TopTop
Begin typing your search above and press return to search.

നമ്മള്‍ ജാഗരൂകരായില്ലെങ്കില്‍ വ്യക്തിസ്വാതന്ത്ര്യവാദത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കും കൊറോണ

നമ്മള്‍ ജാഗരൂകരായില്ലെങ്കില്‍ വ്യക്തിസ്വാതന്ത്ര്യവാദത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരിക്കും കൊറോണ

നൂറ്റാണ്ടുകളായി, വ്യക്തിസ്വാതന്ത്ര്യവാദം അല്ലെങ്കില്‍ ഓരോ മനുഷ്യജീവിക്കും സഹജമായ മൂല്യങ്ങളുണ്ടെന്ന സങ്കല്‍പം സാമൂഹ്യ സംഘാടനത്തിന്റെയും സമ്പദ്ഘടനയുടെയും നീതിയുടെയും ആശയങ്ങള്‍ക്ക് അടിവരയിട്ടിരുന്നു. എന്നാല്‍ സമീപകാലത്തായി, വ്യക്തികളുടെ അന്യാധീനപ്പെടാത്ത അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും പ്രാമുഖ്യം അത്യധികമായ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെടുന്ന കാഴ്ചയാണുള്ളത്.

ജ്ഞാനോദയത്തിലൂടെയാണ് പടിഞ്ഞാറ് വ്യക്തിസ്വാതന്ത്ര്യവാദം ഉത്ഭവിച്ചത്. വ്യക്തിയുടെ ധാര്‍മ്മിക ശ്രേഷ്ഠതയും അവന്റെ/അവളുടെ താത്പര്യങ്ങളും രാജ്യത്തിന്റെ അല്ലെങ്കില്‍ സാമൂഹ്യ സംഘങ്ങളുടെ മേല്‍ അഗ്രഗാമിത്വം നേടണമെന്ന് അത് വിശ്വസിച്ചിരുന്നു. വ്യക്തി ഒരു സ്വതന്ത്ര കമ്പോളമായി മാറുന്ന അനിയന്ത്രിത മുതലാളിത്തത്തിന്റെ (laissez faire capitalism) ഉത്ഭവത്തിനും അത് കാരണമായി.

പാശ്ചാത്യ ശൈലിയിലുള്ള വ്യക്തിസ്വാതന്ത്ര്യവാദത്തിന് രണ്ടാം ലോകമഹായുദ്ധം മുതല്‍ വലിയ പ്രാധാന്യം ലഭിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ വലിയൊരു ഭാഗം ഇരമ്പു മറയ്ക്കുള്ളിലാവുകയും ചൈന കമ്പോളപൂര്‍വ കാലഘട്ടത്തിലായിരിക്കുകയും ചെയ്ത സാഹചര്യത്തിലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി ദേശവാസി ആശയത്തിന് സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാന്‍ യുഎസിന്റെ ഋജുവായ മേധാവിത്വത്തിന് സാധിച്ചു. കര്‍ക്കശക്കാരനും അഭിമാനിയുമായ വ്യക്തിയില്‍ കേന്ദ്രീകൃതമായതും ആ വ്യക്തിയുടെ സ്വതന്ത്രേച്ഛയുടെ പൊട്ടാത്ത ഇഴയില്‍ നിന്നും ഉരുത്തിരിയുന്ന വികാസത്തോട് കൂടിയതുമായി അത്.

മഹാത്മ ഗാന്ധിയുടെയും അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശികളുടെയും വിചാര സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലുള്ള മറ്റൊരു തരം വ്യക്തിസ്വാതന്ത്ര്യവാദവും അതേ വര്‍ഷങ്ങളില്‍ തന്നെ ഉരുത്തിരിഞ്ഞ് വന്നിരുന്നു. അവരുടെ വ്യക്തിസ്വാതന്ത്ര്യവാദത്തിന് ആത്മീയതയുടെ വേരുകളുണ്ടായിരുന്നു. പാശ്ചാത്യ ശൈലിയിലുള്ള വ്യക്തിസ്വാതന്ത്ര്യവാദം ഭൗതികവാദത്തില്‍ അവസാനിക്കുമെന്ന് ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. വ്യക്തിഗത ആഗ്രഹപൂര്‍ത്തീകരണ ഉപാധികളുള്ള ഒരാള്‍ എന്നതിനപ്പുറം സ്വയംഭരണാധികാരമുള്ള ഒരു ധാര്‍മ്മിക കാര്യകര്‍ത്താവായി ഗാന്ധി വ്യക്തിയെ കണ്ടു. വ്യക്തികളുടെ അതിലംഘിക്കാനാവാത്ത മനുഷ്യാവകാശങ്ങള്‍ സാമൂഹ്യ വികാസത്തിന്റെ ഹൃദയത്തില്‍ തന്നെ പ്രതിഷ്ഠിക്കപ്പെട്ടു. രാജ്യവും സമൂഹവും അവരുടെ ധര്‍മ്മം പ്രാവര്‍ത്തികമാക്കുന്ന ഏറ്റവും ഒടുവിലത്തെ മര്‍മ്മഭേദ്യനായ വ്യക്തിയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

വ്യക്തിസ്വാതന്ത്ര്യത്തെ സംബന്ധിച്ച ആദ്യത്തെ ആശയം മൂന്ന് നൂറ്റാണ്ടുകളോളം ഭീഷണമായ നവീകരണങ്ങളെ പ്രചോദിപ്പിച്ചു. സംരംഭകനും ക്രിയാത്മക കലാകാരനും പൊതു ബുദ്ധിജീവിയും ചേര്‍ന്ന് ആശയങ്ങളുടെയും ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു ആഗോള കമ്പോള സ്ഥലം സൃഷ്ടിച്ചു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ കുടുതലായ ഭൗതിക സമൃദ്ധിക്ക് ഇത് കാരണമായി എന്ന് സമ്മതിക്കേണ്ടി വരും.

രണ്ടാമത്തെ ആശയം, വിവിധതരത്തില്‍ അശരണരായ വ്യക്തികളുടെ സംഘങ്ങള്‍ക്ക് കൂടുതല്‍ ക്ഷേമവും രക്ഷാകര്‍തൃത്വവും പ്രദാനം ചെയ്യാനുള്ള സര്‍ക്കാരിന്റെയും സമുഹത്തിന്റെയും ഇടപെടലുകള്‍ക്ക് പ്രചോദനം നല്‍കി. പൂര്‍ണമായും യാഥാര്‍ത്ഥ്യമായില്ലെങ്കിലും ഒരു വ്യക്തിയുടെ അന്തസ്സ് സംരക്ഷിച്ചുകൊണ്ടും അയാളുടെ/അവളുടെ ശേഷിയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടും ഓരോ വ്യക്തിയേയും സാമൂഹ്യ സുരക്ഷാ കവചത്തിനകത്താക്കാനുള്ള ആ ശ്രമം ഒരു ശ്രേഷ്ഠമായ പരീക്ഷണമായിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി, വ്യക്തിസ്വാതന്ത്ര്യവാദത്തിനും വ്യക്തിയുടെ പ്രഥമഗണനീയതയ്ക്കും ഗുരുതരമായ ഭീഷണികള്‍ നേരിടുകയാണ്.

ഇതിന് മൂന്ന് സുപ്രധാന കാരണങ്ങളാണുള്ളത്. സാമ്പത്തിക തകര്‍ച്ചയോടൊപ്പം വളര്‍ന്നുവന്ന ഭീകരവാദമാണ് ഇതില്‍ ആദ്യത്തേത്. 9/11 സംഭവിച്ചതോടെ കാര്യങ്ങള്‍ ഒറ്റ രാത്രികൊണ്ട് മാറിമറിയുകയും വ്യക്തിത്വ പ്രചാരണത്തിന് വലിയ ആഘാതമേല്‍ക്കുകയും ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വാന്ത്ര്യവാദത്തിന്റെയും പരമമായ ശക്തികേന്ദ്രമായിരുന്ന യുഎസ് ജനതയ്ക്ക്, പൊതുസുരക്ഷ എന്ന വാഗ്ദാനത്തിന് പകരമായി തങ്ങള്‍ വളരെ നാളായി പരിപോഷിപ്പിച്ചിരുന്ന നിരവധി സ്വാതന്ത്ര്യങ്ങളും സ്വകാര്യതകളും ബലികൊടുക്കേണ്ടി വന്നു. അതിന് പിന്നാലെ 2008-ലെ സാമ്പത്തികമാന്ദ്യം വന്നു. ഈ സാഹചര്യത്തിലാണ് ആഗോളീകരണാനന്തര ലോകത്തിലേക്കും, സമകാലികമായി അധികാരകേന്ദ്രീകൃത ഭരണകൂടങ്ങളുടെയും ഘനീകൃത ഭരണകൂട അധികാരത്തിന്റെയും കാലത്തിലേക്കും നമ്മള്‍ പ്രവേശിക്കുന്നത്.

പല രാജ്യങ്ങളിലും, വ്യക്തികളുടെ രാജ്യസ്‌നേഹം സത്യസന്ധമായ വിമര്‍ശനങ്ങളായി പ്രകാശിപ്പിക്കപ്പെടുന്ന കാല്‍പനിക ദേശസ്നേഹത്തിന് പകരം, തെറ്റായാലും ശരിയായാലും എന്റെ രാജ്യം എന്ന തീവ്ര ദേശീയതാവാദം ശക്തിപ്രാപിച്ചു. എതിരഭിപ്രായങ്ങള്‍ നിരുത്സാഹപ്പെടുത്തപ്പെട്ടു. ഇത് സ്വതന്ത്ര വ്യക്തികളെ രാഷ്ട്രീയ ഭൂമികയില്‍ നിന്നും കൂടുതല്‍ അകറ്റി.

തങ്ങളുടെ ഭീമാകാരമായ സാമൂഹ്യ വേദികളുമായി രംഗത്തെത്തിയ ഇന്റര്‍നെറ്റ് ഭീമന്മാരുടെ വളര്‍ച്ചയാണ് രണ്ടാമത്തെ കാരണം. സ്വതന്ത്രവ്യക്തിയുടെ പ്രഥമഗണനീയതയെ സംരക്ഷിക്കുന്നതാണ് ഇതെന്നായിരുന്നു തുടക്കത്തില്‍ തോന്നിപ്പിച്ചിരുന്നത്. എത് സമയത്തേയും എവിടുത്തേയും ഏത് ഉല്‍പന്നത്തിന്റെയും ഉപഭോക്താവ് രാജാവായി പരിഗണിക്കപ്പെട്ടു. തൊഴിലാളിയായ ജീവനക്കാരന്‍ സ്വയം തൊഴില്‍ കണ്ടെത്തിയ സംരംഭകനായി മാറി; പൗരന്‍ ഇന്റര്‍നെറ്റ് പൗരനായി മാറുകയും ലോകത്തെമ്പാടും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ആളായി മാറുകയും ചെയ്തു.

നിര്‍ഭാഗ്യവശാല്‍, വ്യക്തിപരമായ തിരഞ്ഞെടുപ്പ് എന്നത് ഒരു മായാദര്‍ശനമായി മാറി; മരുപ്രഭയില്‍ മിന്നുന്ന ഒരു മരീചിക മാത്രമായി മാറി. കരാര്‍ തൊഴിലാളികളെ അമിതമായി ജോലി ചെയ്യിക്കുകയും വളരെ കുറച്ച് മാത്രം കൂലി നല്‍കുകയും ചെയ്യുന്ന നിരീക്ഷണ മുതലാളിത്തം എന്ന് ഇന്ന് ഭയപ്പെടുന്ന സംഗതിയുടെ ആവിര്‍ഭാവം ഇവിടെ നിന്നായിരുന്നു; ഉപഭോക്താവ് വിവരങ്ങളുടെ ഒരു തൊട്ടി മാത്രമായി മാറുകയും അയാളുടെ സ്വതന്ത്രേച്ഛയെ കൃത്രിമ ബൗദ്ധീകത വളച്ചൊടിക്കുകയും ചെയ്യുന്നു. വ്യക്തികളുടെ അവകാശങ്ങളെയും സ്വകാര്യതകളെയും അപായകരമായ വേഗതയില്‍ സങ്കോചിപ്പിച്ചുകൊണ്ട് നിരീക്ഷണ ഭരണകൂടത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇതേ സാങ്കേതികവിദ്യകള്‍ക്ക് സാധിക്കുന്നു. ഒരു സമ്മതിദായക ജനാധിപത്യത്തിലെ വ്യക്തിയുടെ ഏറ്റവും അമൂല്യ സമ്മാനമായ അയാളുടെ വോട്ടുപോലും കൃത്രിമപ്പണിക്കുള്ള ഒരു വസ്തുവായി അധഃപതിക്കപ്പെടുന്നു.

മൂന്നാമതായി, ലോകം കൂടുതല്‍ പരസ്പരാശ്രിതത്വത്തിലേക്ക് നീങ്ങുന്നു. കാലാവസ്ഥാ വ്യതിയാനത്തിനും വായു മലിനീകരണത്തിനും അതിര്‍ത്തികളില്ല. ആന്റീബയോട്ടിക്കുകള്‍ക്കെതിരായി വളരുന്ന പ്രതിരോധം ഒരു അതിര്‍ത്തിയെയും ബഹുമാനിക്കുന്നുമില്ല. ആഫ്രിക്കയില്‍ നിന്നുള്ള ബാക്ടീരിയകള്‍ക്ക് അമേരിക്കയിലുള്ളവരെ രോഗഗ്രസ്ഥരാക്കാന്‍ സാധിക്കുന്നു. ഇന്തോനേഷ്യയിലെ കാടുകള്‍ കത്തുമ്പോള്‍ ഏഷ്യക്ക് മുഴുവന്‍ ശ്വാസം മുട്ടുന്നു.

ഇപ്പോള്‍, നമ്മള്‍ ജാഗരൂകരായില്ലെങ്കില്‍ വ്യക്തിസ്വാതന്ത്ര്യവാദത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായി കോവിഡ്-19 മഹാമാരി മാറിയേക്കാം. നമ്മുടെ വ്യക്തിപരമായ സവിശേഷ അധികാരങ്ങളെ പൊടുന്നനവേ അടിയറ വയ്ക്കാനും സര്‍ക്കാരിന്റെ അല്ലെങ്കില്‍ ഫ്‌ളാറ്റുകളിലെ അസോസിയേഷന്‍ പ്രതിനിധികള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍ എന്നിവയുടെ അടിച്ചേല്‍പ്പിക്കപ്പെടുന്ന തീരുമാനങ്ങള്‍ക്ക് വഴങ്ങാനും അത് നമ്മെ പ്രേരിപ്പിച്ചിരിക്കുന്നു. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഇത്തരം സ്വാതന്ത്ര്യം പ്രയോഗിക്കുന്നതിന്റെ അപകടം നമ്മള്‍ മണക്കുന്നതിനാല്‍ നമ്മുടെ വ്യക്തിഗത സ്വാതന്ത്ര്യങ്ങള്‍ അടിയറവയ്ക്കാനും നമ്മള്‍ ശരിയായ രീതിയില്‍ തയ്യാറാവുന്നു. നമ്മുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുന്നതോടെ അതിര്‍ത്തി ദേശവാസി ആശയങ്ങള്‍ തുറന്നുകാട്ടപ്പെടുന്നു.

എന്നാല്‍ വ്യക്തിസ്വാതന്ത്ര്യവാദത്തിന്റെ പുരോഗമനപരമായ ഘടകങ്ങള്‍ നഷ്ടപ്പെടുന്നതിനെതിരെ നമ്മള്‍ ജാഗരൂകരായിരിക്കണം. വിശാല ഘടനകളോട് ഉത്തരം പറയേണ്ടാത്ത അടിച്ചല്‍പ്പിക്കല്‍ സംഘങ്ങള്‍ അല്ലെങ്കില്‍ നിയമവാഴ്ച നമ്മുടെ വ്യക്തിഗത വ്യക്തിത്വത്തെ ഊറ്റിയെടുക്കുന്നില്ല എന്ന് നമ്മള്‍ ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കുക എന്നത് ഒരു കാര്യമാണ്. ഉയര്‍ത്തെഴുന്നേറ്റ അയുക്തിക ഭീതികള്‍ക്ക്, പ്രത്യേകിച്ചും 'അപര'ന്റെ ഭീതികള്‍ക്ക് അടിപ്പെടുക എന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്. ജാഗ്രതാവാദത്തിന്റെ (Vigilantism), എന്തിന് ആള്‍ക്കൂട്ട ഭരണത്തിന്റെ തന്നെ ഉയിര്‍പ്പിന് നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഭയചകിതരായ ഗ്രാമീണര്‍ പുറത്തുനിന്നുള്ള എല്ലാവരെയും വിലക്കുന്നു; നഗരങ്ങളിലുള്ള തങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നും മടങ്ങുന്നതില്‍ നിന്നും ഡോക്ടര്‍മാര്‍ തടയപ്പെടുന്നു; നടപടികളെ ഭയക്കാതെ പോലീസുകാര്‍ അന്യായമായി ലാത്തി വീശുന്നു.

മഹാമാരിയോടുള്ള ഇത്തരം പ്രതികരണങ്ങള്‍ വ്യക്തിസ്വാതന്ത്ര്യവാദത്തിന്റെ പുരോഗമന വശങ്ങളെ സമീപ ഭാവിയിലേക്കെങ്കിലും ഇല്ലായ്മ ചെയ്‌തേക്കാം. വ്യക്തിഗത വ്യവഹാരവും കൂട്ടായ്മയുടെ നന്മയും തമ്മിലുള്ള സന്തുലനം പുനഃസ്ഥാപിക്കാന്‍ സമൂഹം ദ്രുതഗതിയിലും ക്രിയാത്മകമായും ഇടപെടണം. ഒരു വ്യക്തിയും ഒരു ദ്വീപല്ല.

എന്നാല്‍,

ഓരോ സ്വതന്ത്ര മനുഷ്യജീവിയുടെയും സഹജ മൂല്യങ്ങളെ നമ്മള്‍ ഇകഴ്ത്തിക്കെട്ടരുത്. എല്ലാ നല്ല സമൂഹങ്ങളുടെയും അടിത്തറയാണത്.

(ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനം അനുമതിയോടെ മലയാളത്തില്‍ പുന:പ്രസിദ്ധീകരിക്കുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


രോഹിണി നിലേക്കനി

രോഹിണി നിലേക്കനി

എഴുത്തുകാരി, മുന്‍ പത്രപ്രവര്‍ത്തക, സാമൂഹ്യപ്രവര്‍ത്തക

Next Story

Related Stories