TopTop
Begin typing your search above and press return to search.

അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാനുള്ളതല്ല നിലപാടുകള്‍! പിണറായി വിജയന് വേണ്ടാത്ത പാര്‍ട്ടി സമീപനങ്ങളും കോടതി നിര്‍ദ്ദേശങ്ങളും

അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കാനുള്ളതല്ല നിലപാടുകള്‍! പിണറായി വിജയന് വേണ്ടാത്ത പാര്‍ട്ടി സമീപനങ്ങളും കോടതി നിര്‍ദ്ദേശങ്ങളും
<blockquote>"നിലനില്‍ക്കുന്ന സാഹചര്യങ്ങളെ ചോദ്യം ചെയ്യുന്ന എന്തിനെയും തീവ്രവാദ സാഹിത്യമായും സിദ്ധാന്തമായും വിലയിരുത്താം. ഭഗത്‌സിങ്ങിന്റെ ജീവചരിത്രം കൈയില്‍ വെച്ചതിന് ഒരാള്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് ഈയിടെയാണ്. മാര്‍ക്‌സിസ്റ്റ് സാഹിത്യം സൂക്ഷിക്കുന്ന ഏതെങ്കിലും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനെയും ഇടതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും അമിത് ഷായുടെ നിര്‍വചനത്തില്‍ ഭീകരവാദിയാകും.... യു പി എ സര്‍ക്കാരിന്റെ കാലത്ത് 2008 ല്‍ യുഎപിഎ നിയമം ഭേദഗതി ചെയ്യുകയുണ്ടായി. പോട്ട നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയായിരുന്നു നിയമം ഭേദഗതി ചെയ്തത്. ഇതിനെയെല്ലാം ശക്തമായി എതിര്‍ക്കുകയാണ് സിപിഎം ചെയതത്."</blockquote>

സിപിഎം മുഖപത്രമായ പിപ്പീള്‍സ് ഡെമോക്രസി ഓഗസ്റ്റ് നാലാം തീയതി പ്രസിദ്ധീകരിച്ച മുഖ പ്രസംഗത്തില്‍നിന്നുള്ള ഉദ്ധരണിയാണിത്. മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നതിന് ശേഷം യുഎപിഎ നിയമത്തില്‍ വരുത്തിയ ഭേദഗതിയെക്കുറിച്ചുള്ള സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു പാര്‍ട്ടിയുടെ മുഖപത്രം. സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രി പക്ഷെ ഈ നിലപാട് തനിക്കും താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനും ബാധകമാവില്ലെന്ന് നേരത്തെ തന്നെ പ്രവര്‍ത്തിയിലൂടെ തെളിയിച്ചതാണ്. 2016 മെയ് മാസത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം അത്രമാത്രം യുഎപിഎ കേസുകളാണ് പിണറായി വിജയന്റെ സര്‍ക്കാരാൽ ചുമത്തപ്പെട്ടത്. പുസ്തകങ്ങള്‍ കൈവശം വെച്ചതിനും പോസ്റ്ററുകള്‍ ഒട്ടിച്ചതിനും സാധ്യമായ എല്ലാ അവസരങ്ങളിലും യുഎപിഎ ചുമത്തുകയായിരുന്നു പിണറായി സര്‍ക്കാരിന്റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. വിമതന്മാര്‍ പാര്‍ട്ടിയുടെ അകത്തുമാത്രമല്ല, എവിടെയും ഇല്ലാതാക്കപ്പെടേണ്ട ശത്രുക്കളാണെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചുപോരുന്നത്. അതായത് കോഴിക്കോട് നടന്ന യുഎപിഎ അറസ്റ്റും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും പിണറായി സര്‍ക്കാരിന്റെ കാലത്തെ അപവാദങ്ങളല്ല. മൂന്നര വര്‍ഷത്തെ ചരിത്രം ഇത്‌ സാക്ഷ്യപെടുത്തും. പലയിടത്തും നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അന്നുയര്‍ന്നുവന്ന പ്രതിഷേധത്തെ മയപ്പെടുത്തിയെന്നതല്ലാതെ ഏതെങ്കിലും കേസുകള്‍ പിന്‍വിലച്ചതായി ആഭ്യന്തര വകുപ്പ് പറയുന്നില്ല രാജ്യത്ത് സംഘപരിവാര്‍ ഭരണകൂടം ആക്ടിവിസ്റ്റുകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവരുന്നത് സിപിഎം ദേശീയ നേതൃത്വത്തിന്റെ പതിവാണ്. എന്നാല്‍ അങ്ങനെ പാര്‍ട്ടി നിലപാടെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതുമൊന്നും ഒരു തരത്തിലും മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിച്ചിട്ടില്ല. 2015 ല്‍ ഇദ്ദേഹം അധികാരത്തിലെത്തുന്നതിന് മുമ്പ് നടത്തിയ പ്രസ്താവനകള്‍ പൊലും മുഖ്യമന്ത്രിയായ പിണറായി വിജയനെ തടയുന്നില്ല. ആശയപ്രചരണം നടത്തുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതിനെതിരെ അന്നത്തെ സര്‍ക്കാരിനെ പിണറായി വിജയന്‍ വിമര്‍ശിച്ചത് അദ്ദേഹം അധികാരത്തിലെത്തുന്നതിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. ഇങ്ങനെ സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രത്യേകിച്ചൊരു പരിഗണനയും നല്‍കേണ്ടതില്ലെന്നാണ് പിണറായി വിജയന്‍ അദ്ദേഹത്തിന്റെ മൂന്നര വര്‍ഷത്തെ ഭരണകാലത്ത് തെളിയിച്ചുകൊണ്ടിരിക്കുന്നത്. നിലമ്പൂരും വൈത്തിരിയും മഞ്ചങ്കണ്ടിയുമൊക്കെ ഇതിന്റെ സാക്ഷ്യങ്ങളാണ് മാവോയിസ്റ്റ് അനുകൂല നിലപാടുകള്‍ ആരോപിച്ചുള്ള അറസ്റ്റുകളുടെ കാര്യത്തില്‍ മാത്രമല്ല, മറിച്ച് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരെ ഇത്രയധികം പ്രസ്താവനകള്‍ നടത്തിയ പാര്‍ട്ടി സിപിഎമ്മിനെ പോലെ അധികമുണ്ടാവില്ല. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിലും ഇത്തരം നിരവധി സംഭവങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തുന്നത് സിപിഎമ്മിന്റെ പതിവാണ്. എന്നാല്‍ സാമാന്യ ബുദ്ധിക്ക് പോലും വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണെന്ന് തെളിഞ്ഞ മൂന്ന് സംഭവങ്ങളാണ് കേരളത്തില്‍ പിണറായി വിജയന്റെ ഭരണത്തില്‍ ഉണ്ടായത്. ആദ്യം നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപെടുത്തി. പിന്നെ വൈത്തിരിയില്‍. ഇപ്പോള്‍ പാലക്കാട് മഞ്ചങ്കണ്ടിയില്‍. ആകെ ഏഴ് പേര്‍. ഇതിനുള്ള സര്‍ക്കാര്‍ ന്യായങ്ങളെല്ലാം ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പലതവണ ഉന്നയിച്ചതും. പാര്‍ട്ടിയുടെ നിലപാടുകള്‍ മാത്രമല്ല, കോടതിയുടെ വിധികളെയും അഭിപ്രായ പ്രകടനങ്ങളെയും പിണറായി സര്‍ക്കാര്‍ രാഷ്ട്രീയ വിമതരെ നേരിടുന്ന കാര്യത്തില്‍ പരിഗണിച്ചിട്ടില്ല. പുസ്തകങ്ങള്‍ കൈയില്‍വെയ്ക്കുന്നതും, ആശയങ്ങളില്‍ വിശ്വസിക്കുന്നതും ഒരാളെ മാവോയിസ്റ്റ് ആക്കുന്നില്ലെന്ന് നിരവധി അവസരങ്ങളില്‍ കോടതികള്‍ പ്രഖ്യാപിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി തന്നെ അര്‍ത്ഥ ശങ്കയ്ക്കിട നല്‍കാത്ത വിധം 2015 ല്‍ വ്യക്തമാക്കിയതാണ്. മാവോയിസ്റ്റായതു കൊണ്ട് മാത്രം ഒരാളെ തടവില്‍ വെയ്ക്കാന്‍ പോലീസിന് അധികാരമില്ലെന്നാണ് കേരള ഹൈക്കോടതി പറഞ്ഞത്. അങ്ങനെ ആരോപിക്കപ്പെടുന്ന ആള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് തെളിഞ്ഞാല്‍ മാത്രമെ അറസ്റ്റ് പാടുള്ളൂവെന്നായിരുന്നു കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതൊന്നും പരിഗണിക്കേണ്ട വിഷയമായി പിണറായി വിജയന്‍ എന്ന ഭരണാധികാരി കണക്കാക്കിയിട്ടില്ല. യുഎപിഎ ചുമത്തിയതിനെതിരെ സിപിഎമ്മിലെ നേതാക്കള്‍ ഒറ്റപ്പെട്ട പ്രതികരണം നടത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിനെ തിരുത്താനുള്ള ശേഷി സിപിഎമ്മിന് ഉണ്ടോ എന്ന കാര്യത്തിലും ഉറപ്പില്ല. നിലപാടുകള്‍ നടപ്പിലാക്കാനുള്ളതല്ലെന്ന വൈരുദ്ധ്യാത്മക യുക്തിയാണ് ഭരിക്കുമ്പോള്‍ പലപ്പോഴും സിപിഎമ്മിനെ നയിക്കാറുള്ളത്. വ്യാജ ഏറ്റുമുട്ടലിന്റെ കാര്യത്തിലും യുഎപിഎ ചുമത്തുന്ന കാര്യത്തിലും അതേയുക്തി തന്നെയാണ് പാര്‍ട്ടിയെ നയിക്കുന്നതെന്ന് വേണം കണക്കാക്കാന്‍.


Next Story

Related Stories