TopTop

തെക്കേടത്തമ്മ, മൊട്ടമ്മൽ രാമൻ-ശ്രീദേവിയമ്മ പുരസ്‌കാരങ്ങളും തനിക്ക് പണി തന്ന മാധ്യമ പ്രവർത്തകന്റെ പേരിൽ സ്വന്തം കാശുമുടക്കി അവാർഡ് ഏർപ്പെടുത്തിയ പട്ടയം കുട്ടപ്പൻ ചേട്ടനും

തെക്കേടത്തമ്മ, മൊട്ടമ്മൽ രാമൻ-ശ്രീദേവിയമ്മ പുരസ്‌കാരങ്ങളും തനിക്ക് പണി തന്ന മാധ്യമ പ്രവർത്തകന്റെ പേരിൽ സ്വന്തം കാശുമുടക്കി അവാർഡ് ഏർപ്പെടുത്തിയ പട്ടയം കുട്ടപ്പൻ ചേട്ടനും

റെജിസ്ട്രേഷന്‍ വകുപ്പിന്‍റെ വയനാട്ടിലെ ഓഫീസില്‍ ശിപായി ആയിരുന്ന കുട്ടപ്പന്‍ ചേട്ടന്‍ എന്ന നാട്ടിന്‍ പുറത്തുകാരന്‍ പട്ടയം കുട്ടപ്പന്‍ ആയി വളര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. വൈകിട്ട് ഓഫീസ് വിട്ടുപോകുമ്പോള്‍ കുട്ടപ്പന്‍ ചേട്ടന്‍ ഓഫീസറുടെ സീലും മുദ്രകളും എടുത്ത് കൊണ്ടുപോകും. രാവിലെ ഓഫീസ് തുറക്കുമ്പോള്‍ തിരികെ വയ്ക്കുകയും ചെയ്യും. അടക്കലും തുറക്കലും ചേട്ടന്‍റെ ജോലികള്‍ ആയിരുന്നതിനാല്‍ ആരും സംശയിച്ചിരുന്നുമില്ല.

കഠിനാധ്വാനി ആയിരുന്നു കുട്ടപ്പന്‍ ചേട്ടന്‍. ഒരു പാട് കഷ്ടപ്പെട്ടാണ് ഓഫീസറുടെ ഒപ്പ് സ്വയം ഇട്ട് പഠിച്ചത്. അങ്ങനെ രാത്രി ഉറക്കമിളച്ചിരുന്ന് കുട്ടപ്പന്‍ ചേട്ടന്‍ നൂറു കണക്കിന് വ്യാജ പട്ടയങ്ങള്‍ തയ്യാറാക്കി. അവയില്‍ ഒപ്പും സീലും ചാര്‍ത്തി പലര്‍ക്കായി വിറ്റു. ഒടുവില്‍ സ്വന്തം ഭൂമിക്ക് രണ്ട് പട്ടയം ഉണ്ടാക്കി രണ്ട് ബാങ്കില്‍ കൊടുത്ത് ലോണ്‍ എടുത്തപ്പോള്‍ ആണ് കുട്ടപ്പൻ ചേട്ടന്റെ തട്ടിപ്പ് പുറത്ത് വന്നത്. ബാങ്കുകാര്‍ക്ക് വന്ന ഒരു സംശയം തന്നെ കാരണം.

പരേതനായ ജനകീയ പത്രപ്രവര്‍ത്തകന്‍ കെ ജയചന്ദ്രന്‍ ആണ് കുട്ടപ്പന്റെ പട്ടയ വിക്രിയകള്‍ അന്വേഷിച്ച് പുറത്ത് കൊണ്ടുവന്നതും പട്ടയം കുട്ടപ്പന്‍ എന്ന പേര് ചാര്‍ത്തിക്കൊടുത്തതും. കുട്ടപ്പന് ജോലി നഷ്ടപെട്ടു. വ്യാജ പട്ടയം വാങ്ങിയവര്‍ എല്ലാം കെണിയിലായി. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ മറവിയില്‍ ആണ്ടു പോയ കുട്ടപ്പന്‍ പിന്നീട് വാര്‍ത്തയായത് അന്തരിച്ച ജയചന്ദ്രന്റെ പേരില്‍ സംശുദ്ധ പത്രപ്രവര്‍ത്തനത്തിന് ഒരു അവാര്‍ഡ്‌ ഏര്‍പ്പെടുത്തിക്കൊണ്ടാണ്.

അവാര്‍ഡ്‌ കമ്മിറ്റി ഉണ്ടാക്കി വളരെ ജോര്‍ ആയാണ് പ്രഖ്യാപനം നടത്തിയത്. പിന്നെ അവാര്‍ഡ്‌ വാങ്ങാന്‍ ആളെ കിട്ടാന്‍ ഓട്ടമായി. ജയചന്ദ്രനുമായി അടുപ്പമുണ്ടായിരുന്ന വയനാട്ടിലെ പത്രക്കാര്‍ എല്ലാം അവാര്‍ഡ്‌ നിരസിച്ചു. ആരുവാങ്ങും ആരുവാങ്ങുമീ ആരാമത്തിന്റെ രോമാഞ്ചം എന്ന മട്ടില്‍ കുട്ടപ്പനും ഓടി നടന്നു. ഒടുവില്‍ ജയചന്ദ്രനോടൊപ്പം ജോലി ചെയ്തിരുന്ന വൃദ്ധനായ ഒരു പ്രാദേശിക ലേഖകനെ കണ്ടെത്തി. അവാര്‍ഡ്‌ തുകയും പൊന്നാടയും ഫലകവും കണ്ടപ്പോള്‍ ആ ദുര്‍ബല ഹൃദയം വീണുപോയി.

അവാര്‍ഡ്‌ സ്വീകരിക്കരുതെന്ന് സഹജീവികള്‍ കെഞ്ചി പറഞ്ഞു. ജയചന്ദ്രന്റെ ഭാര്യ ആനന്ദകനകവും അത് ആവശ്യപെട്ടു. നടന്നില്ല. ഞങ്ങള്‍ ജയചന്ദ്രന്റെ ആരാധകരും വെറുതെ ഇരുന്നില്ല. അവാര്‍ഡ്‌ ചടങ്ങില്‍ പങ്കെടുക്കും എന്ന് പറഞ്ഞിരുന്ന മന്ത്രിയെയും നേതാക്കളെയും വിലക്കി. സംഭവം വലിയ വാര്‍ത്ത ആയി. കുട്ടപ്പന്‍ വീണ്ടും നാറി. ഏതോ ഒളിസങ്കേതത്തില്‍ വച്ച് അവാര്‍ഡ്‌ കൊടുത്ത് സംഭവം തീര്‍ത്തു.

കുറച്ചു നാള്‍ കഴിഞ്ഞ് പട്ടയം കുട്ടപ്പന്റെ ഒരു ഫോണ്‍ വന്നു. വീട് വരെ വരണം. ഒരു കാര്യം സംസാരിക്കാന്‍ ആണ്. പോകരുതെന്ന് പലരും പറഞ്ഞു. ഗുണ്ടകളെ കൊണ്ട് തല്ലിക്കാന്‍ ആണെന്നും പട്ടിയെ വിട്ട് കടിപ്പിക്കാന്‍ ആണെന്നും ഒക്കെ സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കി. കുട്ടപ്പന്‍ ചതിക്കും എന്നായിരുന്നു വ്യാപകമായ മുന്നറിയിപ്പ്. എന്നാലും പോകാന്‍ ഉറച്ചു. കൂടെ ഒരു ടെലിവിഷന്‍ ക്യാമറ സംഘവും വന്നു.

പക്ഷെ ഹൃദ്യമായ സ്വീകരണം ആയിരുന്നു കുട്ടപ്പന്റെ വീട്ടില്‍. "എടിയേ, ഇതാരോക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിയേ,'' കുട്ടപ്പന്‍ ഭാര്യയെ വിളിച്ചു. "എടാ മക്കളെ ഒന്ന് വന്നേടാ, അപ്പച്ചനെ ഫെയ്മസ് ആക്കിയ സാറന്മാര് വന്നത് കണ്ടില്ലെടാ,'' കുട്ടപ്പന്‍ ആഘോഷിക്കുകയായിരുന്നു.

"എന്‍റെ പോന്നു സാറന്മാരെ, ആ ജയചന്ദ്രന്‍ സാറില്ലായിരുന്നെകില്‍ എന്നെ ആരേലും അറിയുമായിരുന്നോ. ജയിലിലൊക്കെ പോകേണ്ടി വന്നെങ്കിലും എനിക്കാ മനുഷ്യനോട് സ്നേഹമാ. അങ്ങേര് ഇല്ലെങ്കില്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ല,'' കുട്ടപ്പന്‍ പറഞ്ഞു. "അദ്ദേഹം മരിച്ചതോടെ എന്‍റെ വാര്‍ത്താ മൂല്യം കഴിഞ്ഞു എന്ന് കരുതിയതാ. നിങ്ങള്‍ സഹായിച്ച് എന്നെ പിന്നേം നാലുപേര്‍ അറിഞ്ഞു. സാറന്മാരെ ഒന്ന് കാണാനും സ്നേഹം പങ്കിടാനും വിളിച്ചതാ,'' കുട്ടപ്പന്‍ പറഞ്ഞു.

"ചേട്ടാ അത് ...." വാചകം മുഴുവൻ പറയാന്‍ കുട്ടപ്പന്‍ സമ്മതിച്ചില്ല.

``ചേട്ടാ എന്നൊന്നും വിളിച്ച് പുള്ള ബുദ്ധിമുട്ടണ്ട. പട്ടയം കുട്ടപ്പാന്നു ഒന്ന് നീട്ടി വിളിച്ചേ. അതാ എനിക്കിഷ്ടം,'' കുട്ടപ്പന്‍ തകര്‍ത്തു. ഊണ് കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞത് നിരസിച്ച ഞങ്ങള്‍ക്ക് കുട്ടപ്പന്‍ നല്ല പാലൊഴിച്ച ചായ തന്നു. "വിഷം ഒന്നും ഇട്ടിട്ടില്ല കേട്ടോ. പേടിക്കണ്ട,'' കുട്ടപ്പന്‍ തോളില്‍ തട്ടികൊണ്ട് പറഞ്ഞു. പിന്നെ കുലുങ്ങി കുലുങ്ങി ചിരിച്ചു.

പിന്നീട് പട്ടയം കുട്ടപ്പൻ ചേട്ടനെ കണ്ടിട്ടില്ല. ചേട്ടൻ മരിച്ചതായി എപ്പോഴോ വാർത്ത കണ്ടു.

തെക്കേടത്തമ്മ പുരസ്‌കാരം മുതൽ മൊട്ടമ്മൽ രാമൻ-ശ്രീദേവിയമ്മ പുരസ്‌കാരം വരെയുള്ള മാധ്യമ അവാർഡുകൾ കേരളത്തിൽ തകർത്താടുമ്പോഴും പട്ടയം കുട്ടപ്പൻ സൃഷ്‌ടിച്ച മാതൃക മായുന്നില്ല. തനിക്ക് പണി തന്ന അന്വേഷണാത്മക മാധ്യമ പ്രവർത്തകന്റെ പേരിൽ സ്വന്തം കാശുമുടക്കി അവാർഡ് ഏർപ്പെടുത്തുകയെന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories