TopTop
Begin typing your search above and press return to search.

നമ്മുടെ തൊഴിലാളികള്‍ നടന്നുകൊണ്ടേയിരിക്കുന്നു, ചിലര്‍ തീവണ്ടി കയറി മരിച്ചു; ഇത്രയ്ക്ക് നിര്‍ദ്ദയരാണോ നമ്മള്‍?

നമ്മുടെ തൊഴിലാളികള്‍ നടന്നുകൊണ്ടേയിരിക്കുന്നു, ചിലര്‍ തീവണ്ടി കയറി മരിച്ചു; ഇത്രയ്ക്ക് നിര്‍ദ്ദയരാണോ നമ്മള്‍?

ഇന്ത്യന്‍ നഗരങ്ങളിലെ മറ്റാരും ചെയ്യാനാഗ്രഹിക്കാത്തതോ അല്ലെങ്കില്‍ അതിനു തയാറാകാത്തതോ ആയ ജോലികളൊക്കെ അവരാണ് ചെയ്യുന്നത്. അഴുക്കും ചെളിയുമൊക്കെ നീക്കി നിങ്ങളുടെ പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നത് അവരാണ്. അംബരചുംബികളുടെ നിര്‍മ്മാണത്തിലും റോഡുകളും കേബിളുകളും സ്ഥാപിക്കുന്നതിലും നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന മറ്റ് നിരവധി ജോലികളിലും അവര്‍ തങ്ങളുടെതായ ഒരു പങ്ക് വഹിക്കുന്നു. തീര്‍ച്ചയായും അവര്‍ക്ക് കൂലി നല്‍കുന്നുണ്ട്. പക്ഷെ ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളില്‍ നല്‍കുന്ന ഏറ്റവും കുറഞ്ഞ വേതനത്തെ വേതനം എന്ന് പോലും വിശേഷിപ്പിക്കാനാവില്ല.

ചരിത്രത്തിന്റെ ഗതിയെ മഹാമാരികള്‍ എങ്ങനെ മാറ്റിമറിക്കുന്നു എന്ന വിഷയത്തില്‍ ഭരണവര്‍ഗ്ഗവും സമൂഹത്തിലെ വരേണ്യരും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നു. നമ്മുടെ ജീവിതത്തെ, പ്രണയത്തെ, മരണത്തെ, മറ്റുള്ള എല്ലാത്തിനെയും കുറിച്ചുള്ള നമ്മുടെ ധാരണകള്‍ക്ക് അത് എങ്ങനെ രൂപം നല്‍കുന്നു എന്ന് പരിശോധിക്കുന്നു. എന്നാല്‍, നമ്മുടെ കുടിയേറ്റ തൊഴിലാളികളെ നമ്മള്‍ പരിഗണിച്ച രീതിയും അവരുടെ കഷ്ടാവസ്ഥയോട് പ്രതികരിച്ച രീതിയും, മനുഷ്യര്‍ എന്ന നിലയില്‍ എത്രത്തോളം ജീര്‍ണിച്ച സത്തയാണ് നമുക്കുള്ളത് എന്ന വസ്തുത വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതാണ്. ഈ ജീര്‍ണത അത്ര നിസാരമല്ല. നിരവധി കാര്യങ്ങളുടെ മിശ്രണമാണത്: അശ്ലീലപൂര്‍ണമായ വര്‍ഗ്ഗ അസമത്വങ്ങള്‍, വെളിപ്പെടുത്താനാവാത്ത വരുമാന അസമത്വങ്ങള്‍, ആര്‍ദ്രചിത്തമായ രാഷ്ട്രീയത്തിന്റെ സാവധാന മരണം, ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ ധാര്‍മ്മികതയുടെ അധഃപതനം, ഏറെക്കുറെ വിഭാഗീയ വിഷയങ്ങളില്‍ മാത്രം അഭിരമിക്കുകയും അധികാരികള്‍ക്ക് നേരെ സ്ഥിരമായി തിരിച്ചുപിടിക്കേണ്ട കണ്ണാടിയില്‍ നിന്നും നിരന്തരമായി ഒഴിഞ്ഞുമാറുന്ന മാധ്യമങ്ങളും അടങ്ങുന്ന നിരവധി വിഷയങ്ങള്‍. ചില കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ ദുരിതാവസ്ഥയുടെ വ്യാപ്തി വിശദീകരിക്കാന്‍ ശ്രമിക്കാം. അടച്ചുപൂട്ടലിന്റെ ദ്രുതഫലം എന്ന നിലയില്‍ ഇന്ത്യയില്‍ 12 കോടി ജനങ്ങള്‍ക്കാണ് തൊഴില്‍ നഷ്ടം ഉണ്ടായത്. ഇതില്‍ അഞ്ച് കോടി ആളുകളും കുടിയേറ്റ തൊഴിലാളികളാണെന്നാണ് നിരവധി സാമ്പത്തിക ശാസ്ത്രകാരന്മാരുടെ അനുമാനങ്ങള്‍ വ്യക്തമാക്കുന്നത്. സ്ട്രാഡന്റ് വര്‍ക്കേഴ്‌സ് ആക്ഷന്‍ നെറ്റ്വര്‍ക്ക് (എസ് ഡബ്ല്യുഎഎന്‍) തങ്ങള്‍ക്ക് ലഭിച്ച ഫോണ്‍ വിളികളുടെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലൂടെ പുറത്തുവന്ന കണക്കുകള്‍ ഇതിനേക്കാള്‍ ഞെട്ടിക്കുന്നതാണ്. ഇവരില്‍ വലിയ ഒരു വിഭാഗത്തിന്, അതായത് 78 ശതമാനത്തിന് അടച്ചുപൂട്ടല്‍ വേതനം ലഭിച്ചിട്ടില്ല. 82 ശതമാനത്തിന് സര്‍ക്കാരില്‍ നിന്നുള്ള ഒരു റേഷനും ലഭിച്ചിട്ടില്ല. 64 ശതമാനം തൊഴിലാളികളുടെ കൈയില്‍ ആകെ നൂറ് രൂപയില്‍ താഴെ മാത്രമേ ബാക്കിയുള്ളൂ. അന്നന്നത്തെ അന്നത്തിന് വഴി കണ്ടെത്തുന്ന ദിവസക്കൂലിക്കാരാണ് ഈ തൊഴിലാളികള്‍. വളരെ വൃത്തികെട്ട സാഹചര്യങ്ങളിലാണ് അവരില്‍ ഭൂരിപക്ഷവും ജീവിക്കുന്നത്. അവരുടെ സമ്പാദ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ പിടിച്ച് നില്‍ക്കാന്‍ പോലും തികയില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വലിയ തോതിലുള്ള സഞ്ചാരം എന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ തങ്ങളുടെ വീടുകളിലെത്താനുള്ള ആഗ്രഹത്തിന്റെ പേരില്‍ കുടിയേറ്റ തൊഴിലാളികളെ കുറ്റപ്പെടുത്താനാവില്ല. ഇതിനായി ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അത് മതിയാവില്ല. ക്യാമ്പുകളില്‍ 16 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നാണ് ഒരു കണക്ക് പറയുന്നത്. എന്നാല്‍, തുടക്കത്തില്‍ അധികാരവര്‍ഗ്ഗങ്ങള്‍ പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍, ആ ആസൂത്രണത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ ഇടംപിടിച്ചില്ല. അത് അവിടം കൊണ്ട് അവസാനിച്ചതുമില്ല. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ആനുകൂല്യ പാക്കേജില്‍, നിര്‍മ്മാണ തൊഴിലാളികള്‍ക്കായി പ്രാവര്‍ത്തികമല്ലാത്ത ഒരു പദ്ധതി ഒഴിച്ച് ഈ വിഭാഗങ്ങള്‍ക്കായി മറ്റൊന്നും ഉണ്ടായിരുന്നില്ല താനും. ദേശീയ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം, റേഷന്‍ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്കും റേഷന്‍ നല്‍കണമെന്ന ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചു. പിന്നീട് കമ്പോള വിലയില്‍ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ വാങ്ങണം എന്ന നിബന്ധനയോടെ ഈ ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരുകളുടെ ചുമലിലേക്ക് വച്ചുകൊടുത്തു. പാവങ്ങള്‍ക്ക് കുറച്ച് പണം നല്‍കണമെന്ന ആശയം ആരും ചെവിക്കൊണ്ടതേയില്ല. അത് ഇനി പരിഗണിക്കപ്പെടാനുള്ള ഒരു ലക്ഷണവും കാണുന്നുമില്ല. പ്രതിപക്ഷ നേതാക്കള്‍ അതൊന്ന് പരാമര്‍ശിച്ച് കടന്നുപോയതല്ലാതെ, സര്‍ക്കാരിന് മനംമാറ്റം ഉണ്ടാവുന്നത് വരെ തുടരേണ്ട ഒരു രാഷ്ട്രീയ പ്രചാരണമായി മാറ്റേണ്ട വിഷയമാണെന്ന്, ഒന്നോ രണ്ടോ സംഭവങ്ങള്‍ ഒഴിച്ചു നിറുത്തിയാല്‍ അവര്‍ക്ക് തോന്നിയതുമില്ല. ഇന്ത്യന്‍ റയില്‍വേയുടെ മാനുഷികപരമായ ഒഴിപ്പിക്കല്‍ ചരിത്രം പരിഗണിക്കുമ്പോള്‍ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ക്ക് 'സാധാരണ' തീവണ്ടിക്കൂലി ഈടാക്കുമെന്ന് റയില്‍വേ പ്രഖ്യാപിച്ച രീതി ഞെട്ടിക്കുന്നതായിരുന്നു. ഭൂകമ്പത്തില്‍ അകപ്പെട്ട നേപ്പാളി പൗരന്മാര്‍ക്കായി 2015ല്‍ ഇന്ത്യന്‍ റയില്‍വേ സൗജന്യമായി ഓടിയിരുന്നു. ഏതാനും കോടി രൂപ വളരെ എളുപ്പത്തില്‍ കണ്ടെത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, നമ്മുടെ കുടിയേറ്റ തൊഴിലാളികളുടെ കാല്‍നട സഞ്ചാരം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അവരില്‍ ചിലര്‍ തീവണ്ടി കയറി മരിച്ചു. പക്ഷെ ആര്‍ക്കാണ് ചേതം?(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories