TopTop
Begin typing your search above and press return to search.

വിപണിയാണ് എല്ലാം, ഇനി വെളുപ്പിക്കാനില്ലെന്ന് പറയുന്ന യുണിലിവറും ജോൺസൺ & ജോൺസണും, വംശീയതയ്ക്കെതിരെ ഒരു തൊലിപ്പുറ കോര്‍പ്പറേറ്റ് ചികിത്സ

വിപണിയാണ് എല്ലാം, ഇനി വെളുപ്പിക്കാനില്ലെന്ന് പറയുന്ന യുണിലിവറും ജോൺസൺ & ജോൺസണും, വംശീയതയ്ക്കെതിരെ ഒരു തൊലിപ്പുറ കോര്‍പ്പറേറ്റ് ചികിത്സ

അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണം ഉണ്ടായ പ്രക്ഷോഭത്തിന് ലോകത്തെമ്പാടു നിന്നും വ്യാപകമായ പിന്തുണയാണ് കിട്ടിയത്. അമേരിക്കയില്‍ മാത്രമല്ല, ലോകത്തെ വിവിധ ഭാഗങ്ങളില്‍. അമേരിക്കയില്‍, തങ്ങളില്‍ ചിലര്‍ കാണിക്കുന്ന വംശീയ വൈരത്തിനെതിരെ പൊലീസുകാര്‍ പോലും പ്രതിഷേധിച്ചു. കളിക്കളങ്ങളില്‍, വിപണികളില്‍, എന്തിന് വിവാഹ പരസ്യങ്ങളില്‍ പോലും ഈ പ്രതിഷേധം സ്വാധീനം ചെലുത്തി. ഇത്രയും പിന്തുണ വംശീയ വിവേചനങ്ങള്‍ക്കെതിരെ സമൂഹത്തില്‍ നിലനില്‍ക്കുന്നെങ്കില്‍ പിന്നെ എങ്ങനെ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന സംശയം പോലും ഉണ്ടാക്കുന്ന രീതിയിലാണ് പ്രക്ഷോഭത്തോടുള്ള പ്രതികരണങ്ങള്‍. ഇത്രയും സ്വീകാര്യമായ ഒരു പ്രക്ഷോഭം സമീപകാലത്തൊന്നും നടന്നിട്ടുണ്ടാവില്ല. എന്നാൽ ആ സ്വീകര്യത എത്രത്തോളം യാഥർത്ഥത്തിലുള്ളതാണ് എന്നതാണ് ചോദ്യം, പ്രത്യേകിച്ചും കോർപ്പറേറ്റ് ലോകത്തുനിന്നുണ്ടായ പ്രതികരണങ്ങൾ.

ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് കോര്‍പ്പറേറ്റ് മേഖലയില്‍നിന്ന് കിട്ടുന്ന പ്രതികരണങ്ങള്‍ സമീപകാലത്തെ ഒരു സവിശേഷതയാണ്. പരിസ്ഥിതി പ്രശ്‌നമായാലും വംശീയ വിവേചനം പോലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളായാലും കോര്‍പ്പേറ്റുകള്‍ പ്രക്ഷോഭത്തോടൊപ്പം നില്‍ക്കുന്നുവെന്നതാണ് ഒരു വലിയ സവിശേഷത. ബ്ലാക്ക് ലൈവ്സ് മാറ്ററിനോടു കമ്പനികൾ സ്വീകരിച്ച നിലപാടുകളും ഇതിന്റെ തുടർച്ച തന്നെ.

ഇതാണ് ഇപ്പോള്‍ യുണിലിവറിന്റെ നിലപാടിലും പ്രതിഫലിക്കുന്നത്. ഫെയര്‍ ആന്റ് ലവ്‌ലി എന്ന തങ്ങളുടെ ഉത്പന്നത്തില്‍നിന്ന് നിന്ന് ഇനി മേല്‍ ഫെയര്‍ എടുത്തുകളയുമെന്നാണ് യുണിലിവര്‍ ചെയര്‍മാര്‍ സഞ്ജീവ് മേത്ത അറിയിച്ചത്. പുതിയ ബ്രാന്റിലായിരിക്കും ഇനി ഉത്പന്നങ്ങള്‍ ഇറങ്ങുക. സൗന്ദര്യത്തെക്കുറിച്ച് എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളുന്ന - ഇന്‍ക്ലൂസിവായ- സങ്കല്‍പമാണ് കമ്പനി വികസിപ്പിക്കുന്നതെന്നും യുണിലിവര്‍ അറിയിച്ചു. എല്ലാ നിറങ്ങളിലുമുള്ള ത്വക്കുകളുടെ പരിചരണമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും യുണിലിവര്‍ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെടുത്തി കമ്പനിയുടെ പരസ്യ തന്ത്രങ്ങളില്‍ മാറ്റം വരുത്താറുണ്ടെന്നും കമ്പനിയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഉത്പന്നത്തെക്കുറിച്ചുള്ള വിശദാംശങ്ങളില്‍ ഇപ്പോഴും ഫെയര്‍നെസ്സുണ്ട്. കറുപ്പിനെ തൊലിയുടെ ഒരു പ്രശ്‌നമായിട്ടുതന്നെയാണ് അവിടെ വിശദീകരിക്കുന്നത്. തൊലിപ്പുറമെയുള്ള ചില അവകാശവാദങ്ങളാണ് കമ്പനി നടത്തിയതെന്ന് വ്യക്തം.

യൂണിലിവര്‍ മാത്രമല്ല, മറ്റ് പല സ്ഥാപനങ്ങളും വെളുപ്പിനെ എടുത്തു മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ശാന്തി ഡോട്ട് കോം എന്ന കല്യാണ വെബ്‌സൈറ്റില്‍നിന്ന് വെളുപ്പ് എന്ന വർഗീകരണം ഒഴിവാക്കിയിട്ടുണ്ടത്രെ. ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈനില്‍ ഒരു ക്യാമ്പയിനും നടന്നിരുന്നു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വൈറ്റനിംങ് ക്രീമുകളുടെ ഉത്പാദനം നിർത്തുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചകളില്‍ നടന്ന ചര്‍ച്ചകള്‍, വെളള നിറമാണ് മികച്ച നിറമെന്ന തോന്നലുണ്ടാക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചുണ്ടാക്കിയ വീണ്ടുവിചാരമാണ് ഇതിന് കാരണമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പറയുന്നത്. ആരോഗ്യമുളള ത്വക്കാണ് സുന്ദരമായ ത്വക്ക് എന്നതിന് ഇനി ഊന്നല്‍ നല്‍കുമെന്നാണ് കമ്പനിയുടെ വിശദീകരണം.

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെടുന്നതിന് മുമ്പ്, ലോകത്ത് നിറത്തിന്റെ പേരില്‍ വിവേചനങ്ങളും ആക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുള്ള കാര്യം ഈ കമ്പനികള്‍ അറിയാത്തതാണ് ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണമെന്ന് ആരും കരുതില്ല. അപ്പോള്‍ എന്താണ് തങ്ങളുടെ പ്രചുരപ്രചാരം നേടിയ ഉത്പന്നങ്ങളുടെ പോലും പേരുകള്‍ മാറ്റുവാന്‍ ഈ വന്‍കിട കമ്പനികളെ പ്രേരിപ്പിക്കുന്നത്. ?

ഇവിടെയാണ് ബ്രാന്റ് ആക്ടിവിസം കടന്നുവരുന്നത്.

ഒരു കമ്പനിയുടെ ഉത്പന്നവും അതിന്റെ ഉപഭോക്താക്കളും തമ്മിലുള്ള മൂല്യ സങ്കല്‍പങ്ങളില്‍ വലിയ വൈജാത്യം വരികയാണെങ്കില്‍ അത് കമ്പനിയെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവാണ് ബ്രാന്റ് ആക്ടിവസത്തിലേക്ക് നയിക്കുന്നത്. സാമൂഹ്യ മാറ്റങ്ങള്‍ അല്ലെങ്കില്‍ സമൂഹത്തിലെ മാറിവരുന്ന ആശയങ്ങള്‍ക്ക് യോജിച്ച രീതിയില്‍ ഉത്പന്നങ്ങള് ബ്രാന്റ് ചെയ്യുകയെന്നതാണ് ഇത്. ഇത്തരത്തിലുള്ള ബ്രാന്റ് ആക്ടിവിസത്തിലാണ് നേരത്തെ സൂചിപ്പിച്ച ജോണ്‍സണ്‍ ആന്റ് ജോണ്‍സണും ഫെയര്‍ ആന്റ് ലവ്‌ലിയുടെ ഉത്പാദകരായ യുണിലിവറും ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ചെയ്തത്. അത് വിപണിക്കനുസരിച്ച് ഒരു പുറം ചട്ട മാറ്റല്‍ മാത്രമാണ്. അതാണ് ഫെയര്‍ ആന്റ് ലവ്‌ലിയെക്കുറിച്ചുള്ള കമ്പനിയുടെ വെബ്‌സൈറ്റിന്റെ വിവരണങ്ങളില്‍ തെളിഞ്ഞത്.

എത്രത്തോളും ആത്മാര്‍ത്ഥതയില്ലാതെയാണ് കമ്പനികള്‍ വംശീയത പോലുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് എന്നതിന്റെ തെളിവ് ഈ കമ്പനികള്‍ തന്നെയാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച കമ്പനിയാണ് പ്രശസ്ത ബഹുരാഷ്ട്ര കമ്പനിയായ നിക്കി. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഈ കമ്പനി ഒരു സന്ദേശ വീഡിയോ ഇറക്കി. മുഴുവന്‍ കറുപ്പ് നിറത്തില്‍, വംശീയതയ്‌ക്കെതിരായ ശക്തമായി പ്രതികരിച്ചുകൊണ്ട്. അധികം വൈകാതെ ' ഒന്നിച്ച് നിന്നാണ് മാറ്റങ്ങള്‍ സാധ്യമാകുക' എന്ന വാചകവുമായി ഇതേ കമ്പനിയുടെ എതിരാളികളായി കണക്കാക്കാവുന്ന അഡിഡാസ് നിക്കിയുടെ വിഡിയോ ഷെയര് ചെയ്തു. അതും വലിയ ചർച്ചയായി. എന്നാൽ ഈ കമ്പനികൾക്ക് വംശീയതയോടും കുറുത്തവരുടെ പ്രതിനിധ്യത്തെയും കുറിച്ചുള്ള സമീപനമെന്താണ്?

പരസ്യമേഖലയില്‍ കാണിക്കുന്ന താല്‍പര്യം കമ്പനിയുടെ മറ്റ് സുപ്രധാനമേഖലകളിലേക്ക് കൊണ്ടുവരുന്നില്ലെന്നതാണ് പ്രധാനം. ഉദാത്തമായ സന്ദേശമാണ് ഇവർ പറയുന്നത്. സമൂഹത്തിലെ ഒരു പ്രശ്‌നത്തിന് ഒന്നിച്ചു നില്‍ക്കുന്നു. എന്നാല്‍ കറുത്തവരുടെ പ്രാതിനിധ്യത്തെക്കുറിച്ചൊക്കെ ഈ കമ്പനികളുടെ സങ്കല്‍പം എന്താണെന്ന് ചോദിക്കുമ്പോഴാണ് ഇതിന്റെ ആത്മവഞ്ചന പുറത്തുവരിക. നിക്കി കമ്പനിയുടെ ഒമ്പതംഗ നേതൃത്വത്തില്‍ വെളളക്കാരല്ലാത്ത ആരുമില്ല. ലോക വ്യാപകമായി നിക്കിക്ക് 300 വൈസ് പ്രസിഡന്റുമാരുണ്ട് എന്നാണ് കണക്കാക്കിയിട്ടുളളത്. ഇതില്‍ 10 ശതമാനത്തില്‍ താഴെയാണ് കറുത്തവര്‍. ഇതുതന്നെയാണ് അഡിഡാസിന്റെയും അവസ്ഥ. അടിസ്ഥാനപരമായി എന്തെങ്കിലും തിരിച്ചറിവിന്റെ പുറത്തല്ല, അങ്ങനെയുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലല്ല ഈ കമ്പനികളൊന്നും സാമൂഹത്തിലെ ചലനങ്ങള്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്നു എന്നുപറയുന്നത് എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്. അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട 500 കമ്പനികളില്‍ നാല് കമ്പനികളില്‍ മാത്രമാണ് കറുത്ത വര്‍ഗത്തില്‍പ്പെട്ടയാള്‍ ചീഫ് എക്‌സിക്യൂട്ടീവ് ആയിട്ടുള്ളതെന്നാണ് ബിബിസിയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാമൂഹ്യ ചലനങ്ങള്‍ക്ക് അനുകൂലമായ മാറ്റത്തോടൊപ്പം നില്‍ക്കുന്ന കമ്പനികളോട് ഉപഭോക്താക്കള്‍ക്ക് താല്‍പര്യം വര്‍ധിക്കുമെന്നാണ് സര്‍വെകള്‍ സൂചിപ്പിക്കുന്നത്. ഇതാണ് കമ്പനികളെ ഇങ്ങനെയുള്ള തീരുമാനങ്ങളിലേക്ക് നയിക്കുന്നത്. നിക്കിയുടെ അമേരിക്കയിലെ ഒരു പരസ്യം തന്നെ ഉദാഹരണം. 2016 ല്‍ നടന്ന ഫുട്‌ബോള്‍ മല്‍സരത്തിനിടെ വംശീയ ആക്രമണങ്ങള്‍ക്ക് എതിരെ പ്രതിഷേധിച്ചുവെന്ന 'കുറ്റ'ത്തിന് അമേരിക്കന്‍ ഫുട്‌ബോള്‍ താരം കോളിന്‍ കെപര്‍നിക്കിനെ നാഷണല്‍ ഫുട്‌ബോള്‍ ലീഗ് പുറത്താക്കി. എന്നാല്‍ ടീമില്‍നിന്ന് പുറത്തായ കെപര്‍നിക്കിനെ മോഡലാക്കി കൊണ്ടുള്ള പരസ്യപ്രചാരണം നിക്കി 2018 ല്‍ നടപ്പിലാക്കി. ഇത് വലിയ ചർച്ചയും വിവാദവുമായി. എന്തായാലും നിക്കി അതിന്റെ നേട്ടം കൊയ്തു. പിന്നീട് നടന്ന വിപണി കണക്കെടുപ്പില്‍ നിക്കിയുടെ വിപണി മൂല്യം ഇതേ തുടര്‍ന്ന് വര്‍ധിച്ചുവെന്നാണ് കണ്ടെത്തിയത്.

വിപണി തന്നെയാണ് പ്രധാനം. സാമൂഹ്യ ഉത്തരവാദിത്തമെന്നൊക്കെ വിപണി പിടിച്ചെടുക്കാനുള്ള മറ്റൊരു വഴിയാണ് കോര്‍പ്പറേറ്റുകള്‍ക്ക്. എല്ലാ മുതലാളിമാരെയും തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചാല്‍ അതിനുള്ള കയറും മുതലാളിത്തം ഉത്പാദിപ്പിച്ചുനല്‍കുമെന്ന് പറയുന്ന യുക്തിതന്നെയാണ് ഇവിടെയും പ്രയോഗവല്‍ക്കരിക്കപ്പെടുന്നത്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രക്ഷോഭത്തോടുള്ള കോര്‍പ്പറേറ്റ് സമീപനവും തെളിയിക്കുന്നത് ഇതുതന്നെ


Next Story

Related Stories