TopTop
Begin typing your search above and press return to search.

ഇന്റർനെറ്റിനും വൈദ്യുതിക്കും മുട്ടില്ലാതിരുന്നാൽ മതിയായിരുന്നു; വിട്ടു ജീവിയല്ലാത്ത, വീട്ടിലിരുപ്പ് പുതിയ കാര്യമല്ലാത്ത ഒരാളുടെ ലോക്ക് ഡൗണ്‍ കുറിപ്പ്

ഇന്റർനെറ്റിനും വൈദ്യുതിക്കും മുട്ടില്ലാതിരുന്നാൽ മതിയായിരുന്നു; വിട്ടു ജീവിയല്ലാത്ത, വീട്ടിലിരുപ്പ് പുതിയ കാര്യമല്ലാത്ത ഒരാളുടെ ലോക്ക് ഡൗണ്‍ കുറിപ്പ്

വ്യക്തിപരമായി പുതിയ കാര്യമൊന്നുമല്ല വീട്ടിലിരിപ്പ്. ജീവിതത്തിന്റെ പല പല ഘട്ടങ്ങളിൽ, ആരോഗ്യപ്രശ്നങ്ങളാൽ, എന്നു വെച്ചാൽ പ്രധാനമായും വീഴ്ചകളും അതിൽ നിന്നുണ്ടാകുന്ന പരുക്കുകളുമായി ആഴ്ചകൾ മുതൽ മാസങ്ങളും, അത്യാവശ്യം വർഷങ്ങളും വരെ വീട്ടിലിരുന്നിട്ടുണ്ട്. എണിറ്റു നടക്കാറാവുന്ന സന്ദർഭങ്ങളിൽ പരമാവധി ഒരു നിമിഷം പോലും വീട്ടിലിരിക്കാതെ നടക്കാനും ശ്രദ്ധിക്കാറുണ്ട്, പൊതുവെ വീട്ടുജീവിയല്ലാത്ത ഞാൻ. 2018 ഏപ്രിൽച്ചൂടു മുഴുവൻ തൃശൂരിനടുത്ത് ചാഴൂരിലെ ഡോ. ബലരാമന്റെ അഷ്ടമി ആയുർവേദ ക്ലിനിക്കിലായിരുന്നു. ചികിത്സാ മുറി വരെ പോകുന്നത് വീൽ ചെയറിൽ. ബാത്ത് റൂം വരെ പോയി വരാൻ പത്തു മിനിട്ട് ചുരുങ്ങിയത്. അവിടന്നു പോന്നിട്ട് വീട്ടിൽ ഫിസിയോ തെറാപ്പിയും മറ്റും മറ്റുമായി പിന്നെയും മാസങ്ങൾ. മുറി, കട്ടിൽ, കമ്പ്യൂട്ടർ ടേബിൾ, ബാത്ത് റൂം, തൊടു മുന്നിലുള്ള ഊണുമേശ. ഇത് തന്നെ ലോകം. പരിക്ക് കൈക്കുഴകൾക്ക് കൂടി കിട്ടിയതു കൊണ്ട് ടൈപ്പ് ചെയ്യലും പ്രശ്നമായിരുന്നു. മെല്ലെ മെല്ലെ, ടൈപ്പ് സ്പീഡ് കൂടി വരുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു. ഒരു ദിവസം കണ്ടു നിന്ന സതീഷ് (നാടകപ്രവർത്തകൻ) പറഞ്ഞു: “ഇപ്പോ ചേച്ചീടെ കൈ പഴയ പോലെ കീ ബോർഡിൽ ഓടിത്തുടങ്ങി.“ കീബോർഡിൽ നോക്കാതെ പറക്കുന്ന ടൈപ്പ് സ്പീഡിന്റെ പേരിൽ ഒരുപാട് അഹങ്കരിച്ചിരുന്നത് അനാവശ്യമായോ എന്നു പോലും അക്കാലത്ത് പേടിച്ചിരുന്നു. പ്രളയമിറങ്ങിയ ശേഷമാണു മാസങ്ങൾക്കു ശേഷം ഒന്ന് പുറത്തിറങ്ങിയത്. അതും പൂമുഖം വരെയെത്താൻ ഏതാണ്ട് 15 മിനിട്ട്. രക്ഷപ്പെട്ടത് ശബരിമല പ്രക്ഷോഭം കൊണ്ടാണെന്ന് പറയാം. പ്രസംഗങ്ങൾക്ക് ക്ഷണം വന്നു തുടങ്ങി. ആദ്യമൊക്കെ സംഘാടകർ കസാരയിലിരുത്തി എടുത്തു പൊക്കി സ്റ്റേജിൽ വച്ചു. പതുക്കെപ്പതുക്കെ വീണ്ടും നടന്നു തുടങ്ങി. അങ്ങനെ യാത്രകൾ, പരിപാടികൾ ഒക്കെ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു. യാത്രയെന്നത്, ചലനമെന്നത്, ശ്വാസം പോലെ വേണ്ടി വരുന്ന ഒരാളാണു ഞാൻ. പക്ഷെ, വീട്ടിലിരുപ്പ് വേണ്ടി വന്നാൽ അതിനനുസരിച്ച് മനസ്സിനെ പാകപ്പെടുത്തിയെടുക്കാനും വിഷമമില്ല. ഒരു ദിനചര്യ താനേ ഉരുത്തിരിഞ്ഞു വരും. എല്ലാ ദിവസവും മരുന്നു പുരട്ടലും വ്യായാമവും കുളിയും കഴിഞ്ഞാൽ നല്ല വസ്ത്രം ധരിക്കും. അതായത് നൈറ്റിയിട്ട് പകൽ ഇരിക്കില്ല. മുടി വൃത്തിയിൽ കെട്ടി വയ്ക്കും. പുറത്തു പോകുന്നതു പോലെയൊക്കെ തന്നെ. വൈകിട്ട് വസ്ത്രം മാറും. മരുന്നു പുരട്ടലൊക്കെ കഴിഞ്ഞ്, മേൽക്കഴുകും. അങ്ങനെ ഒരു ചിട്ട പണ്ടെ ശീലമുള്ളതാണ്. ചെയ്യുന്ന ജോലി കമ്പ്യൂട്ടറിലായതിനാൽ ദിവസത്തിന്റെ ഏറിയ പങ്കും കമ്പ്യൂട്ടറിനു മുന്നിലാണു ചെലവാക്കുക. അതിനകത്തു തന്നെ പിടിപ്പത് പണിയുണ്ടാകും. ഇത്തവണ വിശേഷവിധിയായിട്ട് ചെയ്തത്, ഡെസ്ക് ടോപ്പ് ഒന്ന് ക്ലിയർ ചെയ്തു എന്നതാണു. എല്ലാം അടിച്ചു കൂട്ടിയൊതുക്കി പലപല ഫോൾഡറുകളിലേക്ക് മാറ്റി. ഇപ്പോ സിസ്റ്റം തുറക്കുമ്പോൾ ഒരു സമാധാനമൊക്കെയുണ്ട്. ഇപ്പോൾ താമസം അച്ഛന്റെയും അമ്മയുടെയും ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് . ഇവിടത്തെ അടുക്കളയിൽ എനിക്ക് വലിയ റോളൊന്നുമില്ല. വയസ്സായാലും വീട്ടുഭരണം താഴെ വയ്ക്കാൻ അമ്മയ്ക്ക് യാതൊരുദ്ദേശവുമില്ലാത്തതിനാൽ മുന്നിലെത്തുന്നത് തിന്നുക മാത്രമേ വഴിയുള്ളൂ. ഇടയ്ക്ക് വല്ല നിർദ്ദേശങ്ങളും വയ്ക്കാം ഭാഗ്യമുണ്ടെങ്കിൽ സ്വീകരിക്കപ്പെടും. എനിക്കു പെരുമാറാൻ എളുപ്പമുള്ള ഡിസൈൻ അല്ല ഇവിടുത്തെ അടുക്കളയും. എറണാകുളത്ത് വസന്ത് നഗറിലെ ഫ്ലാറ്റിലായിരുന്നെങ്കിൽ കാര്യം വ്യത്യസ്തമായേനെ. എന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഡിസൈൻ ചെയ്ത അടുക്കളയാണ്. പൊതുവെ എറണാകുളത്തെത്തിയാൽ, ഒന്നു രണ്ട് ആഴ്ചക്കുള്ള സാധനങ്ങൾ വാങ്ങി ഒന്നാം നിലയിലെ ഫ്ലാറ്റിൽ കയറിയാൽ എത്ര ദിവസം വേണമെങ്കിലും അവിടെ കുത്തിയിരിക്കുന്ന ശീലവുമാണ്. സിറ്റിയിലെ തിരക്കാലോചിക്കുമ്പോൾ പുറത്തേക്കിറങ്ങാനും തോന്നില്ല. മിൽമ പാല്‍ എത്ര ദിവസം വേണമെങ്കിലും ഫ്രിഡ്ജിൽ കേടു വരാതെ ഇരിക്കുകയും ചെയ്യും. എന്തെങ്കിലും അത്യാവശ്യം വന്നാൽ വാങ്ങിത്തരാൻ അയൽക്കാരുമുണ്ട്. പണ്ടു തന്നെ മാസഷോപ്പിങ്ങ് നടത്തുന്ന കൂട്ടത്തിലാണു. അരിയായാലും പലചരക്കായാലും ഒരുമിച്ച് വാങ്ങി വെയ്ക്കും. കറിക്ക് വറുത്തിടാൻ നേരത്ത് കടുകു കഴിഞ്ഞുവെന്ന് കണ്ടുപിടിക്കുന്ന പരിപാടി പണ്ടേയില്ല. എറണാകുളത്ത് അധികം നാൾ തുടർച്ചയായി നിൽക്കാതായിട്ടു പോലും, അത്യാവശ്യം കുറേ ദിവസത്തിനുള്ള അരിയും പരിപ്പും ചെറുപയറും വെളിച്ചെണ്ണയും ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ചിട്ടാണു പോരുക. പുറത്തു വെച്ചാൽ പ്രാണികൾ കയറി കേടായിപ്പോകും. വെളിച്ചെണ്ണ ഒന്നു രണ്ടാഴ്ച കഴിഞ്ഞാൽ കേടാകും. ഇവിടെ തൽക്കാലം സാധനങ്ങൾക്കൊന്നും ക്ഷാമമില്ല. കടകൾ ആവശ്യത്തിനു തുറക്കുന്നുണ്ട്. അരിയും നാളികേരവുമുണ്ട്. മാവിൽ അത്യാവശ്യം മാങ്ങയും. വേറെ ഒരുപാട് സാമഗ്രികളൊന്നുമില്ല പറമ്പിൽ. പറമ്പെന്നു പറയാനും അധികമില്ല. പൊതുവെ വലിയ ആർഭാടമില്ലാത്ത ആഹാരരീതിയാണു വീട്ടിൽ. ഒരു കൂട്ടാനും ഒരുപ്പേരിയും. പപ്പടം കാച്ചുന്നതു തന്നെ വല്ലപ്പോഴും. സത്യത്തിൽ കേരളത്തിൽ, ചുരുങ്ങിയത് തൃശൂരൊക്കെ, മാർച്ച് 9 തൊട്ട് ഏതാണ്ട് പകുതി ലോക്ക് ഡൗൺ ആണു. സ്കൂളുകൾ അടഞ്ഞതോടെ കുട്ടികൾ വീട്ടിലിരുപ്പായി. ആരും പറയാതെ തന്നെ, ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കൽ നിലച്ചു. പരിപാടികളൊക്കെ മാറ്റിവച്ചതോടെ പുറത്തേക്ക് പോകാതായി. അഥവാ എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ, പുറത്തു നിന്ന് ഒരു ചായ പോലും കുടിക്കാൻ ധൈര്യമില്ലാതായി. ചുമ്മാ തുറന്നു വെച്ച റെസ്റ്റോറന്റുകളും, മറ്റു കടകളും, പാതി ഒഴിഞ്ഞ് ഓടുന്ന ബസ്സുകളും ആയിരുന്നു. പെർമിറ്റ് പോകുമോന്ന് പേടിച്ചു മാത്രം ഓട്ടം നിർത്താതെയിരുന്ന പ്രൈവറ്റ് ബസ്സുകാർ. സ്റ്റാൻഡിൽ ചുമ്മാ കിടന്ന് വെയിലു കൊള്ളുന്ന ഓട്ടോക്കാർ. മാർച്ച് 9 മുതലേ ജീവിതം ഇങ്ങനെയൊക്കെ ആയിത്തീർന്നിരുന്നു. അത് മുഴുവനായി എന്നു മാത്രം, ഇപ്പോൾ. പണ്ടേ വർക്ക് ഫ്രം ഹോം ആണല്ലോ. അത് നടക്കുന്നുണ്ട്. പിന്നെ, യുട്യൂബ്, നെറ്റ് ഫ്ലിക്സ്, മുബി, പ്രൈം.. ഒക്കെയുണ്ടല്ലോ. കൊറോണ വാർത്തകൾ ഉണ്ടാക്കുന്ന മാനസികപിരിമുറുക്കം കളയാൻ നല്ലത് ക്ലാസിക്കുകളൊന്നുമല്ല എന്നാണു എന്റെ അനുഭവം. വല്ല ‘രാജമാണിക്യ‘മോ, ‘റാം ജി റാവ് സ്പീക്കിങ്ങോ‘ ഒക്കെ !!! ഒന്ന് ചിരിക്കണ്ടേ? ഇന്റർനെറ്റിനും വൈദ്യുതിക്കും മുട്ടില്ലാതിരുന്നാൽ മതി! എന്തായാലും പ്രളയസമയത്ത് വീട്ടിൽ ഇരിക്കുമ്പോൾ ഉണ്ടായിരുന്ന ഭീതിയില്ല. വീട്ടിൽ ഇരിക്കാമല്ലോ. ഏതു നേരത്താണു വീടു വിട്ടോടേണ്ടി വരിക എന്ന് ഭയന്നു കൊണ്ട്, രാത്രി മുഴുവൻ ഇടക്കിടക്ക് പുറത്തേക്ക് നോക്കിക്കൊണ്ട്, ഓരോ നിമിഷവും വരുന്ന അപ് ഡേറ്റുകൾ നോക്കിക്കൊണ്ട് നിമിഷങ്ങൾ തള്ളി നീക്കേണ്ടല്ലോ. വൈദ്യുതിയില്ലാതെ ദിവസങ്ങളും ആഴ്ചകൾ തന്നെയും കഴിയേണ്ടി വന്നവരുണ്ട്. ഇതിപ്പോൾ വീട്ടിൽ ഇരുന്നാൽ മതിയല്ലോ. അപ്പോൾ ഇരിക്കുക തന്നെ.


Next Story

Related Stories