TopTop
Begin typing your search above and press return to search.

ഇങ്ങനെയൊക്കെയാണ് കൊറോണ വൈറസ് നരേന്ദ്ര മോദിയെ രക്ഷിച്ചെടുത്തത്

ഇങ്ങനെയൊക്കെയാണ് കൊറോണ വൈറസ് നരേന്ദ്ര മോദിയെ രക്ഷിച്ചെടുത്തത്

രണ്ടാം സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ നരേന്ദ്ര മോദിക്ക് ഉചിതമായ സമയത്തായിരുന്നു കോവിഡ് 19 എത്തിയത്. സാമ്പത്തിക രംഗത്തെ വലിയ തകര്‍ച്ചയുടെ വാര്‍ത്തകളുമായായിരുന്നു ഈ വര്‍ഷത്തിന്റെ തുടക്കം. കഴിഞ്ഞ രണ്ടു വര്‍ഷ കണക്കുകള്‍ പ്രകാരം വെറും മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച മാത്രമാണ് സര്‍ക്കാരിതര മേഖലകള്‍ രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൗരത്വ ഭേദഗതി ബില്ലാകട്ടെ രാജ്യമൊട്ടുക്കും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും, ജനങ്ങള്‍ വിവിധയിടങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിലേര്‍പ്പെടുകയും ചെയ്തു. പല സംസ്ഥാന സര്‍ക്കാരുകളും ഈ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുകയുണ്ടായി ദശവാര്‍ഷിക സെന്‍സസ് അട്ടിമറിക്കപ്പെടുന്ന അവസ്ഥിയിലെത്തി. എന്നാല്‍ ഈ പറഞ്ഞ സാഹചര്യങ്ങളൊക്കെ ഏതാനും ആഴ്ച്ചകള്‍കൊണ്ട് പൂര്‍ണമായും മാറിയിരിക്കുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരായുള്ള പ്രതിഷേധങ്ങള്‍ ചിതറിപ്പോയിരിക്കുന്നു, എതിര്‍പ്പുകളുമായി വന്ന സംസ്ഥാന സര്‍ക്കാരുകളാക്കട്ടെ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിനായി ക്യൂ നില്‍ക്കുകയാണ്. മോദിക്കാകട്ടെ, രാജ്യത്തെ സാമ്പത്തിക കുഴപ്പങ്ങളും കോറോണയുടെ തലയില്‍ കെട്ടി വച്ച് കൈ കഴുകാം.

പ്രധാനപ്പെട്ട പല ചര്‍ച്ചകളിലും പാര്‍ലമെന്റില്‍ സന്നിഹിതനാകാത്ത പ്രധാനമന്ത്രി മതിയായ സമയം നല്‍കാതെ നോട്ടു നിരോധനം പോലെയൊരു ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച ശേഷം ഇപ്പോള്‍ ഇടക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപെട്ടു ധര്‍മ്മ പ്രഭാഷണങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത് . അത്യാവശ്യ സമയത്ത് മരുന്ന് സംഭാവന ചെയ്തതിന് അമേരിക്കയിലെയും ബ്രസീലിലെയും രാഷ്ട്രത്തലവന്മാരില്‍ നിന്നും അഭിനന്ദനമേറ്റുവാങ്ങി അന്താരാഷ്ട്ര തലത്തിലും അദ്ദേഹം സജീവമാണ്.

പ്രതിപക്ഷമാകട്ടെ ഇതിലും കുഴഞ്ഞ ഒരവസ്ഥയിലാണ്, രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ കൂടെ നില്‍ക്കേണ്ടത് അവരുടെ ബാധ്യതയാണ്. എന്നാല്‍ പ്രതിപക്ഷമെന്ന നിലയില്‍, സര്‍ക്കാരിന്റെ മുന്‍കൈയില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കേണ്ടതും അവരുടെ.കടമയാണ്. മോദി എന്ന സൂത്രശാലിയായ രാഷ്ട്രീയക്കാരന്‍ കിട്ടിയൊരവസരം നഷ്ടപ്പെടുത്താതെ പിഎം കെയര്‍ പോലുള്ള പദ്ധതികളുമായി സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന തിരക്കിലാണ്. കൊറോണോയുടെ കാരണം പറഞ്ഞ് തന്റെ രാഷ്ട്രീയ പ്രതിയോഗിയായ ജോ ബൈഡനെ രംഗത്ത് നിന്ന് ഒഴിവാക്കിയ ട്രംപിന്റെ പ്രവര്‍ത്തികളോട് ഏറെ സമാനമാണത്.

എത്രയോ പിഴവുകള്‍ ഇവിടെ സംഭവിക്കുന്നുണ്ട്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം മുഴുവന്‍ നേതാവിന് പിന്നില്‍ അണിനിരക്കുമ്പോള്‍ വിമര്‍ശനം ദുഷ്‌കരമാണ്. കൊറോണയ്‌ക്കെതിരെ വേണ്ടത്ര സുരക്ഷാ നടപടികളെടുക്കാതെ സംഭവിച്ച പിഴവുകള്‍ മറച്ചുവയ്ക്കാനായി ട്രംപ് ചൈനയ്ക്കും ലോകാരോഗ്യസംഘടനയ്ക്കും എന്നല്ല കണ്ണില്‍ കണ്ടവര്‍ക്കെതിരെയെല്ലാം വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയുണ്ടായി. മോദിയുടെ പ്രതികരണമാകട്ടെ ഇതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. മറ്റു സംസ്ഥാങ്ങളില്‍ ജോലി ചെയ്തിരുന്ന അസംഘടിത തൊഴിലാളികളുടെ യാത്രാപ്രശ്‌നം, ലോക്ക്ഡൌണ്‍ കാലത്തു രൂക്ഷമായപ്പോള്‍ മോദി ഉടനെ മാപ്പു പറയുകയും ജനങ്ങള്‍ തന്നോട് ക്ഷമിക്കുമെന്നുറപ്പുണ്ട് എന്ന് പ്രസ്താവിക്കുകയുമാണ് ചെയ്തത്.

സിംഗപ്പൂരിനെയും ബംഗ്ലാദേശിനെയും പോലുള്ള രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യത്തിന് സമയം നല്‍കിയാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്, മോദിയാകട്ടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലൂടെ ഭരണം നടത്താന്‍ ഇഷ്ടപ്പെടുന്ന ആളായതിനാലാകാം ഇവിടെ എല്ലാം പെട്ടന്നായിരുന്നു.

യുദ്ധകാലത്തെ രാഷ്ട്രത്തലവന്മാര്‍ ഏറെ ജനപ്രിയരാകാറുണ്ട്, പ്രത്യേകിച്ചും അവര്‍ നല്ല വാഗ്മികളാണെങ്കില്‍. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ രണ്ടാം ലോകമഹായുദ്ധം മുഴുവന്‍ രക്ഷപെട്ടത് തന്റെ പ്രസംഗശൈലികൊണ്ടായിരുന്നു (രണ്ടാം ലോക മഹായുദ്ധം മാത്രമല്ല, ഒന്നാം ലോക ലോകമഹായുദ്ധത്തില്‍ വലിയ ദുരന്തമായിത്തീര്‍ന്ന പല പട്ടാള ഇടപെടലുകളില്‍ നിന്നും രക്ഷപെട്ടത് ഇതേ ശൈലികൊണ്ടായിരുന്നു). 1929 -33 കാലത്തെ ലോക സാമ്പത്തിക മാന്ദ്യത്തിന്റെ കഷ്ടതകളില്‍ നിന്നും അമേരിക്ക രക്ഷപെട്ടത് പത്തു വര്‍ഷത്തിനുശേഷം ശേഷം നടന്ന രണ്ടാം ലോക മഹായുദ്ധത്തിനു വേണ്ടിയുള്ള ഉത്പാദന പ്രവര്‍ത്തനങ്ങളിലൂടെയാണ്. എന്നാല്‍ ഇതിനിടയ്ക്ക് വന്ന റൂസ്വെല്‍റ്റ് ഇതെല്ലം തന്റെ 'ന്യൂ ഡീല്‍' പദ്ധതിയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടു. ജോര്‍ജ് ബുഷാകട്ടെ തന്റെ രണ്ടാം ഘട്ടത്തില്‍, ഭീകരതെക്കെതിരായ യുദ്ധം എന്ന മുദ്രാവാക്യമുണ്ടാക്കിയ ഓളത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭീകരതയ്ക്കെതിരായ യുദ്ധം വന്‍ദുരന്തത്തിലാണ് കലാശിച്ചിതെങ്കിലും ബുഷ് ഇന്നും സുരക്ഷിതനാണ്. നമ്മുടെ തന്നെ ചരിത്രത്തില്‍ പാകിസ്താനുമായി യുദ്ധം നയിച്ച ലാല്‍ ബഹാദൂര്‍ ശാസ്ത്രി, യുദ്ധത്തില്‍ ചൈനക്കാരോട് തോറ്റ നെഹ്രുവിനേക്കാളും ആദരിക്കപ്പെട്ടു.

മോദിയാണെങ്കില്‍, സ്വയം ഒരു യുദ്ധകാല പ്രധാനമന്ത്രിയായി അവരോധിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ്. ഇന്ത്യക്ക് ഒരു യുദ്ധവിമാനം നഷ്ടപ്പെട്ടെങ്കിലും ബാലാകോട്ട് ആക്രമണത്തിന്റെ കഥ പറഞ്ഞ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ മാറ്റിമറിച്ചത് നാം കണ്ടതാണ്. യഥാര്‍ത്ഥത്തില്‍ പ്രതിരോധ വകുപ്പിന്റെ കെടുകാര്യസ്ഥതയും പരാജയവും വെളിവാക്കിയത് കൂടിയായിരുന്നു, കാലഹരണപ്പെട്ട വിമാനങ്ങളും അത്ര മികവില്ലാത്ത മിസൈലുകളും ഉപയോഗിച്ച് തീര്‍ത്തും ദുര്‍ബലരായ അയല്‍ക്കാര്‍ക്കെതിരെയുള്ള ഈ ആക്രമണം. അതിനുമുന്‍പ് 2016-ലാകട്ടെ ഉറി ആക്രമണത്തിനുശേഷം നടത്തിയ തിരിച്ചടി, സര്‍ജിക്കല്‍ സ്ട്രൈക്കയതുകൊണ്ട് അവിടെയും സുരക്ഷയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നില്ല. ഇപ്പോഴാകട്ടെ മോദി കൂടുതല്‍ യഥാര്‍ത്ഥമായ യുദ്ധപ്രഖ്യാപനം നടത്തിരിക്കുകയാണ്; അതിനെ മഹാഭാരത യുദ്ധത്തോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്.

മോദി അടുത്തതായി എന്ത് ചെയ്യുമെന്ന് മനസിലാകണമെങ്കില്‍ അദ്ദേഹം 2007-ലെ ഒരു പൊതുപരിപാടിയില്‍ പറഞ്ഞത് ശ്രദ്ധിച്ചാല്‍ മതി. ഗാന്ധി സ്വാതന്ത്ര്യ സമരത്തെ എങ്ങനെ ഒരു ജന്‍ ആന്ദോളന്‍ ( ജനങ്ങളുടെ പോരാട്ടം) ആക്കി മാറ്റിയോ അതുപോലെ തന്നെ തനിക്ക് വികസന പരിപാടികളെ ഒരു ജന്‍ ആന്ദോളന്‍ ആക്കി മാറ്റാന്‍ താത്പര്യമുണ്ടെന്നായിരുന്നു മോദി പറഞ്ഞത്. പാചകവാതകത്തിനുള്ള സബ്‌സിഡി ഉപേക്ഷിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുക തുടങ്ങിയ പദ്ധതികളിലൂടെ മോദി ലക്ഷ്യം വച്ചത് ഇതായിരുന്നു എന്ന് കാണാന്‍ കഴിയും. ഇതേപോലെ തന്നെ കൊറോണ കാലത്ത് നടപ്പിലാക്കിയ ജനത കര്‍ഫ്യൂവും പാത്രം മുട്ടലും വിളക്ക് തെളിയിക്കലുമൊക്കെ ഇതിനെ ഒരു ജന്‍ ആന്ദോളന്‍ ആക്കി മാറ്റിത്തീര്‍ക്കാനുള്ള പരിപാടിയാണ്. ഇനി ഒരു ദണ്ഡി മാര്‍ച്ചിന്റെ കൂടി കുറവ് മാത്രമേയുള്ളു, പേടിക്കണ്ട, മോദി അവസാനിപ്പിച്ചിട്ടില്ല; കൊറോണ വൈറസിന് ഇനിയും ആയുസുണ്ട് താനും.

ഗാന്ധിയും ഇന്ന് നടക്കുന്ന പല പരിപാടികളും തമ്മിലുള്ള വ്യത്യാസമെന്താണെന്നു വച്ചാല്‍ ഇന്നത്തെ പരിപാടികളിലൊക്കെ അന്തര്‍ലീനമായിരിക്കുന്ന ഒരു ഭീഷണിയുണ്ട്; ഞങ്ങള്‍ പറയുന്നത് ചെയ്യുക, ഇല്ലെങ്കില്‍ തല്ലുവാങ്ങുക എന്ന ഒരു ഭീഷണി. അതേസമയം മുസ്ലിങ്ങളെ കൂടുതല്‍ അരികുവത്ക്കരിക്കുക, ഒറ്റപ്പെടുത്തുക തുടങ്ങിയ രാഷ്ട്രീയ പദ്ധതികളും ഈ ജന്‍ ആന്ദോളന്റെ ഭാഗമാകുന്നുണ്ട്.

[ദി പ്രിന്റില്‍ വന്ന ലേഖനത്തിന്റെ പരിഭാഷ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്]

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) Also Read: കൊറോണക്കാലത്തെ മലയാളി ജീവിതം


ടി.എന്‍ നൈനാന്‍

ടി.എന്‍ നൈനാന്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍, ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് പ്രൈ. ലിമിറ്റഡ് ചെയര്‍മാന്‍

Next Story

Related Stories