കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ പഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പറാണ്. തലവെച്ച പാറ, കുഞ്ചിപ്പാറ, വാരിയം, തേര, ഉറിയം പെട്ടി തുടങ്ങിയ ആദിവാസി ഊരുകളിൽ ഉറിയംപെട്ടി ഒഴികെയുള്ള ഊരുകൾ അവരുടെ വാർഡിൽ പെടും. ഒരൊറ്റ തവണ തൻ്റെ വാർഡ് മുഴുവനും ഒന്ന് സഞ്ചരിച്ചു വരാൻ മൂന്ന് ദിവസവും 15000 രൂപ ജീപ്പു വാടകയും വേണ്ടിവരും തലവെച്ച പാറ ഊരിൽ നിന്നുള്ള ആ പഞ്ചായത്ത് മെമ്പർക്ക്. പൂയംകുട്ടി വനമേഖലയുടെ ഭാഗം കൂടി ഉൾക്കൊള്ളുന്ന കുട്ടമ്പുഴ പഞ്ചായത്തിന് ആലപ്പുഴ ജില്ലയുടെ പകുതി വിസ്തൃതി വരുമെന്നാണ് കണക്ക്. ഒരു മുളങ്കൊമ്പിൽ കെട്ടി തൻ്റെ കൊച്ചു വീടിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള ആൻറിന തിരിച്ച് തിരിച്ച് സിഗ്നൽ വരുത്തി കാന്തി മെമ്പർ ഇടക്ക് വിളിക്കും. ആ വിളികൾക്കും ആത്മബന്ധത്തിനും മൂന്ന് വർഷത്തിലേറെ പഴക്കമുണ്ട്.ജില്ലാ പഞ്ചായത്തിൻ്റെയും ട്രൈബൽ ഡവലപ്പ്മെൻ്റ് ഡിപ്പാർട്ടുമെൻറിൻ്റേയും ആവശ്യ പ്രകാരം തൃക്കാക്കര ഭാരത മാത കോളേജിലെ എംഎസ് ഡബ്ല്യു വിദ്യാർത്ഥികൾ തലവച്ചപാറയിലെ ബദൽ സ്ക്കൂൾ പെയിൻറടിച്ച് വൃത്തിയാക്കാൻ പോയപ്പോൾ കൂടെ പോയതാണ്. നാലാം ക്ലാസുവരെയുള്ള കുട്ടികൾ പഠിക്കുന്നത് ഈ ഏകാധ്യാപക വിദ്യാലയത്തിലാണ്. തൊട്ടടുത്ത ഊരിലെ ഇതുപോലൊരു ഏകാധ്യാപക വിദ്യാലയത്തിലെ ടീച്ചറെയാണ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് കാട്ടാന ആക്രമിച്ചു കൊന്നത്.

അന്നത്തെ ആ പോക്ക് പിന്നെ പലവട്ടം തുടർന്നു. കാണിയും ഊരുമൂപ്പനും, ലക്ഷ്മണും, ചന്ദ്രനും, ബിജുവും ഒക്കെ പ്രിയപ്പെട്ടവരായി. അവരുടെ ഉത്സവമായ സാമിയൂട്ടിന് പോയി. അവിടെ നിന്ന് തേരയിലേക്കും, വാരിയത്തേക്കുമൊക്കെപ്പോയി. പൂയംകുട്ടി റോഡിലെ ബ്ലാവന കടവിൽ നിന്ന് തലവെച്ച പാറയിലേക്ക് ദുർഘടമായ കാട്ടുപാതയിലൂടെ ഒന്നര മണിക്കൂറാണ് ഹനുമാൻ ഗിയറിൽ ജീപ്പു യാത്രയെങ്കിൽ മറ്റ് ഊരുകളിലേക്കത് മൂന്നും നാലും മണിക്കൂറുകളാവും. യാത്രകളിൽ പലപ്പോഴും ആനകൾ വഴിമുടക്കി നിന്നു. കാടിൻ്റെ നിഗൂഢമായ നിശ്ശബ്ദതകളിലൂടെ പലപ്പോഴും ശ്വാസമടക്കി ഞങ്ങൾ യാത്ര ചെയ്തു.
കാന്തി മെമ്പർ വിളിക്കുമ്പോൾ അതിൽ ഗൗരവമുണ്ടാകും. കഴിഞ്ഞ പ്രളയത്തിൽ റേഷൻ കടയിൽ വരെ വെള്ളം കയറിയപ്പോഴാണ് വിളിച്ചത്. ചിലപ്പോൾ അവിടെ നിന്ന് ആരെയെങ്കിലും അസുഖം ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കോ എറണാകുളം ജനറൽ ആശുപത്രിയിലേക്കോ കൊണ്ടുവരുന്നുണ്ടെങ്കിൽ വിളിക്കും. പക്ഷേ ഇത്തവണ വിളിച്ചത് പരിഹാരമാർഗം എന്തെന്ന് തന്നെ അറിയാത്തൊരു കാര്യത്തിന്.'നമ്മുടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് കിട്ടുമോ....?' അതായിരുന്നു മെമ്പർക്ക് അറിയേണ്ടത്. വൈദ്യുതിയില്ലാത്ത, മൊബൈൽ റേഞ്ചില്ലാത്ത ഊരുകളിലെല്ലാം കൂടി 243 കുട്ടികൾ. കഴിഞ്ഞ മധ്യവേനലവധിയിൽ ഈ കുട്ടികൾക്കെല്ലാമായി 3 ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു ഞങ്ങൾ. ഓരോ മുഖങ്ങളുമുണ്ട് ഉള്ളിൽ. പലരുടെയും പേരു സഹിതം. പിണർകുടിയിലെയും, നേര്യമംഗലത്തെയും, ആലുവയിലെയുമൊക്കെ മോഡൽ റസിഡൻഷ്യൽ ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾ ലോക്ക് ഡൗണായത് കൊണ്ട് ഊരുകളിൽ തന്നെയാണ്. എന്നു വെച്ചാൽ യഥാർത്ഥ ലോക്ക് ഡൗണിൽ.ഈ കഴിഞ്ഞ ഡിസംബർ അവസാനമാണ് കുഞ്ചിപ്പാറയിൽ സോമൻ എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തത്. പോലീസെത്തി മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ ജീപ്പന്വേഷിച്ചെങ്കിലും കിട്ടിയില്ല. പോലീസ് ജീപ്പ് അവിടേക്ക് എത്തില്ല. വനത്തിനുള്ളിലൂടെ പോകാൻ പറ്റുന്ന ജീപ്പ് വേണം. മറ്റ് വഴികളൊന്നുമില്ലാതായപ്പോൾ ആദിവാസികൾ ആ മൃതദേഹം പായയിൽ പൊതിഞ്ഞു. എന്നിട്ട് മുളന്തണ്ടിൽ കെട്ടി അതുമായി കൊടും വനത്തിലൂടെ നടന്നു.അതിനും രണ്ടു മാസം മുമ്പാണ് കുഞ്ചിപ്പാറയിലെ തന്നെ ശശി കൊലുമ്പൻ്റെയും മഞ്ജുവിൻ്റെയും മകൻ 3 വയസ്സുകാരൻ ശബരീനാഥൻ രോഗം മൂർച്ഛിച്ച് ചികിത്സ കിട്ടാതെ മരിച്ചത്. ഏത് അടിയന്തിരാവശ്യത്തിനും കാടിറങ്ങി വരണം ആദിവാസികൾക്ക് . അതിനൊരു ജീപ്പനുവദിക്കാനുള്ള അപേക്ഷ പോലും കേൾക്കാനാളില്ലെന്ന് പറയുന്നു പഞ്ചായത്തംഗം കാന്തി. കഴിഞ്ഞ കുറച്ച് വർഷത്തിനുള്ളിൽ 7 പേരാണ് ചികിത്സ കിട്ടാതെ ഊരുകളിൽ മരിച്ചതെന്നും കാന്തി പറയുന്നു. കാടിറങ്ങിയാൽ പോരാ, ഒരു കടത്തുകൂടി കടക്കണം ഇവർക്ക് പുറം ലോകത്തെത്താൻ. മഴക്കാലത്ത് വെള്ളം ഉയരുമ്പോഴും വേനൽക്കാലത്ത് വെള്ളം താഴുമ്പോഴും കടത്ത് നിലക്കും. പാലത്തിനായുള്ള മുറവിളി അക്ഷരാർത്ഥത്തിൽ വനരോദനമായി തുടരുകയും ചെയ്യുന്നു.

ജൂൺ 5 ന് രാത്രി മെമ്പർ വിളിക്കുമ്പോൾ 10 ദിവസങ്ങൾക്കപ്പുറം വിക്ടേഴ്സ് ചാനലിൽ ക്ലാസുകളാരംഭിക്കുമെന്ന് അറിഞ്ഞിട്ടുണ്ടായിരുന്ന കുട്ടികൾ മാത്രമല്ല അവരുടെ അമ്മമാരും ആശങ്കയിലായിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ സംരംഭകനാണ് ഡെന്നി തോമസ്. 'ഗുഡ് തിങ്ങ്സ്' എന്ന സന്നദ്ധ സംഘടനയിൽ ഞങ്ങൾ സഹപ്രവർത്തകർ. ഒരു ടി വി യും രണ്ട് ചെറിയ ബൾബുകളും 7 മണിക്കൂറെങ്കിലും പ്രവർത്തിക്കുന്ന ഒരു സോളാർ യൂണിറ്റിന് ചെലവ് വരുന്ന അര ലക്ഷത്തിലധികം രൂപ അദ്ദേഹം നൽകി. 32 ഇഞ്ച് എൽ ഇ ഡി ടി വി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റും എറണാകുളം എം എൽ എ യുമായ ടി ജെ വിനോദ് നൽകി.സൺ ഡയറക്ട് ഡിഷുമായി അവരുടെ കേരള സെയിൽസ് ഹെഡ് ഡിജോയും ധനേഷും ജീനുമെത്തി. പാനലും ബാറ്ററിയുമൊക്കെയായി ജോസഫും ഗിരീഷും. 9 ന് ഉച്ചയോടെ തല വെച്ച പാറയിലെ 43 കുഞ്ഞുങ്ങളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. എല്ലാറ്റിനും നേതൃത്വം നൽകിയ ജില്ലാ ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസർ ജി. അനിൽ കുമാർ അപ്പോഴും ഞങ്ങളോട് പറഞ്ഞു കൊണ്ടിരുന്നത്, മറ്റ് ഊരുകളിലെ അവശേഷിക്കുന്ന 200 കുട്ടികളെക്കുറിച്ചായിരുന്നു.ഒറ്റ മാർഗമേ, ഭാരത മാത കോളേജിലെ എംഎസ്ഡബ്ല്യു അധ്യാപകനായ ടോണിയുടെയും എൻ്റെയും ഉള്ളിൽ തെളിഞ്ഞുള്ളു. ഏതെങ്കിലുമൊരു മുഖ്യധാരാ മാധ്യമത്തിൻ്റെ സഹായം. കാടുകയറി വന്ന് വാർത്ത തയ്യാറാക്കാൻ ഒരു പ്രധാന പത്രം തയ്യാറായി. 15 ന് മുമ്പ് എൻജിഒ യൂണിയൻ, കോതമംഗലത്തെ 'എൻ്റെ നാട്', വടാട്ടുപാറയിലെ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ്, ഇൻഫോപാർക്കിലെ ഒരു ഐ ടി കമ്പനി, ട്രൈബൽ ഡവലപ്പ്മെൻ്റ് ഓഫീസറുടെ സഹപാഠികൾ, ഉൾപ്പെടെയുള്ളവർ ചേർന്ന് വാരിയത്തെ 3 കുടികളും ഉറിയംപെട്ടിയിലെയും കുഞ്ചിപ്പാറയിലെയും രണ്ട് കുടികളുമുൾപ്പെടെ ആകെ 9 കുടികളിലും സോളാറും ടി വി യും ഡിഷും വെച്ചു.
കാട്ടിൽ, നാട്ടുകാർ താമസിക്കുന്ന ഒരിടമുണ്ട്. അതാണ് കല്ലേലിമേട് . അവിടെയുമുണ്ട് കുഞ്ഞുങ്ങൾ. നേരത്തെ പറഞ്ഞ 243 പേർക്ക് പുറത്തുള്ളവരാണത്. കുറച്ച് വൈകിയാണെങ്കിലും ആ കുഞ്ഞുങ്ങൾക്കും കാണാം തങ്കുപ്പൂച്ചേനേം, മീട്ടുപ്പൂച്ചേനേം.