TopTop
Begin typing your search above and press return to search.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നില നിൽക്കേണ്ടതുണ്ട്, അതുകൊണ്ട് തന്നെ 'മനുഷ്യ ഭൂപടം' ഒട്ടും കുറഞ്ഞ ഒരു ആശയമല്ല

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നില നിൽക്കേണ്ടതുണ്ട്, അതുകൊണ്ട് തന്നെ

'മനുഷ്യ ഭൂപടം' എന്നത് ഒട്ടും കുറഞ്ഞ ഒരു ആശയമല്ല. മതത്തിന്റെ പേരിൽ ഒരിക്കൽ വെട്ടിമുറിക്കപ്പെട്ട ഇന്ത്യ വീണ്ടും പൗരത്വ നിയമത്തിന്റെ പേരിൽ സമാനമായ ഒരു സാഹചര്യം നേരിടുന്ന ഈ ഘട്ടത്തിൽ, പ്രത്യേകിച്ചും. ഇന്ത്യയുടെ ദേശീയ പതാകയിലെ മൂന്ന് വർണ്ണങ്ങളും മധ്യത്തിൽ അശോക ചക്രവും ചേർന്ന ഒരു മനുഷ്യ ഭൂപടം നൽകുന്ന സന്ദേശം 'ഒരൊറ്റ ഇന്ത്യ, ഒരറ്റ ജനത' എന്നതുകൂടിയാവുമ്പോൾ ഗാന്ധിജിയുടെ രക്ത സാക്ഷി ദിനത്തിൽ അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാർ എന്നവകാശപ്പെടുന്ന കോൺഗ്രസ് പാർട്ടി മുൻകൈ എടുത്തു നിർമിച്ച ഈ മനുഷ്യ ഭൂപടത്തിനു നൂറിൽ നൂറു മാർക്ക് നൽകുന്നതിൽ പിശുക്കു കാട്ടേണ്ടതില്ലെന്നു തോന്നുന്നു.

ഗാന്ധിജിയെ അവർ പൂർണമായും ഉൾകൊണ്ടോ ഇല്ലയോ എന്നതല്ല, ആ പാരമ്പര്യം പറയാൻ അർഹതയുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് മുൻകൈ എടുത്തു നടത്തിയ ഈ എളിയ ഉദ്യമത്തെ വിമർശനാല്മകമായി മാത്രം സമീപിക്കുന്നത് ഒട്ടും ശരിയല്ല തന്നെ. ഗാന്ധിജിയെ ദത്തെടുക്കാൻ ആർ എസ് എസ് പോലും മുന്നോട്ടുവന്നിട്ടുള്ള ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹം കൂടി ഭാഗമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നില നിൽക്കേണ്ടതുണ്ട്. ചുരുങ്ങിയ പക്ഷം ഇന്ത്യയുടെ അങ്ങേ അറ്റവും അങ്ങേ അറ്റവും തമ്മിൽ കോർത്തിണക്കാൻ പോന്ന ഏക ബി ജെ പി വിരുദ്ധ ശക്തി എന്ന നിലയിലെങ്കിലും. ( ഇതൊക്കെ പറയുമ്പോഴും ഒരൊറ്റ ഇന്ത്യ എന്ന ഗാന്ധിയൻ സങ്കല്പത്തിന് കോടാലി വെക്കാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ ഒരിക്കൽ ആ പാർട്ടിയിൽ ഉണ്ടായിരുന്നവരും ആ പാർട്ടിയിൽ തന്നെ തുടരുമ്പോഴും സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി മറുകണ്ടം ചാടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവരും ഉണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല. )

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം, (ഇതെഴുതുന്ന ആൾക്കും അതുണ്ടുതാനും). എന്നുകരുതി കോൺഗ്രസ് പാർട്ടി മുൻകൈ എടുത്തു നിർമിച്ച മനുഷ്യ ഭൂപടത്തെയോ അതിനു പിന്നിലെ അദ്ധ്വാനത്തെയോ കാണാതെ പോകുന്നത് വലിയൊരു പാതകം ആയിപ്പോകും എന്നു തോന്നുന്നു. ഏറ്റവും അധികം നിർദ്ധനർ ഉള്ളത് കോൺഗ്രസ്സിലാണെന്നും സ്വന്തം പാർട്ടിക്കുവേണ്ടി ലാഭേച്ഛകൂടാതെ വേലചെയ്യുന്നവാരാണ് കോൺഗ്രസ് പ്രവർത്തകർ എന്നുമൊക്കെയുള്ള രമേശ് ചെന്നിത്തലയുടെ രണ്ടു നാൾ മുൻപത്തെ പയ്യന്നൂർ പ്രസംഗത്തെ മുഖവിലക്കെടുത്തുകൊണ്ടല്ല ഇങ്ങനെയൊരു വിലയിരുത്തൽ.

കോൺഗ്രസ്സുകാർ മുഴുവൻ നിസ്സ്വാർത്ഥർ ആണെന്ന ചിന്ത എത്രമേൽ അപഹാസ്യമാണെന്നു പയ്യന്നൂരിലെ കോൺഗ്രെസ്സുകാരോട് മാത്രം ചോദിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു. അതേ; ഗാന്ധി മാവും, കേരള ഗാന്ധി കെ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പു കുറുക്കലും ഖാദി പെരുമയും കൊണ്ട് ഗാന്ധി പ്രഭയിൽ മുങ്ങി നിൽക്കുന്ന പയ്യന്നൂരിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരോട് തന്നെ. ചെന്നിത്തലയുടെ പ്രസ്താവം കെ പി സി സി പുനഃ സംഘടനയുമായി ബന്ധപ്പെട്ടു അസംതൃപ്തരായ, മേലനങ്ങാതെ നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ടു നടക്കുന്നവരെ സുഖിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നു സാരം. എന്നു കരുതി എല്ലാ കോൺഗ്രെസ്സുകാരയേയും സ്വാർത്ഥരും സ്ഥാനമോഹികളും ആയിക്കാണുന്നതു അന്യം നിന്നു പോകാത്ത കോൺഗ്രസ് പൈതൃകം പേറുന്നവരോടുള്ള അവഹേളനം കൂടിയായി പോകും.

സി പി എം നേതൃത്വം നൽകുന്ന എൽ ഡി എഫ് പൗരത്വ നിയമത്തിനെതിരെ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തെക്കേ അറ്റം വരെ മനുഷ്യ മഹാ ശൃംഖലയാണ് തീർത്തതെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫ് ഒരു മനുഷ്യ ഭൂപടം നിര്മിക്കുകയായിരുന്നു. കേരളത്തിലെ പതിനാലു ജില്ലകളിലും മനുഷ്യ ഭൂപടം എന്നതായിരുന്നു ഉദ്ദേശ്യമെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിൽ ലോങ്ങ് മാർച് സംഘടിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ആ ജില്ലയെ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം കമലത്തിന്റെ നിര്യാണത്തെ തുടർന്ന് കോഴിക്കോട് ജില്ലയെക്കൂടി ഒഴിവാക്കിയതോടുകൂടി മനുഷ്യ ഭൂപടം 12 ജില്ലകളിലേക്ക് ഒതുങ്ങി.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്രത്തിൽ മനുഷ്യ ഭൂപടം നിർമിക്കുക എന്നത് അത്ര ഭാരിച്ച പണിയൊന്നുമല്ല. സംസ്ഥാനത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ നീളുന്ന മനുഷ്യ ചങ്ങലയെയും മനുഷ്യ ശൃംഖലയെയും ഒക്കെ വെച്ചുനോക്കുമ്പോൾ കുറച്ചുകൂടി എളുപ്പമുള്ള ഏർപ്പാട് തന്നെ. തുടങ്ങിയ വിമർശനങ്ങൾ മനുഷ്യ ഭൂപട നിർമിതിക്കെതിരെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഇത്തരം വിമർശനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ മനുഷ്യ ഭൂപടത്തിന്റെ പ്രസക്തി അപ്പാടെ മാഞ്ഞുപോകുന്നില്ല എന്നതുകൂടി കാണേണ്ടതുണ്ട്. തന്നെയുമല്ല, പ്രതിരോധത്തിന്റെ പ്രിതീകമായ മനുഷ്യ ചങ്ങല, മനുഷ്യ മതിൽ, മനുഷ്യ ശൃംഖല എന്നിങ്ങനെയുള്ള സങ്കല്പങ്ങളെക്കാൾ നാനാത്വത്തിൽ ഏകത്വം എന്ന ആശയം കുറച്ചുകൂടി പ്രകാശിപ്പിക്കാൻ പോന്ന ഒന്നാണ് മനുഷ്യ ഭൂപടം എന്നത്. എന്നുകരുതി മനുഷ്യ ഭൂപടം എന്ന ആശയത്തിന്റെ പേറ്റന്റ് കേരളത്തിലെ യു ഡി എഫിന് അവകാശപ്പെട്ടതൊന്നുമല്ല എന്ന് കൂടി പറയേണ്ടതുണ്ട്.

മനുഷ്യ ഭൂപടത്തെക്കുറിച്ചു പറയുമ്പോൾ തന്നെ പൗരത്വ നിയമത്തിനെതിരെ തുടക്കത്തിൽ ഒരുമിച്ചു ശബ്ദമുയർത്തുകയും പ്രസ്തുത നിയമത്തിനെതിരെ നിയസഭയിൽ ഒറ്റക്കെട്ടായി പ്രമേയം പാസ്സാകുകയും ചെയ്ത എൽ ഡി എഫും യു ഡി എഫും വേറിട്ട സമര പരിപാടികളുമായി മുന്നോട്ടു പോകുന്നതിലെ ഔചിത്യക്കേട്‌ മുഴച്ചു തന്നെ നിൽക്കുന്നുണ്ട്. വേറിട്ട സമര മാര്‍ഗങ്ങളിലേക്കു നയിച്ച സാഹചര്യവും കാരണങ്ങളും പലതവണ ചർച്ച ചെയ്യപ്പെട്ട വിഷയമാകയാൽ അതിലേക്കു വീണ്ടും കടക്കുന്നില്ല. എങ്കിലും രാജ്യത്തെ മതാടിസ്ഥാനത്തിൽ വീണ്ടും വെട്ടിമുറിക്കാനുള്ള ഒരു ശ്രമം നടക്കുമ്പോൾ അതിനെതിരെ വേറിട്ട സമരങ്ങളെക്കാൾ യോജിച്ച പോരാട്ടം തന്നെയായിരുന്നില്ലേ വേണ്ടിയിരുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു.


Next Story

Related Stories