TopTop
Begin typing your search above and press return to search.

സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം, ഭരണ പ്രതിപക്ഷ വിവേചനം ഉണ്ടാവരുത്-കെ മുരളീധരന്‍ എം പി സംസാരിക്കുന്നു

സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം, ഭരണ പ്രതിപക്ഷ വിവേചനം ഉണ്ടാവരുത്-കെ മുരളീധരന്‍ എം പി സംസാരിക്കുന്നു

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ കാലാവധി ഏപ്രില്‍ 8നു പൂര്‍ത്തിയാക്കി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയാണ് കെ മുരളീധരന്‍ എം പി. കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം മുതല്‍ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള വിലയിരുത്തല്‍ യോഗത്തില്‍ വരെ എം പി എന്ന നിലയില്‍ പങ്കാളിയാവുന്നു. ഒപ്പം ഉറച്ച രാഷ്ട്രീയ നിലപാടും വ്യക്തമാക്കുന്നുണ്ട് മുരളീധരന്‍. ലോക്ക് ഡൗണിനു ശേഷം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനങ്ങളെ കരുതണം എന്നു കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന എം പി പാട്ട കൊട്ടും പന്തംകൊളുത്തലും പോലുള്ള ലൊട്ടുലൊടുക്ക് പരിപാടികള്‍ കൊണ്ട് കാര്യമില്ലെന്നും വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ഏപ്രില്‍ എട്ടിനാണ് പുറത്തിറങ്ങിയത്. ഓര്‍മ്മയില്‍ ആദ്യമായാണ് ഇത്രയും ദിവസം വീട്ടില്‍ കഴിയുന്നത്. പക്ഷെ സാമൂഹിക പ്രതിബദ്ധതയുള്ള നമ്മള്‍ ഏതൊരാളും നിയമത്തിനു വിധേയരായേ മതിയാകൂ. കോവിഡ് പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ, പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവെക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. കോവിഡ്-19 വ്യാപിക്കുന്നുണ്ടെന്നും സമൂഹ വ്യാപനത്തിന് സാധ്യത കൂടുതലാണെന്നും ഞങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചതാണ്. പാര്‍ലമെന്റിലെ ശൂന്യ വേളയില്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞ തമിഴ്‌നാട്ടില്‍ നിന്നുള്ള ദയാനിധി മാരന് തുടര്‍ന്ന് സംസാരിക്കാന്‍ അവസരം നിഷേധിക്കുകയാണ് ചെയ്തത്. കോവിഡിന്റെ വ്യാപനം രാജ്യത്ത് കുറേകൂടി ഫലപ്രദമായി ഇന്ത്യയില്‍ കൈകാര്യം ചെയ്യാമായിരുന്നു. മധ്യപ്രദേശിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി, രാജ്യത്ത് എല്ലാം ശാന്തമാണ്, പാര്‍ലമെന്റ് നിര്‍ത്തിവെച്ചാല്‍ കൊറോണ ഇന്ത്യയെ ബാധിച്ചു എന്ന സന്ദേശം പുറത്ത് പോകും എന്ന് പറഞ്ഞുകൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം നീട്ടിയത്. അവസാനം മധ്യപ്രദേശിലെ കമല്‍ നാഥ് സര്‍ക്കാരിനെ നിയമ വിരുദ്ധമായി താഴെയിറക്കിയ ശേഷം പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവെക്കുകയാണുണ്ടായത്.

കൊറോണ വൈറസ് ഇന്ത്യയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ബാധിച്ച ഒരു മഹാമാരിയാണ്. ഇനി കോവിഡ് - 19ന് മുന്‍പുള്ള കാലം ശേഷമുള്ള കാലം എന്ന രീതിയില്‍ ലോകം മാറുകയാണ്, അതിനാല്‍ കേന്ദ്ര സര്‍ക്കാരും അവരുടെ രാഷ്ട്രീയ ലൈനില്‍ മാറ്റം വരുത്തി. ഇന്ത്യയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകുന്ന രാഷ്ട്രീയ നയം സ്വീകരിച്ചില്ലെങ്കില്‍ രാജ്യം വന്‍ അപകടത്തിലേക്കായിരിക്കും കൂപ്പ് കുത്തുക. ഇപ്പോള്‍, കോവിഡിനെ നിയന്ത്രിക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്, അതിന് സാധിച്ചത് രാജ്യം ഒറ്റക്കെട്ടായി നിന്നതുകൊണ്ടു മാത്രമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതി-മത സംഘടനകളും ഒറ്റക്കെട്ടായി നിന്നതിനാലാണ് നമുക്ക് ഇതിനെ ഇത്രയെങ്കിലും അതിജീവിക്കാന്‍ കഴിഞ്ഞത്.

കേരളത്തില്‍ അതിഥി തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയത് അവര്‍ക്ക് ഭക്ഷണം കിട്ടാത്തത് കൊണ്ടായിരുന്നില്ല. അവര്‍ക്ക് നാട്ടില്‍ പോകണമെന്നമെന്നും അവരുടെ കുടുംബത്തെ കാണണമെന്നുമുള്ള ആഗ്രമാണതിന് പിന്നില്‍. അതുകൊണ്ട് ഇനി ആദ്യം ചെയ്യേണ്ടത് അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനത്ത് എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക എന്നതാണ്.

രണ്ടാമത്തെ കാര്യം പ്രവാസികളുടേതാണ്, പ്രവാസികള്‍ നമ്മുടെ നട്ടെല്ലാണ്. ഇന്ന് പ്രവാസികളില്‍ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ചിലര്‍ സന്ദര്‍ശന വിസകളില്‍ പോയി അന്യ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നു. അവരെ നമുക്ക് തിരിച്ച് കൊണ്ടു വരണം. എന്നാല്‍, കേന്ദ്ര വിദേശ കാര്യ മന്ത്രാലയം തുടക്കം മുതല്‍ അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പല രാജ്യങ്ങളും അടിയന്തിരമായി വിദേശികളെ തിരിച്ച് കൊണ്ടു പോവണമെന്ന് കര്‍ശന നിര്‍ദേശം വെച്ചാല്‍, പെട്ടെന്ന് രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികളെ 28 ദിവസം ക്വാറന്റൈന്‍ ചെയ്യാന്‍ ആവശ്യമായ സംവിധാനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കണം. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും അവര്‍ക്ക് ലഭിക്കുന്ന മത്സ്യം വില്‍പ്പന നടത്താനും അവസരമൊരുക്കണം. ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പത്ത് ദിവസമെങ്കിലും ഒരു കൊറോണ കേസു പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ മാത്രമെ നമ്മള്‍ ഇതിനെ അതിജീവിച്ചു എന്ന് പറയാനാവു. അതിനാല്‍, ഓരോ ദിവസവും ജാഗ്രത പുലര്‍ത്തി തന്നെ മുന്നോട്ട് പോകണം. ഏതെങ്കിലും മേഖലയ്ക്ക് ഇളവ് നല്‍കുകയാണെങ്കില്‍ അത്, അത്യാവശ്യ മേഖലയ്ക്കാണെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. അല്ലാതെ, പഴയ പടിയിലേക്ക് പെട്ടെന്ന് തിരിച്ചു പോയാല്‍ നമ്മള്‍ എടുത്ത പണി മുഴുവന്‍ വെള്ളത്തിലാവും.

ലോക്ക് ഡൗണില്‍ നിന്ന് നമ്മള്‍ പുറത്ത് കടക്കുമ്പോള്‍ നമ്മുടെ സാമ്പത്തിക നയത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണം, അത് ഒരിക്കലും ഒരു ഭരണ-പ്രതിപക്ഷ രീതിയിലായിരിക്കരുത്. ഭാവിയില്‍ ഏതു സര്‍ക്കാര്‍ ഭരിച്ചാലും സാമ്പത്തിക രംഗത്ത് നമുക്ക് ശക്തമായ ഒരു നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ മഹാമാരികള്‍ വരുമ്പോള്‍ നമ്മള്‍ സാമ്പത്തികമായി തകരുന്ന ഒരു സാഹചര്യമുണ്ടാവും. പാട്ട കൊട്ടിയും പന്തം കൊളുത്തിയും ലൊട്ടുലൊടുക്ക് പരിപാടികള്‍ നടത്തിയതു കൊണ്ടും കാര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി ആദ്യം തലശ്ശേരിയില്‍ കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സബ് കലക്ടറുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തി കാര്യങ്ങള്‍ മനസ്സിലാക്കി. ഡോക്ടര്‍മാര്‍ മുതല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വരെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വളരെ അഭിനന്ദനാര്‍ഹമായിരുന്നു. വടകര ബി.എം സ്‌കൂള്‍ ക്യാമ്പ്, ലക്ഷ്മി സ്മാരക മന്ദിരം, വടകര താലൂക്ക് ഓഫീസ്, കൃഷ്ണകൃപ കമ്യൂണിറ്റി കിച്ചന്‍ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ച് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

അകാരണമായി മത്സ്യങ്ങള്‍ ചത്തുപൊന്തിയ തട്ടോളിക്കര മുണ്ടങ്ങാട് വയല്‍ സന്ദര്‍ശിച്ചു. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകനും ഭിന്നശേഷിക്കാരനായ പ്രശാന്തിന് ഉണ്ടായത്. ഇതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്. അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട ഇദ്ദേഹത്തിന് ഏക വരുമാനമാര്‍ഗമായിരുന്നു ഈ മത്സ്യകൃഷി. തുടര്‍ന്ന് ദുബായില്‍ കോവിഡ് ബാധിച്ചു മരിച്ച തലശ്ശേരി മഞ്ഞോടി സ്വദേശി പ്രദീപ് സാഗറിന്റെ വീട് സന്ദര്‍ശിച്ചു. പേരാമ്പ്രയിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഒരുക്കിയ പച്ചക്കറിക്കൂട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 1500 പേര്‍ക്ക് പച്ചക്കറിക്കിറ്റ് നല്‍കാനായി. ദയാ പാലിയേറ്റിവ് കെയര്‍ സെന്ററിലെ കിടപ്പ് രോഗികള്‍ക്ക് കിറ്റ് നല്‍കി ആദ്യ വിതരണം നിര്‍വഹിച്ചു. പയ്യോളിയിലേയും പാനൂരിലേയും കമ്മ്യൂണിറ്റി കിച്ചനുകള്‍ സന്ദര്‍ശിച്ചു.

തയ്യാറാക്കിയത്: മെഹ്ന സിദ്ധിക് കാപ്പന്‍


Next Story

Related Stories