TopTop
Begin typing your search above and press return to search.

ചൈനയ്‌ക്കെതിരെ നീങ്ങണമെങ്കില്‍ സൂക്ഷ്മതയോടെ ലക്ഷ്യം വെക്കുക, സ്വന്തം കാലില്‍ വെടിവെക്കരുത് - ടി എന്‍ നൈനാന്‍ എഴുതുന്നു

ചൈനയ്‌ക്കെതിരെ നീങ്ങണമെങ്കില്‍ സൂക്ഷ്മതയോടെ ലക്ഷ്യം വെക്കുക, സ്വന്തം കാലില്‍ വെടിവെക്കരുത് - ടി എന്‍ നൈനാന്‍ എഴുതുന്നു

കിറുക്കന്മാര്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ക്കൂട്ടം ചൈനീസ് ഉല്‍പന്നങ്ങളുടെ മേല്‍ ചാടിത്തുള്ളുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ദൃശ്യം ആലോചിക്കാതെ പ്രവര്‍ത്തിക്കുന്ന ദേശീയവാദികളുടെ ചിന്താപദ്ധതികളെ കുറിച്ച് ചില സങ്കീര്‍ണമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ചൈനീസ് ഉല്‍പന്നങ്ങളുടെ സ്ഥാനത്ത് ജപ്പാന്റെയോ കൊറിയയുടെയോ ഉല്‍പന്നങ്ങള്‍ വന്നാല്‍ എന്ത് സംഭവിക്കുമെന്നാണ് അവര്‍ കരുതുന്നത്? ഒരു വര്‍ഷത്തെ ചൈനയുടെ മൊത്തം കയറ്റുമതി ഏകദേശം 2.5 ട്രില്യണ്‍ ഡോളറാണ്. ഇന്ത്യയിലേക്കുള്ള കയറ്റുമതി മൂന്ന് ശതമാനം മാത്രമാണ്. ചൈനയ്ക്ക് മൂന്ന് ട്രില്യണ്‍ ഡോളറിന്റെ വിദേശനാണ്യ ശേഖരവും വലിയ അളവില്‍ വ്യാപാര മിച്ചവും കൂടിയുണ്ട്. അപ്പോള്‍ ആരെയാണ് നമ്മള്‍ മുറിപ്പെടുത്തുന്നത്? ഒരു പക്ഷെ ഏതാനും ഫോണ്‍ സാമഗ്രികള്‍ വില്‍ക്കുന്നവരെ. ഷീ ജിന്‍പിംഗിനെ ഇതൊന്നും ഒരു തരത്തിലും ബാധിക്കാന്‍ സാധ്യതയില്ല

ചൈനീസ് വിതരണക്കാര്‍ക്ക് പകരം കൊറിയക്കാരല്ല, ഇന്ത്യക്കാര്‍ തന്നെ വരാനുള്ള ഒരു സാധ്യതയുണ്ട്. എന്തുകൊണ്ടാണ് കൂടുതല്‍ ഇന്ത്യന്‍ വ്യാപാരികളെ തന്റെ വിതരണക്കാര്‍ എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കാത്തതെന്നും അങ്ങനെയാണെങ്കില്‍ ചൈനയില്‍ നിന്നും ഇത്രയും നിങ്ങള്‍ക്ക് ഇറക്കുമതി ചെയ്യേണ്ടി വരില്ലല്ലോ എന്നും ഒരു വലിയ ചില്ലറ വില്‍പന ശൃംഖലയുടെ ഉടമയോട് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. വളരെ സാധാരണമായ ഉല്‍പന്നങ്ങള്‍ പോലും നിര്‍മ്മിക്കുന്നത് ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ നിറുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇനി പ്രാദേശികമായി അവര്‍ ഉല്‍പാദിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കിലും എന്ത് വിലയ്ക്ക്? ആര്‍ക്കും പ്രവചിക്കാന്‍ ആവില്ലെങ്കിലും അത് ഉയര്‍ന്ന വിലയായിരിക്കും എന്ന് ഏകദേശം ഉറപ്പാണ്. ഉല്‍പന്നങ്ങള്‍ വലിച്ചെറിയുകയും അതിന് മുകളില്‍ നൃത്തം ചവിട്ടുന്നവരുടെയും ചിലവില്‍, അവരെ കൊണ്ട് ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങിപ്പിച്ചുകൊണ്ട് ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ (ആഘോഷകാലത്ത് മുഴുവന്‍ പേജ് പരസ്യങ്ങള്‍ നല്‍കുന്നവര്‍) പണം സമ്പാദിക്കുക എന്നതാവും ഇതിന്റെ അന്തിമ ഫലം.
ഇനി ചൈന തിരിച്ചടിയ്ക്കുകയാണെങ്കില്‍ എന്ത് സംഭവിക്കും? ഇന്ത്യയില്‍ നടക്കുന്ന നിര്‍മ്മാണത്തിന്റെ ഏകദേശം അഞ്ചില്‍ ഒന്നാണ് ചൈനയില്‍ നിന്നുള്ള നമ്മുടെ ഇറക്കുമതി. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ഉടനടി ആഭ്യന്തരമായി ഒരു പകരം ഉല്‍പന്നം വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് മൊത്തം വിതരണ ശൃംഖലയിലെ തടസത്തിനാണ് വഴിവെക്കുക. അതിന് കമ്പോള മേല്‍ക്കോയ്മയുള്ള ചില ഉല്‍പന്നങ്ങളുടെ (ഉദാഹരണത്തിന് തന്ത്രപരമായ സാമഗ്രികള്‍) കാര്യത്തില്‍ ചൈനയ്ക്ക് ഇന്ത്യയിലുള്ള കച്ചവടം തന്നെ വേണ്ടെന്ന് വയ്ക്കാം. ചൈനീസ് തീരത്തെ ചില ദ്വീപുകളുടെ പേരില്‍ ജപ്പാനുമായി അഭിപ്രായവ്യത്യാസം ഉണ്ടായപ്പോള്‍ അവര്‍ ഒരിക്കലത് ചെയ്തതാണ്. കുറഞ്ഞപക്ഷം, ബദല്‍ സ്രോതസുകളുടെ ചിലവെങ്കിലും വളരെ അധികമായിരിക്കും.
സ്വതന്ത്ര വ്യാപാര വാദം എന്നത് മതപരമായ ഒന്നല്ല. വ്യാവസായിക വിപ്ലവത്തില്‍ വ്യക്തമായ മേധാവിത്തം കൈവരിച്ചതിന് ശേഷം 19-ാം നൂറ്റാണ്ടില്‍ മാത്രമാണ് ബ്രിട്ടണ്‍ സ്വതന്ത്ര വ്യാപാരിയായി മാറിയത്. ഒരിക്കല്‍ സ്വതന്ത്ര വ്യാപാരത്തിന്റെ ആചാര്യനായിരുന്ന യുഎസ് ഇപ്പോള്‍ കളം മാറ്റി ചവിട്ടുന്നു ('അമേരിക്ക ആദ്യം!') അതുകൊണ്ടുതന്നെ ഇറക്കുമതിയ്ക്ക് ബദല്‍ (അല്ലെങ്കില്‍ സ്വയംപര്യാപ്തത) എന്നത് സാധുവായ ഒരു തന്ത്രമാണ്. പക്ഷെ അതെങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ മാത്രം. ഈ ആഴ്ച ആദ്യം നൗഷാദ് ഫോര്‍ബ്‌സ് എഴുതിയത് പോലെ മറ്റ് രാജ്യങ്ങള്‍ ഇറക്കുമതിക്ക് വിജയകരമായ ബദലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷെ അത് അദ്ദേഹം ചൂണ്ടിക്കാണിച്ചത് പോലെ ഇറക്കുമതി തീരുവയുടെ പിന്തുണ താല്‍ക്കാലികവും കാലക്രമത്തില്‍ കുറയുന്നതുമാണ് എന്ന് ഉറപ്പുവരുത്തിക്കൊണ്ടുമായിരുന്നു; ഒരു നിശ്ചിത കാലയളവില്‍ കാര്യക്ഷമവും മത്സരാധിഷ്ടിതവുമാവുന്നതില്‍ പരാജയപ്പെടുന്നവര്‍ അടച്ചുപൂട്ടേണ്ടി വരും- അങ്ങനെ കമ്പോള അച്ചടക്കം പാലിയ്ക്കാനും തയ്യാറാവേണ്ടിവരും. പ്രവചിക്കപ്പെട്ടത് പോലെ ഇന്ത്യ വളരെ വ്യത്യസ്തമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങളുടെ അപകടം പതിയിരിക്കുന്ന ഒരു മൃദു രാജ്യമായി അത് തുടരുന്നു. അത് ഇനിയും വലിയ ചിലവുള്ള ഒരു സമ്പദ് വ്യവസ്ഥയായി മാറും. അതിന്റെ നിര്‍മ്മാണ മേഖല മത്സരാധിഷ്ടിതമല്ലാത്തതും. 1991ലേക്ക് നയിച്ച പാഠങ്ങള്‍ മറന്നുപോയിരിക്കുന്നു.
വില്‍ക്കുന്നവനും വാങ്ങുന്നവനും ലാഭം ഉണ്ടാവണം എന്നതാണ് കച്ചവടത്തിന്റെ പ്രധാന പാഠം. അതിലേക്ക് രാഷ്ട്രീയം കൊണ്ടുവന്നാല്‍ ചിത്രം മേഘാവൃതമാകും. ഓരോ വ്യാപാര പങ്കാളിയുമായും വ്യാപാര തുല്യത ഉറപ്പാക്കുക എന്നതാണ് എല്ലാ നിലപാടുകളിലെയും ഏറ്റവും മോശമായത് (ഒരിക്കല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുകയും ഇന്ത്യന്‍ മുന്‍കാലങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തത്). നിങ്ങള്‍ ചരക്ക് കൈമാറ്റ കച്ചവടത്തിനായി അല്ലെങ്കില്‍ രൂപയില്‍ അധിഷ്ടിതമായ ഒത്തുതീര്‍പ്പുകള്‍ക്കായി നമ്മള്‍ ശ്രമിക്കേണ്ടി വരും! ഇന്ധന ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് വ്യാപാര കമ്മി ഉണ്ടായിരിക്കാം. എന്നാല്‍ അതേ സമയം യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി ബന്ധപ്പെട്ട് നമുക്ക് മിച്ചവുമുണ്ടാവുമെന്നും കരുതുക. ചരക്ക് വ്യാപാരത്തിലൂടെ അതിന് നഷ്ടപ്പെടുന്നത് തിരച്ചെടുക്കാന്‍ സേവനങ്ങളുടെ വ്യാപാരത്തിലൂടെ സാധിക്കുകയും ചെയ്യും. മൊത്തത്തിലുള്ള ബാലന്‍സ് ഓഫ് പെയ്‌മെന്റ് മെച്ചപ്പെട്ട നിലയിലാണെങ്കില്‍ അല്ലെങ്കില്‍ മൂലധനത്തിന്റെ ആഭ്യന്തര ഒഴുക്കിലൂടെ (ഇന്ത്യയ്ക്ക് സംഭവിക്കുന്നത് പോലെ) കമ്മി പരിഹരിയ്ക്കാന്‍ സാധിക്കുമെങ്കില്‍ വ്യാപാരത്തെക്കുറിച്ച് പരാതി പറയേണ്ട ആവശ്യം ഉദിക്കുന്നില്ല.
എങ്ങനെ എടുത്താലും ഇത് തന്ത്രപരമാണ്. സ്‌പൈവെയര്‍ കുഴപ്പങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ടെലികോം ഉല്‍പന്നങ്ങള്‍ പോലെയുള്ള തന്ത്രപരമായ കമ്പോളങ്ങളില്‍ ചൈനയ്ക്ക് പ്രാപ്യത അനുവദിക്കരുത്. അതുപോലെ തന്നെ, ആണവോര്‍ജ്ജ നിലയ ഉപകരണങ്ങള്‍ പോലുള്ള മേഖലകളിലും ചൈനയെ മാറ്റി നിറുത്തുക. ഇന്ത്യന്‍ ഔഷധങ്ങള്‍ അല്ലെങ്കില്‍ സോഫ്റ്റുവെയറുകളെ ചൈന ഒഴിവാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതേ രീതിയില്‍ തിരിച്ചടിയ്ക്കുക. പദ്ധതി നിര്‍വഹണം രക്ഷയില്ലാത്ത രീതിയില്‍ താമസിപ്പിക്കപ്പെടുകയാണെങ്കില്‍ റയില്‍വേ കരാറുകള്‍ പോലും ഒഴിവാക്കാമെങ്കിലും ബദല്‍ കരാറുകാരെ കണ്ടെത്താനുള്ള സമയത്തെ കുറിച്ച് ആലോചിക്കേണ്ടി വരും. ചുരുക്കത്തില്‍, കൃത്യമായി ലക്ഷ്യം വെക്കുകയും സ്വന്തം കാലില്‍ തന്നെ വെടിവെക്കാതിരിക്കുകയും ചെയ്യുക.

(അഴിമുഖത്തിന്റെ കണ്ടന്‍റ് പാര്‍ട്ണര്‍ ആയ ദി പ്രിന്‍റ് പ്രസിദ്ധീകരിച്ച കോളത്തിന്റെ പരിഭാഷ ഐ പി എസ് എം എഫിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പ്രൈ. ലിമിറ്റഡിന്റെ ചെയര്‍മാന്‍

Next Story

Related Stories