TopTop
Begin typing your search above and press return to search.

'രാഷ്ട്രീയക്കാരെ കടത്തി വെട്ടുന്ന രാഷ്ട്രീയക്കാരന്‍'

രാഷ്ട്രീയക്കാരെ കടത്തി വെട്ടുന്ന രാഷ്ട്രീയക്കാരന്‍

മെട്രോമാന്‍ ഇ ശ്രീധരന്‍ കൊച്ചി മെട്രോയുടെ നിര്‍മാണ ജോലികളുടെ മേല്‍നോട്ടം അവസാനിപ്പിച്ചിട്ട് നാളുകളായി. അദ്ദേഹം ദീര്‍ഘകാലമായി നയിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നിന്നും പടിയിറങ്ങി. ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവേശം നടത്തി പാലക്കാട്ട് നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്ന പശ്ചാത്തലത്തിലാണ് ആദ്യം മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലും പിന്നീട് മുഖ്യ ഉപദേഷ്ടാവ് എന്ന നിലയിലും സേവനം നടത്തി വന്ന ഡിഎംആര്‍സിയില്‍ നിന്നുമുള്ള പടിയിറക്കം.ഈ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നാള്‍വഴികളിലെ ചില സംഭവഗതികള്‍ ഓര്‍ത്തെടുക്കുകയാണ്.ആദ്യഭാഗം ഇവിടെ വായിക്കാം.

എല്ലാ രാഷ്ട്രീയക്കാരേയും കടത്തി വെട്ടുന്ന രാഷ്ട്രീയക്കാരനാണ് ഇ.ശ്രീധരന്‍. ഇത് പറഞ്ഞത് സംസ്ഥാനത്ത് എണ്ണം പറഞ്ഞ ഐഎഎസ് ഓഫീസര്‍മാരിലൊരാളായിരുന്നു. അതും ഇ.ശ്രീധരന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഒന്നും ഒരു തരത്തിലും കരുതാതിരുന്ന നാളുകളില്‍. രാഷ്ട്രീയക്കാര്‍ കണക്കുകൂട്ടുന്നതിനൊക്കെ അപ്പുറം കാണുന്നയാളാണ് ശ്രീധരന്‍. കൊച്ചിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിന്റെ അങ്കണത്തില്‍ വെച്ച് ആകാശത്തിലേക്ക് സിഗററ്റ് പുകച്ചു തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്തും മറ്റും ഊന്നത പദവിയില്‍ ജോലി ചെയ്തിരുന്നയാളായിരുന്നു ആ ഉദ്യോഗസ്ഥന്‍.

2012ന്റെ അവസാനത്തിലോ 2013ന്റെ തുടക്കത്തിലോ ആയിരുന്നു ആ സംഭവം എന്നാണ് ഓര്‍മ്മ. പാമ്പന്‍ പാലത്തിന്റേയും ഡല്‍ഹി മെട്രോയുടേയും ശില്പി എന്ന നിലയില്‍ എല്ലാ മലയാളികളും തികഞ്ഞ അഭിമാനത്തോടെ മനസ്സില്‍ കൊണ്ടുനടന്നിരുന്നുവെങ്കിലും ഇ. ശ്രീധരന്‍ കേരളീയ ജീവിതത്തില്‍ ഇത്രമാത്രം സജീവമായിരുന്നില്ല അക്കാലത്ത്. ഇവിടത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തോട് നേരിട്ടുള്ള അടുപ്പവും പരിചയവും കമ്മി. ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു അന്ന് ഭരണം നടത്തിയിരുന്നത്. കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗവും അതിന്റെ ബ്രീഫിംഗും കഴിഞ്ഞ് അത് നടന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹോട്ടലില്‍ നിന്നും പത്രക്കാര്‍ പിരിഞ്ഞു തുടങ്ങിയിരുന്നു. അപ്പോഴാണ് ആ യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇടനാഴികടന്നു പുറത്തുവന്നത്. സ്മാര്‍ട്ട് സിറ്റി പലതരത്തില്‍ പ്രതിസന്ധിയില്‍പെട്ടു കിടക്കുന്ന കാലമായിരുന്നതുകൊണ്ടു യോഗത്തിലെ മറ്റെന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാനായി ഈ ലേഖകനും രണ്ടു സുഹൃത്തുക്കളും കൂടി ഉദ്യോഗസ്ഥനൊപ്പം കൂടി. ഇടയ്ക്കിടെ കണ്ടും ഫോണില്‍ വിളിച്ചുമുള്ള പരിചയമുള്ളതിനാല്‍ അദ്ദേഹം ഞങ്ങളേയും കൂട്ടി ലോബിയുടെ എതിര്‍വശത്തുള്ള നീന്തല്‍ക്കുളത്തിന്റെ അടുത്തുള്ള തുറസ്സിലേക്ക് പോയി. സിഗററ്റ് വലിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഉന്നം. ഞങ്ങള്‍ക്കാവട്ടെ എന്തെങ്കിലും പൊട്ടും പൊടിയും തടഞ്ഞെങ്കിലോ എന്ന തൊഴില്‍പരമായ താല്പര്യവും.

സംസാരം ചുറ്റിത്തിരിഞ്ഞ് സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും കൊച്ചി മെട്രോയിലേക്ക് എത്തി. പദ്ധതിയെ കുറിച്ച് ഒട്ടേറെ അവ്യക്തതകളുണ്ടായിരുന്നു. സ്വകാര്യ മേഖലയിലെ നടത്തിപ്പ്, പൊതു സ്വകാര്യ പങ്കാളിത്തം, സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥത എന്നു തുടങ്ങി ഒട്ടേറെ തരത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടായിരുന്നു. പദ്ധതി നിര്‍വഹണം സംബന്ധിച്ച് തൊട്ടു മുന്‍പുള്ള വി.എസ് സര്‍ക്കാരില്‍ നിന്നും ഭിന്നമായ പല ആലോചനകളും അന്ന് നടക്കുന്നുണ്ടായിരുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഡിഎംആര്‍സിയുമായി പല ചര്‍ച്ചകളും നടത്തിയിരുന്നു. ശ്രീധരന്‍ തന്നെ എത്തി കൊച്ചിയില്‍ വച്ച് വിപുലമായ യോഗവും ഒക്കെ നടന്നിരുന്നു. പക്ഷെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ പല ഉന്നതര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡിഎംആര്‍സിയേയും ഇ.ശ്രീധരനേയും അകറ്റി നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ശ്രീധരനോടുള്ള എതിര്‍പ്പൊന്നുമായിരുന്നില്ല, വലിയ നിര്‍മാണ കരാറുകളിലെ അവരുടെ താല്പര്യങ്ങളാവണം അത്തരത്തില്‍ ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചതും. അവരില്‍ പലരും പദ്ധതിയുടെ മുന്നില്‍ ശ്രീധരന്‍ എത്തുന്നതോടെ തങ്ങള്‍ അപ്രസക്തരാവുകയും പേരും പെരുമയും ഒക്കെ അദ്ദേഹത്തിലേക്ക് എത്തുകയും ചെയ്യുമെന്നും ആശങ്കപ്പെടുക കൂടി ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിച്ച ആ ഉദ്യോഗസ്ഥനും മനസ്സുകൊണ്ട് ആ പക്ഷത്തായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. ശ്രീധരനിലെ 'രാഷ്ട്രീയക്കാരനെ' തെരയാനും കണ്ടെത്താനും അദ്ദേഹം വ്യഗ്രത കാട്ടിയത് അതുകൊണ്ടാകാം. രാഷ്ട്ട്രീയം എന്നത് തന്ത്രശാലിത്വം എന്ന അര്‍ത്ഥത്തിലുമാകാം അദ്ദേഹം ഉപയോഗിച്ചത്.

മെട്രോ നടത്തിപ്പ്, നിര്‍മാണം ഒക്കെ എങ്ങനെയാവും എന്ന കാര്യത്തിലേക്ക് എത്തിയപ്പോഴാണ് രാഷ്ട്രീയക്കാര്‍ ശ്രീധരനെ വേണ്ടവണ്ണം മനസ്സിലാക്കിയിട്ടില്ലെന്നും വളരെ ഷാര്‍പ്പായി ചിന്തിച്ച് ഓരോന്നും ചെയ്യുന്ന ശ്രീധരന് കാര്യങ്ങള്‍ താന്‍ ആഗ്രഹിക്കുന്ന തരത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രത്യേക വൈഭവം ഉണ്ടെന്നും പറഞ്ഞ ശേഷമായിരുന്നു ആദ്യം ഉദ്ധരിച്ച വാചകം കൂട്ടിച്ചേര്‍ത്തത്-എല്ലാ രാഷ്ട്രീയക്കാരേയും കടത്തി വെട്ടുന്ന രാഷ്ട്രീയക്കാരനാണ് ശ്രീധരന്‍. പകുതി കളിയായും പകുതി കാര്യമായും. ആകാശത്തിലേക്ക് നോക്കി മന്ദഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. റെയില്‍വേയിലും മറ്റും ഇരുന്നപ്പോള്‍ അദ്ദേഹം പലരേയും , വിശേഷിച്ച്, മന്ത്രിമാരെയൊക്കെ, നേരിട്ട ചില സംഭവങ്ങളും ആ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പെന്‍ഷന്‍ പറ്റി പിരിഞ്ഞ ആ ഉദ്യോഗസ്ഥന്‍ ഈ സംഭവങ്ങളൊക്കെ മറന്നിട്ടുണ്ടാകും.

അന്ന് ഇ.ശ്രീധരനെ അത്ര അടുത്ത് അറിയാന്‍ അവസരം ലഭിക്കാതിരുന്നതിനാല്‍ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയ പ്രയോഗത്തില്‍ കടിച്ചുതൂങ്ങാതെ സംസാരം വീണ്ടും സ്മാര്‍ട്ട് സിറ്റിയിലേക്ക് തിരിച്ചുവിടാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. പക്ഷെ പില്‍ക്കാലത്ത് ശ്രീധരന്‍ രാഷ്ട്രീയക്കരാനായി, കേരളത്തില്‍ വാര്‍ത്തകളുടേയും വിവാദങ്ങളുടേയും മധ്യെ നില്‍ക്കുമ്പോള്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം ഓര്‍മ്മയിലേക്ക് എത്തിയെന്ന് മാത്രം. കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുത്ത് ആരംഭിക്കുന്നത് ഏറെ സംഭവഗതികള്‍ക്കൊടുവിലായിരുന്നു. അതിനുശേഷമായിരുന്നു അദ്ദേഹവുമായി അടുത്ത് ഇടപഴകാന്‍ അവസരം ഉണ്ടായതും. ഈ ലേഖകന്‍ ജോലി ചെയ്തിരുന്ന പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ദീര്‍ഘമായ കവര്‍ സ്റ്റോറി അടക്കം ഇംഗ്‌ളീഷിലും മലയാളത്തിലുമായി ഇ.ശ്രീധരനെക്കുറിച്ചും മെട്രോ നിര്‍മാണത്തെക്കുറിച്ചുമൊക്കെ ഒട്ടേറെ വാര്‍ത്തകളും ഫീച്ചറുകളും ലേഖനങ്ങളും പില്‍ക്കാലത്ത് എഴുതേണ്ടി വന്നു. ഗതാഗത അടിസ്ഥാന സൗകര്യ വികസനവുമായും നിര്‍മാണവുമായും എന്‍ജിനീയറിംഗുമായും ഒക്കെ ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ അതിന്റെ ബാലപാഠം പോലും അറിയാത്ത എനിക്ക് ഏറെ സമയമെടുത്ത് ക്ഷമാപൂര്‍വ്വം ശ്രീധരന്‍ സാര്‍ പറഞ്ഞുതരികയും ചെയ്തു. നേരിട്ട് വിശദീകരിച്ച് തന്നിട്ടും എനിക്കു മനസ്സിലാക്കാനാവാത്ത കാര്യങ്ങള്‍ ഇ മെയിലില്‍ അദ്ദേഹം ലളിതമായി വിശദമാക്കി.

അക്കാലത്താണ് ശ്രീധരന്റെ ഭാരതീയ തത്വ ചിന്തയിലും മറ്റുമുള്ള താല്പര്യവും സവിശേഷമായ ജീവിതരീതിയും ഒക്കെ നേരിട്ട് മനസ്സിലാക്കുന്നതിന് സാധിച്ചത്. ഭാരതീയതയോടുള്ള ആഭിമുഖ്യവും അതിന്റെ രാഷ്ട്രീയം ഉള്‍ക്കൊണ്ട ബോധ്യങ്ങളാണ് അദ്ദേഹത്തിന്റെ സ്വത്വത്തെ നിര്‍വചിക്കുന്നതെന്ന് എന്ന് ആദ്യമേ തന്നെ മനസ്സിലാക്കിയിരുന്നുവെങ്കിലും അദ്ദേഹം രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന തോന്നല്‍ അന്നുമുണ്ടായിരുന്നില്ല. പക്ഷെ ഭാരതീയ തത്വചിന്തയില്‍ വിശേഷിച്ചും ഭഗവത് ഗീതയിലും ശ്രീമദ് ഭാഗവതത്തിലും പുരാണേതിഹാസങ്ങളിലും അദ്ദേഹം അതീവ തല്പരനായിരുന്നു. സ്വാമി ഭൂമാനന്ദതൂര്‍ത്ഥയുമായുള്ള പാരസ്പര്യം ആഴത്തിലുള്ളതായിരുന്നു. പില്‍ക്കാലത്ത് ഭാരതീയ ചിന്തയുടെ പ്രചാരണത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘടന രൂപീകരിക്കുകയും ചെയ്യുതിരുന്നു. ഏറെ സവിശേഷതകളുള്ള വ്യക്തിത്വമാണ് ശ്രീധരന്റേത്. ഒരു പ്രഫഷണല്‍ എന്ന നിലയില്‍ തികഞ്ഞ അച്ചടക്കം അദ്ദേഹം പുലര്‍ത്തി. ഏറ്റെടുക്കുന്ന ഏത് കാര്യത്തിലും ആത്മാര്‍ത്ഥതയും. ഈ തിരക്കിട്ട ജീവിതത്തില്‍ കാര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നത് ഏത് തരത്തിലാണെന്ന ചോദ്യം പലവട്ടം അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ചെയ്തുപോരുന്ന കാര്യങ്ങളുടെ തിരക്കവും ഛടുതിയുമൊന്നും അദ്ദേഹത്തിന്റെ മുഖത്തോ ചലനങ്ങളിലോ ശരീരഭാഷയിലോ ഒന്നുമുണ്ടായിരുന്നില്ല. ഒരിയ്ക്കലും.

രാവിലെ എട്ടരയ്ക്കും എട്ടി നാല്പത്തിയഞ്ചിനും ഇടയില്‍ ഓഫീസിലെത്തും. വൈകിട്ട് ആറു മണിയ്ക്കകം തന്നെ ഓഫീസ് വിടും. ഓഫീസ് വീട്ടിലേക്കെത്തിക്കുന്ന രീതിയൊന്നും പതിവില്ല. പിന്നെ രാത്രി കൃത്യസമയത്ത് കുടുംബവുമൊത്ത് ഭക്ഷണം. എല്ലാത്തിനും സമയവും ചിട്ടയും. പാമ്പന്‍ പാലവും ഡല്‍ഹി മെട്രോയും ഒക്കെ നിര്‍മിച്ചയാളുടെ ജീവിതം അത്യന്തസങ്കീര്‍ണ്ണമായിരിക്കും എന്നാണ് ഞാന്‍ കരുതിയിരുന്നത്. ''ചെയ്യുന്ന ജോലിയെ കുറിച്ച് ബോധ്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അഞ്ചു മണിയ്ക്കുള്ളില്‍ എല്ലാം തീര്‍ക്കാനാവും. പണി അറിയാതെ വരുമ്പോഴാണ് നീണ്ട നേരം ഇരിക്കേണ്ടിവരുന്നതും മറ്റും. അത്തരക്കാര്‍ എത്ര നേരം ഇരുന്നിട്ടും കാര്യമുണ്ടാകണമെന്നുമില്ല'' തെല്ലു മന്ദഹാസത്തോടെ അദ്ദേഹം ഒരിയ്ക്കല്‍ പറഞ്ഞു നിര്‍ത്തിയത് ഓര്‍മ്മവരുന്നു. വേദവും വേദാന്തവും കലര്‍ന്ന മന്ദഹാസം. അതേക്കുറിച്ച് അടുത്ത ഭാഗത്തില്‍.


Next Story

Related Stories