനു പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാൽ അങ്ങനെയൊരു കരാർ ഇല്ലെന്നാണ് ജോസ് പക്ഷത്തിന്റെ വാദം. ധാരണയുണ്ടെങ്കിൽ അത് കാണിക്കട്ടെ എന്ന് അവർ പറയുമ്പോൾ പരുങ്ങലിലാവുന്നതു യു ഡി എഫ് നേതൃത്വം തന്നെയാണ്. എഴുതി ഒപ്പിട്ട ഒരു കരാർ ഇക്കാര്യത്തിൽ ഇല്ലെന്നത് തന്നെ കാരണം.

മുന്നണിക്കുള്ളിൽ നിന്നുകൊണ്ടുള്ള ജോസഫ് -ജോസ് പോര് ആസനത്തിൽ തറച്ചുകയറുന്ന മുള്ളുപോലെയായിട്ടുണ്ട് യു ഡി എഫിന്. പക്ഷെ വേദന തിന്നും മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കേണ്ട ബാധ്യതയും നേതൃത്വത്തിന്റേതാണല്ലോ. അതിനുള്ള എല്ലാ തന്ത്രങ്ങളും നേതൃത്വം പയറ്റുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ഏശുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ. ഇനിയിപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റിന്റെ കാര്യത്തിൽ ഒരു സമവായം സാധ്യമായാൽ തന്നെ ജോസും ജോസഫും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കില്ല എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല. പാർട്ടി ചെയർമാൻ സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത പോര് പാലാ ഉപതിരഞ്ഞെടുപ്പിൽ നൽകിയ പാഠം മുന്നിലുണ്ട്. അങ്കക്കലി പൂണ്ടു നിൽക്കുന്ന ജോസഫ് - ജോസ് വിഭാഗങ്ങൾ ഇനിയും വിനാശം വിതറിയേക്കാം. രണ്ടില ആർക്കു കിട്ടും എന്നതും വലിയ പ്രശ്നം തന്നെ. രണ്ടിലയുടെ കാര്യത്തിൽ ഒരു തീരുമാനം വരുന്നതോടുകൂടി നിലവിലെ പോര് കൂടുതൽ മൂർച്ഛിക്കാനേ ഇടയുള്ളൂ. എന്നു കരുതി രണ്ടിനെയും മെരുക്കി കൂടെ നിറുത്തിയില്ലെങ്കിൽ ഉടനെ നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും വലിയൊരു വെല്ലുവിളിയാകും. പോരെങ്കിൽ ഇരു വിഭാഗവും ഇടതു മുന്നണിയിലേക്ക് ഒളി കണ്ണെറിയുന്നുമുണ്ട്. ഇക്കാര്യത്തിൽ എൽ ഡി എഫ് നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇപ്പോഴിതാ ഇരു വിഭാഗത്തെയും സ്വാഗതം ചെയ്തുകൊണ്ട് ബി ജെ പി പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നു. ഇതൊക്കെയാണ് കോൺഗ്രസിനെയും യു ഡി എഫിനെയും വലയ്ക്കുന്ന പ്രശ്നം. പ്രശ്നങ്ങൾ ഉടനെ രമ്യമായി പരിഹരിച്ചില്ലെങ്കിൽ സംഗതി കൂടുതൽ വഷളാവും എന്ന കാര്യം യു ഡി എഫ് നേതൃത്വത്തിനറിയാം. പക്ഷെ എങ്ങനെ എന്നതാണ് അവരെ കുഴക്കുന്നത്.

മുന്നണി രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശാപം കൂട്ടത്തിൽ നിൽക്കുന്നത് ഒരു ഈർക്കിൽ പാർട്ടിയാണെങ്കിൽ പോലും എന്തും സഹിച്ചും എന്ത് വിട്ടുവീഴ്ച ചെയ്തും അതിനെയും പേറേണ്ടി വരുന്നു എന്നത് തന്നെയാണ്. അധികാരം പിടിക്കാനും അതു നിലനിർത്താനും ഇത്തരം സഹനങ്ങളും വിട്ടുവീഴ്ചകളും വേണ്ടി വരുന്നു എന്നത് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെങ്കിലും അതൊരു വലിയ പോരായ്മ തന്നെയാണ്. ഇതറിയാമായിരുന്നിട്ടും മുന്നണി നേതൃത്വങ്ങൾ തങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങും എന്ന തിരിച്ചറിവ് തന്നെയാണ് കേരള കോൺഗ്രസ് -എമ്മിലെ ജോസഫ് - ജോസ് വിഭാഗങ്ങളുടെയും പിടി വള്ളി. ഇത് പറയുമ്പോഴും ഇടതു മുന്നണിയിലേക്ക് ഒളി കണ്ണെറിയുമ്പോഴും ജോസഫിനും ജോസിനും ഒരു കാര്യം വ്യക്തമായും അറിയാം, നിലവിൽ ഇടതു മുന്നണി പ്രവേശനം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്. സി പി എം താല്പര്യമെടുത്താലും ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐ എതിർക്കുമെന്നും അതിനെ മറികടന്നു ഒരു തീരുമാനം കൈക്കൊള്ളാൻ സി പി എം തയ്യാറാവില്ലെന്നും ഇരു വിഭാഗങ്ങൾക്കും നന്നായി അറിയാം. ഇനിയിപ്പോൾ കെ സുരേന്ദ്രന്റെ ആഹ്വാനം ഉൾക്കൊണ്ടു എൻ ഡി എ യിലേക്ക് പോയാൽ നിയമസഭാ തിരെഞ്ഞെടുപ്പിൽ നേട്ടമൊന്നും കൊയ്യാനാവില്ലെന്നും അറിയാം. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വേണമെങ്കിൽ ബി ജെ പിയുമായി ചില നീക്കുപോക്കുകൾ നടത്താമെങ്കിലും പി സി തോമസും പി സി ജോർജും ചെയ്തതുപോലെ ഒരു എൻ ഡി എ പ്രവേശനം തല്ക്കാലം ഇരു വിഭാഗങ്ങളും കാംക്ഷിക്കാനും ഇടയില്ല. അതുകൊണ്ടു തന്നെ യു ഡി എഫിൽ തന്നെ നിന്നുകൊണ്ട് കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കുക എന്നത് തന്നെയാവും ഇരു കൂട്ടരുടെയും ലക്‌ഷ്യം. പക്ഷെ അപ്പോഴും തലവേദന തങ്ങളുടേത് തന്നെയായിരിക്കും എന്നതാണ് യു ഡി എഫ് നേതൃത്വത്തെ അലട്ടുന്ന വലിയ പ്രശ്നം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories