TopTop
Begin typing your search above and press return to search.

കെ മുരളീധരനിൽ നിന്നും വി മുരളീധരനിലേക്കുള്ള ദൂരം കുറയുന്നുവോ?

കെ മുരളീധരനിൽ നിന്നും വി മുരളീധരനിലേക്കുള്ള ദൂരം കുറയുന്നുവോ?

രാഷ്ട്രീയപരമായി നോക്കുമ്പോൾ വടകര എം പി കെ മുരളീധരനും കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരനും രണ്ടു വിരുദ്ധ ചേരികളിൽ നിലയുറപ്പിച്ചവരാണ്. ലീഡർ കെ കരുണാകരന്റെ പുത്രൻ എന്ന നിലയിൽ കെ മുരളീധരൻ പെറ്റുവീണതു തന്നെ കോൺഗ്രസ് തറവാട്ടിലാണെന്നു പറയാം. വി മുരളീധരൻ ആവട്ടെ കുട്ടിക്കാലം മുതൽക്കേ ആർ എസ് എസ് ശാഖയിലൂടെ ആദ്യം എ ബി വി പി യിലും അവിടുന്നങ്ങോട്ട് യുവ മോർച്ച വഴി ബി ജെ പി യിലും എത്തിച്ചേർന്നയാൾ. അങ്ങനെ നോക്കുമ്പോൾ രണ്ടു പേരും രണ്ടു വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളെ പ്രധിനിധീകരിക്കുന്നവരാണ്. എന്നാൽ അടുത്തകാലത്തായി അവരിരുവരും തമ്മിലുള്ള അകലം കുറഞ്ഞുവരുന്നതുപോലെ തോന്നുന്നു, പ്രത്യേകിച്ചും അടുത്തകാലത്തായി കെ മുരളീധരൻ നടത്തുന്ന ചില പ്രസ്താവനകൾ കാണുമ്പോൾ. കോവിഡ് പ്രതിരോധത്തിനായി ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നൽകിയതിനെതിരെ കെ മുരളീധരൻ നടത്തിയ പ്രസ്താവനയും കേരളത്തിൽ മദ്യ വില്പനശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയും ശ്രദ്ധിച്ചാൽ മതിയാവും കെ മുരളീധരന്റെ ഉള്ളിലും ഒരു താമര വിരിഞ്ഞു തുടങ്ങിയോ എന്ന സംശയം ജനിപ്പിക്കാൻ.

ഗുരുവായൂർ ദേവസ്വം ബേർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിനെ വിമർശിച്ചുകൊണ്ട് മുരളീധരൻ പറഞ്ഞത് ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കു വേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നായിരുന്നു. ചില സംഘ പരിവാർ നേതാക്കൾ ആരോപിച്ചതു പോലെ ക്ഷേത്ര മുതൽ കയ്യിട്ടുവാരുന്നുവെന്നു തെളിച്ചു പറഞ്ഞില്ലെങ്കിലും അങ്ങനെ ഒരു ധ്വനി കരുണാകര പുത്രന്റെ സ്വരത്തിലും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണം തെറ്റായ കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നു എന്നതായിരുന്നു മറ്റൊരു ആക്ഷേപം. ടി പി ചന്ദ്രശേഖരൻ വധക്കേസു പ്രതികളിലൊരാളായ കുഞ്ഞനന്തൻ ഉൾപ്പെടെയുള്ളവുരെ ചികിത്സയടക്കമുള്ള കാര്യങ്ങൾക്കും ഇതേ പണം തന്നെയാണ് സർക്കാർ ഉപയോഗിക്കുന്നതെന്ന ആക്ഷേപവും മുരളീധരൻ ഉന്നയിക്കുകയുണ്ടായി. കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പിൽ ടി പി ചന്ദ്രശേഖരന്റെ കുടുംബത്തിന്റെ അടക്കം വോട്ടു വാങ്ങി വിജയിച്ച ആളെന്ന നിലക്ക് ഇത്തരത്തിലുള്ള നടപടികൾ അംഗീകരിക്കാനാവില്ല എന്നും തുറന്നടിച്ചു.

സത്യത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സംഭാവനയും കുഞ്ഞനന്തന്റെ ചികിത്സയും തമ്മിൽ നേരിട്ടു ബന്ധമൊന്നുമില്ലെങ്കിലും ഗുരുവായൂർ ദേവസ്വം ബോർഡ് സർക്കാരിന് പണം നൽകുന്നതിനുള്ള അതൃപ്തിയാണ് മുരളീധരന്റെ വാക്കുകളിൽ നിറഞ്ഞുനിന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ഒരു കുഞ്ഞനന്തന്റെ ചികിത്സയുടെ കാര്യമല്ലെന്ന് അറിയാത്ത ആളൊന്നുമല്ല മുരളീധരൻ. സംഭാവനക്കായി ഗുരുവായൂർ ദേവസ്വം ബോർഡിനുമേൽ സർക്കാരിൽ നിന്നും സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന കാര്യവും അദ്ദേഹത്തിനറിയാം. പോരെങ്കിൽ കേരളത്തിലും വെളിയിലും പല ഹൈന്ദവ ആരാധാനാലയങ്ങളും തങ്ങളാൽ കഴിയുന്ന സാമ്പത്തിക പിന്തുണ നൽകികൊണ്ട് കൊറോണ എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിൽ പങ്കാളികൾ ആകുന്ന വാർത്തകൾ ഇതിനകം തന്നെ പുറത്തുവരുന്നുണ്ടായിരുന്നു.പിന്നെ എന്തുകൊണ്ട് മറ്റു കോൺഗ്രസ് നേതാക്കൾക്കില്ലാത്ത പ്രതിക്ഷേധം ഇക്കാര്യത്തിൽ മുരളീധരന് ഉണ്ടായി, എന്തുകൊണ്ട് സംഘപരിവാർ നേതാക്കളെപ്പോലെ പ്രതികരിച്ചു എന്നതൊക്കെ ഗൗരവം അർഹിക്കുന്ന ചോദ്യങ്ങളാണ്.

അതിലേക്കു കടക്കുന്നതിനു മുൻപ് കെ മുരളീധരനും ഗുരുവായൂർ ക്ഷേത്രവുമായുള്ള ബന്ധം ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. മുരളീധരന് ഗുരുവായൂർ ക്ഷേത്രവും ഗുരുവായൂരപ്പനും ആയുള്ള ബന്ധം കോൺഗ്രസ് രാഷ്ട്രീയം എന്നതുപോലെ തന്നെ സ്വന്തം പിതാവിൽ നിന്നും പകർന്നു കിട്ടി എന്നൊന്നും പറയാനാവില്ല. കെ കരുണാകരന്റെ ഗുരുവായൂരപ്പനോടുള്ള ഭക്തി ഏറെ പ്രസിദ്ധമാണ്. കരുണാകരന്റെ മുടങ്ങാതെയുള്ള ഗുരുവായൂർ ക്ഷേത്ര ദർശനവും ഗുരുവായൂരപ്പനോടുള്ള ഭക്തിയുമൊക്കെ അദ്ദേഹം ജീവിച്ചിരുന്ന കാലത്തു മാധ്യമങ്ങൾക്കു വലിയൊരു ആഘോഷമായിരുന്നു. എന്നാൽ മകൻ മുരളീധരൻ മുടങ്ങാതെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുന്നതായി ആരും പറഞ്ഞുകേട്ടിട്ടില്ല. എന്നുവെച്ചാൽ അച്ഛനെപ്പോലുള്ള വൈകാരിക ബന്ധമൊന്നും മുരളിക്ക് ആ ക്ഷേത്രവുമായി ഉള്ളതായി തെളിവൊന്നും ഇല്ലെന്നു സാരം. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സംഭാവന കാര്യത്തിൽ മാത്രമല്ല ശബരിമല യുവതി പ്രവേശന വിഷയത്തിലും മറ്റു കോൺഗ്രസ് നേതാക്കളിൽ നിന്നും വിഭിന്നമായി സംഘപരിവാർ സ്വരം തന്നെയായിരുന്നു മുരളീധരനിൽ നിന്നും ഉണ്ടായതെന്നതുകൂടി കണക്കിലെടുക്കുമ്പോൾ മനസ്സിലിരുപ്പ് കൂടുതൽ വ്യക്തമാകുന്നു.

കേരളത്തിൽ മദ്യ വില്പന പുനരാരഭിച്ചതുമായി ബന്ധപ്പെട്ടു കെ മുരളീധരൻ നടത്തിയ പ്രസ്താവനയിലും ഒരു സംഘി ശബ്ദം നിഴലിക്കുണ്ട്. സാമൂഹ്യ അകലം എന്നത് പാലിക്കപ്പെടേണ്ടതിലേക്കായി പോലീസ് അടക്കമുള്ള എന്തൊക്കെ സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് മദ്യ വില്പന പുനരാരംഭിച്ചതെന്നും ആരാധനാലയങ്ങളുടെ കാര്യത്തിൽ ഇതൊന്നും അത്ര എളുപ്പമല്ലെന്ന് അറിയാത്ത ആളല്ല മുരളീധരൻ. എന്നിട്ടും ആവശ്യപ്പെടുന്നത് മദ്യശാലകളല്ല ആരാധനാലയങ്ങളാണ്‌ ആദ്യം തുറന്നു കൊടുക്കേണ്ടത് എന്നാണ്. ആരാധനാലയങ്ങൾ തുറന്നു കൊടുക്കണം എന്നാണ് മുരളീധരൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നതിനാൽ എല്ലാ വിഭാഗം വിശ്വാസികളെയും കണക്കിലെടുത്തുള്ള ഒന്നായി അതിനെ കണ്ടാൽ പോരേയെന്നു ചോദിക്കുന്നവരുണ്ടാകാം. എന്നാൽ മറ്റു മത വിഭാഗങ്ങളിൽ പെട്ട സംഘടനകളും മറ്റും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭവനകളെക്കുറിച്ചു ഒരക്ഷരം ഉരിയാടാതിരുന്ന ഒരാളാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കാര്യത്തിൽ ഉറഞ്ഞുതുള്ളിയതെന്നതുകൂടി ചേർത്ത് വായിച്ചാൽ മനസ്സിലിരുപ്പ് പിടികിട്ടും.


Next Story

Related Stories