TopTop
Begin typing your search above and press return to search.

ആപ്പ് നിരോധനം മുറയ്ക്ക് നടക്കുന്നുണ്ട്; പക്ഷേ എന്തുകൊണ്ട് ലോകം മുഴുവൻ ഉപയോഗിക്കുന്ന ഒരു ഇന്ത്യന്‍ ആപ്പ് പോലും ഉണ്ടാകുന്നില്ല?

ആപ്പ് നിരോധനം മുറയ്ക്ക് നടക്കുന്നുണ്ട്; പക്ഷേ എന്തുകൊണ്ട് ലോകം മുഴുവൻ ഉപയോഗിക്കുന്ന ഒരു ഇന്ത്യന്‍ ആപ്പ് പോലും ഉണ്ടാകുന്നില്ല?

'ദേശീയ സുരക്ഷാ ഭീഷണി' എന്ന കാരണം ചൂണ്ടിക്കാട്ടി നമ്മുടെ സര്‍ക്കാര്‍ 118 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി നിരോധിച്ചു, ജൂണിൽ 59, ജൂലൈയിൽ 47- ബൈഡു, അലിപേ, വിചാറ്റ് വർക്ക്, മൊബൈൽ ഗെയിം PUBG - എന്നിവയുൾപ്പെടെ ഇന്ത്യയിൽ നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളുടെ എണ്ണം ഇപ്പോൾ 224 ആയി.

ഇതിൽ പല ആപ്ലിക്കേഷനുകളും വളരെ ജനപ്രിയമായിരുന്നു - ഒരുദാഹരണം ടിക് ടോക്ക് ആണ്. ഇരുനൂറു കോടി തവണ ഡൌൺലോഡ് ചെയ്യപ്പെട്ട ടിക് ടോക്കിന്റെ ഏതാണ്ട് നാലിലൊന്ന് ഉപഭോക്താക്കളും ഇന്ത്യാക്കാർ ആയിരുന്നു. 14 വയസിനും 25 വയസിനും ഇടയിലുള്ളവരാണ് കൂടുതലായും ടിക് ടോക്ക് ഉപയോഗിച്ചിരുന്നത് . ഇപ്പോൾ നിരോധിച്ച പബ്ജിക്ക് ഇന്ത്യയിൽ മൂന്നു കോടിയിലധികം സ്ഥിരം കളിക്കാർ ഉണ്ടായിരുന്നു.

ഏതാണ്ട് മുപ്പതു ലക്ഷത്തിലധികം ആപ്പുകൾ ഉണ്ട് ആൻഡ്രോയിഡിൽ. അതിൽ ഒരു അമ്പതോ നൂറോ എണ്ണം മാത്രമാണ് ലോകം മുഴുവൻ ഉപയോഗിക്കപ്പെടുന്നത്. ഈ ആപ്പുകൾ ഏതൊക്കെയാണ് എന്ന് നോക്കിയാൽ എല്ലാം തന്നെ അമേരിക്കക്കാരും ചൈനക്കാരും മാത്രമാണ് മനുഷ്യന് ഉപകാരമുള്ള സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ ഉണ്ടാക്കുന്നത് എന്ന് കാണാം. ബാങ്കിങ് അല്ലെങ്കിൽ ലോക്കൽ പേയ്മെന്റ്റ് വാലറ്റ് പോലെയോ അല്ലെങ്കിൽ ന്യൂസ്, ലേർണിംഗ് പോലെ ഉള്ളതൊഴിച്ചാൽ ഒരു ഇന്ത്യന്‍ ആപ്ലിക്കേഷൻ പോലും നമ്മൾ ഉപയോഗിക്കുന്നില്ല. ഇതിൽ തന്നെ ടിക് ടോക് പോലെ ചൈനീസ് സർവീസുകൾ അമേരിക്കൻ സര്‍വീസുകളെ മറികടന്നത് കഴിഞ്ഞ നാലോ അഞ്ചോ കൊല്ലം കൊണ്ടാണ്.

ഒരുദാഹരണം പറയാം. നമ്മുടെ എല്ലാ ഈ കോമേഴ്‌സ് ആപ്പുകളും ഇന്നും ഒരു പ്രോഡക്റ്റ് പ്രസന്റ്റ് ചെയ്യുന്നത് കുറെ ഫോട്ടോകൾ വച്ചാണ്. അതായത് ഒരു റെഡ്മി ഫോൺ നിങ്ങൾ ആമസോണിൽ വാങ്ങുന്നതിന് നോക്കുമ്പോൾ കാണുക കുറെ ഫോട്ടോകളും സ്പെസിഫിക്കേഷനും വിലയും മാത്രമാണ്. മിക്കവാറും എല്ലാവരും യൂട്യൂബിൽ പോയി അതിന്റെ റിവ്യൂ അല്ലെങ്കിൽ unboxing വീഡിയോ നോക്കി പഠിക്കും. അപ്പോൾ ഫ്ലിപ്കാർട്ടിന്റെ ഒരു പരസ്യം പൊങ്ങിവരും 50 രൂപ കുറവ് എന്ന്. നിങ്ങൾ ആമസോൺ വിട്ട് ഫ്ലിപ്പ്കാർട്ടിൽ നിന്നും ആ സാധനം വാങ്ങും. ചൈനയിൽ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു കഴിഞ്ഞു. മിക്കവാറും എല്ലാ കോമേഴ്‌സ് സൈറ്റുകളും വീഡിയോയാണ് - വീഡിയോയിൽ തന്നെ കണ്ടുകൊണ്ടിരിക്കുമ്പോൾ ചെക്ക് ഔട്ട് ചെയ്യാം.

വേറൊരുദാഹരണം കൂടി - 25 വയസിൽ താഴെയുള്ള കുട്ടികൾക്കെല്ലാം ഫേസ്‌ബുക് ബോറൻ സംഭവമാണ്; ചോദിച്ചു നോക്കൂ, അവര്‍ ഇൻസ്റ്റയിൽ ഉണ്ടാകും, ടിക് ടോക്കിലും.

ആർട്ടിഫിഷ്യൽ ഇന്റലിജസിലും പുതിയ ടെലികോം ടെക്നോളജിയായ 5ജിയിലും ഒക്കെ ചൈനീസ് കമ്പനികൾ അമേരിക്കയെക്കാളും ജപ്പാനെക്കാളും ഒക്കെ വളരെ മുമ്പിലാണ്. നിരോധിക്കപ്പെട്ട ഒരു ആപ്പിന്റെ പേര് വീ ചാറ്റ് എന്നാണ് - വീ ചാറ്റു പോലുള്ള ആപ്പുകളെ സൂപ്പർ ആപ്പ് കൺസോൾ എന്നാണ് പറയുക. പേയ്മെന്റ്റ് വാലറ്റ്, ഡെലിവറി, കാർ വാഷ്, ചാറ്റ്, കോൾ, ഡേറ്റിംഗ്, സിനിമ ഡൌൺലോഡ്, ന്യൂസ് അങ്ങനെ പെറ്റ് ഹോസ്പിറ്റൽ വരെയാണ് ഒരേ ഒരു ആപ്ലിക്കേഷൻ. അതായത് അമേരിക്കൻ സര്‍വീസുകളെക്കാളും ചൈനീസ് ആൾട്ടർനേറ്റീവുകള്‍ പവര്‍ഫുൾ ആയപ്പോഴാണ് അമേരിക്ക ചൈനയെ ശ്രദ്ധിച്ചതെന്നും നിരോധനങ്ങളും സംക്ഷനുകളും താരിഫുകളും കൊണ്ടുവന്നതെന്നും മനസിലാക്കുക. അമേരിക്ക അതിനുള്ള കാരണമായി പറയുന്നത് അമേരിക്കക്കാരന്റെ സ്വത്തു സംരക്ഷിക്കാനാണെന്നും, പ്രൈവസി സംരക്ഷിക്കാനാണെന്നും ഒക്കെയാണ്; അതൊക്കെ അങ്ങനെ നടക്കട്ടെ.

ഇന്ത്യാ ഇൻഫോർമേഷൻ ടെക്നോളജിയിൽ വലിയ ശക്തി ആണെന്നാണ് നമ്മൾ കരുതുന്നത് . ശരിയാണ്, പക്ഷെ എന്താണ് ഒരു ഇന്ത്യൻ ആപ്ലിക്കേഷൻ പോലും ലോകം മുഴുവൻ ഉപയോഗിക്കുന്നില്ല?

അതിന് രണ്ടു കാരണമുണ്ട്.

പണിക്കാരെ അമേരിക്കയ്ക്ക്, യൂറോപ്പിന് കുറഞ്ഞ കൂലിക്കു കൊടുത്തുണ്ടാക്കിയ ലാഭമായ പത്തു ബില്യൺ ഡോളർ കാശ് ഫിക്സഡ് ഡിപ്പോസിറ്റായി ബാങ്കിലിട്ട് പലിശ മേടിക്കുന്ന - അതിലൊരു നൂറു മില്യൺ പോലും റിസ്ക് ചെയ്ത് സ്വന്തമായി ഒരു പ്രോഡക്റ്റ് പോലും മര്യാദക്ക് ഉണ്ടാക്കാത്ത ഇൻഫോസിസ് ആണ് നമ്മുടെ കണക്കിൽ ഇന്നൊവേറ്റീവ് കമ്പനി. നമ്മുടെ ഐ ടി സെക്ടർ ആകട്ടെ പ്രോഡക്റ്റ് ഒന്നും ഉണ്ടാക്കുന്നില്ല. അതിനുള്ള റിസ്ക് എടുക്കുന്നില്ല.

രണ്ടാമത്തെ കാരണം, ഇതിനാവശ്യമായ ഇന്‍വെസ്റ്റ്‌മെന്റുകൾ നമ്മുടെ തന്നെ ബാങ്കുകൾ, സര്‍ക്കാരുകള്‍ നടത്തുന്നില്ല എന്നതാണ്. സെഡ് ടി ഇ എന്നൊരു ചൈനീസ് ഗവണ്മെന്റ് പബ്ലിക് സെക്ടർ കമ്പനിയാണ് ടെലികോം സെക്ടറിൽ ലോകത്ത് ഏറ്റവും കൂടുതൽ പേറ്റന്റുകൾ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ കമ്പനി.

നമ്മള്‍ എന്തോ വലിയ സംഭവമാണ്; ചൈനയെ നമ്മൾ മര്യാദ പഠിപ്പിച്ചു എന്നൊക്കെ ആഘോഷിക്കുന്നവർ മനസിലാക്കുക; നമ്മൾ ഇന്ത്യാക്കാർ ഈ നിരോധനം കൊണ്ട് നേടുന്നത് തോക്കെടുത്ത് സ്വന്തം നെഞ്ചിലേക്ക് വെടിവയ്ക്കുന്ന പോലത്തെ മണ്ടത്തരം മാത്രമാണ്. അമേരിക്കക്കാരന്റെ സബ് സ്റ്റാൻഡേർഡ് ആപ്പുകൾ മാത്രം ആയിരിക്കും നമ്മൾക്കു മിച്ചമുണ്ടാകുക.

വേറൊരു പ്രശ്നം കൂടിയുണ്ട്.

ഇപ്പോൾ തന്നെ ടിക് ടോക്കിനെ ഏറ്റെടുക്കാൻ അംബാനിയുടെ ഗ്രൂപ്പ് ചർച്ച നടത്തുന്നുണ്ട്. അഞ്ചു ബില്യൺ ഡോളർ ആണ് വില എന്ന് കേൾക്കുന്നു. ഒരു കൊല്ലത്തിനകം ഈ നിരോധിക്കപ്പെട്ട ആപ്പുകള്‍ എല്ലാം നമ്മുടെ പബ്ലിക് സെക്ടർ ബാങ്കുകളിൽ നിന്നും ലോൺ എടുത്തും മാർക്കറ്റിൽ നിന്നും പിരിച്ചെടുത്ത കാശുമുപയോഗിച്ച് അംബാനിയോ അദാനിയയോ അല്ലെങ്കിൽ ഏതെങ്കിലും ഗുജറാത്തിയോ ചൈനക്കാരന്റെ കൈയിൽ നിന്നും വാങ്ങി, അല്ലെങ്കിൽ പാർട്ണർഷിപ്പ് എന്ന് പറഞ്ഞു വരും. ഒരു നൂറു ബില്യൺ ഡോളർ എങ്കിലും ഇങ്ങനെ നമ്മുടെ നാട്ടിൽ നിന്നും ചൈനയിലേക്ക് പോകും. എവിടുന്നാണ് നമ്മുടെ കേന്ദ്ര സര്‍ക്കാരിന് ഇന്ത്യയിലെ ബാങ്കുകൾക്ക് ഡോളർ കിട്ടുന്നത്? ഗള്‍ഫിലെ മലയാളികൾ അയയ്ക്കുന്നത്, അല്ലെങ്കിൽ കൊല്ലത്തെ കശുവണ്ടി തൊഴിലാളികൾ കയറ്റി അയക്കുന്ന കശുവണ്ടി, അല്ലെങ്കിൽ ഇറ്റലിയിലെ കൃഷിയിടങ്ങളിൽ അടിമപ്പണി എടുക്കുന്ന സർദാർജിമാർ അയക്കുന്ന പണം ഒക്കെയാണത്. അങ്ങനെ നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന വിദേശനാണ്യം നാട്ടിൽ എന്തെങ്കിലും ഉപകാരമുള്ള പ്രൊജക്ടുകൾക്ക് ഉപയോഗിക്കുന്നതിനു പകരം നിരോധിക്കുന്ന ആപ്പുകൾ വാങ്ങാനായി വേണ്ടി വരും.

വേറൊന്നു കൂടി; ചൈന അമേരിക്കയുമായാണ് മത്സരിക്കുന്നത് - ലഡാക്കിൽ പോലും - ലഡാക്കിൽ നടക്കാൻ പോകുന്നത് അമേരിക്കയുടെ പ്രോക്സി യുദ്ധമാണ്. അമേരിക്കയുടെ പ്രോക്സി യുദ്ധത്തിത്തിൽ അമേരിക്ക മാത്രമേ ജയിക്കൂ; അതിന് ചരിത്രത്തില്‍ ഉദാഹരണമുണ്ട്; എട്ടു കൊല്ലം ഇറാനും ഇറക്കും യുദ്ധം ചെയ്തു; രണ്ടു രാജ്യങ്ങളും തോറ്റു.

നമ്മൾ ഇതൊന്നും തിരിച്ചറിയാതെ ആപ്പ് നിരോധനം എന്ന സ്വന്തം കാലിൽ വെടി വെച്ചുകൊണ്ടിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അനീഷ്‌ മാത്യു

അനീഷ്‌ മാത്യു

ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്നു

Next Story

Related Stories